Tuesday, 25 October 2016

സഞ്ചാരി















അന്തരംഗത്തിന്‍റെ ആന്ദോളനത്തില്‍ 
ഉന്മാദചിത്തനായ് 
തന്നിലെ തന്നെയും തേടി 
ആത്മ സായൂജ്യത്തിന്‍ വീഥികളിലൂടെ
ആത്മപ്രയാണം നടത്തുന്നവന്‍ 
സഞ്ചാരി

നോവുകള്‍

പിടയ്ക്കുന്ന ഹൃദയത്തിന്റെ
മിടിപ്പിന്റെ താളത്തിലുണ്ട്
പറയാതെ പറയുന്ന 
വാക്കുകളുടെ നോവുകള്‍
കണ്ണകന്നിട്ടും കാഴ്ച മങ്ങീട്ടും
അറിയാതെ കൊഴിഞ്ഞു വീഴുന്ന
ദിനങ്ങളുമെണ്ണി മിഴി പാര്‍ത്തിരിപ്പു-
ണ്ടൊരുപാട് ഹൃദയങ്ങള്‍

മഞ്ഞു കാലം

വിറയ്ക്കുന്ന കൈകളും
വിണ്ടു കീറിയ ചുണ്ടുകളും
ഇല പൊഴിക്കുന്ന മരങ്ങളും
മഞ്ഞു കാലമായെന്ന് -
ആവര്‍ത്തിച്ചോര്‍മ്മപ്പെടുത്തിയിട്ടും
എന്തോ ..മനസ്സ് മാത്രം
മഞ്ഞണിഞ്ഞില്ല .

നീയും ഞാനും


















വിജനമായ താഴ്വര..
എന്റെയും നിന്റെയും
സ്വപ്‌നങ്ങള്‍ മാത്രം പൂക്കുന്ന മരങ്ങള്‍
ഭൂമിക്കോ ആകാശത്തിനോ
അടക്കി നിര്‍ത്താന്‍ കഴിയാത്ത
എങ്ങും പരന്നൊഴുകുന്ന
പ്രണയത്തിന്റെ വശ്യ ഗന്ധം
ഹൃദയത്തെ തരളമാക്കി
ഒഴുകി നീങ്ങുന്ന സംഗീതം
നമ്മുടെ സ്വര്‍ഗം

വിശപ്പ്‌

വിശന്ന വയറിന്റെ ഉള്‍വിളി സഹിക്കാനാവാതെ 
കരയുന്ന കുഞ്ഞിന്റെ വിശപ്പടക്കാന്‍ 
പുറത്തേക്കോടിയ അമ്മ കണ്ടത് 
അടുത്ത വീട്ടിലെ ചവറ്റ് കുട്ടയ്ക്കടുത്ത് 
ഗ്രില്‍ട് ചിക്കന് വേണ്ടി കടി പിടി കൂടുന്ന
പട്ടിയെയും പൂച്ചയെയും ആയിരുന്നു .

Monday, 24 October 2016

എന്റെ സ്വര്‍ഗ്ഗ രാജ്യം

ഉമ്മ
ലോകമുറങ്ങുന്ന രാവിലും
കണ്ണിമ ചിമ്മാതെ ചാരത്തിരുന്നവള്‍
കദനക്കടലില്‍ മുങ്ങിത്താഴുമ്പോഴും
കനിവിന്റെ മധുരം പകര്‍ന്നു നല്‍കിയവള്‍
എല്ല് മുറിയുന്ന വേദനകളിലും
ചിരിച്ചു മാത്രം കിസ പറഞ്ഞവള്‍
കാല്‍ക്കീഴില്‍ എനിക്കായ്
സുബര്‍ക്കം കരുതി വെച്ചവള്‍

ഉപ്പ
ഒറ്റനോട്ടം കൊണ്ട് പറയാനുള്ളത്
മുഴുവന്‍ പറഞ്ഞു തീര്‍ക്കുന്നവന്‍
കൈകള്‍ കോര്‍ത്തു പിടിച്ചു
നടക്കാന്‍ പഠിപ്പിച്ചവന്‍
പകല് ചൊരിഞ്ഞ
ശകരാങ്ങള്‍ക്ക് ബദലായി
ഉറങ്ങുമ്പോ വന്നു
ഉമ്മകള്‍ കൊണ്ട് മൂടുന്നവന്‍
വീടിനു പുറത്തേക്കുള്ള
വഴികള്‍ വെട്ടി നടത്തിച്ചവന്‍
നല്ലപാതി
പൂമുഖത്തും പിന്നാമ്പുറത്തും
പൂമുഖത്തിനു പുറത്തും
സ്നേഹം വിടര്‍ത്തുന്നവള്‍
വലിയ സങ്കടങ്ങളെ
ചെറിയ വാക്കുകളില
ലിയിച്ചു കളയാന്‍ കെല്‍പ്പുള്ളവള്‍
എന്റെ സ്വപ്നങ്ങളെ പ്രസവിച്ചവള്‍
എന്നെ ആദ്യമായ് പ്രണയിച്ചവള്‍
അനിയന്‍
കാലങ്ങള്‍ കാത്തിരുന്നു-
കിട്ടിയ കൌതുകം
കൂടെപ്പിറപ്പായും സുഹൃത്തായും
മകനായും വന്ന്
സ്നേഹം കൊണ്ട് മൂടുന്നവന്‍
പെങ്ങള്‍
പെണ്മക്കളില്ലാത്ത വീട്ടില്‍
കറങ്ങിത്തിരിയുന്ന ആങ്ങളയുടെ
ഓര്‍മ്മകളുടെ ഓട്ടക്കീശയിലെന്താ ഉള്ളത് ?
ഒന്നുല്ല്യ .. ശൂന്യം
എങ്കിലും എവിടെയൊക്കെയോ
ഞാനെന്റെ പെങ്ങളെ തിരയാറുണ്ട്
മക്കള്‍
എന്റെ തുടിപ്പുകള്‍
എനിക്ക് കരുത്തേകുന്നവര്‍
എന്നെ ദുര്‍ബലരാക്കുന്നവര്‍
എന്റെ സ്വപ്‌നങ്ങള്‍
-ഷാനു പുതിയത്ത് -

