Sunday, 27 December 2020

സമയം.



"പാടാന് അറിയാമെങ്കില് സ്റ്റേജില് കയറി
തകര്ക്കാമായിരുന്നു അല്ലെ ? "
യൂ.എ.ഇ യിലെ കലാസംഘടനയായ "ശ്രീരാഗം" കൂട്ടായ്മയുടെ പ്രോഗ്രാമുകള് അരങ്ങു തകര്ക്കുന്നത് ഏറ്റവും പിറകിലെ കസേരയിലിരുന്നു അസ്വദിക്കുന്നതിനിടയിലാണ് പിറകില് നിന്നൊരു അശരീരി കേട്ടത്.
ഏറ്റവും പിറകിലിരിക്കുന്ന എന്റെയും പിറകില് മറ്റൊരാളോ? ആരാണെന്നറിയാന് അശരീരി കേട്ട സ്ഥലത്തേക്ക് തല പതിയെ തിരിച്ചു നോക്കി.
അശരീരി അല്ല. ശബ്ദത്തിനു പിറകിലൊരു ശരീരമുണ്ട്.
വലിയൊരു ക്യാമറയും കഴുത്തില് തൂക്കി അപരിചതനായ ഒരു ചെറുപ്പക്കാരന് സ്റ്റേജിലേക്ക് തന്നെ നോക്കി ആദ്യമായി കടല് കണ്ട കൊച്ചു കുട്ടിയെ പോലെ അതിശയപൂര്വ്വം നില്ക്കുന്നു.
പറഞ്ഞത് എന്നോടല്ല എന്നും.
ആതമഗതം അല്പം ഉച്ചത്തിലായിപ്പോയതാണെന്നും മനസ്സിലായി.
എത്താന് ലേറ്റ് ആയോ ?
അപരിചിതത്വം മാറ്റാന് ഞാന് ചിരിച്ചു കൊണ്ടാന്വേഷിച്ചു.
(അല്ലെങ്കിലും കലാകായികാസ്വാദകര്ക്കിടയില് എന്ത് അപരിചിതത്വം. വേദിയില് നല്ല പ്രകടനങ്ങള് നടക്കുമ്പോ അടുത്തിരിക്കുന്നത് ആരാണെന്നോ എന്താണെന്നോ നോക്കാതെ അഭിപ്രായങ്ങള് പങ്കു വെക്കുകയും മൈതാനങ്ങളില് ഗോളുകളും സിക്സറുകളും പിറക്കുമ്പോള് അടുത്തുള്ളവരെ സന്തോഷത്തോടെ കെട്ടി പിടിക്കുന്നതും പരിചിതരാണോ എന്ന് നോക്കിയല്ലല്ലോ ? )
അതെ ഇഷ്ടാ ..
ഡ്യൂട്ടി കഴിഞ്ഞിറങ്ങി നേരെ വെച്ച് പിടിച്ചതാണ്.
പാടാന് അറിയുമോ ?
അറിയുമെങ്കില് കയറി പാടൂ ..
എനിക്കങ്ങനെ വലുതായി പാടാന് ഒന്നും അറിയില്ല. എന്നാലും എനിക്കിങ്ങനെ സ്റ്റേജില് ഒക്കെ കയറി പെര്ഫോം ചെയ്യാന് വലിയ താല്പര്യമാണ്.
അടുത്ത് വന്നിരുന്ന് ചിരിച്ചു കൊണ്ടാണ് അയാളത് പറഞ്ഞത്.
പിന്നെന്താ ചെയ്യാത്തെ..?
ഒന്നും പറയണ്ട ചങ്ങാതി.
വളരെ ചെറുതിലെ നാട്ടീന്നു കയറി പോന്നത.
ഏകദേശം പതിനെട്ടു വര്ഷങ്ങള് കഴിഞ്ഞിരിക്കുന്നു ഇവിടെ എത്തിയിട്ട്.
പതിനെട്ടു വര്ഷമോ ? കണ്ടാല് പറയില്ല കേട്ടോ ..കണ്ട പരിചയം സുഹൃദത്തിലേക്ക് മാറ്റാനെന്നോണം ഞാന് സംഭാഷണം തുടര്ന്നു.
ഹഹ.
പതിനെട്ടു വര്ഷങ്ങള് കഴിഞ്ഞുന്നു കരുതി എനിക്കങ്ങനെ വലിയ പ്രായമൊന്നുമില്ല മാഷേ. ഒരുപാട് പ്രശ്നങ്ങള് മുന്നില് ഉണ്ടായപ്പോ അതൊക്കെ എളുപ്പത്തില് സോള്വ് ചെയ്യാന് പാസ്പോര്ട്ട് കയ്യില് കിട്ടിയ പാടെ ഇങ്ങു കയറി പോരേണ്ടി വന്നു.
പക്ഷേ .. പ്രശ്നങ്ങള് ജീവിതകാലം മുഴുവന് അവസാനിക്കാന് പോണില്ല എന്നും, അതിനിടക്ക് ജീവിക്കാന് മറന്നു പോകുന്നുണ്ട് എന്നും തിരിച്ചറിവ് വന്നു തുടങിയപ്പോഴാണ് നമുക്ക് ഇഷ്ടമുള്ള എന്തെങ്കിലുമൊക്കെ ചെയ്യാന് വേണ്ടിയും കൂടെ സമയം കണ്ടെത്തണമെന്നു തീരുമാനിച്ചതും, ദാ! ഇവനെ അങ്ങ് വാങ്ങിയതും.
കഴുത്തില് തൂക്കിയിട്ട ക്യാമറ ഉയര്ത്തി കാണിച്ചു കൊണ്ട് അയാള് പറഞ്ഞു.
ഞാന് ചോദിയ്ക്കാന് മറന്നു..
ഫോട്ടോഗ്രാഫര് ആണല്ലേ?
അല്ലെടോ .. പക്ഷേ..
.ഫോട്ടോഗ്രാഫി ഭയങ്കര ഇഷ്ടമാണ്.
സ്വന്തം ഇഷ്ടങ്ങള്ക്കൊപ്പം നടക്കാന് തീരുമാനിച്ചപ്പോ ആദ്യം കൂടെ കൂട്ടുന്നത് ഇവനെ തന്നെയായിക്കോട്ടേ എന്നങ്ങ് കരുതി.
സത്യത്തില് ഞാനിവനെ വാങ്ങിയിട്ട് രണ്ടു ദിവസമേ ആയുള്ളൂ. ഇവനെ ഒന്ന് മെരുക്കി എടുക്കാന് കൂടി വേണ്ടിയാണ് ഇന്നിവിടെ വന്നത്.
ആണോ ?
ഫോട്ടോഗ്രാഫിയെ പറ്റി നിര്ത്താതെ സംസാരിക്കുന്നത് കണ്ടപ്പോ തൊട്ടു മുന്പില് ഇരിക്കുന്ന ഫോട്ടോഗ്രാഫര് രാജന് കരിമൂലയെ ഞാനയാള്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു.
ഫോട്ടോഗ്രാഫര് ആണെന്നറിഞ്ഞതും. ഞാനിപ്പോ വരാമേ എന്നും പറഞ്ഞു ആളുടെ അടുത്ത് പോയിരുന്ന് കൊണ്ട് ഫോട്ടോഗ്രാഫിയെ കുറിച്ചും ക്യാമറയെകുറിച്ചുമൊക്കെയുള്ള സംശയങ്ങള് അദ്ദേഹത്തോട് ചോദിച്ചു മനസ്സിലാക്കിയും ചിത്രങ്ങള് പകര്ത്തിയും വേദിയാകെ ചുറ്റിയടിച്ചു കൊണ്ടിരുന്നു.
