Monday, 13 May 2019

കരുണ

ഏകദേശം ഒരു പത്ത് പതിനൊന്നു വയസ്സുള്ള സമയത്ത്
തൊടിയില്‍ ക്രിക്കറ്റ് കളികുന്നതിനിടയ്ക്കാണ്
റെയില്‍നടുത്തെക്ക് എല്ലാവരും കൂട്ടമായ്‌ ഓടുന്നത് ശ്രദ്ധിച്ചത് എന്താണെന്നറിയാന്‍ ഞങ്ങള്‍ കുട്ടികളും കൂടെ ഓടി ചെന്നു .അന്ന് രാവിലെ എവിടെ നിന്നോ അലഞ്ഞു തിരിഞ്ഞെത്തിയ ഊമയായ ആള്‍ റെയില്‍ ക്രോസ് ചെയ്യുമ്പോ വണ്ടി തട്ടിയതായിരുന്നു അത്
കയ്യം കാലും അറ്റ് പോയെങ്കിലും ആള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടില്ലായിരുന്നു
ഒട്ടു താമസിക്കാതെ ഓടി കൂടിയവരില്‍ ചിലര്‍ അറ്റ് പോയതെല്ലാം പെറുക്കിയെടുത്തു ജീപ്പിലിട്ട് കൊണ്ട് പോയി . അതായിരുന്നു ഞാന്‍ ആദ്യമായി കണ്ട അക്സിഡണ്ട്
.
പിന്നീടൊരിക്കല്‍ മോഡേണ്‍ ബസാറില്‍ നിന്നും ടൌണിലേക്ക് പോകുന്ന വഴിക്ക് തൊട്ടു മുന്‍പിലായി രണ്ടു പിള്ളേരും ബൈക്കില്‍ പോകുന്നുണ്ടായിരുന്നു ചാറ്റല്‍ മഴക്ക് ശക്തി കൂടിയതോടെ അല്ലാതെ തന്നെ സ്പീടിലായിരുന്ന അവര്‍ വീണ്ടും സ്പീഡ് കൂട്ടി.
മഴയത്ത് ബൈക്കില്‍ പോകുമ്പോള്‍ വേഗത കൂട്ടുന്നത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും എന്നതും നമ്മള്‍ എപ്പോഴും മറക്കും .
കാരണം നമുക്ക് ആക്സിഡന്റ് പറ്റില്ല എന്നും നമ്മള്‍ ഇപ്പോഴൊന്നും മരിക്കില്ല എന്നുമാണല്ലോ നമ്മുടെ ഓരോരുത്തരുടെയും ധാരണ
സ്പീഡില്‍ പോയാലും പതുക്കെ പോയാലും മഴ മുഴുവനായും കൊള്ളും. പിന്നെ എന്തിനാണീ സ്പീഡ് .
ഒന്നുകില്‍ എവിടെയെങ്കിലും കയറി നില്‍ക്കുക അല്ലെങ്കില്‍ അപകടകരമല്ലാത്ത വേഗതയില്‍ വണ്ടി ഓടിക്കുക.
എന്തായാലും ഒരു ബസിന്റെ പിറകെ പിടിച്ചു പോയ അവര്‍ക്ക് ബസ് പെട്ടെന്ന് ബ്രേക്ക്‌ ചെയ്തപ്പോ
ചവിട്ടിയിട്ടു കിട്ടിയില്ല
ബസില്‍ പോയിടിച്ചു രണ്ടു പേരും തെറിച്ചു വീണത്
എന്റെ മുന്‍പിലായിരുന്നു.
അന്ന് ഹെല്‍മറ്റ് നിര്‍ബന്ധമല്ലാത്തത് കൊണ്ട് അതിട്ടു പോകുന്നത് കാണുന്നത് തന്നെ വളരെ അപൂര്‍വ്വമാണ്
ഒരാള്‍ റോഡിലേക്ക് തലയിടിച്ചു വീണു മറ്റൊരാളുടെ മുഖം ബസിലാണ് പോയി ഇടിച്ചത് ഞാന്‍ നോക്കുമ്പോള്‍ മൂക്കും ചുണ്ടും ഒന്നും കാണുന്നില്ല .
മൊത്തം രക്തം മാത്രം .പക്ഷെ അപ്പോഴും ആ കുട്ടിയുടെ ബോധം നഷ്ട്ടപ്പെട്ടിടില്ലായിരുന്നു
ഇറങ്ങി മുന്‍പില്‍ കണ്ട ഓട്ടോക്ക് കൈ കാണിക്കുമ്പോഴേക്കും ആളുകള്‍ ഓടി കൂടി.
രണ്ടു പേരെയും കയറ്റാന്‍ സ്ഥലമില്ലത്തത് കൊണ്ട് ആദ്യം ഒരാളെ ഒട്ടോയിലേക്ക് കയറ്റുമ്പോഴേക്കും ഒരു കാറുകാരന്‍ എത്തി കാറിലേക്ക് വെച്ച് കൊടുക്കുമ്പോള്‍ ശ്വാസമെടുക്കാന്‍ ബുധിമുട്ടിക്കൊണ്ട് അവന്‍ കൂടിയവരെല്ലാം മാറി മാറി നോക്കി കൊണ്ടേ ഇരുന്നു.
പോലീസ്സ്റ്റേഷന്‍ തൊട്ട അടുത്ത് തന്നെ ആയതു കൊണ്ട് അപ്പോഴേക്കും പോലീസെത്തി . സഹയാത്തിനു നാട്ടുകരിലോരാളെ കൂടി കൂട്ടി പോലീസ് തന്നെയാണ് രണ്ടാമത്തെ ആളുമായി ആശുപത്രിയിലേക്ക് പോയത്.
നിര്‍ഭാഗ്യവശാല്‍ അതില്‍ ഒരാളെ മാത്രമേ രക്ഷപ്പെട്ടുള്ളൂ .
വണ്ടി നിര്‍ത്താനും കൊണ്ട് പോകാനും ഒരു പത്ത് മിനിറ്റ് നേരത്തേക്കെങ്കിലും ഓടികൂടിയവര്‍ അലംഭാവം കാണിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ആ രണ്ടു ജീവനും റോഡില്‍ നഷ്ട്ടപ്പെടുമായിരുന്നു.
ഈ അടുത്ത സമയത്തൊരിക്കല്‍ രാത്രി സമയത്ത് കല്ലായി വെച്ചു ഇത് പോലെ ഒരു ബൈക്കും ഓട്ടോയും ഇടിച്ചതിനും സാക്ഷിയാകേണ്ടി വന്നു .
ജസ്നയോട് നീ ഇവടെ നിക്കെന്നു പറഞ്ഞു അവളെയും മക്കളെയും ഒരു ഷോപിന്റെ ഇറയത്ത് നിര്‍ത്തി
ക്രോസ് ചെയ്തു പോകുമ്പോഴേക്കും അവിടെ ഉള്ള പിള്ളേര്‍ എവിടെന്നോക്കെയോ ഓടി കൂടിയിരുന്നു.
നിങ്ങള്‍ പൊയ്ക്കോളി ഇക്ക
ഫാമിലി ഉള്ളതല്ലേന്നു പറഞ്ഞു എന്നെ പറഞ്ഞയച്ചു അവര്‍ ആളെ ഓട്ടോയില്‍ കയറ്റി കൊണ്ട് പോയി.
എന്തോ ഭാഗ്യം കൊണ്ട്
ഇത് വരെ മനുഷ്യതതമുള്ളവരെ മാത്രമേ മുന്‍പില്‍ കണ്ടിട്ടുള്ളൂ അഭിമാനത്തോടെ അല്ലാതെ ഒരിക്കലും അവരെ ഓര്‍ക്കാനും കഴിയില്ല .
എന്നാല്‍ മറ്റു ചിലപ്പോള്‍
റോഡില്‍ രക്തം വാര്‍ന്നു കിടക്കുന്ന മനുഷ്യന്റെ ജീവന്‍ പൊലിയുന്നതിനു ഒരു കൂട്ടം ആളുകള്‍ കാഴ്ചക്കാര്‍ മാത്രമാകുന്നു എന്നുള്ളത് കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്.
എങ്ങിനെയാണ് മനസ്സെന്ന സാധനമുള്ള ഒരു മനുഷ്യന്
തന്റെ മുന്നില്‍ ഒരു ജീവന്‍ പിടഞ്ഞു തീരുന്നത് ഒന്നും ചെയ്യാന്‍ ശ്രമിക്കാതെ നിര്‍വ്വികാരനായി നോക്കി നില്‍ക്കാന്‍ കഴിയുക. എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല .
എന്താണ് അവരുടെ കാലുകള്‍ പുറകോട്ടു വലിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്
ഇസ്തിരി ചുളിയുമെന്നതോ ?
ഡ്രസ്സില്‍ ചോര കറ ആകുമെന്നതോ ?
ജീവിതത്തിലെ അല്‍പ സമയം നഷ്ട്ടപ്പെടുമെന്നതോ?
വീണു കിടക്കുന്നത് നമ്മുടെ ആരും അല്ലാത്തതോ ?
അതോ ഫേസ് ബുക്കില്‍ ഇട്ടു ലൈക്‌ വാങ്ങാന്‍ അത്ര എളുപ്പമുള്ള കേസല്ല എന്നതോ .. ?
ഇത്തരം വാര്‍ത്തകള്‍ എപ്പോഴും വായിക്കുന്നത് വല്ലാത്തൊരു പേടിയോടെയാണ് .
ഒന്നോര്‍ക്കുക നിങ്ങളെ പുറകോട്ടു വലിക്കുന്ന കാരണം എന്തു തന്നെ ആയാലും
അത് ഒരു മനുഷ്യന്റെ ജീവനോളം വരില്ല .
ഒരു പ്രത്യേക ആള്‍ക്കാരെ ആരെങ്കിലും ഏല്‍പ്പിച്ചു കൊടുത്ത ജോലിയല്ല ഒരു മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുക എന്നത് മനസ്സിലാക്കുക.
അത് നമ്മുടെ ഒരോരുത്തരുടേയും കടമയാണ് .
എനിക്കെന്റെ എളാപ്പയെയും സ്വന്തം മക്കളെപ്പോലെ എന്നെയും സ്നേഹിച്ചിരുന്ന കുട്ട്യേട്ടനെയും നഷ്ട്ടപ്പെട്ടതും രണ്ടു വ്യത്യസ്ത റോഡപകടങ്ങളില്‍ ആണ്.
ഇന്നു റോഡില്‍ കിടന്നത് നമുക്കൊരു പരിചയവുമില്ലത്ത ആരുടെയോ ആരോ ആയിരുന്നെങ്കില്‍
നാളെ അത് നമ്മുടെ ഉറ്റവരോ അതോ നമ്മളോ തന്നെ ആയെക്കാം.
ഇന്നലെ കേട്ട വാര്‍ത്ത അവസാനത്തെതാകട്ടെ .
ആവിശ്യത്തിന് ആവിശ്യമുള്ള നേരത്ത് നമ്മുടെ ഓരോരുത്തരുടെയും മനസ്സും കൈകാലുകളും ഉണര്‍ന്നു പ്രവര്‍ത്തിക്കട്ടെ .