Thursday, 13 October 2016

രക്തസാക്ഷി



കാലങ്ങളേറെ കാത്തു കാത്തിരുന്ന്
ആറ്റു നോറ്റൊരുണ്ണി പിറന്നു
കണ്ണ് നിറഞ്ഞു മനം കുളിര്‍ത്തു 
ആഹ്ലാദ ചിത്തരായച്ഛനുമമ്മയും
കയ്യോ വളരുന്നു കാലോ വളരുന്നു
കണ്ണിമ വെട്ടാതവര്‍ നോക്കി നിന്നു
കളികളും ചിരികളും കൊഞ്ചലുകളുമായി
കാലങ്ങളോരുപാട് കൊഴിഞ്ഞു പോയി

ബാല്യ കവചങ്ങളഴിച്ചു മാറ്റി
കൌമാര വേഷമടുത്തണിഞ്ഞുണ്ണി
സിരകളില്‍ ചൂടും മുഖത്തോ ക്രോധവും
നാവിലുശിരന്‍ മുദ്രാവാക്യങ്ങളും
അമ്മയ്ക്ക് ദിനന്തോറും നെഞ്ചില്‍
തീകനല്‍ കൂടിവന്നു .
അച്ചനോ ഉള്ളം തളര്‍ന്നു തേങ്ങി
കനലും തേങ്ങലും കാണാതെ കേള്‍ക്കാതെ
നാളും ദിനങ്ങളും കടന്നങ്ങു പോകവേ
പൊന്നുണ്ണിക്കൊരുദിനം അടി പതറി

വിരി മാറ് വിരിച്ചു പൊരുതിയൊരു
രാത്രിയില്‍ പിന്നിലെ വെട്ടേറ്റു പിടഞ്ഞു വീണു
നിശ്ചലാമായുണ്ണിയും പോര്‍വിളികളും
കൂടെ രണ്ടാതമാക്കള്‍ തന്‍ ഒരു നൂറു സ്വപ്നങ്ങളും
അച്ഛനുമമ്മയും ഒട്ടും കരഞ്ഞില്ല
കണ്ണീര്‍ പൊഴിച്ചില്ല തേങ്ങിയില്ല
അണികള്‍ മുഴക്കിയ രക്തസാക്ഷി വിലാപങ്ങള്‍
കര്‍ണ്ണ പടങ്ങളില്‍ മുഴങ്ങും വരെ
രക്തസാക്ഷി യെന്നുറക്കെ
ചെവിയില്‍ പതിച്ച ക്ഷണമമ്മ
ക്രോധ മുഖിയായി കണ്ണ് ചുവപ്പിച്ചു
ഏറെ ശകാരിച്ചു -
അണികളായ് വന്നു കൂടിയ കൂട്ടത്തെ

ഉറങ്ങുകയാണുണ്ണീ ..
ഉറങ്ങുകയാണുണ്ണീ..
ഉറങ്ങുമെന്നുണ്ണിയേ ദൈവത്തെ ഓര്‍ത്ത്
ശബ്ദങ്ങള്‍ മുഴക്കി ഉണര്‍ത്തിടല്ലേ
വെറുതെ വിടുക എന്‍ പൊന്നുണ്ണിയെ
സുഖമായ് ഉറങ്ങനായ് വെറുതെ വിടുക.

-ഷാനു പുതിയത്ത് -

Wednesday, 31 August 2016

സ്വപ്‌നങ്ങള്‍

ഇടവേളകളില്ലാതെ 
ഒരുപാട് കണ്ടു തീര്‍ത്തെങ്കിലും
എന്റെ സ്വപങ്ങള്‍ക്കൊന്നിനും 
അവകാശികള്‍ ഇല്ലായിരുന്നു
കനലെരിയും മണ്ണിലെ
ശീതികരിച്ച മുറിയില്‍
സീലിംഗില്‍ നിറയെ ചിത്രങ്ങള്‍
തെളിയുന്നചില രാത്രികള്‍ ഉണ്ട്.
ഓര്‍മ്മകള്‍ക്ക് ചൂട് പിടിക്കുന്ന -
ഉറക്കമില്ലാത്ത രാത്രികള്‍

അന്ന് ഞങ്ങള്‍ ഒരുമിച്ചൊരു
യാത്ര പോകും
എഴാകാശങ്ങളും കടന്നൊരു യാത്ര
ഏഴാം ആകാശത്തിന്റെ
അവസാന പാളിയില്‍
ആരും കാണില്ലാന്നുറപ്പുള്ളോരു
മൂലയിലെ മുറിയിലാക്കി
വാതിലടയ്ക്കും
ജാലക വാതിലൂടെ
ഇനിയൊരിക്കല്‍ കാണാമെന്നു
വാക്ക് നല്‍കി തിരിച്ചിറങ്ങും.