ഞാന് ഇറങ്ങാന് നേരം അല്പം മുന്പ് അപരിചിതനായിരുന്ന പുതിയ സൌഹൃദത്തിനോട്
"പിന്നീടെപ്പോഴെങ്കിലുമൊക്കെ ഇത് പോലെ കാണാം" എന്നും പറഞ്ഞു ബൈപറഞ്ഞു പോരുകയും ചെയ്തു.
പിന്നീടൊരു ദിവസം തികച്ചും യാദൃശ്ചികമായി ഞാനും ഭാഗമാകപ്പെട്ട ഒരു സിനിമ ഷൂട്ടിംഗ് സെറ്റില് ക്യാമറമാനെ കാത്തിരിക്കുകയായിരുന്നു.
രാജന് കരിമൂല തന്നെയാണ് ക്യാമറ.
അദ്ദേഹം വന്നിറങ്ങിയപ്പോ കൂടെ ഷാജിയും ഉണ്ട്. ആളുടെ സംശയങ്ങള് അന്നാ വേദിയില് വെച്ച് തീര്ന്നിട്ടില്ലാ എന്ന് കൂടെ കണ്ടപ്പോ തന്നെ മനസ്സിലായി. അത് കൊണ്ട് ബാക്കി സംശയങ്ങള് തീര്ക്കാന് ക്യാമറ മാന്റെ അസിസ്റ്റന്റ് ആയങ്ങു കൂടിയതാണ്.
രാവിലെ ആരംഭിച്ച ഷൂട്ടിംഗ് രാത്രി ഒന്പതു മണിയോടെയാണ് അവസാനിച്ചത്‌.
പിറ്റേന്ന് നേരത്തെ ഡ്യൂട്ടിയില് കയറണമെന്ന് ഇടയ്ക്കിടെ പറയുന്നുണ്ട് എങ്കിലും ഷൂട്ടിംഗ് കഴിഞ്ഞിട്ടും അയാള് തിരിച്ചു പോയില്ല.
താന് കടന്നു വന്ന വഴികളും,ആഗ്രഹങ്ങളും ഭാവിയില് ചെയ്യാന് ഉദ്ദേശിക്കുന്ന കാര്യങ്ങളുമെല്ലാം പറഞ്ഞു കൊണ്ട് ഏകദേശം നേരം പുലരുവോളം ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു.
അയാള് ഒരു പക്ഷേ ഡ്യൂട്ടിക്ക് പോകുന്ന വരെയും റൂമില് പോകാതെ സംസാരിച്ചിരിക്കുമായിരുന്നു എന്നെനിക്ക് തോന്നി.കാരണം ഓരോ കാര്യങ്ങളും പറയുന്നതും വിശദീകരിക്കുന്നതും അത്രക്കും ആസ്വദിച്ചു കൊണ്ടാണ്.
അന്ന് ബൈ പറഞ്ഞു പോയതിനു ശേഷം പിന്നീട് തമ്മില് കാണാനുള്ള സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല. സ്വാഭാവികമായി ഷാജി എന്റെ ഓര്മ്മയില് നിന്ന് മാഞ്ഞു പോകുകയും ചെയ്തു.
ഇന്ന് രാവിലെ ചായയും കുടിച്ച് പത്രത്തില് കണ്ണോടിച്ചു കൊണ്ടിരിക്കുമ്പോഴാണ് അന്ന് ഷൂട്ടിംഗ് സെറ്റില് ഉണ്ടായിരുന്ന മറ്റൊരാളുടെ കാള് വന്നത്.
വെറുതെ കുശലാന്വേഷണത്തിനു വിളിച്ചതാണ് .
ഷൂട്ടിന്റെ കാര്യങ്ങളും മറ്റു പല കാര്യങ്ങളും ഒര്മിച്ചെടുക്കുന്നതിനിടയില് ഷാജിയും ഒരു വിഷയമായി കടന്നു വന്നു.
അപ്പോഴാണ്‌ തനിക്ക് വേണ്ടി സമയം കണ്ടെത്തിതുടങ്ങി കുറച്ചു കഴിഞ്ഞപ്പോ തന്നെ ആ സുഹൃത്തിന്റെ സമയം ദൈവം ഫുള് സ്റ്റോപ്പിട്ടവസാനിപ്പിച്ചിട്ട് അല്പം നാളുകള് കഴിഞ്ഞു പോയിരിക്കുന്നു എന്ന വിവരമറിഞ്ഞത്.
കേട്ടപ്പോ വല്ലാത്തൊരു നിസ്സംഗത തോന്നി.
ഒരു ദിവസം ഒരുവന് ; ഇത് വരെയുള്ള തന്റെ ജീവിതത്തെ മൊത്തത്തിലൊന്നു വിലയിരുത്തി നോക്കുന്നു.
താന് ജീവിക്കാന് മറന്നു പോയിരിക്കുന്നു
എന്നയാള്ക്ക് തിരിച്ചറിവുണ്ടാകുന്നു.
ആ തിരിച്ചറിവില് തന്റെ ഇഷ്ടങ്ങളെ അയാള് ആലോചിച്ചു കണ്ടെത്തുകയും അതിനു വേണ്ടി സമയം കണ്ടെത്താന് തുടങ്ങുകയും ചെയ്യുന്നു.
സമയം അവസാനിക്കുന്നു.
എന്തൊരവസ്ഥ.
അകത്തേക്കും പുറത്തേക്കുമേടുക്കുന്ന രണ്ടു ശ്വാസങ്ങള്ക്കിടയിലെ സമയം.
എപ്പോ വേണമെങ്കിലും അവസാനിക്കാം.
ഒന്നും ആരോടെങ്കിലും പറഞ്ഞിട്ടോ,വിലപിചിട്ടോ കാര്യമില്ല തന്നെ.
എന്തോ രോഗമായിരുന്നത്രേ.
എല്ലാ രോഗങ്ങളെയും ഒരു പെനഡോളില് ചികിത്സിച്ച് മാറ്റുന്ന ടിപ്പിക്കല് പ്രവാസികളെ പോലെ രോഗ വിവരം കണ്ടെത്താന് താമസിച്ചു പോയതായിരിക്കാം.
അല്ലെങ്കില് ഡോക്ടര്മാരെയും അയാളെയും കബളിപ്പിച്ചു രോഗം സൂത്രത്തില് മറഞ്ഞിരുന്നതുമാകാം.
എന്തായാലും ഞാനതിനെപറ്റിയൊന്നും വിളിച്ചയാളോട് കൂടുതല് അന്വേഷിച്ചില്ല. അന്വേഷിക്കാന് തോന്നിയില്ല.
അയാള് അയാള്ക്ക് വേണ്ടി സമയം കണ്ടെത്താന് തുടങ്ങിയപ്പോഴേക്കും അയാളുടെ സമയം അവസാനിച്ചു കഴിഞ്ഞിരിക്കുന്നു.
അവസാനിച്ചു കഴിഞ്ഞതിന്റെ കാരണങ്ങള് കണ്ടെത്തി അറിഞ്ഞിട്ടെന്തു ഫലം.? ഒരു കാര്യവുമില്ല.
ഏതു ഗെയിം ആയാലും നിശ്ചയിച്ച സമയം കഴിഞ്ഞാല് പിന്നെ കളി സ്ഥലത്ത് നിന്ന് മാറി നില്ക്കണം.ജീവിതമായാലും അതെ.

