Thursday, 20 February 2020

ചോല - അനുഭവം


ഒരിടത്തൊരിടത്ത് ഒരു രാജകുമാരനുണ്ടായിരുന്നു
സുന്ദരനും സുമുഖനും ബുദ്ധിമാനുമായ ആ രാജകുമാരന് പക്ഷേ ചോര കണ്ടാല്‍ ഭയമായിരുന്നു.
രാജകുമാരന്റെ പേടി മാറ്റാന്‍ രാജഗുരു ഒരു ഉപായം പറഞ്ഞു കൊടുത്തു .
ആരും പോകാത്ത കാട്ടിലെ ..
ആരും കാണാത്ത കന്യകയുടെ ..
ആരും തൊടാത്ത നിധി എടുത്തു വന്നാല്‍
പേടി മാറും
അങ്ങിനെ രാജകുമാരന്‍ ആരും കാണാത്ത കന്യകയെ തേടി കാട്ടിലേക്ക് പോയി.
അങ്ങിനെ ആ രാജമുകാരന്‍ കാടും മേടും അലഞ്ഞ് കാട്ടു ചോലയും കടന്ന് കന്യകയെ കണ്ടെത്തി.
കാടായ മേടും മേടായ മേടും അലഞ്ഞു തന്നെ തേടി എത്തിയ കുമാരനോട് കന്യക ചോദിച്ചു എന്നില്‍ നിന്നും എന്താണ് വേണ്ടത്.?
കന്യകയുടെ കയ്യിലുള്ള നിധിയുടെ പൊരുള്‍ അറിയാത്ത രാജകുമാരന്‍ അത് മറച്ചു വെച്ച് തന്ത്രപൂര്‍വ്വം മറുപടി പറഞ്ഞു.
"എനിക്ക് നിന്നെ മുഴുവനായി വേണം"
മറുപടി കേട്ട് കന്യക നാണിച്ചു പോയി.
എന്നിട്ട് സങ്കടത്തോടെ പറഞ്ഞു.
"അതിന് ഞാന്‍ എന്റെ വകയല്ലല്ലോ"
സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്തു,
നിമിഷ സജയനും പുതുമുഖം അഖില്‍ വിശ്വനാഥും ,ജോജു ജോസഫും കഥാ പത്രങ്ങളായി വരുന്ന ചോല
എന്ന സിനിമയുടെ ആരംഭത്തില്‍ തന്നെ കെ.പി.എ.സി ലളിതയുടെ ശബ്ദത്തില് പ്രേക്ഷകരെ‍ കേള്‍പ്പിക്കുന്ന ചെറിയ കഥയാണിത്‌.
കഥയില്‍ തേടി വന്ന രാജകുമാരന് രാജകുമാരി കൊടുക്കുന്ന മറുപടി.
"അതിനു ഞാന്‍ എന്റെ വകയല്ലല്ലോ"
ആ ഒരു മറുപടി തന്നെയാണ് സിനിമ മുഴവന്‍ സംസാരിക്കുന്ന രാഷ്ട്രീയവും.
വളരെ സാവാധാനമായി ഇഴഞ്ഞു ഇഴഞ്ഞു പോകുന്ന സിനിമയുടെ തുടക്കം പ്രേക്ഷകരുടെ ക്ഷമയെ കാര്യമായി തന്നെ പരീക്ഷിക്കുമെങ്കിലും പതിയെ പതിയെ തന്നെ കാഴ്ചക്കാരും കഥാപാത്രങ്ങളിലേക്ക് ഇറങ്ങി ചെല്ലും.
മൊത്തം മൂന്നു കഥാപാത്രങ്ങള്‍ മാത്രമുള്ള സിനിമയില്‍ നിമിഷ സജയന്‍ അവതരിപ്പിക്കുന്ന എല്ലാത്തിനെയും ഭയത്തോടെ മാത്രം കാണുന്ന ജാനു എന്ന നിസ്സഹായായ പെണ്‍കുട്ടി പ്രതിനിധീകരിക്കുന്നത് ഏതെങ്കിലും ഒരു വ്യക്തിയെ മാത്രമല്ല...
വലിയ സാമൂഹ്യ മുന്നേറ്റം തന്നെ നടത്തി കഴിഞ്ഞിരിക്കുന്നു എന്നവകാശപ്പെടുന്ന ഈ കാലത്തും..
ഭയത്തോടെ മാത്രം സമൂഹത്തെ നേരിടേണ്ടി വരുന്ന, സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുമ്പോ നൂറു വട്ടം ചിന്തിക്കേണ്ടി വരുന്ന , ചിലപ്പോഴൊക്കെ ആ തീരുമാനങ്ങള്‍ക്ക് വലിയ വില തന്നെ നല്‍കേണ്ടി വരുന്ന ഇപ്പോഴും ഭൂരിപക്ഷ സംഖ്യ തന്നെയുള്ള സ്ത്രീ സമൂഹത്തെയാണ്‌.