Wednesday, 30 September 2015

മാതാപിതാക്കള്‍

എനിക്കെന്റെ മാതാപിതാക്കള്‍ ചെറുതായിട്ടെങ്കിലും
ബാധ്യതയായിരിക്കുന്നു എന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങിയെങ്കില്‍
ആ ചിന്ത എത്ര മോശപ്പെട്ടതായിരുന്നെന്നും
ഞാന്‍ ചിന്തിച്ചതില്‍ വെച്ച് ഏറ്റവും ക്രൂരവും മോശപ്പെട്ടതുമായ
ചിന്തായായിരുന്നു അത് എന്നും മനസ്സിലാക്കാന്‍ ഞാന്‍ അവരുടെ പ്രായമെത്തുന്ന വരെ ജീവിച്ചു സ്വന്തം അനുഭവത്തില്‍ വരുന്ന വരെ കാത്തിരിക്കേണ്ട ആവിശ്യമില്ല
ഞാനിന്നു നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു കൊണ്ട് നടക്കുന്ന
എന്റെ അഹിയാന്‍ മോനും ഐറ മോളും നാളെ എന്നെ
വീട്ടില്‍ നിന്നും ഇറക്കി വിടുന്ന വിഷ്വല്‍ ഒരു അര മിനിറ്റ്
മനസ്സിലേക്ക് കൊണ്ട് വന്നാ മതി ..
ഈ അര മിനിറ്റ് ന്നുള്ളത് ഒരു മിനിട്ടാക്കി കാണാനുള്ള
ശക്തി പോലും എന്റെ മനസ്സിനുണ്ടാകുമെന്നു തോന്നുന്നില്ല ..
ഇത്രയും സ്നേഹം ചങ്കില്‍ നിറച്ചു വെച്ച് തന്നെ ആയിരിക്കില്ലേ
എന്റെ മാതാപിതാക്കളും എന്നെ വളര്‍ത്തിയത്
നമ്മുടെ ഓരോ വളര്‍ച്ചയിലും അവര്‍ നമ്മളെക്കാളെറെ
സന്തോഷിച്ചു കാണില്ലേ ?
പുറമേ ആശ്വാസ വാക്ക് പറയുമെങ്കിലും നമ്മുടെ ചെറിയ സങ്കടങ്ങളില്‍ പോലും അവര് മനസ്സില്‍ പൊട്ടി കരഞ്ഞിട്ടുണ്ടാകില്ലേ ?
എന്നിട്ടും നമ്മളിന്നു എവിടെ എത്തി നില്‍ക്കുന്നു
മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ ശിക്ഷിക്കാനുള്ള
നിയമം കൊണ്ട് വരുന്ന തലത്തിലേക്ക് നമ്മള്‍ തരം താഴ്ന്നു ..
ഇനിയെന്തെങ്കിലും പ്രതീക്ഷകളോ മോഹങ്ങളോ ഇല്ലാതെ
വീടുകളിലോതുങ്ങി കൂടുന്ന അച്ഛനമ്മമാര്‍ വൈകീട്ട്
വീട്ടിലേക്കു കയറി വരുന്ന മക്കളില്‍ നിന്നും ആഗ്രഹിക്കുന്നത്
ശകാര വാക്കുകളായിരിക്കില്ല ..
ഒരു ചെറിയ പുഞ്ചിരിയോ , തലോടലോ
ഒരുമിച്ചിരുന്നുള്ള ഒരത്താഴമോ അല്ലെങ്കില്‍
നിങ്ങള്‍ എല്ലാ ഒഴിവു ദിനങ്ങളിലും മക്കള്മൊത്ത് പുറത്തേക്ക് പോകുമ്പോ ഏതെങ്കിലും ഒരു ദിവസമെങ്കിലും അവരുടെ കൈയ്യും ചേര്‍ത്ത് പിടിക്കുന്നതൊ ഒക്കെ ആയിരിക്കും
ആര്‍ക്കാണിതിനൊക്കെ സമയം അല്ലെ.. ?
കായികള് തോനെ വാരി കൂട്ടാനെകൊണ്ടുള്ള തെരക്കില്
എന്തരമ്മ എന്തരച്ചന്‍ .. എന്തര് സ്വന്തം ചോര ..
ഇനി അഥവാ കുറച്ചു സമയം ഉണ്ടെങ്കില്‍ അത് ഇതേ പോലെ ഫേസ്ബുക്കില് പോസ്റ്റിട്ടും തീരും
കുത്ത് വാക്കുകളെക്കാളും നല്ലത് വൃദ്ധ സദനങ്ങള്‍ തന്നെ ആണെന്ന്
പല മാതാപിതാക്കളും സ്വയം തീരുമാനമെടുക്കുന്നത് കൊണ്ടായിരിക്കണം നാട്ടിലിന്നും വൃദ്ധ സദനങ്ങളുടെ എണ്ണം പെരുകുകയല്ലാതെ കുറയാത്തത് ...
വേദനിപ്പിക്കരുത് മക്കളെ
അവരെ ചെറുതായിട്ട് പോലും നിങ്ങള് വേദനിപ്പിക്കരുത്
അത് നിങ്ങള്‍ക്കൊരിക്കലും ഗുണം ചെയ്യില്ല .. അതിന്റെ പ്രതിഫലം നിങ്ങള്‍ക്ക് വന്നു ഭവിക്കുക തന്നെ ചെയ്യും
നിങ്ങള്‍ അവര്‍ക്ക് നന്മ ചെയ്തു കൊണ്ടേ ഇരിക്കുക ..
ഉപ്പാക്കും ഉമ്മാക്കും വരുമാനം ഉള്ളപ്പോ അവരുടെ
കൂടെ അടിച്ചു പൊളിച്ചു നടക്കുന്ന കാര്യമല്ല പറഞ്ഞത്
പിന്നെയോ ..
കണ്ണിന്റെയും കാതിന്റെയും ശക്തി കുറഞ്ഞ്
മസിലുകള്‍ ഉടഞ്ഞ് തൂങ്ങി വാര്‍ദ്ധക്യ ദശയിലേക്ക് കാലൂന്നി
ശാരീരകമായി ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന സമയത്ത് നിങ്ങള്‍ അവര്‍ക്ക് പുണ്യം ചെയ്യുക
അവരുടെ മനസ്സിന് താങ്ങായി നില്‍ക്കുക ...
എന്റെ മകന്‍ അല്ലെങ്കില്‍ എന്റെ മകള്‍ താങ്ങായി എന്റെ അടുത്ത് തന്നെ ഉണ്ടല്ലോ എന്ന ചിന്ത മതി
എത്ര അനരോഗ്യമുണ്ടെങ്കിലും അവര്‍ക്ക് സുഖമായുറങ്ങാന്‍ ..
-- ഒക്ടോബര്‍ ഒന്ന് ലോക വയോജന ദിനം --
കുറച്ചു വര്‍ഷങ്ങള്‍ക്കപ്പുറം ഇങ്ങനെ ഒരു ദിനത്തിന്
ഒരു പ്രാധാന്യവും ഉണ്ടാകാത്ത വിധം നമ്മള്‍ ഓരോരുത്തരും
മാറട്ടെ എന്ന് ഉള്ളു തുറന്നു പ്രാര്‍ഥിക്കുന്നു ...