Wednesday, 18 November 2020

സ്വര്‍ഗ്ഗം

 


ശരിയും തെറ്റും


കുറച്ചു പേര് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു.

സെര്വ് ചെയ്യുന്നതിനിടെ ഒരാളുടെ കയ്യില് നിന്ന്
ഒരു കഷ്ണം റൊട്ടി താഴെ പോയി.
റൊട്ടി നിലത്ത് തൊട്ടു തൊട്ടില്ല എന്ന നിലയിലെത്തിയപ്പോഴേക്കും മറ്റൊരാള് അതിനെ റാഞ്ചി എടുക്കുകയും അതിനെ തുടച്ചു വൃത്തിയാക്കി വീണ്ടും ഭക്ഷിക്കാന് ആരംഭിക്കുകയും ചെയ്തു.
ഇത് കണ്ട മുഴുവന് പേരും അയാളെ തുറിച്ചു നോക്കി
ശകാരിക്കാന് ആരംഭിച്ചു.
നീ പടിച്ചവനല്ലേ ?
വിദ്യാഭ്യാസമില്ലേ ?
എന്നിട്ടും നീ എന്താണീ കാണിക്കുന്നത് ?
എന്ത് പറ്റി ?
നിലത്തു വീണ ആ റൊട്ടി നീ എന്തിനാണ് ഭക്ഷിക്കുന്നത്?
നിലത്തു വീഴും മുന്നേ ഞാനത് തിരിച്ചെടുത്തല്ലോ .. ?
എന്നാലും അത് വീണതല്ലേ .. ?
ഇല്ല !
ഈ റൊട്ടിയില് ഒരു തരി പൊടി പോലുമില്ല.
അത് കൊണ്ട് തന്നെ
ഇത് കളയുക എന്ന് പറയുന്നത് എന്നെസംബന്ധിച്ചിടത്തോളം
വളരെ വിഷമം പിടിച്ച ജോലിയാണ്.
അവനതു ഭക്ഷിക്കാതിരിക്കാന്
അവരവനെ ശകാരിച്ചു കൊണ്ടേ ഇരുന്നു.
ശകാരങ്ങള്ക്കിടയില്
അവനതു കഴിച്ചു തീര്ക്കുകയും ചെയ്തു.
വിശപ്പറിഞവനും അറിയാത്തവരും
തമ്മിലുള്ള ചില ശരികളും തെറ്റുകളും.
അല്ലെങ്കിലും ചില ശരികള് മറ്റുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്താന് അവരതനുഭാവിക്കാത്ത കാലം വരെ വലിയ ബുദ്ധിമുട്ടാണ്.

ലോകം സൂപ്പര്‍ഫാസ്റ്റ് ആകുന്നതിനിടെയുള്ള നഷ്ടപ്പെടലുകള്‍!

 



"മനസ്സകമില്

മരുഭൂമി വെറുത്ത്
സകലതും മടുത്ത്
ജീവിതം തകര്ത്ത്"
മനസ്സകമില് മുഹബ്ബത്ത് പെരുത്ത് എന്ന് മാപ്പിള പാട്ടിന്റെ ഈണത്തില് ആരോ തട്ടികൂട്ടിയ ഈ ഗാനം ആദ്യമായി കേട്ടത് പതിമൂന്നു വര്ഷം മുന്പ് പ്രവാസി ആയി ദുബായില് എത്തിയപ്പോഴായിരുന്നു.
അതിന്റെ വരികള് എഴുതിയത് ഏതെങ്കിലും ഒരു പ്രവാസി തന്നെയാകാനാണ് സാധ്യത.
ആരോ പാടി വെച്ച ആ ഗാനം ക്യാന്സല് ചെയ്തു പോകുന്ന ഒരാളെ അയാളുടെ സുഹൃത്തുക്കള് എല്ലാവരും കൂടെ ചേര്ന്നു ആഘോഷമായി യാത്രയാക്കുന്ന വീഡിയോയുടെ പശ്ചാത്തല സംഗീതമായി ചേര്ത്ത് വെച്ചിരിക്കുന്നു.
ഒരിക്കല് അങ്ങനെ യാത്ര തിരിക്കുന്നതും സ്വപ്നം കണ്ട് ഒറ്റയിരുപ്പില് ഞാന വീഡിയോ എത്ര തവണ കണ്ടു തീര്ത്തു എന്ന് എനിക്ക് തന്നെ ഓര്മ്മയില്ല.
ജോലി അന്വേഷിച്ചു നടക്കുന്നതിന്റെ ഇടവേളകളില് വിരഹ ഗാനങ്ങള് തേടിപിടിച്ചു കേള്ക്കലായിരുന്നല്ലോ അന്നത്തെ പ്രധാന വിനോദം. അതിനിടക്കാണ് നാട്ടിലേക്കുള്ള മടക്ക യാത്ര ആഘോഷമാക്കുന്ന സുഹൃത്തുക്കളുടെ ഈ വീഡിയോ കണ്ണില് ഉടക്കിയതും.
ആളുകള് മൊബൈലില് മുഖം പൂഴ്ത്തി തുടങ്ങാത്ത കാലമായിരുന്നു അത് . ഇന്റര്നെറ്റും, മെയിലും,ചാറ്റ് റൂമുകളും,സോഷ്യല് മീഡിയകളുമൊക്കെ ഉണ്ടെങ്കിലും ഫോണ് ഇന്റര്നെറ്റും സ്മാര്ട്ട് ഫോണുകളും അത്ര സുലഭമല്ലായിരുന്നു.
അത് കൊണ്ട് തന്നെ ആളുകളുടെ സോഷ്യല് മീഡിയ ഉപയോഗം അവര് കമ്പ്യൂട്ടറോ ലാപ്‌ ടോപ്പോ ഉപയോഗിക്കുന്ന സമയത്തിനനുസരിച്ച് പരിമിതപ്പെട്ടിരുന്നു.
ഒരു ബെഡില് കിടക്കുന്നവന് അടുത്ത് ബെഡില് കിടക്കുന്നവനോട് വാട്സപ്പ് ചെയ്തു കാര്യങ്ങള് പറയുന്ന കാലമല്ലാത്തത് കൊണ്ട് തന്നെ റൂമില് നടക്കുന്ന എന്ത് ചെറിയ കാര്യങ്ങളും കൂട്ടമായ ആഘോഷങ്ങളായിരുന്നു.
അത് ബിരിയാണി വെക്കലാകട്ടെ ,നാട്ടില് പോകുന്നവനുള്ള യാത്രയപ്പാകട്ടെ , ഫുട് ബോള് മാച്ചാകട്ടെ , വാരാന്ത്യത്തിലുള്ള മുട്ടി പാട്ടാകട്ടെ അങ്ങനെ വീണു കിട്ടുന്ന എന്ത് ആഘോഷങ്ങളും നാട് വിട്ടു നില്ക്കുന്ന പ്രവാസികളുടെ വലിയ വലിയ സന്തോഷങ്ങളായി മാറി.
ഇന്നും ആളുകള് നാട്ടിലേക്ക് വെക്കേഷനായും ക്യാന്സല് ആയും യാത്ര പോകാറുണ്ട്.
പക്ഷേ പഴയ പോലെയുള്ള ആഘോഷങ്ങളോ സന്തോഷങ്ങളോ ഇല്ല എന്ന് മാത്രം.
നാട്ടിലേക്കുള്ള സാധങ്ങള് ഒരുമിച്ചു പര്ച്ചേസ് ചെയ്തു തുടങ്ങുന്നത് മുതല് പെട്ടി കെട്ടി പേരെഴുതുന്നതും, ഏതു പാതിരാത്രിയായാലും യാത്ര പോകുന്നവനെ എയര്പോര്ട്ട്‌ വരെ അനുഗമിക്കുകയും ഒക്കെ ചെയ്യുന്ന സുഹൃത്തുക്കളെ കാണുക എന്നത് ഇപ്പൊ വളരെ വളരെ വിരളമായി തീര്ന്നിരിക്കുന്നു.
ഒരാള് യാത്ര പോകുന്നു എന്നറിയത് തന്നെ ചിലപ്പോ തലേന്നാള് ആയിരിക്കും.
നാട്ടിലേക്കുള്ള പര്ച്ചേസെല്ലാം അവന് ഒറ്റയ്ക്ക് തന്നെ ചെയ്ത് തീര്ത്തിട്ടുണ്ടാകും.
ശേഷം അവന് ഒറ്റയ്ക്ക് തന്നെ പെട്ടി കെട്ടാന് തുടങ്ങുന്നത് കാണുമ്പോ നമ്മള് പണ്ട് ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ എന്നോര്മയുള്ള ഒരുവന് വാട്സപ്പില് നിന്നും തല ഉയര്ത്തി ഒറ്റയ്ക്ക് പെട്ടി കെട്ടാന് ഒരുങ്ങുന്നവന്റെ കൂടെ കൂടും.
ആ ഓര്മ്മയിലവന് പെട്ടികള് കെട്ടി പേരെഴുതിയ ശേഷം റൂമില് നിന്നിറങ്ങുമ്പോ ലിഫ്റ്റ് വരെയോ താഴെ കാത്തു കിടക്കുന്ന ടാക്സി വരെയോ പോകുന്നവനെ അനുഗമിക്കും. ശേഷം വിവരങ്ങള് എന്തെങ്കിലും ഉണ്ടെങ്കില് വാട്സപ്പ് ചെയ്യെന്ന് പറഞ്ഞു തിരിച്ചു റൂമിലേക്ക് തന്നെ കയറി വീണ്ടും തന്റെ ഫോണിലേക്ക് തന്നെ മുഖം പൂഴ്ത്തും.
പണ്ടത്തെ പോലെ ഇപ്പോഴും പ്രവാസികള്ക്കിടയില് വാരാന്ത്യഘോഷങ്ങള് ഉണ്ട് . പക്ഷേ അതൊന്നും ഒറ്റപ്പെട്ടു പോയവന്റെ സങ്കടങ്ങള്ക്ക് താല്ക്കാലിക വിരാമമിടാനുള്ള സ്വയം മറന്ന സന്തോഷങ്ങളല്ല.
ഫേസ്ബുക്ക് ലൈവിലൂടെയും ടിക്ക് ടോക്കിലൂടെയും മറ്റുള്ളവരെ കാണിക്കാനുള്ള ആഘോഷപൂര്വ്വമുള്ള അഭിനയങ്ങള് മാത്രമാകുന്നു.
ലോകം സൂപ്പര്ഫാസ്റ്റ് ആകുന്നതിനിടെയുള്ള ചില നഷ്ടപ്പെടലുകള്!

