യൂ.എ.ഇ യിലെ കലാസംഘടനയായ "ശ്രീരാഗം" കൂട്ടായ്മയുടെ പ്രോഗ്രാമുകള് അരങ്ങു തകര്ക്കുന്നത് ഏറ്റവും പിറകിലെ കസേരയിലിരുന്നു അസ്വദിക്കുന്നതിനിടയിലാണ് പിറകില് നിന്നൊരു അശരീരി കേട്ടത്.
ഏറ്റവും പിറകിലിരിക്കുന്ന എന്റെയും പിറകില് മറ്റൊരാളോ? ആരാണെന്നറിയാന് അശരീരി കേട്ട സ്ഥലത്തേക്ക് തല പതിയെ തിരിച്ചു നോക്കി.
അശരീരി അല്ല. ശബ്ദത്തിനു പിറകിലൊരു ശരീരമുണ്ട്.
വലിയൊരു ക്യാമറയും കഴുത്തില് തൂക്കി അപരിചതനായ ഒരു ചെറുപ്പക്കാരന് സ്റ്റേജിലേക്ക് തന്നെ നോക്കി ആദ്യമായി കടല് കണ്ട കൊച്ചു കുട്ടിയെ പോലെ അതിശയപൂര്വ്വം നില്ക്കുന്നു.
പറഞ്ഞത് എന്നോടല്ല എന്നും.
ആതമഗതം അല്പം ഉച്ചത്തിലായിപ്പോയതാണെന്നും മനസ്സിലായി.
എത്താന് ലേറ്റ് ആയോ ?
അപരിചിതത്വം മാറ്റാന് ഞാന് ചിരിച്ചു കൊണ്ടാന്വേഷിച്ചു.
(അല്ലെങ്കിലും കലാകായികാസ്വാദകര്ക്കിടയില് എന്ത് അപരിചിതത്വം. വേദിയില് നല്ല പ്രകടനങ്ങള് നടക്കുമ്പോ അടുത്തിരിക്കുന്നത് ആരാണെന്നോ എന്താണെന്നോ നോക്കാതെ അഭിപ്രായങ്ങള് പങ്കു വെക്കുകയും മൈതാനങ്ങളില് ഗോളുകളും സിക്സറുകളും പിറക്കുമ്പോള് അടുത്തുള്ളവരെ സന്തോഷത്തോടെ കെട്ടി പിടിക്കുന്നതും പരിചിതരാണോ എന്ന് നോക്കിയല്ലല്ലോ ? )
അതെ ഇഷ്ടാ ..
ഡ്യൂട്ടി കഴിഞ്ഞിറങ്ങി നേരെ വെച്ച് പിടിച്ചതാണ്.
പാടാന് അറിയുമോ ?
അറിയുമെങ്കില് കയറി പാടൂ ..
എനിക്കങ്ങനെ വലുതായി പാടാന് ഒന്നും അറിയില്ല. എന്നാലും എനിക്കിങ്ങനെ സ്റ്റേജില് ഒക്കെ കയറി പെര്ഫോം ചെയ്യാന് വലിയ താല്പര്യമാണ്.
അടുത്ത് വന്നിരുന്ന് ചിരിച്ചു കൊണ്ടാണ് അയാളത് പറഞ്ഞത്.
പിന്നെന്താ ചെയ്യാത്തെ..?
ഒന്നും പറയണ്ട ചങ്ങാതി.
വളരെ ചെറുതിലെ നാട്ടീന്നു കയറി പോന്നത.
ഏകദേശം പതിനെട്ടു വര്ഷങ്ങള് കഴിഞ്ഞിരിക്കുന്നു ഇവിടെ എത്തിയിട്ട്.
പതിനെട്ടു വര്ഷമോ ? കണ്ടാല് പറയില്ല കേട്ടോ ..കണ്ട പരിചയം സുഹൃദത്തിലേക്ക് മാറ്റാനെന്നോണം ഞാന് സംഭാഷണം തുടര്ന്നു.
ഹഹ.
പതിനെട്ടു വര്ഷങ്ങള് കഴിഞ്ഞുന്നു കരുതി എനിക്കങ്ങനെ വലിയ പ്രായമൊന്നുമില്ല മാഷേ. ഒരുപാട് പ്രശ്നങ്ങള് മുന്നില് ഉണ്ടായപ്പോ അതൊക്കെ എളുപ്പത്തില് സോള്വ് ചെയ്യാന് പാസ്പോര്ട്ട് കയ്യില് കിട്ടിയ പാടെ ഇങ്ങു കയറി പോരേണ്ടി വന്നു.
പക്ഷേ .. പ്രശ്നങ്ങള് ജീവിതകാലം മുഴുവന് അവസാനിക്കാന് പോണില്ല എന്നും, അതിനിടക്ക് ജീവിക്കാന് മറന്നു പോകുന്നുണ്ട് എന്നും തിരിച്ചറിവ് വന്നു തുടങിയപ്പോഴാണ് നമുക്ക് ഇഷ്ടമുള്ള എന്തെങ്കിലുമൊക്കെ ചെയ്യാന് വേണ്ടിയും കൂടെ സമയം കണ്ടെത്തണമെന്നു തീരുമാനിച്ചതും, ദാ! ഇവനെ അങ്ങ് വാങ്ങിയതും.