തന്റെ കായിക ശേഷിയും തന്ത്രങ്ങളും ഉപയോഗിച്ച് സ്വന്തം ആവിശ്യത്തിനും സുഖങ്ങള്‍ക്കും വേണ്ടി ദുര്‍ബലരായ ഇരകളെ ഒരു മനസ്ഥാപവും കൂടാതെ അടിച്ചമര്‍ത്തുന്ന ജോജു അവതരിപ്പിച്ച ആശാന്‍ എന്ന കഥാപാത്രം സൂചിപ്പികുന്നത് കാല കാലങ്ങളായി സമൂഹം പിന്തുടര്‍ന്ന് പോരുന്ന ആണ്‍ മേല്‍ക്കോയ്മയെ തന്നെയാണ്.
എന്തിനും ഏതിനും ഒരു സഹായം ആവിശ്യമുള്ള ദുര്‍ബലനായ കാമുകന്റെ കൂടെ നഗരം കാണാന്‍ വരുന്ന ജാനു എന്ന പെണ്‍കുട്ടി പിന്നീട് കാണുന്നത് താന്‍ ആശ്രയമായി കണ്ട ആള്‍ കരുത്തനായ ആശാന്റെ മുന്നില്‍ വിധേയപ്പെട്ടു കൊണ്ടിരിക്കുന്നതാണ്.
തന്റെ കൈ കരുത്തിന്റെ ബലത്തില്‍ വളരെ നിഷ്പ്രയാസം തന്നെ ആശാന്‍ തന്റെ കാമ പൂര്ത്തീകരണത്തിനു വേണ്ടി അവളെ ഉപയോഗിക്കുന്നു.
സമനില തെറ്റിയ കാമുകന്‍ നിവൃത്തിയില്ലാതെ
ആശാനെ കൊലപ്പെടുത്തുന്നു.
ഇത് കാണുന്ന പെണ്‍കുട്ടി താന്‍ പീഡിപ്പിച്ച ആള്‍ കൊല്ലപ്പെട്ടത് കണ്ടു വാവിട്ട് കരയുന്നു.
തീര്‍ത്തും സ്ത്രീ വിരുദ്ധതയാണീ കാണിക്കുന്നത് എന്ന് വലിയ എന്ന് പഴി കേട്ട് കൊണ്ടിരിക്കുന്ന രംഗമാണിത്.
എന്നാല്‍ ഒരു ജീവിത കാലം മുഴവന്‍ തന്റെ സ്വപങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും കൂച്ച് വിലങ്ങിട്ട് കൊണ്ട് കൂടെ കൊണ്ട് നടക്കുന്ന ഭര്‍ത്താവ് അഥവാ ആശ്രിതന്‍ മരണപ്പെടുന്ന ദിവസം ഭാര്യ പൊട്ടി പൊട്ടി കരയുമ്പോ അതിനെ ഒരിക്കലും സമൂഹം സ്ത്രീ വിരുദ്ധതയായി കാണാറുമില്ല. മറിച്ചു അതവളുടെ സ്നേഹമായാണ് കരുതി പോകുന്നത്.
ഇവിടെ ദുര്‍ബലാനായ കാമുകനില് വിശ്വാസം നഷ്ടപ്പെട്ട പെണ്‍കുട്ടി പിന്നീട് കൊടും കാട്ടില്‍ ഒരേ ഒരു ആശ്രയമായി കാണുന്നത് തന്നെ പീഡിപ്പിച്ച ആശാനെ തന്നെയാണ്.
ആ ആശ്രയം നഷട്പ്പെടുമ്പോ അവള്‍ അയാള്‍ക്ക് വേണ്ടി കരയുകയും ചെയ്യുന്നു.
കാമുകന്‍ ദുര്‍ബലന്‍ ആണെന്ന് നേരത്തെ തന്നെ തിരിച്ചറിവ് കിട്ടിയിരുന്ന അവള്‍ തന്റെ ആശ്രിതനെ നഷ്ടപ്പെടുത്തിയ കാമുകനെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ഒരു ദിവസത്തെ സന്തോഷത്തിനു വേണ്ടി നഗരം ചുറ്റാന്‍ വന്നത് വീട്ടുകാരും നാട്ടുകാരും അറിഞ്ഞു എന്ന ഭയം കൊണ്ടാണ് വീട്ടിലേക്ക് തിരിച്ചു പോകാന്‍ കഴിയാതെ നിസ്സഹായയ ആ പെണ്‍കുട്ടി ഒരു കരുത്തനു മുന്നില്‍ കീഴടങ്ങേണ്ടി വന്നത്.
അത് കൊണ്ട് തന്നെയാണ് ..
എന്തിനും ഏതിനും സമൂഹം കല്‍പ്പിച്ചു നല്‍കിയ വിലക്കുകളെ ഭയപ്പെട്ടു കൊണ്ട് ലളിത ചേച്ചി പറഞ്ഞ കഥയുടെ അവസാനം രാജകുമാരി പറഞ്ഞ പോലെ "അതിനു ഞാന്‍ എന്റെ വകയല്ലല്ലോ" എന്ന് മാത്രം കരുതി ജീവിക്കുന്ന ഒരു വലിയ കൂട്ടം സ്ത്രീകളുടെ പ്രതീകമായി ജാനു മാറുന്നതും.