Monday, 2 November 2020

Dolly Kitty Aur Woh Chamakte Sitare.


 ഡോളിയും കിറ്റിയും പിന്നെ മിന്നും നക്ഷത്രങ്ങളും.

അലന്കൃത ശ്രീവാസ്തവ  എഴുതി സംവിധാനം ചെയത് കൊങ്കണ സെന്‍ ശര്‍മയും  ഭൂമി പെടുനെകറും  മുഖ്യ കഥാപാത്രങ്ങളായി വന്ന സിനിമയാണ്  "ഡോളി കിറ്റി ഓര്‍ വോ ചമക് സിത്താരെ"

തീര്‍ച്ചയായും സിനിമ സംസാരിക്കുന്നതും പുരുഷ കേന്ദ്രീകിത സമൂഹത്തിലെ സ്ത്രീകളെ കുറിച്ച് തന്നെയാണ്.ബീഹാറില്‍ നിന്നും ജോലി അന്വേഷിച്ചെത്തുന്ന നോയിഡയിലെത്തുന്ന കിറ്റി ആയി ഭൂമിയും ,അവളുടെ സഹായത്തിനെത്തുന്ന കസിന്‍ സിസ്റ്റര്‍ ആയ ഡോളി ആയി കൊങ്കണയും വേഷമിടുന്നു. 

ഏതു സങ്കടങ്ങളെയും മറികടക്കുക എന്നത് പുരുഷനെ സംബന്ധിച്ച് ഏറ്റവും എളുപ്പമുള്ള ജോലിയാകുമ്പോള്‍ വീട്ടിലും സമൂഹത്തിലും ജോലി സ്ഥലങ്ങളിലും ഒരു പോലെ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടി സന്തോഷമഭിനയിക്കുകയും പുഞ്ചിരിക്കുക്കയും ചെയ്യുന്ന സ്ത്രീകളുടെ മാനസിക സംഘര്‍ഷങ്ങള്‍ ആണ് സിനിമ മുഴുവനും. പ്രകടനത്തില്‍ കിറ്റിയാണോ ഡോളിയാണോ  മികച്ചു നിന്നത് എന്ന് ചോദിച്ചാല്‍ മറുപടി പറയാന്‍ കഴിയാത്ത വിധം മത്സരിച്ചാണ്  രണ്ടു പേരും അഭിനയിച്ചരിക്കുന്നത്. 

തന്റെ അഞ്ചാം വയസ്സ് മുതല്‍ കാമറക്ക് മുന്‍പിലുള്ള കൊങ്കണ സെന്നിനു  പലവിധ മാനസിക സംഘര്‍ഷങ്ങളിലൂടെ  കടന്നു പോകുന്ന വീട്ടമ്മയെ  അതിന്റെ പൂര്‍ണ്ണതയോടെ അവതരിപ്പിക്കുക എന്നത് അത്ര വെല്ലു വിളി ആയിരുന്നിരിക്കില്ല പക്ഷേ അതിനോട്  കട്ടക്ക് നില്‍ക്കുന്ന പ്രകടനം തന്നെ കാഴ്ച വെക്കാന്‍ ഭൂമി പെട്നെക്കറിനും സാധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്. 