Saturday, 30 August 2014

ഒരിക്കല്‍ കൂടെ









എനിക്കൊരിക്കല്‍ കൂടെ 
ആ കൊടി മരത്തിനു കീഴെ
സുഹൃത്തുക്കളോടോത്തു വരി തെറ്റാതെ നില്‍ക്കണം
സ്വാമിജി പതാക ഉയര്‍ത്തുമ്പോള്‍
രാജ്യത്തെ നെഞ്ചിലേറ്റി കണ്‍ നിറയെ കാണണം 
പ്രതിജ്ഞയോന്നുറക്കെ ചൊല്ലണം
പ്രിയ ഗുരുക്കന്മാര്‍
മാറി മാറി പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍
പെട്ടിയിലിരിക്കുന്ന ലഡ്ഡുവെ ഓര്‍ത്തു അക്ഷമാനാകണം
ഒടുവില്‍ ആ ലഡ്ഡു തിന്നോന്നു പുഞ്ചിരിക്കണം 


(സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് ചുമ്മാ സ്കൂള്‍ വരെ ഒന്ന് പോയി )

Saturday, 5 July 2014

ഒരു ഉപ്പയുടെയും മകളുടെയും കഥ

റസൂലിനെറെയും കദീജ ബീവിയുടെയും അഞ്ചാമത്തെ കുട്ടി ആയിരുന്നു ഫാത്തിമ .
ഫാത്തിമയുടെ അഞ്ചാം വയസ്സില്‍ ആണ് വന്ദ്യപിതാവ് അല്ലാഹുവിന്റെ ദൂതന്‍ ആയി മാറിയത്
തന്റെ പിതാവിന്റെ ദൌത്യം എന്താണെന്നു കദീജ (റ) ഫാത്തിമയെ ബോധ്യപ്പെടുത്തുന്നു .
ഫാത്തിമയുടെ കൊച്ചു ഹൃദയത്തിലേക്ക് മിന്നല്‍ പിണര്‍ പോലെ അതിറങ്ങി ചെന്നൂ .
തുടര്‍ന്ന് അങ്ങോട്ട്‌ മുഹമ്മദ് നബിയെ തൊട്ടുരുമ്മി കൊണ്ട് എപ്പോഴും ഫാത്തിമ ഉണ്ടാകും
ഈ ഒട്ടി പിടിക്കലിന്റെ അര്‍ത്ഥം അധികം ആര്‍ക്കും പിടി കിട്ടിയിരുന്നില്ല
മക്കയിലെ ഇടുങ്ങിയ തെരുവിലൂടെ നടക്കുമ്പോഴും കഅബ ക്ക് സമീപത്തു പോകുമ്പോഴും മാത്രമല്ല അനുയായികളോടോപ്പം രഹസ്യ യോഗം ചേരുമ്പോഴും പരിസരത്തായി ഫാത്തിമ തങ്ങിയും പമ്മിയും നില്‍ക്കുന്നുണ്ടാകും
റസൂലിന്റെ കാവല്‍ മാലാഖ പോലെ
ഫാത്തിമക്ക് പത്ത് വയസ്സ് ആയിട്ടില്ല പ്രവാചകന്‍ മസ്ജിദുല്‍ ഹറമിലെത്തി പ്രാര്‍ഥിക്കുകയാണ് .
ഫാത്തിമയും ചുറ്റി പറ്റി നില്‍പ്പുണ്ട്
ഖുറൈശി പ്രമുഖരുടെ ഒരു കൂട്ടം അങ്ങോട്ട്‌ വന്നു
അബു ജഹല്‍ , ഉഖ്ബ ബു നു അബു രു അയ്യത്ത് , ഉമയ്യബ്നു ഖലാഫ് , ശൈബ ഉതുബ തുടങ്ങിയ ശത്രു സംഘം ആണെത്തിയത്
അബു ജഹല്‍ ചോദിച്ചു
ആര്‍ക്കാണ് ഒരു ഒട്ടകത്തിന്റെ കുടല്‍ മാല മുഹമ്മദിന്റെ കഴുത്തില്‍ ചാര്‍ത്താന്‍ ആകുക .
ഒരു വന്യ മൃഗത്തെ പോലെ ഉഖ്ബ പ്രസ്ത്തുത ചുമതല ഏറ്റെടുത്തു ഓടി പോയി ചത്ത ഒട്ടകത്തിന്റെ കുടല്‍ മാലയുമായി വന്നു സുജൂദിലായിരുന്ന നബിയുടെ കഴുത്തില്‍ ചാര്‍ത്താന്‍ അയാള്‍ മടിച്ചില്ല .