Saturday, 27 April 2019

പ്രേം നസീര്‍

സിനിമ പ്രേമിയായ ചിറയിന്‍ കീഴ്കാരനായ ഷാഹുല്‍ ഹമീദിന് രണ്ടു മക്കളായിരുന്നു അബ്ദുല്‍ വഹാബും അബ്ദുല്‍ ഖാദറും. അച്ഛന്‍ സിനിമ പ്രേമത്തിന്റെ പ്രേരണയില്‍ നിന്നോ അല്ലാതെയോ രണ്ടു പേരും ജീവിതത്തില്‍ പിന്നീട് വന്നെത്തിതും നിറഞ്ഞാടിയതും സിനിമയുടെ വെള്ളി വെളിച്ചത്തിലായിരുന്നു. 
ഇത്തരം പേരുകളുമായി തുടരുക എന്നത് അന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ ഉചിതമായിരിക്കില്ല എന്നത് മുന്‍കൂട്ടി കണ്ടു കൊണ്ടാകണം രണ്ടു പേര്‍ക്കും പുതിയ ചലചിത്ര നാമങ്ങള്‍ നല്‍കപ്പെട്ടത്‌.
അതിനായി നിയോഗിക്കപ്പെട്ട തിക്കിറുശ്ശി സുകുമാരന്‍ നായര്‍ അങ്ങിനെ അബ്ദുല്‍ വഹാബിനെ പ്രേം നവാസ് എന്നും അബ്ദുല്‍ ഖാദര്‍നെ പ്രേം നസീര്‍ എന്നും വിളിച്ചു.
പ്രേം നവാസായിരുന്നു ആദ്യം സിനിമ പ്രവേശം നടത്തിയത്.
മലയാളത്തിലെ ആദ്യ കളര്‍ ചിത്രമായ കണ്ടം വെച്ച കോട്ടിലെ നായക നടനും പ്രേം നവാസായിരുന്നു.
രണ്ടു പേരും തമ്മിലുള്ള രൂപ സാദൃശ്യം കൊണ്ട് പ്രേം നവാസ് അസുഖമായി കിടന്ന സമയത്ത് പകുതി നിന്ന് പോയ സിനിമയുടെ ബാക്കി പ്രേം നസീറിനെ വെച്ച് ചെയ്തു തീര്‍ത്തിട്ടുണ്ട് എന്നും പലപ്പോഴും ഡ്യൂപ്പ് ആയി ഉപയോഗിച്ചിട്ടുണ്ട് എന്നും പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
പിന്നീട് പ്രേം നവാസ് പ്രേം നസീറിനു വഴി മാറുകയും സിനിമ നിര്‍മ്മാണ രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധ തിരിക്കുകയും ചെയ്തു.
താരപ്രഭ കൊണ്ട് മാത്രമല്ല. ലാളിത്യ പൂര്‍ണമായ പെരുമാറ്റം കൊണ്ടും താന്‍ ഇടപഴകുന്ന സകലരുടെയും മനസ്സില്‍ സ്ഥാനം ഉറപ്പിക്കാനും ജനപ്രീതിയാര്‍ജ്ജിക്കാനും അദ്ദേഹത്തിനു സാധിച്ചു, തനിക്കും മുന്‍പും ശേഷവും അവര്‍ത്തിക്കപ്പെടാന്‍ കഴിയാത്ത വിധത്തിലുള്ള ജനസമ്മതിയും താരപദവിയും നേടിക്കൊണ്ട്
മലയാള സിനിമയില്‍ നിറഞ്ഞാടുന്ന ഒറ്റപ്പെട്ട സാക്ഷ്യമായി മാറി.
725 ഓളം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചു തീര്‍ത്തത്.
ഇതിലും 700 ചിത്രങ്ങളിലും നായക വേഷം കൈകാര്യം ചെയ്തത് പ്രേം നസീര്‍ തന്നെ ആയിരുന്നു.
85 ഓളം നടിമാര്‍ അദ്ദേഹത്തിന്റെ നായികമാരായി.
ശീലയോടൊപ്പം മാത്രം 130 ഓളം ചിത്രങ്ങളില്‍ നായക വേഷം അണിഞ്ഞിട്ടുണ്ട് .
ഈ കണക്കുകളില്‍ പലതും ലോക റെക്കോര്‍ഡ്കള്‍ ആണ്.
എന്നാല്‍ പ്രേം നസീര്‍ എന്ന താരത്തിന് മറികടക്കാന്‍ കഴിയാത്ത വിധത്തിലുള്ള ഇടപെടലുകളും കര്‍മ്മങ്ങളും പ്രേം നസീര്‍ എന്നാ വ്യക്തി തന്റെ ജീവിത കാലയളവില്‍ ചെയ്ത് തീര്‍ത്തിട്ടുണ്ട് എന്നത് കൂടെ കൂട്ടിച്ചേര്‍ക്കുമ്പോഴേ അദ്ദേഹത്തിന്റെ ചിത്രം പൂര്‍ണ്ണമായി മാറുന്നുള്ളൂ.
ശാര്‍ക്കര ദേവീ ക്ഷേത്രത്തില്‍ മുഹമ്മദീയനായ അബ്ദുല്‍ ഖാദര്‍ തന്റെ നേര്‍ച്ചയായി ഒരു ആനയെ നടയിരുത്തി എന്നത.അസഹിഷ്ണുതയും മത വൈര്യവും നിറഞ്ഞ വര്‍ത്തമാന കാലത്ത് നിന്നു കൊണ്ട് എത്ര പേര്‍ക്ക് ഉള്‍ക്കൊള്ളാനാകും ?
ജനോപകാരപ്രദമായ പല പ്രസ്ഥാനങ്ങള്‍ക്കും വേണ്ടിയുള്ള ഒരു സാമ്പത്തിക സ്രോതസ്സായി അദ്ദേഹം തന്റെ നേട്ടങ്ങളെയും സമ്പത്തിനെയും വിനിയോഗിച്ചിരുന്നു എന്നതിന്റെ ചില ഉദാഹരങ്ങള്‍ മാത്രമാണ് പാലക്കുന്ന് ലൈബ്രറിയും കൊന്തല്ലൂര്‍ സ്കൂളുംചിറയിന് കീഴ് ആശുപത്രിയുമെല്ലാം.
മദിരാശിയില്‍ ഭാഗ്യ പരീക്ഷണത്തിനെത്തിയ സിനിമ പ്രവേശത്തിന്റെ ആരംഭ കാലത്തില്‍ താമസവും ജീവിക്കാന്‍ വേണ്ട ചുറ്റുപാടും ചെറിയ അവസരങ്ങളും ഒരുക്കി കൊടുത്തത് മലയാളത്തിലും തമിഴിലും അന്നൊരു പോലെ തിളങ്ങി നിന്ന ടി.എസ് മുത്തയ്യ ആയിരുന്നു,
മുത്തയ്യയുടെ ജീവിതത്തിന്റെ അവസാന നാളുകള്‍ ദുരന്ത പൂര്‍ണ്ണമായപ്പോള്‍
അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടായിരുന്നു പ്രേം നസീര്‍ എന്ന മനുഷ്യന്‍ അതിന് പ്രത്യുപകാരം ചെയ്തത്.
അത് പോലെ തന്നെ ഏതെങ്കിലും സിനിമ സാമ്പത്തിക നഷ്ടത്തില്‍ കലാശിച്ചാല്‍ നിര്‍മ്മാതാവ് തന്നെ വന്നു കണ്ടിട്ടില്ലെങ്കില്‍ ആളെ വിട്ടു നിര്‍മ്മാതാവിനെ വിളിപ്പിച്ചു പുതിയ പടത്തിനുള്ള ഡേറ്റ് കൊടുക്കുകയും
പോയ പൈസ തിരിച്ചു പിടിക്കണം എന്ന് പറഞ്ഞു കൈ പിടിച്ചുയര്ത്തി കൊണ്ട് വരുക എന്നൊരു ശീലവും അദ്ദേഹം അനുവര്‍ത്തിച്ചിരുന്നു.
മുടങ്ങാതെ ബന്ധു വീടുകള്‍ സന്ദര്‍ശിക്കുക
ഷൂട്ട്‌ നടക്കുമ്പോള്‍ തന്റെ വീട്ടില്‍ നിന്നും സെറ്റിലുള്ളവര്‍ക്ക് ആഹാരം
കൊണ്ട് പോകുക എന്നിങ്ങനെ ഉള്ള ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും
അദ്ദേഹം സന്തോഷവും ആനന്ദവും കണ്ടെത്തിയിരുന്നു .
തന്റെ താരപൊലിമയില്‍ വെട്ടി തിളങ്ങി നില്‍ക്കുമ്പോഴും സാദാരണക്കാരെയും തന്റെ ആശ്രിതരെയും പൊതു ജനങ്ങളെയും മറന്നില്ല എന്നതാണ് താരം എന്നതിലുപരി ..
പ്രേം നസീര്‍ എന്നാ മനുഷ്യന്റെ മാറ്റ് കൂട്ടുന്നത്.