 പുരുഷനെ ത്രിപ്തിപ്പെടുത്തേണ്ടത് സ്ത്രീയുടെ മാത്രം ചുമതലയാണെന്ന ബോധത്തെ ചോദ്യം ചെയ്യുകയാണ് സിനിമയിലുടനീളം ചെയ്യുന്നത് .പുരുഷ സമൂഹം  എപ്പോഴും ആഘോഷിക്കാറുള്ള വാര്‍ത്തകള്‍ ആണല്ലോ  മക്കളെ ഉപേക്ഷിച്ചു പോയ അമ്മയും അന്യപുരുഷന്റെ കൂടെ കിടപ്പറ പങ്കിട്ട പെണ്ണുമെല്ലാം. എന്നാല്‍ അവളുടെ സാഹചര്യങ്ങള്‍ക്കും അവളുടെ  ആഗ്രഹങ്ങള്‍ക്കും അവളുടെ സന്തോഷങ്ങള്‍ക്കും ഒരു നെഗറ്റീവ്  ഇമേജ് പോലും കൊടുക്കാതെ പൂര്‍ണ്ണമായും അവളെ ചേര്‍ത്ത് പിടിക്കുകയാണ് സിനിമ. എന്നാല്‍ ഒരിക്കല്‍ പോലും അവനെ ഒരു മഹാ ഭയങ്കരനാക്കി ചിത്രീകരിക്കുന്നുമില്ല. നമ്മുടെയൊക്കെ മനസ്സില്‍ പതിഞ്ഞു പോയ ബോധങ്ങളെ സ്വാഭാവികമായി ചിത്രീകരിക്കുക മാത്രമാണ്  സംവിധായിക ചെയ്തിട്ടുള്ളത്. അതങ്ങനെ തന്നെ മനസ്സിലാക്കണം എന്ന് നിര്‍ബന്ധമുള്ളതു കൊണ്ടായിരിക്കണം കിടപ്പറയിലെ ജയപരാജയങ്ങളടക്കം അത് പോലെ തന്നെ പകര്‍ത്തി വെക്കാന്‍ പരമാവധി ശ്രമിചിട്ടുള്ളതും. 

കിടപ്പറയിലായാലും ജോലിസ്ഥലത്ത്  വെച്ച് ഒരു ചായ കുടിക്കുന്ന  കാര്യമായാലും സ്വന്തം സന്തോഷങ്ങള്‍ക്ക് വേണ്ടി ബുദ്ധിമുട്ടാതെ ഏറ്റവും ലളിതമായി മറ്റൊരു തിരഞ്ഞെടുപ്പ്  പുരുഷന് സാധ്യമാണെങ്കില്‍ , അതിനെ കുറിച്ച്  സമൂഹം അത്രയൊന്നും അസ്വസ്ഥപ്പെടുന്നില്ലെങ്കില്‍  എന്ത് കൊണ്ട് അത് അത്ര തന്നെ നിസ്സാരമായി സ്ത്രീക്കുമായിക്കൂട എന്നാണ് ചിത്രം പറഞ്ഞു വെക്കുന്നത് . 

തങ്ങള്‍ക്ക് സന്തോഷമുള്ള ഇടങ്ങളിലെല്ലാം ശല്യപ്പെടുത്താനെത്തുന്ന സദാചാര ഗുണ്ടകളെ ഭയന്ന് ഒരിക്കല്‍  ഡോളി തന്റെ കൌമാരക്കാരനായ  കാമുകനുമൊത്ത് ഖബറസ്ഥാനിലെത്തുന്നു. 

ഖബറസ്ഥാനും സ്വര്‍ഗ്ഗമകാന്‍ കഴിയുമല്ലേ . ?

ജീവിച്ചിരിക്കുന്നവരാരും ശല്യപ്പെടുത്താനില്ലാത്ത ഖബറാളികള്‍ക്കിടയിലെ നിശബ്ദതയെ മുറിച്ചു കൊണ്ട് അവന്‍ അവളോട്‌ ചോദിക്കും. 

നീ എത്ര വിചിത്രമായാണ് സംസാരിക്കുന്നതെന്ന് അതിനവള്‍  നാണിച്ചു കൊണ്ട് മറുപടി പറയും. 

എന്നാല്‍ ഒരു കാര്യം പറയാമോ ?

എന്റെ ഖബറിന് മുകളില്‍ എന്തെങ്കിലും കുറിച്ചിടുമെങ്കില്‍ അതെന്തായിരിക്കും നിങ്ങള്‍ കുറിച്ചിടുക ?

"നിന്റെ പേരും .. പിന്നെ അഞ്ചു നക്ഷത്രങ്ങളും: 

ഫുഡ്‌ ഡെലിവറി ആപ്പില്‍ റേറ്റിംഗ്  കൊടുത്തു പരിചയപ്പെട്ട കാമുകനോട്  ഒട്ടുമാലോചിക്കാതെ അവള്‍ മറുപടി പറയും.

ഉസ്മാന്‍ അന്‍സാരിയുടെ (തന്റെ കാമുകന്റെ ) ഖബറിന് മുകളില്‍  ഡോളി അഞ്ചു നക്ഷത്രങ്ങള്‍  പതിച്ചു കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. 

 സാധാരണ സിനിമാ പ്ലോട്ടുകളില്‍ നമ്മളത്ര കണ്ടു പരിചയിച്ച കാര്യങ്ങള്‍ അല്ലെങ്കിലും ഒട്ടും ശുഭകരമായ ഒടുക്കമല്ലെങ്കിലും ചിത്രമവസാനിക്കുമ്പോ അഞ്ചു നക്ഷത്രങ്ങള്‍ ചേര്‍ത്ത് വെച്ച റേറ്റിംഗ് ഡോളിയെ പോലെ  നമ്മളുമറിയാതെ നല്‍കും. 

Thursday, 13 August 2020

ചക്രം


വെള്ളിയാഴ്ചകളില് പതിവാക്കിയിരുന്ന ശീലം അയാളാ ഒഴിവു ദിനത്തിലുമാവര്ത്തിച്ചു. ആഴ്ചക്കൊരിക്കല് ആണ് അയാള് അമ്മയുമായി സംസാരിക്കുന്നത്.

ഇവിടുന്നങ്ങോട്ട്‌ പറയുന്നത് മാത്രമേ കേള്ക്കുന്നുള്ളൂ.

ഹലോ ..
അമ്മേ ..
ആ ..എന്താ വിശേഷം ...
നിങ്ങളോട് ഞാന് പറഞ്ഞതല്ലേ ..
ഇതെത്ര തവണ പറയണം.
സംസാരം മുന്പോട്ടു പോകുന്നതിനനുസരിച്ചു ശബ്ദവും വാക്കുകളും പരുഷമായിക്കൊണ്ടിരുന്നു,
ഒരു യുദ്ധം കഴിഞ്ഞെന്നോണം അല്പ സമയത്തിന് ശേഷം ഫോണ് കട്ടായി.
അയാള് ഫോണ് വീണ്ടും ഡയല് ചെയ്തു.
അച്ഛന്റെ തക്കുടൂ ...
എന്തെടുക്കുവാ ..
ദേഷ്യപ്പെട്ടു മാത്രം സംസാരിക്കാന് അറിയുന്നയാള് നിമിഷം നേരം കൊണ്ട് സ്നേഹിക്കാനും സ്നേഹത്തോടെ സംസാരിക്കാനും മാത്രമറിയുന്ന ഒരാളായി മാറിയത് കണ്ടു ഞാന് അത്ഭുതപ്പെട്ടു.
അയാള് കുഞ്ഞായിരുന്നപ്പോള് എങ്ങിനെയൊക്കെയായിരിക്കും ആ അമ്മ അയാളെ സ്നേഹിച്ചതെന്നും കൊഞ്ചിച്ചതെന്നും വെറുതെ ഒന്നോര്ത്തു നോക്കി.
പത്തോ ഇരുപതോ വര്ഷം കഴിഞ്ഞാല് ആ മകന് എങ്ങിനെയായിരിക്കും അയാളോട് സംസാരിക്കുക എന്നും വെറുതെയൊന്നു ചിന്തിച്ചു നോക്കി.
ശേഷം ..
ഒരു ദീര്ഘ നിശ്വാസമെടുത്തു കൊണ്ട് ആദ്യം കണ്ട ഫേസ്ബുക്ക്‌ നോട്ടിഫിക്കേഷനിലേക്ക് മുഖം പൂഴ്ത്തി.

