Saturday, 16 May 2026

DIL BECHERA


വളരെ സാധാരണമായി സാവധാനം തുടങ്ങി അസാധരണമാം വിധം പ്രേക്ഷകഹൃദയത്തെ
കനപ്പിക്കുകയും,കണ്ണ് നനയ്ക്കുകയും ചെയ്യുന്ന സിനിമയാണ് ദിൽ ബെചേരാ.
ചില ആഴ്ചകളിൽ പുതിയ സിനിമകൾ ഒന്നും കാണാൻ ഇല്ലെങ്കിൽ,ഉണ്ടായിട്ടും പുതിയതിനെ സമീപിക്കാൻ മനസ്സനുവാദം തരുന്നില്ല എങ്കിൽ ഞാൻ വീണ്ടും "ദിൽ ബെച്ചാര"യുടെ അരികിലെത്തും.കിസ്സി ബാസുവിനേയും മാനിയുടേയും കൂടെ ക്യാമ്പസിലാകെ ഒന്നിച്ചു നടക്കാൻ.അവരോടൊപ്പംചിരിക്കാൻ,
അവരോടൊപ്പം കരയാൻ,അവരെ ഹൃദയം കൊണ്ട് കെട്ടിപ്പിടിക്കാൻ.
ജീവിതം അതിന്റെ എല്ലാ നിറങ്ങളോടും കൂടി ആഘോഷിച്ചു കൊണ്ടിരിക്കുമ്പോൾ അതിനു മേലെ നിനച്ചിരിക്കാതെ ഇരുട്ട് വന്നു മൂടിയാൽ നമ്മളെന്ത് ചെയ്യും?അതിനെ സ്വീകരിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല എന്നത് മാത്രമാകുന്നു സത്യം.അർബുദം ബാധിച്ചു ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന,ഓകിസ്ജൻ സിലിണ്ടറിന്റെ സഹായത്തോടെ മാത്രം ശ്വസിക്കാൻ കഴിയുന്ന കിസ്സി ബാസുവിന്റെ ബോറിങ് ലൈഫിനെ കുറിച്ച് അവൾ തന്നെ നരേറ്റു ചെയ്തു കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.എന്നാൽ കാൻസർ മൂലം ഒരു കാൽ നഷ്ടപ്പെട്ട മാനി ഏറെ വൈകാതെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന കിസ്സിയുടെ ശ്വാസമായി മാറുന്നതും,അവളുടെ ബോറിങ് ലൈഫിനെ വർണ്ണാഭമാക്കുന്നതും അവരുടെ അതേ വൈകാരിതയോടെ പ്രേക്ഷകരും അനുഭവിച്ചറിയും.
മറ്റൊന്നിനെ കുറിച്ചും അല്ലലുകളില്ലാത്ത ഒരു മനുഷ്യനെ എന്തിനായിരിക്കും ഏറ്റവും കൂടുതൽ മുറിപ്പെടുത്താൻ കഴിയുക?
തീർച്ചയായും സ്നേഹത്തിനു-
തന്നെയായിരിക്കും അത്.
മറ്റെല്ലാം കൊണ്ടും ഐശ്വര്യപൂർണ്ണരായി ഇരിക്കുമ്പോഴും സ്നേഹം കൊണ്ട് മുറിവേറ്റതിനാൽ മാത്രം ശരിയായ മുഖമില്ലാത്ത,ഉള്ളു തുറന്നു ചിരിക്കാൻ കഴിയാത്ത ജീവനുള്ള ശവശരീരങ്ങളെ ദിവസേന നമ്മൾ എത്രയെത്ര കാണുന്നതാണ്.
സിനിമയിൽ അപൂർണ്ണമായ ഒരു സംഗീതത്തിന്റെ ബാക്കി വരികളെ തേടി ഒരിക്കൽ കിസ്സി ഇറങ്ങുന്നുണ്ട്.സത്യത്തിൽ അവൾ ഇറങ്ങുന്നത് അവളുടെ അപൂർണമായ ജീവിതം തേടി തന്നെയാണ്.അർബുദമുള്ളത് കൊണ്ട് മറ്റുള്ള സാധാരണ പെൺകുട്ടികളുടെ വികാര വിചാരങ്ങളോടെ ജീവിക്കാൻ കഴിയാത്ത തന്റെ ജീവിതത്തിന് അല്പമെങ്കിലും പൂർണ്ണതയേകാൻ താൻ തേടി അലയുന്ന ആ ബാക്കി വരികൾക്ക് സാധിക്കുമെന്ന് അവളുറച്ചു വിശ്വസിക്കുന്നു.
അത് തേടി അലഞ്ഞ അവളെ കാത്തിരിക്കുന്നത് "പൂർണ്ണമായതൊന്നും ആരുടെയും ജീവിതത്തിൽ ഇല്ല" എന്ന തിരിച്ചറിവ് മാത്രമാണ്.