ടി.വി



പ്രായമായവര്‍ ശെയ്ത്താന്‍ പെട്ടി എന്നും 
സമയം കൊല്ലി എന്നും പേരിട്ടു വിളിച്ചിരുന്ന കാലത്ത് ഒരു ടി.വി വീട്ടില്‍ എത്തിയത് തന്നെ വലിയ ഭാഗ്യമായിരുന്നു.
ആ പതിനാലു ഇഞ്ച് ബ്ലാക്ക്‌ & വൈറ്റ് ടി.വി യുടെ സ്ക്രീനില്‍ എന്ത് തെളിഞ്ഞാലും മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുമായിരുന്നു . 
ആഴ്ചയിലൊരിക്കല്‍ മാത്രം റേഷന്‍ പോലെ ലഭിച്ചിരുന്ന രാംഗോലിയും ചിത്രഹാറും ഹിന്ദി സിനിമകളുമെല്ലാം ആവോളം ആസ്വദിച്ചിരുന്നു,
രണ്ടാം ശനി രാവിലെ മാത്രം കാത്തിരുന്ന കിട്ടുന്ന തമിഴ് സിനിമയുടെ സമയത്ത് ഏതെങ്കിലും ലൈവ് സ്പോര്‍ട്സ് ടെലികാസ്റ്റ് ആണ് എന്നറിയുമ്പോ 
നിരാശപ്പെട്ട പോലെ പിന്നീടൊരിക്കലും നിരാശപ്പെട്ടിട്ടില്ല.
ദൂരദര്‍ശനില്‍ മലയാളം സംപ്രേഷണം ആരംഭിച്ച സമയത്ത് വാര്‍ത്താ വായനക്കാര്‍ക്കും അവതാരകര്‍ക്കും സൂപ്പര്‍ താര പരിവേഷമായിരുന്നു. 
പിന്നീട് പതിയെ പ്രോഗ്രാമുകളുടെ എണ്ണം കൂടി . 
പതിമൂന്നു എപ്പിസോഡുകള്‍ ഉള്ള സ്പോണ്‍സേഡ്‌ സീരിയലുകള്‍ മലയാളത്തിലും എത്തി. 
ഞായറാഴ്ചകളില്‍ സിനിമകള്‍ സംപ്രേഷണം ചെയ്യാന്‍ തുടങ്ങി.മലയാള സിനിമക്കിടയില്‍ കയറി വരുന്ന വാര്‍ത്തകള്‍ തുടങ്ങുന്നതിനു മുന്‍പ് ആരാണ് വായിക്കുന്നത് ഊഹിച്ചു പറയാന്‍ കുട്ടികള്‍ പന്തയം വെക്കാറുണ്ടായിരുന്നു. 
മണ്ടന്‍ കുഞ്ചുവും ഹീ മാനും ജെയിന്‍ റോബോട്ടുമെല്ലാം പ്രിയപ്പെട്ടവരായിരുന്നു.
സിന്ധോള്‍ സോപ്പിന്റെ പഴയ പരസ്യവും
മിലെ സുരു മേരാ തുമാരയുമെല്ലാം
ഇപ്പോഴും യൂ ട്യൂബില്‍ കാണുമ്പോള്‍ ആദ്യമായി കണ്ട അതെ അനുഭൂതിമനസ്സില്‍ വന്ന് നിറയുന്നതിന്റെ രഹസ്യമെന്തായിരിക്കും ?

ബറാത്ത്

ചിരട്ടയില്‍ കുറച്ചു മണ്ണും മൂന്നു ചന്ദന തിരിയും ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് അല്ലറ ചില്ലറ പൈസ ഈസി ആയി സമ്പാദിക്കാന്‍ പറ്റുന്ന ഒരു ദിവസം കൂടിയായിരുന്നു ബറാത്ത് രാവ് .
ചിരട്ടയിലോ ചെറിയ പാത്രത്തിലോ മണ്ണ് നിറച്ച്
അതില്‍ കുറച്ചു ചന്ദന തിരികളും കുത്തി
"ബറാത്തോ ..
ബര്‍ക്കത്തോ ..
തങ്ങളെ പള്ളിക്ക് സുന്നത്തോ
എല്ലാവര്‍ക്കും റഹ്മത്തോ ..
ലാ ഇലാഹ ഇല്ലല്ലഹ് .
മുഹമ്മദ്‌ യാ റസൂലുല്ലാഹ് "
എന്നും ചൊല്ലി വീടുകള്‍ കയറി ഇറങ്ങിയാല്‍ വീട്ടിലുള്ളവര്‍ സന്തോഷത്തോടെ കുട്ടികള്‍ക്ക് പൈസ എടുത്തു തരും.ബറാത്ത് ചൊല്ലി വരുന്ന കുട്ടികള്‍ക്ക് കൊടുക്കാനായി അധിക പേരും ഇരുപത്തി അഞ്ചു പൈസയുടെയും അമ്പതു പൈസയുടെയും ഒക്കെ ചില്ലറ തുട്ടുകള്‍ മഗ്രിബിന് മുന്‍പേ റെഡി ആക്കി വെച്ചിട്ടുണ്ടാകും.
ഇഷാ കഴിഞ്ഞായിരിക്കും എല്ലാവരും ബറാത്ത് ചൊല്ലി ഇറങ്ങുക.
ചൊല്ലി വരുന്ന കുട്ടികളുടെ വലുപ്പത്തിനനുസരിച്ച് അമ്പതും പൈസയും ഇരുപത്തി അഞ്ചു പൈസയും മാറി മാറി നല്‍കും.
ഇടക്ക് വെച്ച് ചില്ലറ തീര്‍ന്നു പോയാലും ചില വീട്ടുകാര്‍ ബറാത്ത് ചൊല്ലി വരുന്ന കുട്ടികളുടെ അടുത്ത് നിന്ന് തന്നെ ചില്ലറ മാറി വെക്കും.
അങ്ങിനെ മാറാന്‍ ബാക്കി ഇല്ലാത്ത വീട്ടുകാര്‍ പിന്നെ വരുന്ന കുട്ടികളോട് ചൊല്ലി തുടങ്ങുന്നതിനു മുന്‍പ് തന്നെ ചില്ലറ തീര്‍ന്നു പോയി മക്കളെ ഇനി ചൊല്ലി വിഷമിക്കണ്ട എന്ന് ചൊല്ലി തുടങ്ങുന്ന മുന്‍പേ സ്നേഹത്തോടെ മുന്നറിയിപ്പ് നല്‍കും.
ചന്ദന തിരിയുടെ ഇത്തിരി വെട്ടത്തില്‍ നിന്നും കുട്ടികള്‍ വരുന്നുണ്ട് എന്നത് ദൂരെ നിന്ന് തന്നെ മനസ്സിലാക്കാം .
ഇങ്ങനെ അത്യാവിശ്യം പൈസ സമ്പാദിക്കാനുള്ള സാധ്യത പരമാവധി ഉപയോഗപ്പെടുത്താന്‍ കുട്ടികള്‍ എല്ലാവരും ഒന്നിച്ചു തയ്യാറെടുക്കുമ്പോഴും
എന്നെ മാത്രം വല്ലിമ്മ (ഉമ്മയുടെ ഉമ്മയുടെ ഉമ്മ ) ഇതിനൊന്നും പറഞ്ഞയക്കില്ല.
ഇങ്ങനെ വീട് കയറി ഇറങ്ങുന്ന പരിപാടിക്കൊന്നും നില്‍ക്കരുത് എന്ന് ആദ്യമേ കണ്ണുരുട്ടി കര്‍ശന നിര്‍ദേശം തരും.
വല്ലിമ്മയുടെ വാക്കിനു മുകളില്‍ വീട്ടില്‍ ഒരില പോലും അനങ്ങില്ല.
അതിപ്പോ ആര് വന്നു റെക്കമന്റ് ചെയ്താലും
ഒരു കാര്യവുമില്ല.
എന്തെങ്കിലും ശുപാര്‍ശയുമായി ചെല്ലാനും പോലും ആര്‍ക്കും ധൈര്യമുണ്ടാകാറില്ല എന്ന്
പറയുന്നതാവും ശരി.
തൊടീലുള്ള ബാക്കി കുട്ടികള്‍ എല്ലാവരും ആഘോഷമാക്കി വീടുകള്‍ കയറി ഇറങ്ങി ബറാത്ത് ചൊല്ലി കൊണ്ടിരിക്കുമ്പോ ഞാന്‍ മാത്രം കൊലായിന്റെ ഗ്രില്ലും പിടിച്ചും ഇതെല്ലം കണ്ടോണ്ടിരിക്കും.
അവസാനം ഞാനിങ്ങനെ മുട്ട കച്ചവടത്തില്‍ നഷ്ടം വന്നു എല്ലാം നഷ്ടപ്പെട്ട അണ്ണാനെ പോലെ ഇരിക്കുന്നത് കാണുമ്പോ ഏറ്റവും തൊട്ട അടുത്ത വീടായ സുന്ദരേട്ടന്റെ വീട്ടില്‍ മാത്രം പോയി ചൊല്ലി പോന്നോളാന്‍‍ സമ്മതം തരും.
കേള്‍ക്കേണ്ട താമസം ഓടി പോയി കിട്ടിയ ഗ്ലാസ്സിലോ പാത്രത്തിലോ കുറച്ചു മണ്ണും വാരിയിട്ടു ചന്ദന തിരിയും കത്തിച്ചു അങ്ങോട്ടേക്കൊടും.
ചൊല്ലി കഴിയുമ്പോ എല്ലാ മനസ്സിലാക്കി
കള്ള ചിരിയോടെ ബേബി അക്ക കയ്യില്‍ വെച്ച് തരുന്ന ഒറ്റ രൂപ നാണയം പോക്കറ്റിലിട്ടു പാലായ്ക്കയും കുടിച്ചു ബറാത്ത് രാവ് ആഘോഷിക്കും.
വല്ലിമ്മയുടെ ഈ കര്‍ശനം നിലപാട് വിട പറഞ്ഞു പോകുന്നത് വരെ എന്റെ എല്ലാ കാര്യങ്ങളിലും ഉണ്ടായിരന്നു.
ഒരു സ്ഥലത്ത് പോലും എന്റെ തല കുനിയാതിരിക്കാന്‍ വല്ലിമ്മ തീര്‍ത്തൊരു സംരക്ഷണ കവചം എനിക്ക് ചുറ്റും എപ്പോഴുമുണ്ടായിരുന്നു.
എന്നെ വേറൊരാളും ചീത്ത പറയാനോ അടിക്കാനോ
വല്ലിമ്മ സമ്മതിക്കാറില്ല .
അതിപ്പോ എന്റെ ഉമ്മ ആയാലും ശരി.
ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോ
ഒരു ദിവസം പുലര്‍ച്ചെ രണ്ടു രണ്ടര മണിക്കാണ് വല്ലിമ്മാക്ക് നെഞ്ചു വേദന വരുന്നത്.
വല്ലിമ്മയുടെ തൊട്ട അടുത്തുള്ള കട്ടിലിലായിരുന്നു സ്ഥിരമായി എന്റെ കിടപ്പ്.
അസ്വസ്ഥ അനുഭവപ്പെട്ട ഉമ്മ ബെഡില്‍ ഇരുന്നു ലൈറ്റ് തെളിയിച്ചു.
അപ്പോഴേക്കും ഉണര്‍ന്ന ഞാന്‍ ബാക്കി ഉള്ളവരെ വരെയെല്ലാം വിളിച്ചുണര്‍ത്തി.
ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ അമ്മാവന്‍ ടാക്സി വിളിക്കാനായി കയ്യില്‍ കിട്ടിയ ഷര്‍ട്ടും ഇട്ടു കൊണ്ട് പുറത്തേക്കോടി.
ഞാന്‍ ചെന്ന് ഉമ്മയുടെ അടുത്തിരുന്നു.
വണ്ടി ഇപ്പൊ വരും ഒന്നുമില്ല
ഇപ്പൊ ആശുപത്രീല്‍ പോകാം
എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു.
പോകാറായി എന്ന് ഉറപ്പായത് കൊണ്ടാകണം
ഉമ്മ എന്റെ കൈകളില്‍‍ മുറുകെ പിടിച്ചതും കണ്ണുകളിലേക്ക് നോക്കിയതും.
വണ്ടി എത്തിയോ എന്ന് ഞാന്‍ കോലായിലേക്ക് പോയി നോക്കാന്‍ എണീക്കാന്‍ ഒരുങ്ങുമ്പോഴേക്കും പോകാന്‍ അനുവദിക്കാതെ ഉമ്മ എന്നെ രണ്ടു കൈകള്‍ കൊണ്ടും ചേര്‍ത്ത് പിടിച്ചു ഉമ്മ വെച്ചു കൊണ്ടേ ഇരുന്നു.
അങ്ങിനെ ചേര്‍ത്ത് പിടിച്ചു കൊണ്ട് തന്നെ ഉമ്മ യാത്ര പറഞ്ഞു പോയി.
ഡോക്ടര്‍ വന്നു പോയി എന്ന് ഉറപ്പാക്കിയപ്പോ
ഒരു ഞെട്ടലായിരുന്നു.
എല്ലാം പെട്ടെന്ന് കഴിഞ്ഞു .
നേരം പുലര്‍ന്നു ഫോണ്‍ വിളിച്ചു അറിയിക്കാന്‍ കഴിയുന്നവരെ ഫോണ വിളിച്ചു നേരിട്ട് പോയി അറിയിക്കേണ്ടവരെ അങ്ങിനെയും അറിയിച്ചു കൊണ്ടിരുന്നു .
മറ മാടി വന്ന ശേഷം വല്ലിമ്മയെ ആവ്സാനമായി കിടത്തിയിരുന്ന ഇരുപ്പില്‍ തനിച്ചിരുന്നു ഒരുപാട് നേരം കരഞ്ഞു .
പടച്ചവന്റെ വിളിക്കുത്തരം നല്‍കി കഴിഞ്ഞാല്‍ എത്ര പ്രിയപ്പെട്ടവരായാലും കരയാനും പ്രാര്‍ഥിക്കാനുമാല്ലാതെ നമുക്ക് മറ്റെന്താണ് കഴിയുക...
ഞാനതൊരിക്കലും മുടക്കാറില്ല ഉമ്മ ..
പടച്ചോന്‍ പരലോക ജീവിതം റാഹത്തുള്ളതാക്കി തരട്ടെ.. (ആമീന്‍)