Friday, 22 May 2020

അല്‍ഹംദു ലില്ലാഹ് ! അന മിസ്കീന്‍

കർഫ്യു രാത്രി എട്ട് മണി മുതൽ രാവിലെ ആറു മണി വരെ ആക്കിയതിൽ പിന്നെ രാത്രി കഴിക്കാനുള്ള ഭക്ഷണവും നേരത്തെ വാങ്ങി വെക്കുകയാണ് പതിവ്. കാരണം നോമ്പ് തുറന്നു കഴിഞ്ഞ പിന്നെ എട്ട് മണിയിലേക്ക് അധികം ദൂരമില്ലല്ലോ?
ഒന്ന് അതിനിടക്ക് കണ്ണൊന്നു മാളി പോയ പിന്നെ പട്ടിണിയാകും.അതു കൊണ്ടാണ് ഭക്ഷണം വാങ്ങുക എന്ന ടാസ്ക് നേരത്തെയാക്കാൻ തീരുമാനിച്ചതും.
റോഡിൽ അധികം പേരൊന്നുമില്ല.
കഴിക്കാൻ എന്ത് വാങ്ങണം എന്നാലോചിച്ചിങ്ങനെ നടക്കുകയാണ്.
നോമ്പിനിതു വരെ റൈസ് കഴിച്ചിട്ടില്ല.
നോമ്പ് തുറക്ക് ഫ്രൂട്ട്സ് , രാത്രി കഴിക്കാൻ ചപ്പാത്തി ഈ ഒരു ഫോർമാറ്റ്‌ലാണ് എറിയ ദിവസവും കഴിഞ്ഞു പോന്നതും. അതു കൊണ്ട് തന്നെ ഇന്ന് റൈസ് വാങ്ങിയലോ എന്നൊരാലോചനയും മനസ്സിലുണ്ട്. നോമ്പ് കഴിയാന്‍ ഒരു ദിവസം കൂടിയല്ലേ ബാക്കിയുള്ളൂ.
അങ്ങിനെ ഭക്ഷണ കാര്യത്തെ കുറിച്ച് ആലോചിച്ചങ്ങനെ സൂപ്പർ മാർക്കറ്റിൽ കയറി നോമ്പ് തുറക്കാൻ ആവിശ്യത്തിനുള്ള ഫ്രൂട്ട്സ് വാങ്ങി പുറത്തേക്കിറങ്ങിയപ്പോഴാണ് അല്പം അകലെ നിന്നായി ആരോ വിളിക്കുന്നത് പോലെ തോന്നിയത്..
ഹലോ.. ഭായ്.. ഹലോ..
ഞാൻ തിരിഞ്ഞു നോക്കി..
അതെ വിളിക്കുന്നതെന്നെ തന്നെയാണ്.
മറ്റാരുമപ്പോള്‍ അവിടെയെങ്ങുമില്ല.
അല്പം അകലെയായി മരച്ചുവട്ടിലിരിക്കുന്ന അല്പം പ്രായമുള്ള ഒരു മനുഷ്യനാണെന്നെ നിര്‍ത്താതെ വിളിച്ചു കൊണ്ടിരിക്കുന്നത്.
ശ്രദ്ധിച്ചു നോക്കിയപ്പോൾ അയാൾക്ക് രണ്ട് കാലുകളും ഇല്ല എന്ന് മനസ്സിലായി.
വഴി യാത്രക്കാരുടെ കയ്യിൽ നിന്നും ലഭിക്കുന്ന എന്തെങ്കിലും സഹായത്തിനായി ഇരിക്കുകയാണാ പാവം‌. അല്പം ദൂരെ ആണെങ്കിലും എനിക്കയാളെ അവഗണിച്ചു പോരാൻ തോന്നിയില്ല.
ഞാൻ അയാൾക്കരികിലെത്തി കയ്യിൽ കരുതിയിരുന്ന നാണയതുട്ടുകൾ എടുത്തു അദ്ദേഹത്തിനു നേരെ നീട്ടി.
അയ്യോ !
ഞാൻ വിളിച്ചത് ഇതിന് വേണ്ടിയല്ല..
ദൂരെ നിന്ന് വിളിച്ചു വരുത്തിയതിനു ക്ഷമാപണമെന്നോണമയാൾ പറഞ്ഞു.
കുഴപ്പമില്ല. ഇത് വാങ്ങിക്കൂ.
ആട്ടെ.. പിന്നെ എന്തിനാണ് നിങ്ങളെന്നെ വിളിച്ചത്?
അയാൾ ഉടനെ തന്നെ അരികിലുള്ള കവറിലേക്ക് വിരല് ചൂണ്ടിക്കൊണ്ട് പറഞ്ഞു.
ഇതൊന്നു കൊണ്ട് പോകുമോ?
ഇന്നെന്റെ വയറു നിറയാൻ മാത്രമുള്ള ഭക്ഷണം ദാ...ഈ ചെറിയ പൊതിയിലുണ്ട്.
അൽഹംദുലില്ലാഹ്.
എന്ത് ചെയ്യണമെന്നറിയാതെ മടിച്ചു നില്‍ക്കുന്ന എന്നെ കണ്ട് അയാള്‍ പറഞ്ഞു.
അയ്യോ ..പേടിക്കണ്ട ..
ഞാന കവര്‍ തൊട്ടിട്ടില്ല.
ഒരു റെസ്റ്റോറന്റുകാര്‍ ‍വെച്ചിട്ട് പോയതാണ്.
ഞാന്‍ വേണ്ടാന്നു പറയുമ്പോഴേക്കും അവര് പോയി.