എല്ലായിടത്തും എല്ലാവരേയും കാത്തിരിക്കുന്നത് ഒരേ ഒരു സത്യം മാത്രമാകുന്നു.
"മരണം" എന്ന മൂന്നക്ഷരം മാത്രാമാണ് ആ സത്യമെന്ന് നിങ്ങൾ നിസ്സാരമായി തെറ്റിധരിച്ചു പോകരുത്.സത്യമായും ആ സത്യമതല്ല തന്നെ.
ജീവിതത്തെ അതിന്റെ എല്ലാ മാനവും നൽകി മുൻപോട്ട് കൊണ്ട് പോകുന്ന ഏറ്റവും പ്രിയപ്പെട്ടവർ ഒരു ദിവസം നഷ്ടപ്പെട്ടു പോകുമ്പോ..."ഇനി അവരില്ല"
എന്ന ഭാരവും പേറി വീണ്ടും ഭൂമിയിൽ കഴിയേണ്ടി വരുന്നവരുടെ "വേദന" മാത്രമാകുന്നു അത്.
ജനനവും മരണവും ആവർത്തിക്കുന്നിടത്തോളം കാലം സ്നേഹവുമുണ്ടാകും
എന്നത് കൊണ്ട് തന്നെ ലോകമുള്ളടത്തോളം കാലം സ്നേഹം കൊണ്ട് മുറിവേറ്റ ഹൃദയങ്ങളും ,അവരുടെ നോവും ഭൂമിയിൽ നിലനിൽക്കുക തന്നെ ചെയ്യും.
കിസ്സി ശരിയായ അർത്ഥത്തിൽ ജീവിച്ചു തുടങ്ങുന്നത് പോലും ആ തിരിച്ചറിവിന് ശേഷം മാത്രമാണല്ലോ..!
സ്നേഹിക്കുമ്പോഴും,സ്നേഹിക്കപ്പെടുമ്പോഴും സ്വാഭാവികമെന്ന പോലെ അതിൽ രണ്ട് വിഭാഗങ്ങളും രൂപപ്പെടുന്നു.
ഒന്ന് സ്നേഹത്തെ തണലായി തേടുന്നവർ,
മറ്റൊന്ന് സ്നേഹത്തിൽ തണലായി മാറുന്നവർ.
ഈ രണ്ട് പേരിൽ ആർക്ക് ആരെയാണ് ആദ്യം നഷ്ടപ്പെടുന്നത്.അതിനു ശേഷം ആരായിരിക്കും ഭൂമിയിൽ അവശേഷിക്കുക എന്നത് മാത്രമേ ആപേക്ഷികമാകുന്നുള്ളു.
എല്ലാ വിഷമങ്ങളും മറച്ചു വെച്ച് മറ്റുള്ളവർക്ക് താങ്ങായി നിന്ന ഞാനായിരിക്കും
എല്ലാവരേക്കാളും ആദ്യം പോകുക എന്ന് മാനീ തിരിച്ചറിയുന്ന നിമിഷം;തന്റെ മരണാനന്തര ചടങ്ങിൽ ഏറ്റവും പ്രിയപ്പെട്ട രണ്ടു പേരായ കിസ്സിയും'ജെ.പിയും എന്താണ് പറയുക എന്നറിയാൻ അവരെ അവൻ മുൻകൂട്ടി വിളിച്ച് വരുത്തുന്ന ഒരു രംഗമുണ്ട്.
പരസ്പരം വേദനിക്കാതിരിക്കാൻ വിട പറയൽ പ്രസംഗം പരമാവധി കൂൾ ആക്കാൻ
മൂന്ന് പേരും കിണഞ്ഞു പരിശ്രമിക്കുന്നത് കാണുമ്പോ വൈകാരികമായി മാറേണ്ട ആ രംഗം അതിവൈകാരികമായി മാറി പ്രേക്ഷകരുടെ ഉള്ളു പിടപ്പിക്കും.
ആ സീനിൽ അർബുദം മൂലം രണ്ടു കണ്ണുകളുടേയും കാഴ്ച നഷ്ടപ്പെട്ടു പോയ ജെ.പി തന്റെ സംഭാഷണം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
"ഇടയ്ക്കൊക്കെ എനിക്ക് തോന്നും...
ഞാൻ അന്ധനായി മാറിയത് വളരെ നന്നായി എന്ന്.കാരണം മാനി ഇല്ലാത്ത ഈ ലോകം എനിക്കിനി കാണുകയേ വേണ്ടല്ലോ? ഞാൻ അന്ധനായി പോയെങ്കിലും എന്റെ കണ്ണുകളിൽ നിന്ന് ഒരിക്കലും നിന്റെ മുഖം മാഞ്ഞു പോകില്ല"
അതിനു ശേഷം പറഞ് തുടങ്ങുന്ന കിസ്സിയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.
