Saturday, 27 June 2026

കോറിഡോർ

 


രണ്ട് ദിവസമായി സ്ഥിരമായി കടന്നുപോകുന്ന ഗ്രൗണ്ട് ഫ്ലോറിലെ കോറിഡോറിൽ ഒരുപാട് ചെരുപ്പുകൾ കൂടിക്കിടക്കുന്നത് കാണുന്നുണ്ട്. അങ്ങനെ ഒരു സംഭവം ഞങ്ങൾ താമസിക്കുന്ന ബിൽഡിങ്ങിൽ പതിവില്ലാത്തതാണ്. ഒരു കടലാസ് തുണ്ട് എവിടെയെങ്കിലും കണ്ടാൽ പോലും സെക്യൂരിറ്റി ഓടിവന്ന് അത് മാറ്റിക്കുന്നതാണ്.
ചെരുപ്പുകൾ കൂടിക്കിടക്കുന്ന ഫ്ലാറ്റ് ഒരു ശ്രീലങ്കൻ കുടുംബത്തിന്റേതാണെന്ന് അറിയാം. സ്കൂൾ വിദ്യാർത്ഥിനിയായ ഒരു മകളും ഒരു മകനും അടങ്ങുന്ന കൊച്ചു കുടുംബം. എപ്പോഴും സന്തോഷത്തോടെ മാത്രം കണ്ടിട്ടുള്ള നാല് പേർ.
"കുട്ടികൾ ഉള്ള വീടല്ലേ... സുഹൃത്തുക്കൾ വന്നതായിരിക്കും," എന്ന് കരുതി ഞാൻ ആ ചെരുപ്പുകൾ മറികടന്ന് പോയി.
പിറ്റേ ദിവസവും അതേ സമയത്ത് ആ ഫ്ലാറ്റിന് മുന്നിലെത്തിയപ്പോൾ അതിലും കൂടുതൽ ചെരുപ്പുകൾ കൂടി കിടക്കുന്നു.
"ഇതെന്താ ഇവർക്ക് മാത്രം എന്താ പ്രത്യേകത? ഇത് സാധാരണ പതിവില്ലാത്തതാണല്ലോ."
കുറച്ച് കിച്ചൻ സാധനങ്ങൾ വാങ്ങിക്കൊണ്ടുപോകുമ്പോൾ പോലും തടഞ്ഞുനിർത്തി കാര്യം അന്വേഷിക്കുന്ന സെക്യൂരിറ്റിയോട് ചെറിയ അമർഷം തോന്നി.
"നമുക്ക് മാത്രമേ ഉള്ളോ ഈ നിയമങ്ങളൊക്കെ?"
ഇനി ആദ്യം താമസിച്ചവർ വീട് മാറിപ്പോയതായിരിക്കുമോ എന്നൊരു സംശയം മനസ്സിൽ തോന്നിയപ്പോൾ ഞാൻ അവരുടെ ഡോറിലേക്ക് കണ്ണ് പായിച്ചു. സിംഹള ഭാഷയിൽ എന്തോ എഴുതിയിരുന്നത് ഇപ്പോഴും ആ ഡോറിൽ തന്നെയുണ്ട്. അതിനർത്ഥം താമസക്കാർ മാറിയിട്ടില്ല എന്നാണ്.
അന്നും ഞാൻ ആ ചെരുപ്പുകളെ മറികടന്ന് മുന്നോട്ട് നീങ്ങി.
മെയിൻ ഡോറിന് അടുത്തെത്തിയപ്പോൾ അവിടെ സെക്യൂരിറ്റി നിൽപ്പുണ്ട്. എന്നെ രണ്ടുമൂന്നു തവണ കാരണമില്ലാതെ ചൊറിഞ്ഞ ഒരു നേപ്പാളിക്കാരൻ.
എന്തായാലും കണ്ടതല്ലേ... കിട്ടിയ അവസരത്തിൽ ഒന്ന് ചൊറിഞ്ഞേക്കാം എന്ന് കരുതി ഞാൻ എന്റെ സാമൂഹികബോധം പുറത്തെടുത്തു.
"ബ്രദർ...! നിങ്ങൾ ഇത് കണ്ടില്ലേ? ഇങ്ങനെ അലക്ഷ്യമായി ആളുകൾ നടക്കുന്ന കോറിഡോറിൽ ചെരുപ്പുകൾ കൂട്ടിയിട്ടാൽ രാവിലെ തിരക്കിട്ട് ഡ്യൂട്ടിക്ക് പോകുന്നവർ തടഞ്ഞുവീഴാൻ സാധ്യതയില്ലേ?"
"ഭായ്... അത്... ആ കുട്ടികളുടെ അച്ഛൻ രണ്ട് ദിവസങ്ങൾക്ക് മുൻപ് ഒരു അപകടത്തിൽ മരണപ്പെട്ടു."
അയാളുടെ മറുപടി കേട്ട ഞാൻ, വായിൽ നിന്ന് പുറത്തേക്ക് എറിഞ്ഞുപോയ എന്റെ ചോദ്യത്തെ ഓർത്ത് ഒരു മിനിറ്റ് അനങ്ങാതെ നിന്നു.
അടുത്ത നിമിഷം, അയാൾ കുട്ടികളുമായി ഡോർ തുറന്ന് പുറത്തിറങ്ങുന്നതും, കാറിന്റെ കീ വിരലിലിട്ട് കറക്കിക്കൊണ്ട് കാറിനടുത്തേക്ക് നടന്നുപോകുന്നതുമായ ചിത്രങ്ങളെല്ലാം എന്റെ മനസ്സിൽ തെളിഞ്ഞു.
നാട്ടിലാണെങ്കിൽ നമ്മൾ താമസിക്കുന്ന ബിൽഡിങ്ങിൽ ഒരു മരണം നടന്നാൽ അടുത്ത നിമിഷം തന്നെ നമ്മൾ അതറിയും. മറ്റെല്ലാ തിരക്കുകളും ഉപേക്ഷിച്ച് അന്നേ ദിവസം നമ്മൾ ആ വീട്ടിലുണ്ടാകും.
ഏത് തരം ജീവിതത്തിലൂടെയാണ് ഞാനടക്കമുള്ള പ്രവാസികൾ കടന്നു പോകുന്നത് എന്ന് ആലോചിച്ചപ്പോൾ വല്ലാത്ത നിസ്സംഗത തോന്നി.
പതിയെ നടന്ന് ഞാൻ ആ ഫ്ലാറ്റിന് മുന്നിലെത്തി.
ഒരു നിമിഷം നിന്നു.
ശേഷം...
എന്റെയും ചെരുപ്പുകൾ ആ ഡോറിന് മുന്നിൽ ഉപേക്ഷിച്ച് ഞാനകത്ത് കയറി.
-ഷാനു കോഴിക്കോടൻ-
See less

No comments:

Post a Comment

കോറിഡോർ

  രണ്ട് ദിവസമായി സ്ഥിരമായി കടന്നുപോകുന്ന ഗ്രൗണ്ട് ഫ്ലോറിലെ കോറിഡോറിൽ ഒരുപാട് ചെരുപ്പുകൾ കൂടിക്കിടക്കുന്നത് കാണുന്നുണ്ട്. അങ്ങനെ ഒരു സംഭവം ഞങ...