കഴുത്തില് തൂക്കിയിട്ട ക്യാമറ ഉയര്ത്തി കാണിച്ചു കൊണ്ട് അയാള് പറഞ്ഞു.
ഞാന് ചോദിയ്ക്കാന് മറന്നു..
ഫോട്ടോഗ്രാഫര് ആണല്ലേ?
അല്ലെടോ .. പക്ഷേ..
.ഫോട്ടോഗ്രാഫി ഭയങ്കര ഇഷ്ടമാണ്.
സ്വന്തം ഇഷ്ടങ്ങള്ക്കൊപ്പം നടക്കാന് തീരുമാനിച്ചപ്പോ ആദ്യം കൂടെ കൂട്ടുന്നത് ഇവനെ തന്നെയായിക്കോട്ടേ എന്നങ്ങ് കരുതി.
സത്യത്തില് ഞാനിവനെ വാങ്ങിയിട്ട് രണ്ടു ദിവസമേ ആയുള്ളൂ. ഇവനെ ഒന്ന് മെരുക്കി എടുക്കാന് കൂടി വേണ്ടിയാണ് ഇന്നിവിടെ വന്നത്.
ആണോ ?
ഫോട്ടോഗ്രാഫിയെ പറ്റി നിര്ത്താതെ സംസാരിക്കുന്നത് കണ്ടപ്പോ തൊട്ടു മുന്പില് ഇരിക്കുന്ന ഫോട്ടോഗ്രാഫര് രാജന് കരിമൂലയെ ഞാനയാള്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു.
ഫോട്ടോഗ്രാഫര് ആണെന്നറിഞ്ഞതും. ഞാനിപ്പോ വരാമേ എന്നും പറഞ്ഞു ആളുടെ അടുത്ത് പോയിരുന്ന് കൊണ്ട് ഫോട്ടോഗ്രാഫിയെ കുറിച്ചും ക്യാമറയെകുറിച്ചുമൊക്കെയുള്ള സംശയങ്ങള് അദ്ദേഹത്തോട് ചോദിച്ചു മനസ്സിലാക്കിയും ചിത്രങ്ങള് പകര്ത്തിയും വേദിയാകെ ചുറ്റിയടിച്ചു കൊണ്ടിരുന്നു.
ഞാന് ഇറങ്ങാന് നേരം അല്പം മുന്പ് അപരിചിതനായിരുന്ന പുതിയ സൌഹൃദത്തിനോട്
"പിന്നീടെപ്പോഴെങ്കിലുമൊക്കെ ഇത് പോലെ കാണാം" എന്നും പറഞ്ഞു ബൈപറഞ്ഞു പോരുകയും ചെയ്തു.
പിന്നീടൊരു ദിവസം തികച്ചും യാദൃശ്ചികമായി ഞാനും ഭാഗമാകപ്പെട്ട ഒരു സിനിമ ഷൂട്ടിംഗ് സെറ്റില് ക്യാമറമാനെ കാത്തിരിക്കുകയായിരുന്നു.
രാജന് കരിമൂല തന്നെയാണ് ക്യാമറ.
അദ്ദേഹം വന്നിറങ്ങിയപ്പോ കൂടെ ഷാജിയും ഉണ്ട്. ആളുടെ സംശയങ്ങള് അന്നാ വേദിയില് വെച്ച് തീര്ന്നിട്ടില്ലാ എന്ന് കൂടെ കണ്ടപ്പോ തന്നെ മനസ്സിലായി. അത് കൊണ്ട് ബാക്കി സംശയങ്ങള് തീര്ക്കാന് ക്യാമറ മാന്റെ അസിസ്റ്റന്റ് ആയങ്ങു കൂടിയതാണ്.
രാവിലെ ആരംഭിച്ച ഷൂട്ടിംഗ് രാത്രി ഒന്പതു മണിയോടെയാണ് അവസാനിച്ചത്.
പിറ്റേന്ന് നേരത്തെ ഡ്യൂട്ടിയില് കയറണമെന്ന് ഇടയ്ക്കിടെ പറയുന്നുണ്ട് എങ്കിലും ഷൂട്ടിംഗ് കഴിഞ്ഞിട്ടും അയാള് തിരിച്ചു പോയില്ല.
താന് കടന്നു വന്ന വഴികളും,ആഗ്രഹങ്ങളും ഭാവിയില് ചെയ്യാന് ഉദ്ദേശിക്കുന്ന കാര്യങ്ങളുമെല്ലാം പറഞ്ഞു കൊണ്ട് ഏകദേശം നേരം പുലരുവോളം ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു.