പ്രാര്‍ഥനനിരതനായ തന്റെ പിതാവിന്റെ കഴുത്തില്‍ കുടല്‍ മാല ഇടുന്നത് നേരില്‍ കണ്ട പത്ത് വയസ്സ് തികയാത്ത ആ പെണ് തരി. ധീരതയോടെ ചെന്ന് റസൂലിന്റെ കഴുത്തില്‍ നിന്ന് കുടല്‍ മാല എടുത്തു ദൂരെ കളഞ്ഞു
എന്നിട്ട് ഖുറൈഷി കൂട്ടത്തിനും പിതാവിനും ഇടയില്‍ സംരക്ഷകയായി നില കൊണ്ടു
കോപഗ്നി ജ്വലിക്കുന്ന തീഷ്ണ നയനങ്ങളെ നേരിടാന്‍ ആവാതെ ഖുറൈഷി കൂട്ടം സ്ഥലം വിട്ടു
റസൂല്‍ നമസ്കാരം പൂര്‍ത്തിയാക്കി മകളെ വാരി പുണര്‍ന്നു
മറ്റൊരിക്കല്‍ തവാഫ് ചെയ്യുക ആയിരുന്ന പ്രാവചകന്റെ മേല്‍ ഖുറൈഷി കൂട്ടം ചാടി വീണു
ആരുമില്ലാത്ത നേരത്ത് നടന്ന മിന്നലാക്രമണം കണ്ടു ഫാത്തിമ അലറി വിളിച്ചു
ഓടിയെത്തിയ അബൂബക്കര്‍ (റ) നബി സ അ യെ രക്ഷിക്കുക ആയിരുന്നു
റസൂലിന്റെ ദേഹത്ത് ഒരു തരി മണ്ണ് പോലും വീഴാതെ കാത്തു സൂക്ഷിക്കുന്ന അംഗ രക്ഷക കൂടി ആയിരുന്നു ഫാത്തിമ
ഫാത്വിമ ദൂരെ നിന്ന് വരുന്നത് കണ്ടാല്‍ റസൂല്‍ എഴുനേറ്റു നില്‍ക്കും
എന്നിട്ടവളെ സ്വാഗതം ചെയ്യുന്നു .
ഉമ്മ വെയ്ക്കുന്നു .
അവളെ കൈ പിടിച്ചു തന്റെ ചാരത്തു നിര്‍ത്തുന്നു
നബിയാണ് വരുന്നതെങ്കില്‍ ഫാത്വിമ ഓടിച്ചെന്നു അദ്ധേഹത്തെ ഉമ്മ വെച്ചാനയിക്കുന്നു
ഒരിക്കല്‍ മൂന്നു ദിവസത്തെ പട്ടിണിക്ക് ശേഷം പ്രവാചകന് ഇത്തിരി ആഹാരം ലഭിക്കുന്നത് ഫാത്വിമയുടെ വീട്ടില്‍ നിന്നുമാണ്
അതാവട്ടെ ഫാത്തിമ വിശപ്പ്‌ സഹിച്ചു തിരുമേനിക്ക് വേണ്ടി കരുതി വെച്ചത്
വേറൊരിക്കല്‍ ദീര്‍ഘ യാത്ര കഴിഞ്ഞു വന്ന പ്രവാചകന്‍ മദീനയിലെ പള്ളിയില്‍ കയറി നമസ്കരിച്ചു പോയത് ഫാത്വിമയുടെ ഭാവനത്തിലെക്കാണ് ഫാത്വിമ നബിയുടെ കണ്ണിലും നെറ്റിയിലും മുത്തമിട്ടു .
പിന്നെ റസൂല്‍ സ കണ്ടത് ഫാത്വിമ കരയുന്നതാണ്
എന്ത് പറ്റി എന്ന ചോദ്യത്തിനു തേങ്ങലായിരുന്നു ഉത്തരം
താങ്കളുടെ മുഖം വല്ലാതയിരിക്കുന്നു.
നിറം മാറിയിരിക്കുന്നു
വസ്ത്രങ്ങള്‍ കീറി പറിഞ്ഞിരിക്കുന്നു
നബി സ മറുപടി പറഞ്ഞു :
ഇതിനാണോ കരയുന്നത് ?
നിന്റെ പിതാവ് ദൈവത്തിന്റെ മാര്‍ഗ്ഗത്തില്‍ ആണ് ഈ വഴി നടന്നതത്രയും ഇനി നടക്കാനുള്ള വഴികളും
കല്ലും മുള്ളും മരുഭൂമികളും താണ്ടുന്നത് അതിനു വേണ്ടിയത്രെ .ഗ്രാമങ്ങളിലും നഗരങ്ങളിലും ദിവ്യ സന്ദേശം എത്തിക്കാന്‍ ഉള്ള പാഥികനു ഇതിലൊക്കെ എന്തിരിക്കുന്നു മകളെ .