Wednesday, 13 February 2019

ചുമര്‍ ചിത്രങ്ങള്‍

താമസം മാറിയത് പ്രമാണിച്ച് പെട്ടിയില് നിന്നും സാധനങ്ങളടുക്കി വെക്കുന്നതിനിടയിലാണ് ഈ വാച്ച് കണ്ണില് പെട്ടത്.
അവളും മോളും ഇവിടെ വന്ന സമയത്ത് ഏതോ കടയില് നിന്നും സെയില്സമാന് കയ്യില് വെച്ച് കൊടുത്തതാണ്.
പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനമായതു കൊണ്ടായിരിക്കണം അവളതു നിലത്തു വെക്കാറെ ഇല്ലായിരുന്നു .
ഏതു നേരവും ഇതും കെട്ടി കൊണ്ടേ നടക്കൂ..
ഉറങ്ങാന് കിടക്കുമ്പോ പോലും അഴിച്ച് വെക്കാന് പറഞ്ഞ കേള്ക്കാറില്ല.
അവള് വരുമ്പോഴേക്കും ഞാന് വാങ്ങി വെച്ചിരുന്നൊരു വാച്ച് ഇടക്കെങ്കിലുമൊന്ന് കെട്ടി കാണാന് ചില്ലറ ഒന്നുമല്ല സങ്കടമഭിനയിച്ചിരുന്നത്.
എന്റെ ബുദ്ധിപൂര്വ്വമുള്ള സൂക്ഷ്മാഭിനയത്തില് വീണ് പുറത്തേക്കിറങ്ങുമ്പോഴൊക്കെ അവളത് കെട്ടാന്തയ്യാറാകുമെങ്കിലും തിരിച്ച് വീട്ടിലേക്കു കയറി വന്ന ഉടനെ അതൂരികളഞ്ഞ് ഇത് തന്നെ എടുത്തു കെട്ടും.
നാട്ടിലേക്ക് തിരിച്ചു പോകുന്ന വരെയും ഇത് തന്നെയായിരുന്നു സ്ഥിതി .
ഇന്നലെ പ്രതീക്ഷിക്കാതെ പെട്ടെന്നിത് കയ്യില് കിട്ടിയപ്പോ അവരിവിടുണ്ടായിരുന്ന ഒരു മാസം മുഴുവന് കണ്മുന്നിലൂടെ മിന്നി മറഞ്ഞു പോയി.
വൈകീട്ട് വിളിച്ചപ്പോ മറ്റു സംസാരങ്ങള്ക്കിടയില്
നീ എന്തെ മോളിവിടെ കെട്ടി കൊണ്ട് നടന്നിരുന്ന
വാച്ചെടുക്കാതെ പോയതെന്നന്വേഷിച്ചപ്പോ
മറുപടി ഇങ്ങനെ ആയിരുന്നു .
"അത് ഞാന് മനപ്പൂര്വ്വം വെച്ചത് തന്നെയാ..
അത് കിട്ട്യാ ഇങ്ങള് നല്ലോണം സൂക്ഷിച്ചു വെച്ചോളുമെന്നനിക്കറിയാമായിരുന്നു"
അത് ശരിയാണ് ..
ഇതിനി ഇവിടെ തൂങ്ങി കിടക്കട്ടെ .
ഒരു ദിവസത്തെ എല്ലാ യുദ്ധങ്ങളും കഴിഞ്ഞ്
കട്ടിലിലിങ്ങനെ ചാഞ്ഞ് കിടക്കുമ്പോ
ഓര്ക്കാനിഷ്ടമുള്ള ചിത്രങ്ങള് ഉറങ്ങുന്നതിനു മുന്പ് 
ചുമരില്തെളിഞ്ഞു കാണാമല്ലോ .. 💞

ദുരാഗ്രഹം













കഴിഞ്ഞു പോയനുഭവങ്ങളും
കണ്ടു മറക്കാത്ത സ്വപ്നങ്ങളു
മൊരു പോലെ തന്നെയാണ്.
കഴിഞ്ഞു പോയാ പിന്നെ
രണ്ടുമോര്‍‍ത്തിരിക്കാനേ പറ്റൂ..
ഏറെ ഇച്ഛിച്ചിരുന്ന
നടക്കാന്‍ തരമില്ലാത്തൊരു ദുരാഗ്രഹം
ഒരിക്കലെന്നെയും തേടി
സ്വപ്നത്തിലൂടെ‍ വന്നിരുന്നു .
മറക്കാനിഷ്ടമില്ലാത്ത സത്യങ്ങളെ
സ്വപ്നത്തിലെന്ന പോലെ ഓര്‍ത്തിരിക്കുമ്പോ..
ക്ഷണിക്കാതെ കയറി വന്നയാ
ദുരാഗ്രഹത്തെ സത്യമെന്ന പോലെ-
ഓര്‍ത്തിരിക്കാനാണെനിക്കിഷ്ടം.