അയാള് ഒരു പക്ഷേ ഡ്യൂട്ടിക്ക് പോകുന്ന വരെയും റൂമില് പോകാതെ സംസാരിച്ചിരിക്കുമായിരുന്നു എന്നെനിക്ക് തോന്നി.കാരണം ഓരോ കാര്യങ്ങളും പറയുന്നതും വിശദീകരിക്കുന്നതും അത്രക്കും ആസ്വദിച്ചു കൊണ്ടാണ്.
അന്ന് ബൈ പറഞ്ഞു പോയതിനു ശേഷം പിന്നീട് തമ്മില് കാണാനുള്ള സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല. സ്വാഭാവികമായി ഷാജി എന്റെ ഓര്മ്മയില് നിന്ന് മാഞ്ഞു പോകുകയും ചെയ്തു.
ഇന്ന് രാവിലെ ചായയും കുടിച്ച് പത്രത്തില് കണ്ണോടിച്ചു കൊണ്ടിരിക്കുമ്പോഴാണ് അന്ന് ഷൂട്ടിംഗ് സെറ്റില് ഉണ്ടായിരുന്ന മറ്റൊരാളുടെ കാള് വന്നത്.
വെറുതെ കുശലാന്വേഷണത്തിനു വിളിച്ചതാണ് .
ഷൂട്ടിന്റെ കാര്യങ്ങളും മറ്റു പല കാര്യങ്ങളും ഒര്മിച്ചെടുക്കുന്നതിനിടയില് ഷാജിയും ഒരു വിഷയമായി കടന്നു വന്നു.
അപ്പോഴാണ് തനിക്ക് വേണ്ടി സമയം കണ്ടെത്തിതുടങ്ങി കുറച്ചു കഴിഞ്ഞപ്പോ തന്നെ ആ സുഹൃത്തിന്റെ സമയം ദൈവം ഫുള് സ്റ്റോപ്പിട്ടവസാനിപ്പിച്ചിട്ട് അല്പം നാളുകള് കഴിഞ്ഞു പോയിരിക്കുന്നു എന്ന വിവരമറിഞ്ഞത്.
കേട്ടപ്പോ വല്ലാത്തൊരു നിസ്സംഗത തോന്നി.
ഒരു ദിവസം ഒരുവന് ; ഇത് വരെയുള്ള തന്റെ ജീവിതത്തെ മൊത്തത്തിലൊന്നു വിലയിരുത്തി നോക്കുന്നു.
താന് ജീവിക്കാന് മറന്നു പോയിരിക്കുന്നു
എന്നയാള്ക്ക് തിരിച്ചറിവുണ്ടാകുന്നു.
ആ തിരിച്ചറിവില് തന്റെ ഇഷ്ടങ്ങളെ അയാള് ആലോചിച്ചു കണ്ടെത്തുകയും അതിനു വേണ്ടി സമയം കണ്ടെത്താന് തുടങ്ങുകയും ചെയ്യുന്നു.
സമയം അവസാനിക്കുന്നു.
എന്തൊരവസ്ഥ.
അകത്തേക്കും പുറത്തേക്കുമേടുക്കുന്ന രണ്ടു ശ്വാസങ്ങള്ക്കിടയിലെ സമയം.
എപ്പോ വേണമെങ്കിലും അവസാനിക്കാം.
ഒന്നും ആരോടെങ്കിലും പറഞ്ഞിട്ടോ,വിലപിചിട്ടോ കാര്യമില്ല തന്നെ.
എന്തോ രോഗമായിരുന്നത്രേ.
എല്ലാ രോഗങ്ങളെയും ഒരു പെനഡോളില് ചികിത്സിച്ച് മാറ്റുന്ന ടിപ്പിക്കല് പ്രവാസികളെ പോലെ രോഗ വിവരം കണ്ടെത്താന് താമസിച്ചു പോയതായിരിക്കാം.
അല്ലെങ്കില് ഡോക്ടര്മാരെയും അയാളെയും കബളിപ്പിച്ചു രോഗം സൂത്രത്തില് മറഞ്ഞിരുന്നതുമാകാം.
എന്തായാലും ഞാനതിനെപറ്റിയൊന്നും വിളിച്ചയാളോട് കൂടുതല് അന്വേഷിച്ചില്ല. അന്വേഷിക്കാന് തോന്നിയില്ല.
അയാള് അയാള്ക്ക് വേണ്ടി സമയം കണ്ടെത്താന് തുടങ്ങിയപ്പോഴേക്കും അയാളുടെ സമയം അവസാനിച്ചു കഴിഞ്ഞിരിക്കുന്നു.
അവസാനിച്ചു കഴിഞ്ഞതിന്റെ കാരണങ്ങള് കണ്ടെത്തി അറിഞ്ഞിട്ടെന്തു ഫലം.? ഒരു കാര്യവുമില്ല.
ഏതു ഗെയിം ആയാലും നിശ്ചയിച്ച സമയം കഴിഞ്ഞാല് പിന്നെ കളി സ്ഥലത്ത് നിന്ന് മാറി നില്ക്കണം.ജീവിതമായാലും അതെ.
No comments:
Post a Comment