നടന്നു തീർന്ന വഴികളിൽ
വീണു പോയ ഓർമ്മകളെല്ലാം
ഒന്ന് കൊട്ടി നോക്കാതെയും
അനുവാദം ചോദിക്കാതെയും
എന്നുമെന്റെ ഹൃദയവാതിൽ
തള്ളി തുറന്നകത്ത് കയറാറുണ്ട്.
നിന്റെ കാൽപാദങ്ങളമരാൻ
വാഗപൂ നെഞ്ചിൽ ചാർത്തി
ചമഞ്ഞു കിടന്നിരുന്ന ഇടവഴികൾ
കാറ്റിനെ തടഞ്ഞു നിർത്തി,
ആകാശ ചുവപ്പിനെ പിടിച്ചു വെച്ച്
നിന്നെ സ്വീകരിക്കാനൊരുങ്ങി
നിന്നിരുന്ന വൈകുന്നേരങ്ങൾ
എല്ലാം നീ പറയാതെ പുൽകിയ
നിദ്ര പോലിന്ന് മൂകമാണ്.
ആർക്കും കൊടുക്കാതെ
ബാക്കി വെച്ച് പോയ
നിന്റെ ചിരികളെ പുൽകി
കാണാതെ മറന്ന് വെച്ച പോയ
നിന്റെ സ്വപ്‌നങ്ങളെ മാറോടണച്ച്
കണ്ണീരും രക്തവും ചേർത്ത്
ചാലിച്ചൊരു ഹൃദയം മാത്രമവിടെ
മുടങ്ങാതെ കാവലിരിപ്പുണ്ട്.
-ഷാനു കോഴിക്കോടൻ-
No comments:
Post a Comment