എങ്ങിനെ മറക്കും

ഒരിക്കല്‍ അനുഗ്രഹീത ഗായകനും സംഗീത സംവിധായകുമായിരുന്ന ഉദയബാനു സര്‍ നെ കാണാന്‍ ഒരു വൃദ്ധന്‍ വസതിയിലെത്തി.
മുഷിഞ്ഞ കുപ്പായവുമണിഞ്ഞ് അവശനായിരുന്ന അയാളുടെ ആവിശ്യം ആകാശവാണിയില്‍ പാടാനുള്ള ഒരവസരമായിരുന്നു,
ഒരു കാലത്ത് സൂപ്പര്‍ സ്റ്റാര്‍ പരിവേഷമുണ്ടായിരുന്ന വലിയ ഗായകന്റെ അവസാന കാലത്തെ അവസ്ഥയായിരുന്നു ഇത്.
ആ അവസ്ഥയിലും അദ്ദേഹത്തിനു സംഗീതം എന്നത് മാറ്റി നിര്‍ത്താന്‍ പറ്റാത്ത ഒന്നായിരുന്നു .
ഈ ഉദയബാനു സര്‍ തന്നെ തന്റെ സ്കൂള്‍ കാലഘട്ടത്തില്‍ കോഴിക്കോട് അബ്ദുല്‍ ഖാദര്‍ പാടി തകര്‍ത്തിരുന്ന വേദികള്‍ ഒന്ന് അടുത്ത് കാണാന്‍ പോലും സാധിക്കാതെ ആള്‍ക്കൂട്ടത്തില്‍ ഒരാളായി നിന്നിട്ടുണ്ട് .
കോഴിക്കോടിന്റെ സംഗീത സംസകാരത്തിന്റെ
സംഭാവനകളായിരുന്നു അബ്ദുല്‍ ഖാദറും ബാബുക്കയുമെല്ലാം ..
സിനിമയോ നാടകമോ ഒന്നും സംഗീത വഴിയിലൂടെ നടക്കാന്‍ ഇവര്‍ക്ക് പ്രലോഭാനാമയിരുന്നില്ല .
മറിച്ച് ..സംഗീതം തന്നെ ആയിരുന്നു ഇവരുടെ ജീവിതം.

ചെറുപ്പകാലത്ത് ചര്‍ച്ച് ഗായകനായിരുന്നു ലെസ്ലി . 
പകല്‍ പള്ളിയില്‍ വയലിന്‍ വായിക്കുകയും സന്ധ്യയായാല്‍ ഉത്തരേന്ത്യന്‍ മെഹഫിലുകള്‍ തേടി പോകുകയും പാതിരാത്രി കയറി വരികയും ചെയ്തിരുന്ന മകനെ ഉത്തവരാദിത്തമുള്ള വ്യക്തിയാക്കി മാറ്റാന്‍ അവന്റെ പതിനേഴാമത്തെ വയസ്സില്‍ ബര്‍മ്മയില്‍ ഉള്ള തന്റെ സഹോദരിയുടെ അടുത്തേക്ക് പറഞ്ഞയച്ചു.
പക്ഷെ ..
എവിടെയെത്തിയാലും തന്റെ രക്തത്തിലലിഞ്ഞു ചേര്‍ന്നിട്ടുള്ള സംഗീതത്തെ നഷ്ട്ടപ്പെടുത്താന്‍ അയാള്‍ തയ്യാറായിരുന്നില്ല ..
റങ്കൂണിലെ സംഗീത വിരുന്നുകളില്‍ അയാള്‍ സ്ഥിര സാന്നിധ്യമായി.
സംഗീത്തിന്റെ പുതിയ തലങ്ങള്‍ അയാള്‍ അവിടെ നിന്നും സ്വായത്തമാക്കി .
തന്റെ ഇരുപാതാമത്തെ വയസ്സില്‍ കോഴിക്കോട്ടെക്ക് തിരിച്ചു വരുമ്പോഴേക്കും ലെസ്ലിയെന്ന കൌമാരക്കാരന്‍ അബ്ദുല്‍ ഖാദര്‍ ആയി മാറി കഴിഞ്ഞിരുന്നു .









കോഴിക്കോട് മിട്ടായി തെരുവിലെ വാസു പ്രദീപിന്റെ പ്രദീപ്‌ അര്ട്ട്സില്‍ ബാബുക്കയും കാദര്‍ക്കയും അടക്കമുള്ള കലാകാരന്മാര്‍ ഒത്തു കൂടാന്‍ തുടങ്ങി .
മാപ്പിളാ ഗാനങ്ങളും റേഡിയോ ഗാനങ്ങളും നാടക ഗാനങ്ങളും അബ്ദുല്‍ കാദരിന്റെ കണ്ഠത്തില്‍ നിന്ന് ഒരു പോലെ ഒഴുകിയെത്തി.
അങ്ങിനെ ചുരുങ്ങിയ കാലം കൊണ്ട്
കോഴിക്കോട്ടുകാര്‍ക്ക് മാറ്റി നിര്‍ത്താന്‍ പറ്റാത്ത
ഏറ്റവും പ്രിയപ്പെട്ട ഗായകനായി അയാള്‍ വളര്‍ന്നു.
അന്നു മാനാഞ്ചിറ മൈതാനയില്‍ നടത്തപ്പെട്ടിരുന്ന
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മീറ്റിങ്ങില്‍ ഉയര്‍ന്നു കേട്ടിരുന്ന വിപ്ലവ ഗാനങ്ങളും‍ അബ്ദുല്‍ കാദറിന്റെ ശബ്ദത്തിലുള്ളതായിരുന്നു.
കോഴിക്കോട്ടെ മൈതാനങ്ങളെയും സംഗീത ക്ലാബ്ബുകളെയും പാര്‍ട്ടി മീറ്റിങ്ങുകലേയും ഒരു പോലെ പുളകം കൊള്ളിച്ചിരുന്ന
കാദര് തന്റെ ശൈലി കൊണ്ട് അന്നറിയപ്പെട്ടിരുന്നത് "മലബാര്‍ സൈഗള്‍" എന്നായിരുന്നു.











ബാബുക്കയെ പോലെ ഉള്ളവരോട് അടുത്ത ആത്മബന്ധം സൂക്ഷിക്കുമ്പോ പോലും അദ്ദേഹം അവസരങ്ങള്‍ക്ക് വേണ്ടി ആരെയും തേടി ചെന്നില്ല.
സംഗീതം ശ്വസിച്ചു സംഗീതമായി ജീവിച്ചു എല്ലാവര്‍ക്കുമിടയില്‍ നിശബ്ദനായി തുടര്‍ന്നു.
അത് കൊണ്ട് തന്നെ..
1954 ല്‍ പുറത്തിറങ്ങിയ നീലക്കുയിലിനു ശേഷം
പിന്നീട് അദ്ദേഹത്തിന് പാടാന്‍ അവസരം ലഭിക്കുന്നത് വര്‍ഷങ്ങള്‍ക്കു ശേഷം ശേഷം 1966 ല്‍ പുറത്തിറങ്ങിയ മാണിക്യ കൊട്ടാരം എന്നാ ചിത്രത്തിലായിരുന്നു .
അത് തന്നെ ആയിരുന്നു അദ്ദേഹം അവസാനം പാടിയ സിനിമാ ഗാനവും.
അവസാന കാലത്ത് വല്ലാതെ വിശമാവസ്ഥയിലായി പോയ സമയത്ത് സുഹൃത്തുക്കള്‍ ചേര്‍ന്ന് അദ്ദേഹത്തിന്റെ തന്നെ ജീവിത കഥ നാടകമാക്കുകയും അതില്‍ നിന്ന് ലഭിച്ച വരുമാനമുപയോഗിച്ച് ഒരു കൊച്ചു വീട് നിര്‍മ്മിച്ച്‌ നല്‍കുകയും ചെയ്തു.
കാദര്‍ക്ക അവസാന കാലം ചിലവഴിചിരുന്നതും അന്ത്യ ശ്വാസം വലിച്ചതും ആ വീട്ടില്‍ വെച്ച് തന്നെയായിരുന്നു .
പാടിയിരുന്ന വിഷാദ ഗാനാങ്ങള്‍ പോലെ തന്നെ നിര്‍ഭാഗ്യവും സങ്കടങ്ങളും ജീവിതത്തിലും മരണത്തിനു ശേഷവും പിന്തുടര്‍ന്നു എന്ന് വേണം പറയാന്‍. 
പിതാവിന്റെ പാത പിന്തുടര്‍ന്ന് ഗസല്‍ വേദികളും സംഗീത സദസ്സുകളുംകീഴടക്കിയിരുന്ന മകന്‍ നജ്മല്‍ ബാബുവും ചെറുപ്പ കാലം മുതല്‍ കലാ രംഗത്തുണ്ടായിരുന്ന സത്യജിത്തും അദ്ദേഹത്തിന്റെ ബാക്കി ഉണ്ടായിരുന്ന സംഗീതത്തെയും കൊണ്ട് നേരത്തെ തന്നെ ഈ ലോകം വിട്ടു പോയതും അത് കൊണ്ടായിരിക്കണമല്ലോ.
ശരീരം കൊണ്ട് ശാരീരം കൊണ്ട് അനുഗ്രഹീതനായ ആ കലാകാരനു പക്ഷെ ..
ജീവിതത്തിനു വേണ്ടത്ര തിളക്കം നല്‍കാന്‍ കഴിയാതെ ഇല്ലായ്മയോടെയാണ് അവസാനിക്കേണ്ടി വന്നത് .
ഇന്നിപ്പോ അന്ന് കൂടെ ഉണ്ടായിരുന്ന മഹാരഥന്മാരും
ഓരോരുത്തരായി പൂര്‍ണ്ണമായും കളം വിട്ടു കഴിഞ്ഞിരിക്കുന്നു .

ഒരു പക്ഷെ കാദര്‍ക്കയുടെ ഒരു പാട്ട് കേള്‍ക്കുമ്പോ
അതിലെ ഗായകനെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച കലാകാരന്മാരെയും
പുതിയ തലമുറക്ക് ചിലപ്പോ അന്യമായിരിക്കാം .
പക്ഷെ .. ..
കാദര്‍ക്ക പാടി വെച്ചിട്ട്‌ പോയ പാട്ടുകള്‍
അത് ......
കാലമെത്ര കഴിഞ്ഞാലും ..
അതേ മനോഹരിതയോടെ തന്നെ ..
ഒരു കാല കഘട്ടത്തിന്റെ അടയാളമായി ഇവിടമാകെ
ഒഴുകിക്കൊണ്ടേയിരിക്കും ..... 

