Monday, 1 July 2019

വിധവ

സ്കൂള്‍ അടച്ചാല്‍ തുണിക്കടയില്‍ ജോലിക്ക് കയറുന്നത് എട്ടാം ക്ലാസ്സ്‌ മുതല്‍ തുടങ്ങിയ ഏര്‍പ്പാടായിരുന്നത് കൊണ്ട് പത്താം ക്ലാസ്സ്‌ കഴിഞപ്പോഴും ആ പതിവ് തന്നെ ആവര്‍ത്തിച്ചു.
റിസള്‍ട്ട്‌ വരാന്‍ ‍ ഇനിയും സമയം ഉണ്ടല്ലോ .. ?
ഭാവി പരിപാടികളെല്ലാം അത് കഴിഞ്ഞ തീരുമാനിക്കാം.
എട്ടോളം സ്റ്റാഫുകള്‍ ഉള്ള കടയില്‍ എന്നെ പോലെ കുട്ടി സ്റ്റാഫായി ഒരാള് കൂടെ ഉണ്ടായിരുന്നു .
സമ പ്രായക്കാരായത് കൊണ്ട് നമ്മള്‍ രണ്ടു പേരും
പെട്ടെന്ന് തന്നെ കൂട്ടായി.
പെരുന്നാള്‍ സീസണ്‍ ആണ് ..
അത് കൊണ്ട് തന്നെ മിട്ടായി തെരുവിലെ എല്ലാ കടകളിലും നല്ല തിരക്കുമാണ്.
രാവിലെ ഒന്‍പതു മണിക്കെത്തുന്ന ഞങ്ങള്‍ വലിച്ചു വാരിയിട്ട സാധാനങ്ങള്‍ എല്ലാം മടക്കി സെറ്റ് ചെയ്തു കടയില്‍ നിന്ന് മടങ്ങാന്‍ രാത്രി ഒരു മണി എങ്കിലും ആകുമായിരുന്നു.
തിരക്ക് പ്രതീക്ഷിച്ചതിലും അധികമായപ്പോ മുതലാളി ഞങ്ങളെ പോലെ ഒരാളെ കൂടി കണ്ടു പിടിച്ചു കൊണ്ട് വരാന്‍ കൂട്ടത്തില്‍ ചുറു ചുറുക്കുള്ള അവനെ ഏല്‍പ്പിച്ചു.
നല്ലൊരാളെ തന്നെ കണ്ടു പിടിച്ചു കൊടുക്കാമെന്നു
മുതാളിക്ക് ഉറപ്പു കൊടുത്തിട്ടാണ് അന്നവന്‍ പിരിഞ്ഞത്.
പക്ഷെ പിറ്റേന്ന് ആളെ കൊണ്ട് വന്നില്ല ന്നു മാത്രമല്ല കൊണ്ട് വരാമെന്നേറ്റു പോയ അവനെയും കാണുന്നില്ല . പെരുന്നാള്‍ അടുത്ത് തുടങ്ങിയത് കൊണ്ട് കടയിലാണെങ്കില്‍ നല്ല തിരക്കും.
അവനെ പറ്റി വല്ല വിവരം അറിയാമോന്നു ചോദിച്ചെങ്കിലും എനിക്കും വലിയ പിടിയൊന്നും ഇല്ലായിരുന്നു.
ഇനി ചിലപ്പോ ലീവെടുത്തു ആളെ തപ്പാന്‍ ഇറങ്ങിയതായിരിക്കുമെന്ന എന്റെ അഭിപ്രായം മുതലാളിയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.
ലീവെടുത്ത് ആളെ തപ്പാനാണെങ്കില്‍
പിന്നെന്തിനാ ആള്.
ഉള്ള ആള് പോരാഞ്ഞിട്ടല്ലേ....
ഒരാളെ കണ്ടു പിടിക്കാന്‍ ഏല്‍പ്പിച്ചത്.
ആ ഒരൊറ്റ അഭിപ്രായം കൊണ്ട്
അവനോടുള്ള കലിക്ക് മുഴവനുമുള്ളത്
വൃത്തിയായി ഞാന്‍ വാങ്ങിച്ച് കൂട്ടേണ്ടി വന്നു.
പിറ്റേന്നു രാവിലെ അവനെത്തുമ്പോ ഇരട്ടിയായി അവനു തന്നെ തിരിച്ചു കൊടുക്കാമെന്ന സമാധാനത്തില്‍ അന്ന് പിരിഞ്ഞെങ്കിലും
പിറ്റേ ദിവസവും അവനെത്തിയില്ല.
അവനുള്ളത് അവന്‍ തന്നെ വാങ്ങിക്കോട്ടേ എന്ന് കരുതി അന്നേ ദിവസം ഞാന്‍ പിന്നെ അഭിപ്രായമൊന്നും പറയാനും പോയില്ല.