എല്ലാ വീടുകളിലും തമ്പുകളിലും ഞാന്‍ എത്തണം അവര്‍ സ്വീകരിച്ചാലും അപമാനിചാലും
പ്രാവചക കുടുംബത്തിന്റെ കൈത്തിരിയായി പാരമ്പര്യത്തിന്റെ ശേഷിപ്പായി ഒരു ആണ്‍ തരിയെ വിധിക്കാതെ അള്ളാഹു വലിയ ഭാരമാണ് ഫാത്തിമയുടെ ചുമലില്‍ വെച്ച് കൊടുത്തത്
പ്രവാചകന്റെ വീടിനു തൊട്ട അടുത്ത് തന്നെ താമസിക്കാന്‍ ആണ് ഫത്തിമക്കും ഭര്‍ത്താവ് അലിക്കും ലഭിച്ച നിര്ദ്ധെശം.
റസൂലിന്റെ ജാലകത്തിനു അഭിമുഖം ആയി ഫാത്വിമയുടെ വീടിനും ഒരു ജാലകം ഉണ്ടായിരുന്നു
എല്ലാ പ്രഭാതങ്ങളിലും പ്രവാചകന്‍ എണീറ്റ്‌ ഉടനെ തന്നെ ഫാത്തിമയെ അഭിവാദ്യം ചെയ്യുന്നു .
യാത്ര പുറപ്പെടുമ്പോഴും ഫാത്വിമയുടെ വാതിലിനു മുട്ടി യാത്ര പറയുന്നു .
എവിടെ പോയി മടങ്ങുമ്പോഴും ഫാത്വിമയുടെ വാതിലില്‍ മുട്ടി സലാം പറഞ്ഞെ സ്വന്തം വീട്ടിലേക്കു പ്രവാചകന്‍ കയറുകയുള്ളൂ .
കൈ പിടിച്ചു ചുംബിച്ച ശേഷമേ സ്നേഹധനനായ ആ പിതാവ് സ്വന്തം കാര്യങ്ങളിലേക്ക് നീങ്ങാറൂള്ളൂ
ഒരു പിതാവ് നിത്യവും പുത്രിയെ കൈ പിടിച്ചു ചുംബിക്കുന്നതിനു പെണ് മക്കളെ കുഴിച്ചു മൂടിയിരുന്ന അറേബ്യന്‍ സമൂഹത്തില്‍ അസാധരണ പ്രസക്തി ഉണ്ടായിരുന്നു
ഇതിലൂടെ റസൂല്‍ പഠിപ്പിക്കുന്ന ഒരു പാഠം ഉണ്ട്
ലോകത്തുള്ള സകല സ്ത്രീകളെയും സ്വന്തം മാതാവിനെ പോലെ ബഹുമാനിക്കുക
സഹോദരിയെ പോലെ സംരക്ഷിക്കുക
പുത്രിയെ പോലെ പരിപാലിക്കുക , നയനങ്ങള്‍ താഴ്ത്തി ആദരപൂര്‍വ്വം സ്ത്രീയുടെ മുന്‍പില്‍ നില്‍ക്കുക
കാമത്തിന്റെ അന്ധമായ വൈകൃതങ്ങള്‍ക്കു കീഴടക്കാന്‍ ഉള്ളവള്‍ അല്ല അവള്‍
പാദങ്ങളില്‍ പാദസരമാകുന്ന ചങ്ങലയിട്ടു പാവ കണക്കെ നൃത്തം ചെയ്യിക്കാന്‍ ഉള്ളതല്ല അവളുടെ വ്യക്തിത്വം
അവള്‍ക്കു നിര്‍ഭയം ഇറങ്ങി നടക്കാന്‍ കഴിയണം
അവള്‍ക്കു അധമ ബോധം ഉണ്ടാക്കരുത് അപമാനം ഉണ്ടാക്കരുത്
ബദര്‍ യുദ്ധത്തിന്റെ തൊട്ട മുന്‍പാണ് പ്രാവചക പുത്രിയും ഉസ്മാന്‍ (റ) ന്റെ പത്നിയുമായ റുഖിയ്യ രോഗഗ്രസ്തയാവുന്നത്
ഉസ്മാന്‍ (റ) റുഖിയ്യ യെ പരിചരിച്ചു കൂടെ നിന്നെങ്കിലും റുഖിയ്യ മരിച്ചു
ബദര്‍ യുദ്ധം കഴിഞ്ഞാണ് പ്രവാചകന്‍ എത്തിയത് അദ്ദേഹം രുഖിയ്യയുടെ ഖബറിടം സന്ദര്‍ശിച്ചു പ്രാര്‍ഥിക്കാന്‍ നിഴല്‍ പോലെ വിതുമ്പി കൊണ്ട് ഫത്വിമയും ഉണ്ടായിരുന്നു ഒപ്പം
റുഖിയ്യ ക്ക് വേണ്ടി കരഞ്ഞു വാര്‍ത്ത കണ്ണുകളുമായി തിരിച്ചു വരുമ്പോ ആണ് ബദറില്‍ രക്ത സാക്ഷിയാക്കി ആയവരുടെ ബന്ധു സ്ത്രീകള്‍ കരയുന്നത്