Wednesday, 5 December 2018

യാത്ര


നശ്വരമായതെല്ലാമുപേക്ഷിച്ചു
പ്രിയപ്പെട്ടവരും പ്രിയപെട്ടതും
ഇട്ടെറിഞ്ഞു ഒറ്റയ്ക്ക് പോകേണ്ട
എന്നോ കുറിക്കപ്പെട്ടൊരു യാത്ര.
തോറ്റെന്നു ധരിച്ചതൊന്നും
തോല്‍വിയായിരുന്നില്ല
ജയിച്ചു കയറിയ സ്ഥലങ്ങളെന്നു
നിനച്ചതൊന്നും ജയവുമായിരുന്നില്ല
വാക്കിലും നോക്കിലും
നില്‍പ്പിലും നടപ്പിലും
അവന്‍ കൂടെയുണ്ടായിരുന്നു.
അവനെന്റെ തൊട്ട് പിന്നിലായ് നിന്ന്
കൈ കൊട്ടി ചിരിക്കാറുണ്ടായിരുന്നു.
പക്ഷെ കണക്കുകള്‍ കൂട്ടി കിഴിക്കുന്ന
തിരക്കില്‍ ഞാനാ ശബ്ദമൊരിക്കലും-
കേട്ടിരുന്നില്ല.
കൂട്ടിയും കിഴിച്ചും നോക്കി
നഷ്ടങ്ങളെന്നു കരുതുന്നത്-
മാറ്റി നിര്‍ത്തണം
ചിലപ്പോള്‍ ബന്ധങ്ങള്‍
ചിലപ്പോള്‍ പുഞ്ചിരി
ചിലപ്പോള്‍ സത്യ സന്ധത
ചിലപ്പോള്‍ മനുഷ്യത്വം
അങ്ങിനെ എന്തെല്ലാം
നഷ്ട കണക്കുകളില്‍ പെട്ട്
എത്രയോ തവണ-
പുറന്തള്ളപ്പെട്ടിരിക്കുന്നു.
പക്ഷെ ..
യാത്ര പോകേണ്ട ഇന്ന്
പിന്നിട്ട വഴികളിലേക്ക്
തിരിഞ്ഞു നോക്കുമ്പോ
പേടിപ്പെടുത്തുന്ന ഇരുട്ടും
ശൂന്യതയും മാത്രം
തിരിഞ്ഞു നടന്നു
ഞാനോരോ വഴികളിലും .
കയറിയിറങ്ങി -
വെട്ടി പിടിച്ച
എന്റെ നേട്ടങ്ങളും അന്വേഷിച്ച്.
ശൂന്യമാണ് എല്ലായിടവും.
ദൂരെയെങ്ങോ അതാ
ഒരു നേര്‍ത്ത വെട്ടം.
നടന്നു തളര്‍ന്ന ഞാന്‍
വീണ്ടും എഴുന്നേറ്റു നടന്നു
വെട്ടം കണ്ടിടത്തേക്ക്.
വഴികള്‍ അവസാനിക്കാറായി
ഒരുപാടാന്വേഷിച്ചു -
ഒത്തിരി അലഞ്ഞ്
തേടി വന്ന വെട്ടത്തെ ഞാന്‍ കണ്ടു മുട്ടി
അതെന്റെ ബാല്യമായിരുന്നു
സ്നേഹവും പുഞ്ചിരിയും
ബന്ധങ്ങളും മാത്രം
കൂട്ടിനുണ്ടായിരുന്ന ബാല്യം
ഞാന്‍ ആ നേട്ടങ്ങളെ മാത്രം പുണര്‍ന്നു -
വേഗത്തില്‍ യാത്ര തിരിക്കാന്‍
ഒരുങ്ങുമ്പോഴേക്കും
മുന്‍പ് നേട്ടങ്ങളെന്നു-
കരുതിയ കോട്ടങ്ങളെന്നെ
പൊട്ടിച്ചെറിയാന്‍ പറ്റാത്തത്രയും -
ശക്തിയില്‍ മുഴുവനായ്
വലയം ചെയ്തിരുന്നു.

Wednesday, 28 November 2018

നിറങ്ങള്‍

മോനെ ..
കണ്ണ് പിടിക്ക്ണില്ല്യ
ഇതിലെത്രാ സൈസ് എയ്ത്യത്‌ .. ?
മുപ്പത്തി രണ്ട് ..
ആ മുപ്പത്തി രണ്ടാണോ .. ശരി ..
ഏയ്‌ .. അതെ .. ..
ആ മുപ്പത്തി രണ്ടു സൈസ് പാന്റ് ഇങ്ങക്ക് പറ്റലുണ്ടാകില്ല .
ഇനിക്കല്ല . മോന്ക്ക് കൊടുത്തയക്കാനാ ,
നമ്മള്‍ എട്ക്കണ മോഡല്‍ ഒക്കെ കുട്ട്യോള്‍ക്ക് പറ്റോ ആവൊ ?
നാട്ടീ പോവണോ . ?
അല്ല ഒരാള്‍ പോകുമ്പോ കൊടുത്തയക്കാനാ ..
പോക്ക് രണ്ടൊല്ലം കൂടുമ്പള .
എപ്പളും എപ്പളും പോകാന്‍‍ മാത്രള്ള വരായ്കയില്ല്യ ..
ശെന്ത ചെയ്യാ ..
ഈ ജീന്‍സ് പാന്റില്‍ ആകെ മൂന്നാല് കളറെ എപ്പളും ണ്ടാകൂ .
ഇനിക്കാണേല്‍ ഇതൊന്നും കണ്ണി പിടിക്കിണില്ല്യ .
ഓന്ക്കാണേല്‍ ജീന്‍സ് അല്ലാതെ പറ്റുംല്ല്യ ..
സ്വന്തം ജീവിതത്തിലെ മങ്ങി നരച്ചു മാഞ്ഞു പോകാറായ നിറങ്ങളെ കാര്യമാക്കാതെ മകന് കൂടുതല്‍ നിറങ്ങളന്വേഷിച്ച് അയാളടുത്ത കട ലക്ഷ്യമാക്കി നടന്നു 

Saturday, 4 August 2018

മ്മാ ..

കുഞ്ഞു നാളിലെ പല ആഗ്രഹങ്ങള്‍ക്കും
ചിരിച്ചു കൊണ്ട് മൌന സമ്മതം തന്നവള്‍
കണ്ണില്‍ കണ്ട ആക്രി സാധനങ്ങളെല്ലാം
പെറുക്കി കൊണ്ട് വന്നു കൊടുക്കുമ്പോ
ജീപ്പായും കാറായും ബസ്സായും 
വിമാനമായും രൂപമാറ്റം വരുത്തി തന്നവള്‍
ഒരു വേനലവധിക്കാലത്ത് ബിസ്നസ് മോഹമുദിചപ്പോ
മാങ്ങയും നെല്ലിക്കയും ഉപ്പിലിട്ടു തന്ന് കൊണ്ട്
കുട്ടി ബിസ്നസ്കാരന്റെ ഐസൊരുതി കച്ചോടത്തിനു
പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചവള്‍.
അവിലും വെള്ളത്തിന്റെയും മോരും വെള്ളത്തിന്റെയും സാധ്യതകളെ കുറിച്ച് വാചാലയായവള്‍ .
തല്ലാനായി വടിയോങ്ങുന്നവരുടെ മുന്നിലേക്ക് കയറി
നിന്ന് പലപ്പോഴായി രക്ഷിച്ചെടുത്തവള്‍.
കണ്ണുകളിലേക്ക് മാത്രം നോക്കി
എന്റെ ആഗ്രഹങ്ങളെ തിരിച്ചറിഞ്ഞവള്‍
എക്കാലത്തെയും എന്റെ ഏറ്റവും നല്ല സുഹൃത്ത്
എന്റെ വല്യുമ്മ ..
ഒടുവിലൊരുനാള്‍ ഒരു മനുഷ്യനേറ്റവും
ഭയക്കുന്ന മറവിയിലേക്ക് കാലം തള്ളിയിട്ടപ്പോള്‍
സംസാരിക്കാനും ഭക്ഷണം കഴിക്കാനും
പോലും മറന്നു പോയപ്പോ..
കാലുകള്‍ നിശ്ചലമായി പോയപ്പോ
എന്റെ കണ്ണുകളിലേക്ക് നോക്കി
കണ്ണീര്‍ പൊഴിച്ചതെന്തിനായിരുന്നു ?
മറവി രോഗം എന്റെ മുഖം മാത്രം
കവര്‍ന്നെടുക്കാതെ ബാക്കി വെച്ചത് കൊണ്ടായിരുന്നുവോ ?
അള്ളാഹുവിങ്കലേക്ക് മടക്കി വിളിച്ച രാത്രി
കുറൂജ് വില്ലനായി വന്നു അവസാനമായൊന്നു
കാണാനുള്ള അവസരവും നിഷേധിക്കപ്പെട്ടു.
പിറ്റേ ദിവസം ഞാന്‍ വന്നിരുന്നു ഇമ്മാ ..
മറവിയും രോഗങ്ങളും ഇല്ലാത്ത ലോകത്തേക്ക്
വൈകിക്കാതെ കാത്തു നില്‍ക്കാതെ
യാത്രയാക്കണമെന്നു പറഞ്ഞത് ഞാന്‍ തന്നെയായിരുന്നു .
ഞാന്‍ ഓരോ തവണ വരുമ്പോഴും നമ്മള്‍ ഒരുപാട്
സംസാരിക്കാറുണ്ടല്ലോ ..
നമ്മളിനിയും കാണുമല്ലോ ...
സൌഹൃദ ദിനാശംസകള്‍ മ്മാ .. 