സ്റ്റാഫ് കുറവായത് കൊണ്ട് തിരക്ക് കാരണം കസ്റ്റമര്‍ മടങ്ങി പോകുന്ന ദേഷ്യം മുതലാളിയുടെ മുഖത്ത് നന്നായി പ്രതിഫലിക്കുന്നുണ്ട്.
മൂപ്പരെ പറഞ്ഞിട്ട് കാര്യമില്ല.
ഓഫ്‌ സീസണ്‍ സമയത്തെ അധിക ചിലവുകള്‍ അഡ്ജസ്റ്റ് ചെയ്തു പോകുന്നത് ഇത് പോലെ സീസണ്‍ സമയത്ത് ലഭിക്കുന്ന തിരക്കുകള്‍ കൊണ്ടാണല്ലോ .
അത് മുതലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതാ വര്‍ഷത്തെ മൊത്തം കണക്കുകളെ തന്നെ ബാധിക്കും.
എന്തായാലും തിരിച്ചു വരുമ്പോ‍ ഒരു പൊട്ടി തെറി തന്നെ പ്രതീക്ഷിക്കാം.
ചിലപ്പോ ജോലിയില്‍ നിന്ന് തന്നെ പറഞു വിട്ടെന്നും വരാം.
പുള്ളി അതിനെ പറ്റി പിന്നീടൊന്നും പറയുകയോ ചോദിക്കുകയോ ചെയ്യാത്തത് കൊണ്ട് എന്ത് സംഭവിക്കുമെന്ന് അവന്‍ വരുമ്പോ മാത്രമേ അറിയൂ.
ഷോപ്പില്‍ തിരക്ക് കൂടുതാലായത് കൊണ്ട് തന്നെ സമയം പെട്ടെന്നോടി പോകുന്നുണ്ട് .
സമയം ഏകദേശം മഗിരിബിനോടാടുക്കുമ്പോഴാണ് പുറത്തവന്റെ തല വെട്ടം കണ്ടത്.
അവനെ കണ്ടതും മുതലാളി കസേരയില്‍ നിന്നെഴുന്നേറ്റു ഷോപ്പിനു പുറത്തേക്കു പോയി . കസ്റ്റമേഴ്സ് ഉള്ളത് കൊണ്ട് സോഡ മുഴുവന്‍ പുറത്തു നിന്ന് കൊടുക്കാനാനുള്ള പുറപ്പാടായിരിക്കുമെന്നു ഞാന്‍ ഊഹിച്ചു.
ഇന്നെന്തായാലും അവന്റെ കാര്യത്തില്‍ ഒരു തീരുമാനമാകുമെന്നു കരുതിയെങ്കിലും ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് മുതലാളി അവനെ ചേര്‍ത്ത് തട്ടി കൊണ്ട് ഒരു മിനിട്ട് കൊണ്ട് തന്നെ അകത്തേക്ക് കയറി വന്നു.
അപ്പോഴ്ക്കും മൂപ്പരുടെ മുഖത്ത് അത് വരെ കണ്ട ദേഷ്യമെല്ലാം അലിഞ്ഞില്ലാതായിരുന്നു.
ശെടാ ..
ഇതെന്തൊരു മറി മായം..
ഞങ്ങള്‍ക്കാര്‍ക്കും കാര്യം ഒന്നും മനസ്സിലായില്ലെങ്കിലും അവന്‍ അകത്തേക്ക് കയറി പെട്ടെന്ന് തന്നെ കസ്റ്റമേഴ്സിനെ അറ്റന്‍ഡ് ചെയ്തു കൊണ്ട് ഒന്നും സംഭവിക്കാത്ത പോലെ ജോലിയില്‍ വാപൃതനായി.
രാത്രി തിരക്കൊന്നോഴിഞ്ഞപ്പോ ഞങ്ങള്‍ രണ്ടു പേരും മുതലാളി ചുരുട്ടി കയ്യില്‍ വെച്ച് തന്ന പൈസ കൊണ്ട് ഭക്ഷണം കഴിക്കാന്‍ അനക്സ് ഹോട്ടലിലേക്ക് നടന്നു.
നീ എന്ത് മാജിക്ക് കാണിച്ചിട്ടാണെടാ മുതലാളിയെ പാട്ടിലാക്കിയത്.
ഇന്നലെ നിനക്കുള്ളത് മുഴുവന്‍ ഞാന്‍ വാങ്ങിച്ചു കൂട്ടിയിട്ടുണ്ട്.
അല്ല ..
എന്തിനായിരുന്നു നീ ലീവെടുത്തത്. ?
ഞാന് ഒതുക്കത്തില്‍ അവനോടു കാര്യമന്വേഷിച്ചു.
അതിനവന്റെ മറുപടി ഇങ്ങനെ ആയിരുന്നു.
ഉമ്മയെ ഞാനങ്ങട്ട് കെട്ടിച്ചയച്ചെട ..
