Tuesday, 26 December 2023

രണ്ട് നിഴലുകൾ

കാറ്റിലും കോളിലും പെട്ട്
പ്രപഞ്ചമായ പ്രപഞ്ചമാകെ
ഞാനൊഴുകി നടക്കുന്നു.

ഭൂമിയും ആകാശവുമാകെ
നിന്നെ മാത്രം തിരയുന്നു.

കടലിനും തിരമാലകൾക്കു-
മടക്കിനിർത്താൻ കഴിയാത്ത
എന്റെ നെടുവീർപ്പുകളാൽ 
ധരണി പ്രകമ്പനം കൊള്ളുന്നു.

എനിക്കും നിനക്കും വേണ്ടി
മാത്രം പൂത്തിരുന്നൊരു
രാത്രിമുല്ലയുടെ പരിമളത്താൽ
പൊടുന്നനെ രണ്ട് നിഴലുകൾ
വെളിപ്പെടുന്നു.

തമ്മിൽ കാണാത്ത 
രണ്ട് നിഴലുകൾ
വെളിച്ചം വീണ് സ്വത്വം
നഷ്ടപ്പെടാതിരിക്കാൻ 
ഇരുട്ട് കുടയാക്കി
രണ്ട് ദിക്കുകളിലാക്കായ് 
തനിയെ ഒഴുകുന്നു.

മൃദുവായ തലോടൽ പോലെ
ദൂരെ ദൂരെ നിന്നൊഴുകി 
വന്നൊരു സിത്താറിന്റെ ഈണം
രണ്ടു നിഴലുകളെ വീണ്ടും
ഒറ്റ ദിശയിലേക്കൊഴുക്കി വിടുന്നു

പൊടുന്നനെ -
വിദൂരതയിൽ നിന്നൊഴുകി വന്നാ 
കാല്പനിക സംഗീതത്തിന്റെ
മായ പ്രപഞ്ചം തേടി
അടങ്ങാത്ത തീഷ്ണതയോടെ
രണ്ട് നിഴലുകളും വേഗത്തിൽ
പിന്നേയും വേഗത്തിൽ 
സിത്താറിലേക്കൊഴുകിയടക്കുന്നു.

അത്യപൂർവ സമാഗമത്തിന്റ
അഗ്നിചൂടിലെരിഞ്
സിത്താറിന്റെ തന്ത്രികൾ
സ്വയം പ്രകാശിക്കുന്നു.

തമ്മിൽ കാണാതെ,
പ്രണയമറിയാതെ 
ആ ക്ഷണിക നിമിഷത്തിൽ
നിന്നുതിർന്നു വീണ
തന്ത്രിജ്വാലകളിൽ കഴുത്തു മുറുക്കി
രണ്ട് നിഴലുകളും 
ആത്മഹത്യ ചെയ്യുന്നു.

-ഷാനു കോഴിക്കോടൻ-

No comments:

Post a Comment

KILL - Movie review (Malayalam)

ഒരു സെക്കന്റ് പോലും അനാവശ്യമെന്നു പറയാനുള്ള സീനുകളില്ലാ ,പ്രണയം ഉണ്ടെങ്കിലും സാധാരണ ഇടിപടങ്ങളിൽ കുത്തികയറ്റുന്ന പോലത്തെ ക്രിഞ്ചടിപ്പിക്കുന്ന...