Saturday, 5 August 2017

ദേവാസുരം

ഒരുപക്ഷെ ഞാന്‍ കണ്ട ലാലേട്ടന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കണ്ടത് ദേവാസുരം ആയിരിക്കും എന്നാണ് തോന്നുന്നത് .
ലാലേട്ടന്റെ ഹിറോയിസത്തിനു കാണുമ്പോ കാണുമ്പോ ഒക്കെ കയ്യടിക്കുമ്പോ തന്നെ എപ്പോഴും മനസ്സില്‍ കിടന്നിരുന്ന ഒരു സംശയം ണ്ട് . മാമ്പറ്റ അപ്പു കുട്ടന്‍ നായരുടെ പെങ്ങളുടെ മകന്‍ അച്യുതന്‍ (കൊച്ചിന്‍ ഹനീഫ ക്ക അവതരിപ്പിച്ച കഥാ പാത്രം) .
കലാമണ്ഡലം ഭാനുമതിയും അത്രയ്ക്കൊന്നും കലാഭിരുചി ഇല്ലാത്ത സഹോദരി ശാരദയും അച്യുതന്‍ എന്ന വ്യക്തിയെ ഇത്ര വെറുപ്പോടെ കാണാനുള്ള കാരണം പല കുറി സിനിമ കണ്ടിട്ടും മനസ്സിലായിട്ടില്ല എന്നതാണു സത്യം .
സിനിമ മുഴുവന്‍ പരിശോധിച്ചാല്‍ അച്യുതന്‍ എന്നാ കഥാപാത്രം ഇങ്ങനെയാണ് .
ചെറു പ്രായത്തില്‍ തന്നെ അച്യുതന്‍ നാട് വിട്ടു പോകുന്നു .
ഒരു ഹോട്ടലില്‍ ചായ എടുത്തു കൊടുത്തു ജോലി തുടങ്ങിയ അച്യുതന്‍
കഠിനാദ്വാനത്തിലൂടെ നാല് ഹോട്ടലുകളുടെ മുതലാളിയായിട്ടാണ് തിരിച്ചു വരുന്നത് .
നഷ്ടപ്പെട്ടു പോയാ സ്വത്തുക്കള്‍ വീണ്ടെടുത്തത് അഭിമാനത്തോടെ പറയുന്നത് അച്യുതന്‍ പഴമയോടും പഴമക്കരോടും എത്രത്തോളം സ്നേഹം ഉണ്ട് എന്നതിന് തെളിവാണ് .
പിന്നെ എന്തായിരിക്കും ഭാനുമാതിക്കും ശാരദ ക്കും അച്യുതനോട് ഇത്രത്തോളം അനിഷ്ടത്തിനു കാരണം . ?
എത്രത്തോളം എന്ന് പറയുമ്പോ ഗതികേട് കൊണ്ട് കല്യാണം കഴിച്ചു പോയി എന്ന് ശാരദ പറയുന്ന അത്രത്തോളം .
കിട്ടിയ ജോലിക്ക് പോലും പോകണ്ട എന്ന് പറഞ്ഞു കലാ മേഘലകളില്‍ വ്യാപൃതയാവാന്‍ മകളെ ഉപദേശിക്കുന്ന അപ്പു മാഷിന്റെ മക്കള്‍ക്ക് വിരോധം തോന്നാന്‍ മറ്റൊരു സാധ്യത ഉള്ളത് അച്യുതന്‍ കലാ വിരോധി ആയിരിക്കാം എന്നതാണ് .
തിരിച്ചു വന്ന ശേഷം നടത്തുന്ന ആദ്യത്തെ അഭിമുഖത്തില്‍ തന്നെ പണ്ടത്തെ പാട്ടും നൃത്തവും ഒക്കെ ഇപ്പോഴും ഉണ്ടോ എന്ന് ചോദിച്ചു കൊണ്ട് ആ സംശയവും അച്യുതന്‍ തന്നെ പ്രേക്ഷകര്‍ക്ക് ദൂരികരിച്ചു തരുന്നുണ്ട് .
ഇനിയുള്ളത് മനസ്സ് കൊണ്ടും പ്രവൃത്തി കൊണ്ടും അച്യുതന്‍ ക്രൂരനായിരിക്കുക എന്നതാണ് . .
ഭാനുമതി വിവാഹത്തിനു സമ്മതമല്ല എന്ന് മുഖത്ത് നോക്കി പറഞ്ഞു അവമാതിക്കുമ്പോ പോലും .
അയ്യോ ..
ഭാനുമതിക്ക് ഇഷ്ടമില്ലെങ്കില്‍ വേണ്ട അപ്പുമാമേ
ഇറക്കി വിടുകയൊന്നും ചെയ്യരുത് എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം ആ ഒരു സംശയത്തിനും വിരാമാമിടും .
(ആ സമയത്ത് അച്യുതന്റെ ചിലവിലാണ് അപ്പു മാഷും മക്കളും കഴിയുന്നത്‌ കൂടെ ഓര്‍ക്കുമ്പോ അച്യുതന്‍ ഒരിക്കല്‍ പോലും ക്രൂരന്‍ ആകാന്‍ കഴിയില്ല എന്ന് പ്രേക്ഷകര്‍ക്ക് വായിച്ചെടുക്കാം )
ചില രംഗങ്ങളില്‍ മാത്രമല്ല .
മംഗലശ്ശേരി നീലാണ്ടനോട് ഇനി ഇവരേ ഞാന്‍ നോക്കൊക്കോളും ഇവര്‍ക്ക് ഞാനുണ്ട് എന്ന് ഉത്തരവാദിത്വോടെയും അല്പം പരുഷമായും പറയുന്ന രംഗം ഒഴിച്ചാല്‍ ബാക്കി മുഴുവന്‍ സമയത്തും അച്യുതന്‍ സൌമ്യതയുടെയും വിനയത്തിന്റെയും ഒക്കെ ആള്‍ രൂപമാണ് .
അരങ്ങേറ്റത്തിനു സമ്മതിക്കാതെ നീര്‍ബന്ധിച്ചു നൃത്തം ചെയ്യിക്കുകയും അതിനു ശേഷം നീലാണ്ടന്‍ വീണു പോയതിലുമുള്ള മന സ്താപം ഒക്കെ ഉള്ളത് കൊണ്ട് ഭാനുമതിക്ക് നീലാണ്ടനോട് ഒരടുപ്പം തോന്നുന്ന പോലെ വാക്കുകളിലും പ്രവൃത്തിയിലും പ്രേക്ഷകര്‍ക്ക് തോന്നുമെങ്കിലും ശാരദക്ക്‌ ഒരു പ്രണയം പോലും ഉള്ളതായി കാണിക്കുന്നില്ല .
അപ്പൊ മറ്റൊരു പ്രണയം ഉള്ളത് കൊണ്ട് സ്വാഭാവികമായി തോന്നിയേക്കാവുന്ന അനിഷ്ടത്തിനുള്ള സാധ്യതയും തള്ളി പോകുന്നു .
മകള്‍ മംഗലശ്ശെരിയില്‍ പോകുന്നത് അപ്പു മാഷ്‌ വിലക്കുമ്പോ നീലാണ്ടനില്‍ നിന്നും കൈ പറ്റിയ സഹായങ്ങളുടെ കണക്കു പറഞ്ഞാണ് ഭാനുമതി പ്രതിരോധിക്കുന്നത് .
അപ്പോള്‍ പോലും അച്ചുതന്റെ ചിലവില്‍ കഴിഞ്ഞു കൊണ്ടിരിക്കുന്ന ഭാനുമതിക്ക് ആ സഹായവും കണക്കുകളും ഒന്നും ഒരു പ്രശനമേ ആയി തോന്നുന്നില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ് .
എങ്ങിനെ ഒക്കെ അരിച്ചു പെറുക്കി നോക്കിയാലും
കുടിച്ചും കൂത്താടിയും പെണ്ണ് പിടിച്ചും മറ്റുള്ളവരെ ദ്രോഹിച്ചും അച്ഛന്റെ സ്വത്തുക്കള്‍ ദൂര്‍ത്തടിച്ചും ജീവിച്ചു സുഖം കണ്ടെത്താന്‍ ശ്രമിക്കുന്ന വെളുത്ത് സുന്ദരനായ നായകനേക്കാള്‍ . പൂജ്യത്തില്‍ നിന്നും കഠിന പ്രയ്തനത്ത്തിലൂടെ ഉയരത്തില്‍ എത്തിയിട്ടും
പഴയ കാലങ്ങള്‍ ഒന്നും മറക്കാതെ അമ്മാമയെ അന്വേഷിച്ചു കണ്ടെത്തി സംരക്ഷിക്കാന്‍ കൂടെ നില്‍ക്കുന്ന കറുത്ത് തടിച്ചു സുന്ദരനല്ലാത്ത അച്യുതന്‍ അല്ലെ മുകളില്‍ നില്‍ക്കേണ്ടത് ?
പിന്നെ എന്ത് കൊണ്ട് ഒരിക്കല്‍ പോലും നമുക്കങ്ങനെ തോന്നുന്നില്ല ?
ഹരിച്ചും ഗുണിച്ചും കൂട്ടിയും കുറച്ചും ഒക്കെ നോക്കിയാല്‍ ഒരുത്തരമേ ഉള്ളൂ.
അച്യുതന്റെ നിറവും സൌന്ദര്യവും .
എത്ര ഒക്കെ പുരോഗമനം പറഞ്ഞാലും എന്തൊക്കെ വിപ്ലവം നടന്നാലും നമ്മുടെ ഒക്കെ മനസ്സില്‍ അതങ്ങനെ കിടക്കും .സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ , വിവാഹ കമ്പോളങ്ങളില്‍ ജോലി സ്ഥലങ്ങളില്‍ , അങ്ങിനെ നാലാള് കൂടുന്ന എല്ലായിടത്തും
നിങ്ങള്‍ക്കീ വ്യത്യാസം ഇപ്പോഴും കാണാന്‍ സാധിക്കും .