നോമ്പ് തുറക്കാറാന് ഇനി അധികം നേരമില്ലല്ലോ...?
കയ്യിലുള്ള ഭക്ഷണം മുഴുവന്‍ അപ്പോഴേക്കും എല്ലാവരിലേക്കുമെത്തിക്കാന്‍ ഓടുകയാണവര്‍.
അല്ലാഹ്....
അത് കൊണ്ടല്ല..
എനിക്കിന്നു ഭക്ഷണം വാങ്ങാന്‍ കഴിയുമല്ലോ..?
അതിനു പറ്റാത്തവര്‍ക്കല്ലേ ഇത് കൊടുക്കേണ്ടത്. ?
ഭായ് ...
ഇതാരുടെയെങ്കിലും വയറിലെത്താതെ
ഇവിടെ കിടന്നു കേടു വന്നു പോയാല്‍ എനിക്കിന്ന് ഉറക്കം കിട്ടില്ല...
വെറുതെ കുപ്പ തൊട്ടിയില്‍ കളയുന്നതിനെക്കാള്‍ എത്രയോ നല്ലതാണ് നിങ്ങളിത് ഭക്ഷിക്കുന്നത്. വിരോധമില്ലെങ്കി നിങ്ങളിത് കൊണ്ട് പോയാ എനിക്കത് ഒരുപാട് സന്തോഷമാകും.
ഈ മുറിയന്‍ കാലും വെച്ച് എനിക്കിത് മറ്റൊരാളെ തേടി പോകാനുള്ള സമയവുമിനിയില്ല.
ഞാന്‍ പിന്നീടൊന്നും പറയാതെ ആ ഭക്ഷണമെടുത്തു കൊണ്ട് അയാള്‍ക്ക് നന്ദി പറഞ്ഞു.
മുഖം മാസ്ക് കൊണ്ട് മറച്ചിരുന്നുവെങ്കിലും അയാളുടെ ചുണ്ടുകളില്‍ വിരിഞ്ഞ നിറഞ്ഞ പുഞ്ചിരി എനിക്കയാളുടെ കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാമായിരുന്നു.
പോകുന്ന വഴിക്ക് അതേല്‍പ്പിക്കാന്‍ പറ്റിയ വല്ലവരുമുണ്ടോ എന്ന് ഞാന്‍ പരതിയെങ്കിലും ആരെയും കണ്ടില്ല.
ഈ ധാന്യ മണികളില്‍ എന്റെ പേര് തന്നെയായിരിക്കണം റബ്ബ് എഴുതി വെച്ചിരിക്കുന്നത്.
ഒരുപാട് കാലത്തിനു ശേഷം ചോറ് കഴിക്കുക എന്നെ എന്റെ ആഗ്രഹം സാധിച്ചു തരാന്‍ റബ്ബ് തിരഞ്ഞെടുത്തിരിക്കുന്നത് ഒരു ഫക്കീറിനെ.
ഞാനിന്നലെ പതിവിലും നേരത്തെ ഭക്ഷണം കഴിക്കാനിരുന്നു.
ജീവിതത്തില്‍ ഇത് വരെ കഴിച്ച ഭക്ഷണങ്ങളില്‍ നിന്നെല്ലാം വ്യത്യസ്ഥമായൊരു രുചിയായിരുന്നു അതിന്. കാരണം...
അതിലെ ഓരോ ഉളുകള്‍ക്കും ഒരു നുള്ള് ഭക്ഷണത്തിന്റെ മൂല്യം എന്താണന്നറിയാവുന്നോരാളുടെ
പ്രാര്‍ത്ഥനയുണ്ടായിരുന്നു.
അതൊരു ..അനര്‍‍വചീനായമാക്കപ്പെട്ട..
വല്ലാത്ത സ്വാദ് തന്നെ.
അതാസ്വദിക്കാന്‍ പടച്ചവനെന്നെ തന്നെ തിരഞ്ഞെടുത്തുവല്ലോ....?
അല്‍ഹംദു ലില്ലാഹ്...
ഞാനത് മുഴുവന്‍ കഴിച്ചു കഴിഞ്ഞപ്പോ ..
കണ്ണ് നിറച്ചു കാണാന്‍ വേണ്ടി മാത്രം നിറഞ്ഞു കവിയുന്ന തീന്‍ മേശകളെ കുറിച്ചോര്‍ത്തു.
ബാക്കി വന്ന ഭക്ഷണങ്ങളെ പിറ്റേന്ന്‍ ഒരു മനസ്താപവുമില്ലാതെ കുപ്പത്തൊട്ടിയില്‍ കൊണ്ട് പോയി കളയുന്ന മനസ്സുകളെ കുറിച്ചോര്‍ത്തു...
സമ്പത്തിനെ കുറിച്ചല്ലാതെ ഒരിക്കലും ദാരിദ്ര്യത്തെ കുറിച്ചോര്‍ത്ത് ദുഖിക്കരുത് എന്നും..
"അല്‍ഹംദുലില്ലാഹ് ..അന മിസ്കീന്‍"
എന്നാണു പറഞ്ഞു പഠിക്കേണ്ടതു എന്ന നബി വചനങ്ങളെ കുറിച്ചുമോര്‍ത്തു.
ശേഷം മനസ്സ് നിറഞ്ഞു പറഞ്ഞു ...
അല്‍ഹംദ്ലില്ലാഹ് !!
(സര്‍വ്വ സ്തുതിയും നിനക്ക് തന്നെ )
~ഷാനു കോഴിക്കോടന്‍~