ഉമര്‍ (റ ) അവരെ കുറ്റപ്പെടുത്തുക ആയിരുന്നു
ഇത് കണ്ട റസൂല്‍ പറഞ്ഞു
അവര്‍ കരയട്ടെ ഉമര്‍
അവരെ തടയേണ്ട
ഹൃദയത്തില്‍ നിന്നും കണ്ണില്‍ നിന്നും വരുന്നത് ദൈവത്തില്‍ നിന്നുള്ളതാണ്
കൈകളിലും നിന്നും നാവില്‍ നിന്നും വരുന്നത് സാത്താന്റെ വകയും ആണ് .
(കൈ കൊണ്ട് മാറത്തടിച്ചു വിലപിക്കുന്നതും തൊണ്ട വലിച്ചു കീറി നിലവിളിക്കുന്നതും ആണ് റസൂല്‍(സ ) തടഞ്ഞത്
ഹിജ്റ പത്താം വര്ഷം ഹജ്ജിന്റെ തൊട്ടു മുന്‍പ് റസൂല്‍ ഫത്വിമയെ വിളിച്ചു ഒരു രഹസ്യം പറഞ്ഞു :
വര്‍ഷത്തില്‍ ഒരിക്കല്‍ ജിബ്രീല്‍ എനിക്ക് ഖുറാന്‍ ഓതി തരും ഞാന്‍ അത് തിരിച്ചും ഓതി കൊടുക്കും
പക്ഷെ ഈ പ്രാവിശ്യം രണ്ടു തവണ ജിബ്രീല്‍ ഓതി തന്നിട്ടും എനിക്ക് തരിച്ചു ഓതി കൊടുക്കുവാന്‍ സാധിച്ചില്ല
എന്റെ സമയം അടുത്തിരിക്കുന്നു
ഹജ്ജു കഴിഞ്ഞു മടങ്ങുമ്പോള്‍ റസൂലിനു രോഗം കഠിനമായി .
പത്നി ആയിഷ (റ) യുടെ വീട്ടില്‍ അദ്ധേഹം ശയ്യാവലംബിയായി കിടക്കുക ആയിരുന്നു . ഫാത്വിമ കടന്നു വന്നു
റസൂല്‍ (സ) മരണ ശയ്യയില്‍ കിടക്കവേ ഫാത്വിമ അരികത്തിരുന്നു
ഫാത്വിമയുടെ ചെവിയില്‍ റസൂല്‍ (സ) എന്തോ അടക്കം പറഞ്ഞു
ഫാത്വിമ പൊട്ടി പൊട്ടി കരഞ്ഞു
അപ്പൊ റസൂല്‍ മറ്റെന്തോ ഒന്ന് കൂടെ ചെയവിയില്‍ പറഞ്ഞു
കരഞ്ഞ ഫാത്വിമ അതാ ചിരിക്കുന്നു
കണ്ടു നിന്നവര്‍ക്ക് ഒന്നും മനസ്സിലായില്ല
താന്‍ മരിക്കുക ആണെന്ന് റസൂല്‍ പറഞ്ഞപ്പോള്‍ ഫാത്വിമ കരഞ്ഞു
നമ്മുടെ കുടുംബത്തില്‍ നീയാണ് ആദ്യം എന്റെ കൂടെ വരുക എന്ന് പറഞ്ഞപ്പോ ആണ് ഫാത്വിമ ചിരിച്ചത്
റസൂലിന്റെ വിയോഗം ഫാത്വിമയെ തളര്‍ത്തി കളഞ്ഞു
ആ തളര്‍ച്ചയില്‍ നിന്നും പിന്നീടവര്‍ മോചിത ആയില്ല
ആശ്വാസ വചനങ്ങള്‍ അവരെ സ്പര്‍ശിച്ചില്ല
ഫാത്വിമ പിന്നീടു ചിരിച്ചിട്ടില്ല അലി (റ ) യും പുത്രന്മാരും സമശ്വസവുമായി സമീപത്തുണ്ടായിരുന്നു
ഇരുന്നും കിടന്നും മൂന്നു മാസം അവര്‍ കഴിച്ചു കൂട്ടി
റസൂലിന്റെ മരണാനന്തരം യഥാര്‍ത്ഥത്തില്‍ അവര്‍ സ്വയം മരണം കാത്തു കഴിയുക ആയിരുന്നു
29 വര്ഷം ജീവിക്കാനെ അവര്‍ക്ക് ഭാഗ്യം ഉണ്ടായുള്ളൂ ..
റസൂലിന്റെ സാന്ത്വനം ആയിരുന്നു അവര്‍ക്ക് ആവശ്യം
പിതാവിന്റെ വിയോഗത്തിനു ശേഷം ഭൂമിയില്‍ അവര്‍ നിശബ്ദ ആയിരുന്നു
