Friday, 3 July 2026

ഞാൻ

 


സ്വപ്നങ്ങളിൽ
മാത്രം കണ്ട്‌ പരിചയമുള്ള
പൊന്നും മുത്തും വാരിയെടുക്കാൻ
ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന്
സമൃദ്ധിയുടെ പ്രതീകമായ
ഈന്തപ്പനകളുടെ നാട്ടിലേക്ക്
പറിച്ചു നടപ്പെട്ടിട്ട് വർഷങ്ങൾ ഒരുപാട്
കഴിഞ്ഞു പോയിരിക്കുന്നു.
എന്ത് നേടി..!?
അറിയില്ല..!
എന്തൊക്കെ നഷ്ടമായി..!?
അറിയില്ല..!
ഒഴുക്കിനൊത്ത് മാത്രം
ചലിക്കാൻ നിയോഗിക്കപ്പെട്ട
അതനുസരിച്ചു മാത്രം
ദിശ നിശ്ചയിക്കപ്പെട്ട
കോടാനുകോടി മനുഷ്യരിൽ
ഒരുവൻ മാത്രമാകുന്നു ഞാൻ
അത്രയും നിസ്സാരനായ ഒരുവൻ
സ്വന്തം ലാഭവും നഷ്ടവും
വരവ് വെച്ച് നോക്കുവാൻ
ഒരുമ്പെടുന്നത്
കണ്ട് നിൽക്കുന്നവർക്ക്
ആർത്തു ചിരിക്കാനുള്ള
വലിയൊരു തമാശ മാത്രമാകുന്നു.
ലാഭവും നഷ്ടവും,
ജയവും തോൽവിയും,
സുഖവും ദുഃഖവും,
ഒന്നുമൊന്നും സത്യമല്ല
സത്യമെന്നത്
ആവർത്തിക്കപ്പെടുന്ന
കാലം മാത്രമാകുന്നു.!
ഇന്നലെകളിലെ പുഞ്ചിരി
ഇന്നത്തെ ദുഃഖമാകുന്നു
ഇന്നത്തെ ദുഃഖം
നാളത്തെ മൗനവും.
ഒടുവിലൊരു ദിവസം
എല്ലാത്തിനേയും ഒരുമിച്ച്
കാലം മറവിയിലേക്ക്
തള്ളിയിടുന്നു.
കാലമെന്ന സത്യം മാത്രം
ആവശേഷിക്കപ്പെടുകയും
വീണ്ടും വീണ്ടും
ആവർത്തിക്കപ്പെടുകയും
ചെയ്യുന്നു
ആവർത്തിച്ചു കൊണ്ടിരിക്കുന്ന
ആവർത്തനങ്ങൾക്കിടയിൽ
എപ്പെഴോ...
ചവിട്ടി നടക്കുന്ന
മണ്ണിനിടയിൽ വിശപ്പോടെ
കാത്തിരിക്കുന്ന പുഴുക്കൾക്ക്
ഞാൻ ഭക്ഷണമാകുന്നു.
അന്ന് നാട്ടി വെക്കപ്പെടുന്ന
മൈലാഞ്ചി ചെടിയും
പിന്നീട് വെറും ഓർമ്മ
മാത്രമാകുന്നു.
അങ്ങനെ..!
ആവർത്തിക്കപ്പെടുന്ന
ഓർമ്മകൾക്കും
മറവികൾക്കുമിടയിൽ
ലാഭങ്ങൾക്കോ,നഷ്ടങ്ങൾക്കോ
പ്രസക്തിയില്ലാത്ത
എനിക്ക് മാത്രം പ്രാധാന്യമുള്ള
നിസ്സാരനായ ഒരു ജീവി
മാത്രമാകുന്നു ഞാൻ..!


No comments:

Post a Comment

ഞാൻ

  സ്വപ്നങ്ങളിൽ മാത്രം കണ്ട്‌ പരിചയമുള്ള പൊന്നും മുത്തും വാരിയെടുക്കാൻ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് സമൃദ്ധിയുടെ പ്രതീകമായ ഈന്തപ്പനകളുടെ...