Saturday, 25 April 2020

മുന്നറിയിപ്പ്

അഞ്ചാം പാതിര ഇന്നലെ കണ്ടു..
റിപ്പര്‍ രവി,സൈമണ്‍ മഞ്ഞൂരാന് ,‍ ബെഞ്ചമിന്‍ ലൂയിസ് എന്നീ മൂന്നു സൈക്കോ കഥാ പാത്രങ്ങളെ ഒരു സിനിമയിലങ്ങനെ ഒരുമിച്ചു കണ്ടപ്പോഴാണ് മറ്റൊരു സൈക്കോ കഥാപാത്രം മനാസ്സിൽ കയറി വന്നത്.
ഒരു കടുക് മണിത്തൂക്കം അങ്ങടോ ഇങ്ങടോ വീഴാതെ മമ്മൂക്ക കയ്യടക്കത്തോടെ കൈകാര്യം ചെയ്ത മുന്നറിയിപ്പ് എന്ന.സിനിമയിലെ രാഘവന് എന്ന കഥാപാത്രം‍.
നമ്മള്‍ സാധാരണ കണ്ടു ശീലിച്ച സൈക്കോ കഥാപാത്രങ്ങളെ പോലെയുള്ള ഒരു ക്ലീഷേകളും രാഘവനില്ല...അയാള്‍ ശാന്തനാണ്..
അയാള്‍ക്ക് ലോകത്തെ സകല കാര്യങ്ങളെ കുറിച്ചും തന്‍റേതായ കാഴ്ചപ്പാടുകളുണ്ട്. അഭിപ്രായങ്ങളുണ്ട്..ചിന്തകളുണ്ട്.
"സ്വിച്ചിട്ടാ വെളിച്ചം ഉണ്ടാകുന്ന പോലെ സ്വിച്ചിട്ട ഇരുട്ടാകുന്ന വല്ലോം കണ്ടു പിടിച്ചിട്ടുണ്ടോ. ?
ഇല്ലല്ലോ..? ഈ വെളിച്ചവും സത്യവും എന്നൊക്കെ പറയുന്നത് ഒരു പോലെയാ, രണ്ടിനേം ഇല്ലാതാക്കാൻ പറ്റില്ല, വേണെങ്കിൽ തടയാം,
മറച്ചു പിടിക്കൊക്കെ ചെയ്യാം..
എന്നാലും അത് ഇല്ലാതാവുന്നില്ലലോ, നമ്മള് കാണുന്നില്ലന്നല്ലേ ഉള്ളൂ..?"
"കണ്ണാടിയില്‍ നോക്കുമ്പോ എന്റെ പ്രതിഭിംബം
എന്നെ തന്നെ നോക്കി അവിടെ നില്‍ക്കുന്നു.
കണ്ണാടി വിട്ടു ഞാന്‍ പോരുമ്പോഴും അതവിടെ തന്നെ നില്‍ക്കുമോ ? അതോ എന്റെ കൂടെ പോരുമോ ? ഏതായാലും ഞാന്‍ വീണ്ടും കണ്ണാടി നോക്കുമ്പോ അതവിടെ തന്നെ ഉണ്ട്. എന്നെ തന്നെ നോക്കി." രാഘവന്റെ ചിന്തകളിങ്ങനെ ഒരു സാധാരണക്കാരില്‍ നിന്നൊക്കെ മാറി പട്ടം പോലെ പറക്കുകയാണ്.
സ്വാതന്ത്ര്യം ആണ് രാഘവനെ അലട്ടുന്ന പ്രധാന പ്രശ്നമെങ്കിലും തന്റെ ശിക്ഷാ കാലാവധിയായ പതിനാലു വര്ഷം കഴിഞ്ഞു ഇരുപതു വര്‍ഷമായിട്ടും അതൊരു പാരതന്ത്ര്യമായി അയാള്‍ക്ക് തോന്നിയിട്ടില്ല.
ഇവിടുന്നു പുറത്തിറങ്ങിയ സന്തോഷമുണ്ടാകില്ലേ എന്ന് ചോദിക്കുമ്പോ അതിനു എനിക്കിവിടെ സങ്കടമൊന്നും ഇല്ലല്ലോ എന്നാണയാള്‍ മറുപടി പറയുന്നത്. അതേ സമയം പേടിച്ചിട്ടുള്ള ജീവിതം മഹാബോറാണ് എന്നയാള്‍ വാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്.
അങ്ങിനെ എങ്കില് സ്വാതന്ത്ര്യമില്ലാതെ ജയിലില്‍ കിടക്കുന്നതോ എന്ന ചോദ്യത്തിനും അയാള്‍ ‍ക്കുത്തരമുണ്ടായിരുന്നു
"നമ്മള്‍ സ്വാതന്ത്ര്യത്തെ എങ്ങിനെ വാഖ്യാനിക്കുന്നു എന്നതാണ് കുഴപ്പം.
നിങ്ങള്‍ കാണുന്ന സ്വാതന്ത്ര്യമായിരിക്കില്ല എന്റെ സ്വാതന്ത്ര്യം എന്നാണയാൾ ആ ചോദ്യത്തിന് മറുപടി നൽകുന്നത്.
കൂടെ ....നമുക്ക് തടസ്സമായിട്ടു നില്‍ക്കുന്ന ചില കാര്യങ്ങളെ പറിച്ചു മാറ്റേണ്ടി വരും എന്നും അയാള്‍ പറഞ്ഞു വെക്കുന്നുണ്ട് എങ്കിലും താന്‍ ചെയ്തു എന്ന് പറഞ്ഞു ശിക്ഷയനുഭവിച്ച രണ്ടു കൊലപാതകങ്ങളും താൻ തന്നയാണ് ചെയ്തത് എന്ന് അംഗീകരിക്കാന്‍ അയാള്‍ ഒരിക്കലും തയ്യാറായിട്ടില്ല.
നിഷകളങ്കനായ.. നാവെടുത്താല്‍ ഫിലോസഫി മാത്രം പറയുന്ന രാഘവന്‍ എന്ത് കൊണ്ടായിരിക്കും താന്‍ ചെയ്ത കൊലപാതകങ്ങള്‍ സമ്മതിക്കാതിരുന്നത്? അതിനുള്ള സൂചനകള്‍ അയാള്‍ തന്നെ പലവട്ടം നല്‍കുന്നുണ്ട് പക്ഷേ.. രാഘവന്‍ തന്നെയാണ് കൊലപാതകി എന്നുറപ്പിക്കാന്‍ കുറച്ചു സംശയത്തോടെ ആണെങ്കിലും സിനിമയുടെ അവസാനം വരെ പ്രേക്ഷകര്‍ക്ക് കാത്തിരിക്കേണ്ടി വരുന്നു.
മുന്പ് നടന്ന രണ്ടു കൊലപാതകങ്ങളും ചെയ്തത് താനല്ല എന്ന് ആവര്‍ത്തിച്ചു പറയാന്‍ അയാൾക്ക് വ്യക്തമായ കാരണങ്ങളുണ്ട്.
നമുക്ക് മുന്‍പില്‍ തടസ്സമായി നില്‍ക്കുന്നതിനെയെല്ലാം പറിച്ചു മാറ്റണം എന്ന് പറയുന്നതിനോടൊപ്പം തന്നെ ക്യൂബ്യയിലായാലും കുടുംബത്തിലായാലും വിപ്ലവം നടന്നാല്‍ ചോര വീഴും എന്നാ കാര്യം കൂടെ ഇടക്കയാള്‍ ഓര്‍മിപ്പിക്കുന്നു.
അത് കൊണ്ട് തന്നെ രാഘവന്റെ ഫിലോസഫി പ്രാകാരം താന്‍ ചെയ്തതൊന്നും കൊലപാതകങ്ങളല്ല മറിച്ചു വിപ്ലവമാണ്.
സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കുമ്പോ ഴാണ് വിപ്ലവങ്ങളുണ്ടാകുന്നത്.
രാഘവന്‍ കൊല ചെയ്തവരെ ഒന്നോടിച്ചു നോക്കൂ..
അവരിൽ പൊതുവായ ചില കാര്യങ്ങൾ കാണാം.ഒന്നാമത്തെ കാര്യം അവർ മൂന്ന് പേരും സ്ത്രീകളായിരുന്നു എന്നതാണ്.
ആദ്യം കൊല്ലപ്പെട്ട സ്ത്രീ അയാളുടെ ഭാര്യയായിരുന്നു.രണ്ടാമത്തേതു അയാളുടെ യജമാനത്തി മൂന്നാമത്തേത് ജേര്‍ണലിസ്റ്റ് അഞ്ജലിയും.
അഞ്ജലി അയാളെ എഴുതാന്‍ വേണ്ടി നിര്‍ബന്ധിക്കുന്നതും അവാസാനം അയാളെ ഭരിക്കാന്‍ ശ്രമിക്കുന്നതും സിനിമയിൽ കാണിക്കുന്നുണ്ട്. ആദ്യം കൊല്ലപ്പെട്ട രണ്ടു പേരും ഇതേ രീതിയിൽ തന്നെ അയാളില്‍ മേധാവിത്വം സ്ഥാപിക്കാന്‍ സാധ്യതയുള്ളവരായിരുന്നു.
അയാളവിടെയെല്ലാം വിപ്ലവം നടത്തി തന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവരെ പറിച്ചു മാറ്റുകയാണുണ്ടായത്.
രാഘവനെ സംബന്ധിച്ചിടത്തോളം സ്ത്രീകൾ അയാളിൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്നത് അസ്വാതന്ത്ര്യമായിട്ടാണ് കരുതുന്നത്. അത് കൊണ്ട് തന്നെ ജയിൽ എന്നത് അയാളെ സ്ത്രീകൾ ഒരു തരത്തിലും ഭരിക്കാൻ സാധ്യതയില്ലാത്ത ഇടമാണ് എന്നും അവിടെ താൻ പൂർണ്ണ സ്വാതന്ത്ര്യവാൻ ആണു എന്നും അയാൾ വിശ്വസിക്കുന്നു.
മലയാളത്തില്‍ ഇനിയെത്ര സൈക്കോ കഥാപാത്രങ്ങള്‍ വന്നാലും അതൊക്ക രാഘവനും അയാൾ അവസാനം ചിരിക്കുന്ന ചിരിയുടെയും മേലെ നിൽക്കാനുള്ള സാധ്യത വളരെ വളരെ കുറവാണ്.

KILL - Movie review (Malayalam)

ഒരു സെക്കന്റ് പോലും അനാവശ്യമെന്നു പറയാനുള്ള സീനുകളില്ലാ ,പ്രണയം ഉണ്ടെങ്കിലും സാധാരണ ഇടിപടങ്ങളിൽ കുത്തികയറ്റുന്ന പോലത്തെ ക്രിഞ്ചടിപ്പിക്കുന്ന...