സാംബിയയിൽ നിന്ന് ജംഷഡ്പൂർ എത്തുമ്പോ എനിക്ക് എന്തെന്നില്ലാത്ത ദേഷ്യമായിരുന്നു.
എന്ത് കൊണ്ട് എനിക്കിങ്ങനെ സംഭവിച്ചു?
ഞാൻ മരിച്ചു കഴിഞ്ഞാൽ എന്റെ അച്ഛനും അമ്മയും ഞാൻ ഇല്ലാതെ എങ്ങനെ ജീവിക്കും?അത് മാത്രമായിരുന്നു എന്റെ ചിന്ത.
പിന്നീട് പെട്ടെന്നൊരു ദിവസം ഡാൻസ് കളിച്ചു കൊണ്ട് നീ എന്റെ ബോറിങ് ലൈഫിലേക്ക് എൻട്രി ചെയ്തു..ഇത്രേയേറെ ശല്യക്കാരനായ ഒരാളെ ഞാൻ അതിനു മുൻപ് കണ്ടിട്ടേ ഇല്ലായിരുന്നു.എനിക്കിനി അത് കാണുകയും വേണ്ട..!
ഓരോ നിമിഷവും ചിരി പടർത്തിക്കൊണ്ട്
അവൻ പതിയെ പതിയെ ജീവിക്കാനുള്ള കാരണമായി മാറുകയായിരുന്നു.
എങ്ങിനെയാണോ അവിചാരിതമായി അവൻ എന്റെ ജീവിതത്തിലേക്ക് എൻട്രി ചെയ്തത് അത് പോലെ തന്നെ ഒരു ദിവസം അപ്രതീക്ഷിതമായി അവൻ എന്റെ ജീവിതത്തിൽ നിന്നും എക്സിറ്റ് ചെയ്ത് പോയി"
രണ്ടു ദിവസം കഴിഞ്ഞു മാനി ഈ ലോകത്തോട് വിട പറഞ്ഞു പോകുമ്പോൾ
കിസ്സിക്കായി ഒരു കത്ത് ബാക്കി വെച്ചിരുന്നു.
കിസ്സി -
ഒരു രാജ്യത്ത് ഒരു രാജാവും ഒരു രാഞ്ജിയുമുണ്ടായിരുന്നു.
പിന്നീട് അവർ മരണപ്പെട്ടു.അങ്ങനെ കഥ കഴിഞ്ഞു.
എല്ലാ മുത്തശ്ശിമാരും പറഞ്ഞു കേൾപ്പിച്ചിട്ടുള്ളത് ഈ കഥയാണ്.
പക്ഷെ..! ഈ കഥ അപൂർണ്ണമാണ്.
എപ്പോഴാണ് ജനിക്കേണ്ടതെന്നോ,എപ്പോ മരിക്കണമെന്നോ നമുക്ക് തീരുമാനിക്കാൻ കഴിയില്ല തന്നെ.പക്ഷേ..!
അതെങ്ങനെ ജീവിക്കണമെന്ന്
നമ്മുടെ മാത്രം തീരുമാനമാണ്.
അത് കൊണ്ട് എന്റെ പ്രിയപ്പെട്ട കിസ്സി ബസ്സു..
ഈ രാജാവ് മരിച്ചു പോയി..
പക്ഷേ എന്റെ റാണി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
അത് കൊണ്ട് നീയുള്ള കാലമത്രയും നമ്മുടെ കഥയും ജീവിച്ചിരിക്കും.
കിസ്സിക്ക് ബാക്കിയുള്ള ജീവിതത്തിൽ തളർന്നു പോകാതെ പിടിച്ചു നിൽക്കാൻ
ഇമ്മാനുവേൽ രാജ്‌കുമാർ ജൂനിയർ എന്ന മാനിയുടെ ഈ വാക്കുകൾ മതിയാകുമായിരിക്കും..
പക്ഷേ മാനി ..?
തനിക്ക് ശേഷം കിസ്സി എങ്ങനെ ജീവിക്കുമെന്ന അതി കഠിനമായ നോവ്
മരണത്തോടൊപ്പവും അവനെ പിന്തുടർന്നിരിക്കണം.
സുശാന്ത് സിംഗ് നിങ്ങൾ എന്തൊരു നടനായിരുന്നു..?
നിങ്ങൾ വിട പറഞ്ഞു പോയ വർഷങ്ങളുടെ അത്ര തന്നെ പ്രായം
"ദിൽ ബെചേര" എന്ന സിനിമക്കായിട്ടും
അതിപ്പോഴും ഞങ്ങളെ നോവിക്കുന്നത് നിങ്ങൾ അറിയുന്നില്ലേ..?
-ഷാനു കോഴിക്കോടൻ-
See less


 

No comments:

Post a Comment

DIL BECHERA

വളരെ സാധാരണമായി സാവധാനം തുടങ്ങി അസാധരണമാം വിധം പ്രേക്ഷകഹൃദയത്തെ കനപ്പിക്കുകയും,കണ്ണ് നനയ്ക്കുകയും ചെയ്യുന്ന സിനിമയാണ് ദിൽ ബെചേരാ. ചില ആഴ്ചകള...