ഇത് കൊണ്ടൊക്കെ തന്നെ ..
ചോല പറയുന്നതു പഴി കേട്ടിരുന്ന പോലെ -
സ്ത്രീ വിരുദ്ധതയല്ല..
മറിച്ചു സ്ത്രീപക്ഷമാണ്.
യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ഇപ്പോഴും ഇങ്ങനെ ഒക്കെ തന്നെയാണ് എന്ന് നിങ്ങളുടെ മുന്പിലെക്കായി പിടിച്ചു തരുന്ന ഒരു നേര്‍ചിത്രം.
സ്വന്തം കരുത്തു തിരിച്ചറിയാതെ
അവളൊരു പുരുഷനെ അഭയവും ആശ്രയവും ആയി കണ്ടു ജീവിക്കുമ്പോള്‍‍ അതിനോട് കൂടെ
അവള്‍ അവളുടെ വകയല്ലാതാകുന്നു.
അവളുടെ ശരീരവും ചിന്തകളും അവളുടെതെല്ലാതാകുന്നു.
അവളുടെ തീരുമാനങ്ങളും അവളുടെതല്ലാതാകുന്നു.
സിനിമ മുഴവന് കണ്ടു തീരുമ്പോ പ്രേക്ഷകന്റെ മനസ്സില്‍ എന്താണ് എന്നറിയാത്ത ഒരു കനം സ്വാഭാവികമായി അനുഭവപ്പെടും.
എന്നാല്‍ സ്വന്തം കരുത്തുപയോഗിച്ച് വീട്ടിലും സമൂഹത്തിലും ‍അടിച്ചമര്‍ത്തലുകള്‍ നടത്തി നിര്‍ബന്ധ പൂര്‍വ്വം കരുത്തന്റെ വേഷം എടുത്തണിയുമ്പോള്‍ ഒരു അസ്വാഭാവികതയോ കനമോ ഭരിക്കുന്നവര്‍ക്കും വിധേയരാവുന്നവര്‍ക്കും തോന്നാറുമില്ല.
അതിനെ മറയ്ക്കാന്‍ സ്നേഹമെന്നും നാട്ടു നടപ്പെന്നുമൊക്കെ പേരുകള്‍ ഉള്ള ഭംഗിയുള്ള പുറം ചട്ടകള്‍ കൊണ്ട് അവയെ അലങ്കരിച്ചിട്ടുണ്ട്.
ചുരുക്കി പറഞ്ഞാല്‍
പെണ്ണ് എന്ന നിധിയുടെ പൊരുള്‍ എന്താണ് എന്നറിയാതെ പൂര്‍ണ്ണമായും അതിനെ കീഴ്പ്പെടുത്തി വെച്ച് കൊണ്ട് രാജകുമാരന്മാരും..
കയ്യിലുള്ള നിധി എന്താണ് എന്നറിയാതെ ..
സ്വന്തം സാധ്യതകള്‍ എന്താണ് എന്നറിയാതെ..
"താനതിനു തന്റെ വകയല്ലല്ലോ"
എന്ന് ധരിച്ചു വെച്ച് കൊണ്ട് കന്യകമാരും കാലങ്ങള്‍ കഴിച്ചു കൂട്ടുന്നു.
അഥവാ കാല കാലങ്ങളായി....
കാലങ്ങള്‍ കഴിഞു പൊയ്ക്കൊണ്ടേയിരിക്കുന്നു.

1 comment:

  1. നല്ല നിരീക്ഷണം എനിക് രണ്ട് തവണ കാണേണ്ടി വന്നു കഥ മനസിലാക്കുവാൻ..അത്രക്കും ആഴത്തിൽ ആണ് ചോലയുടെ കഥ പറച്ചിൽ.. സത്യത്തിൽ കഥ അല്ല.സമൂഹത്തിനു മേൽ ഉള്ള ഒരു കാർക്കിച്ചു തുപ്പൽ ആണ് സിനിമ

    ReplyDelete

KILL - Movie review (Malayalam)

ഒരു സെക്കന്റ് പോലും അനാവശ്യമെന്നു പറയാനുള്ള സീനുകളില്ലാ ,പ്രണയം ഉണ്ടെങ്കിലും സാധാരണ ഇടിപടങ്ങളിൽ കുത്തികയറ്റുന്ന പോലത്തെ ക്രിഞ്ചടിപ്പിക്കുന്ന...