ഇന്നലെ ഉമ്മാന്റെ നിക്കഹായിരുന്നു .
ഉപ്പ മരിച്ചിട്ട് അഞ്ചു കൊല്ലം കഴിഞ്ഞു.
വീട്ടിലുള്ള അമ്മോന്മാരും വല്ലിമ്മയും മാറി മാറി പറഞ്ഞിട്ടും ഉമ്മ ഇത് വരെ നിക്കാഹിനു സമ്മതിക്കുന്നില്ലായിരുന്നു.
അതെന്നെ കുറിച്ച് ഓര്‍ത്തിട്ടു കൂടി ആണെന്ന് ഞാന്‍ മനസ്സിലാക്കിയത് ഇപ്പോഴാണ് .
അല്ലാ ..
ഇപ്പോഴാണ് എനിക്കത് മനസ്സിലാക്കാനുള്ള പ്രായമായതു എന്ന് വേണമെങ്കിലും പറയാം.
എന്തായാലും മനസ്സിലാക്കിയ സ്ഥിതിക്ക് പിന്നെ വെച്ച് നീട്ടരുതല്ലോ.
അത് കൊണ്ട് നല്ലൊരാലോചന പെട്ടെന്ന് വന്നപ്പോ ഞാന്‍ തന്നെ മുന്‍ കൈ എടുത്തു അതങ്ങോട്ട് നടത്തി.
എന്തോ ..അതാണതിന്റെ ശരി
എന്നിെനക്ക് തോന്നി ..
മുതലാളി യുടെ ദേഷ്യം അലിഞ്ഞില്ലാതായാതിന്റെ ഗുട്ടന്‍സ് അപ്പൊ മാത്രമാണ് എനിക്ക് മനസ്സിലായത്‌.
മക്കളെ മാത്രം ഓര്‍ത്തു കൊണ്ട് എത്രയെത്ര ഉമ്മമാരുടെ യൌവ്വനമായിരിക്കും വിധവ എന്ന പേര് സ്വയം സ്വീകരിച്ച് കൊണ്ട് തീര്‍ന്നു പോയിട്ടുണ്ടാകുക.
ആ പേര് സ്വീകരിച്ചു കഴിഞ്ഞ പിന്നെ ചുറ്റുമുള്ള കണ്ണുകളില്‍ മുഴുവന്‍ സഹതാപം മാത്രമേ ഉണ്ടാകൂ.
അതിനു ശേഷം അവരുടെ മുഖത്ത് വിരിയുന്ന ചിരിയില്‍ പോലും സങ്കടം ഒളിപ്പിച്ചു വെക്കണം.
കാരണം അല്പം തുറന്നൊന്നു ചിരിച്ചാല്‍ ഒന്ന് നന്നായി വസ്ത്രം ധരിച്ചാല് ഈ ‍സഹതാപ കണ്ണുകള്‍ തന്നെ അവള്‍ക്ക് മറ്റെന്തെങ്കിലും പേരും പതിച്ചു നല്‍കും. ഇങ്ങനെ ഒക്കെ ചിന്തിക്കുന്ന സമൂഹത്തിലാണ് ഇങ്ങനെ ഒരു മകനെ ആ ഉമ്മാക്ക് കിട്ടിയത് .
എനിക്കെന്തോ..
അവനോടു വല്ലാത്ത ബഹുമാനം തോന്നി.
ഞാനവന്റെ ചുമലിലേക്ക് കൈകളിട്ട് ചേര്‍ത്ത് പിടിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു.
ഏതായാലും അന്റെ ഉമ്മാന്റെ നിക്കാഹിനു കൂടാന്‍ കഴിയാത്ത സ്ഥിതിക്ക് നമുക്ക് അനക്സിലെ പൊറോട്ട ഒഴിവാക്കി ടോപ്‌ ഫോമിലെ ബിരിയാണി കഴിക്ക ... എന്തെയി .. ?
ഇയ്യെന്താ വേണ്ട്യത് കഴിച്ചോ ..
ഇന്ന് ഞമ്മക്ക് നിക്കാഹു ആഘോഷിച്ചിട്ട്‌ തന്നെ കാര്യം .. എന്നും പറഞ്ഞു
രണ്ടു പേരും ബിരിയാണി മണം പിടിച്ചു കൊണ്ട് ടോപ്‌ ഫോമിലേക്ക് വെച്ച് പിടിച്ചു.

#ലോക_വിധവ_ദിന ത്തില്‍ എഴുതിയത് 

No comments:

Post a Comment

KILL - Movie review (Malayalam)

ഒരു സെക്കന്റ് പോലും അനാവശ്യമെന്നു പറയാനുള്ള സീനുകളില്ലാ ,പ്രണയം ഉണ്ടെങ്കിലും സാധാരണ ഇടിപടങ്ങളിൽ കുത്തികയറ്റുന്ന പോലത്തെ ക്രിഞ്ചടിപ്പിക്കുന്ന...