ചിറകറ്റ പക്ഷിയെ പോലെ നിസ്സഹായ ആയിരുന്നു രസൂലിന്റെ ഖബറിടം നോക്കി അവര്‍ കിടന്നു
മരണം തന്നെ കൊണ്ട് പോവാത്തതില്‍ അക്ഷമയായിരുന്നു അവര്‍
പിതാവ് വാഗ്ദാനം ചെയ്ത സമ്മാനം എത്താറായി എന്ന് അവര്‍ക്ക് ഉറപ്പായിരുന്നു ഹിജ്റ 11 ആം വര്ഷം റമദാന്‍ മൂന്നു
അലിയും കുട്ടികളെയും കൂട്ടി മദീന മുനവ്വറയില്‍ നബിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ഥിച്ചു മടങ്ങി
ഏഴു വയസ്സുള്ള ഹസന്‍ ആറു വയസ്സുള്ള ഹുസൈന്‍
അഞ്ചു വയസുള്ള സൈനബ് മൂന്നു വയസ്സുകാരി ഉമ്മു കുല്‍സും എല്ലാവരെയും മാറി മാറി ചുംബിച്ചു
ഉമ്മു റാഫിയയോട് വരാന്‍ പറഞ്ഞയച്ചു അസ്മാ ബിന്‍ത് അബീസും ഉണ്ടായിരുന്നു കൂടെ അവര്‍ വന്നപ്പോള്‍ തന്നെ കുളിപ്പിച്ച് തരണമെന്ന് അവിശ്യപ്പെട്ടു
അവര്‍ കുളിപ്പിച്ചു വുളു എടുത്തു രസൂലിന്റെ മരണ ശേഷം ഉപയോഗിക്കാതെ ഇരുന്ന വെളുത്ത വസ്ത്രം അവരെടുത്തു ധരിച്ചു
മുറിക്കു നടുവില്‍ പായ വിരിക്കാന്‍ അവിശ്യപ്പെട്ടു
ഉമ്മു റാഫിയ അങ്ങിനെ ചെയ്തു
ഫാത്വിമ (റ) പതുക്കെ അവിടെ കിടന്നു
തല കഅബ യുടെ ഭാഗത്തേക്ക് സ്വയം തിരിച്ചു വെച്ചു
നിമിഷങ്ങള്‍ കഴിഞ്ഞു എന്തോ മന്ത്രിച്ചു അവര്‍ ചുണ്ടുകള്‍ പൂട്ടി
പിന്നെ എല്ലാവരെയും നോക്കി സാവാധാനത്തില്‍ കണ്ണുകളും അടച്ചു ഉറങ്ങി ഉണരാത്ത ഉറക്കം
അലി പോയി പള്ളിയില്‍ നിന്നും കുട്ടികളെ കൂട്ടി കൊണ്ട് വന്നു .
കുളിച്ചു വസ്ത്രം മാറി കിടക്കുന്ന ഫത്വിമയെ കഫം ചെയ്യേണ്ടാതില്ലയിരുന്നു
ഫാത്വിമ (റ) ആവിശ്യപ്പെട്ടത്‌ പോലെ അവരുടെ ഖബറടക്കം രാത്രിയിലാണ് അലി (റ) സ്വയം നടത്തിയത്
തന്റെ ഖബറിടം എവിടെ ആണെന്ന് ജനങ്ങള്‍ മനസ്സിലാക്കരുതെന്നു അവര്‍ ആഗ്രഹിച്ചിരുന്നു
മദീന നിശബ്ദമായി ഉറങ്ങുക ആയിരുന്നു
ആ രാത്രിയില്‍ ആരോരും അറിയാതെ രസൂലിന്റെ പുത്രിയുടെ ഖബറടക്കം നടന്നു
റസൂല്‍ പറഞ്ഞു : ഫാത്വിമ എന്റെ കരളിന്റെ കഷ്ണം ആണ്
എന്റെ ശരീരത്തിന്റെ ഭാഗമാണ്
ഫത്വിമയെ ദ്രോഹിക്കുന്നവന്‍ എന്നെയാണ് ദ്രോഹിക്കുന്നത്
എന്നെ ദ്രോഹിക്കുന്നവന്‍ അല്ലാഹുവിനെ ആണ് ദ്രോഹിക്കുന്നത് ..
എല്ലാ പെണ്കുട്ടികളും ഫാത്വിമമാര്‍ അത്രേ .....

ഞാൻ

  സ്വപ്നങ്ങളിൽ മാത്രം കണ്ട്‌ പരിചയമുള്ള പൊന്നും മുത്തും വാരിയെടുക്കാൻ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് സമൃദ്ധിയുടെ പ്രതീകമായ ഈന്തപ്പനകളുടെ...