വെളുത്ത നിറം ഉള്ളവര്‍ എല്ലാം മോശക്കാരും കറുത്ത നിറമുള്ളവര്‍ എല്ലാം നല്ലവരും ആണ് എന്ന് സമര്ഥിക്കാന്‍ ശ്രമിക്കുകയൊന്നുമല്ല .
എന്നാല്‍ പലപ്പോഴും നമ്മള്‍ അങ്ങിനെ ഒക്കെ തന്നെ ആണ് എന്നുള്ളത് നമുക്കാര്‍ക്കും നിരാകരിക്കാന്‍ കഴിയിയുകയുമില്ല .
നിറത്തിന്റെ ആനുകൂല്യം ആസ്വദിക്കുന്നവര്‍ക്ക് ചിലപ്പോള്‍ അത്ര പെട്ടെന്ന് മനസ്സിലാകണം എന്നില്ല . കാരണം സിനിമകളിലെ ഒക്കെ കാര്യം പറഞ്ഞ പോലെ തന്നെ ഇതൊന്നും നമ്മള്‍ അറിഞ്ഞു കൊണ്ട് ചെയ്യ്ന്നതല്ലല്ലോ . നമ്മുടെ മനസ്സില്‍ പതിഞ്ഞു പോയതല്ലേ .
എന്നാല്‍ പല തവണ അവഗണ ഏല്‍ക്കേണ്ടി വരുന്നവര്‍ക്ക് ഒരിക്കലെങ്കിലും മനസ്സിലാകാതിരിക്കുകയുമില്ലല്ലോ . ?
കാണാന്‍ അല്പം സൌന്ദര്യം ഉള്ളവര്‍ ചെയ്യുന്നത് നേരമ്പോക്കും അല്പം നിറം കുറഞ്ഞവര്‍ ചെയ്യുന്നത് പോക്ക്രിത്തരവും ആകുന്നതു നമ്മുടെ ഒക്കെ ഈ മനോഭാവം കൊണ്ടായിരിക്കണം .
വിനായകന്‍ എന്നാ ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്തതും മറ്റൊരു കാരണവും കൊണ്ടല്ല .
ആത്മഹത്യ എന്നല്ല അതിനെ ഭൂരിഭാഗം പേരും വിശേഷിപ്പിച്ചു കണ്ടത് . കൊലപാതകം എന്നാണ് .
അതെ കൊലപാതകം തന്നെ ആണ് .
വിനായകന്‍ എന്ന പതിനെട്ടു വയസ്സുള്ള കറുത്ത ചെറുപ്പക്കാരന്‍ മുടി നീട്ടി വളര്‍ത്തിയത് കൊണ്ട് മാത്രം കുറ്റവാളി ആയതും .
ചെറു പ്രായം ആണെന്ന് പോലും ഓര്‍ക്കാതെ ക്രൂരമായും മര്‍ദിച്ചതും അത് കഴിഞ്ഞു പോലീസ് സ്റ്റേഷനില്‍ വെച്ച് തന്നെ അച്ഛനോട് മകനെ
ചെകിടടച്ചു ഒന്ന് കൊടുക്കൂ എന്ന് കല്‍പ്പിച്ചതും മുടി മുറിക്കാന്‍ അജ്ഞാപിച്ചതും ഇത് കൊണ്ടൊക്കെ തന്നെയാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് .
അല്ലെങ്കില്‍ കളികള്‍ ഇഷ്ടപ്പെട്ടിരുന്ന ,തിമില വായിക്കാറുണ്ടായിരുന്ന , ആനയും പൂരവും ഒക്കെ ഇഷ്ടമുണ്ടായിരുന്ന ഒരുപാട് സൌഹൃദങ്ങള്‍ സൂക്ഷിച്ചിരുന്ന ഭാവിയില്‍ എന്തൊക്കെയോ ആയി തീരേണ്ട മിടുക്കനായ ഒരു മകനെ മാതാ പിതാക്കള്‍ക്ക് നഷ്ട്ടപ്പെടില്ലായിരുന്നു .
മാറ്റം ഹൃദയത്തില്‍ നിന്ന് തന്നെ കൊണ്ട് വരണം ,
നമുക്ക് പറ്റിയില്ലാന്നു ഇല്ലെങ്കില്‍ നമ്മളില്‍ നിന്നും വന്നു പോയാ വീഴ്ചകള്‍ എന്ന് തോന്നുന്നത് മക്കളിലൂടെ എങ്കിലും തിരുത്തണം . അല്പം സമയം എടുത്ത്തിട്ടാണെങ്കിലും അതിനു ശ്രമിക്കുകയെങ്കിലും ചെയ്യാതിരിക്കുന്നത് വലിയ ക്രൂരതയാണ് .
പക്ഷെ നിയമ പാലകരെ ..
നിങ്ങള്‍ ദയവു ചെയ്തു ഒരിക്കലും ഈ രീതിയില്‍ ചിന്തിക്കരുത് .
ഒരിക്കല്‍ അബദ്ധത്തില്‍ പോലീസ ജീപ്പില്‍ അകപ്പെട്ടത് -
എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് .
വണ്ടികള്‍ തമ്മില്‍ ഉരസിയ കേസാണെങ്കിലും പ്രശ്നം തീരതായപ്പോള്‍ പോലീസ് വന്നു ജീപ്പില്‍ കയറ്റി .
അതിനു ശേഷം എന്നെ അടി മുടി ഒന്ന് നോക്കി ആദ്യം ചോദിച്ച ചോദ്യം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് .
നീ ആരാട..
തമിഴ് നാട്ടില്‍ നിന്നും വന്ന ചട്ടമ്പിയോ .
ശേഷം ആകെ ഒന്ന് ഉഴിഞ്ഞ് ഉടച്ചു വാര്‍ക്കാന്‍ പറ്റിയ തടിയാണല്ലോ എന്ന് പറഞ്ഞു മുട്ട് കാലില്‍ പിടിച്ചു അമര്‍ത്തി കൊണ്ടിരുന്നു .
ചെറിയ ചെറിയ അവഗണനകള്‍ ഒക്കെ ചെറുപ്പം മുതലേ ശീലമായിരുന്നെങ്കിലും വീട്ടിലും നാട്ടിലും കിട്ടിയിരുന്ന അമിത പരിഗണന എന്നെ ആ തരത്തില്‍ ഒരിക്കലും ചിന്തിപ്പിച്ചിരുന്നില്ല .
പിന്നെ ഒരുപാട് തവണ സംഭവിക്കുമ്പോ നമുക്ക് ശീലവും ആകുമല്ലോ .
എന്നാല്‍ ഞാന്‍ ഈ തരത്തില്‍ രൂപമുള്ള ഒരു ഭീകരന്‍ ആണെന്ന് ആദ്യമായി മനസ്സിലാക്കിയത് പോലീസുകാരന്റെ ആ ചോദ്യത്തോട് കൂടിയാണ് .
എന്ത് പറയണം എന്ന് പറയാതെ ഞാന്‍ പുള്ളിയുടെ കണ്ണിലേക്ക് മിഴിച്ചു നോക്കിയെങ്കിലും അന്നത്തെ സി .ഐ ക്ക് ഉപ്പയെ പരിചയമുള്ള ആളായത് കൊണ്ട് കൂടുതല്‍ പരുക്കുകളും പരീക്ഷണങ്ങളും കൂടാതെ രക്ഷപ്പെട്ടു പോന്നു .
പറഞ്ഞ് വന്നത് എനിക്കത് ആദ്യത്തേയും അവസാനത്തെയും അനുഭവം ആയിരുന്നെങ്കിലും ഒന്ന് ഭയപ്പെടുത്തുക എന്നത് അല്ലെങ്കില്‍ ഒരു ഭീകരത സൃഷ്ട്ടിക്കുക എന്നത് പോലീസുകാരുടെ ഒരു രീതി ആണെന്ന് തോന്നുന്നു .
ഒരുപാട് ക്രിമിനലുകളെ കൈകാര്യം ചെയ്യേണ്ടി വരുന്ന നിയമപാലകര്‍ക്ക് അത് ചിലപ്പോ സത്യാവസ്ഥ മനസ്സിലാക്കാനുള്ള തന്ത്രമോ സൂത്രമോ ഒക്കെ ആയിരിക്കും .
എന്നാല്‍ ഇതില്‍ രണ്ടു കാര്യങ്ങള്‍ സംഭവിക്കാനുള്ള സാധ്യത വളരെ വളരെ കൂടുതലാണ് .
ഒന്ന് വിനായകന് സംഭവിച്ചത് പോലെ ജീവന്‍ തന്നെ നഷ്ടപ്പെട്ടു പോകുക രണ്ടാമത്തെത് ഒരല്പം ക്രിമിനല്‍ സ്വഭാവം ഉള്ളില്‍ എവിടെയോ ഉണ്ടെങ്കില്‍ അത് പുറത്തേക്ക് കൊണ്ട് വരാനുള്ള ഒരു ഊര്‍ജ്ജം അല്ലെങ്കില്‍ ഒരു ലൈസന്‍സ് ഇങ്ങനെ മുഖത്ത് നോക്കി ചട്ടമ്പി വില്ലന്‍ എന്നൊക്കെ നാല് തവണ വിളിച്ചു കഴിയുമ്പോഴേക്കും അവനു കിട്ടിയിരിക്കും .
എന്താ പറയുക എന്നറിയില്ല
എന്നോട് തല്ലാന്‍ പറഞ്ഞപ്പോ ഞാന്‍ അവന്‍ അടിച്ചിരുന്നെങ്കില്‍ ആ ആതമഹത്യ ചിലപ്പോള്‍ അവര്‍ എന്റെ തലയില്‍ ചാര്‍ത്തി തന്നേനെ എന്ന് ആ അച്ഛന്‍ പറഞ്ഞത് എത്ര വേദനയോടെ ആയിരിക്കും.
അങ്ങിനെ തോന്നാന്‍ മാത്രമുള്ള ക്രൂരത ആ അച്ഛന്റെ മുന്നില്‍ വെച്ച് പോലും ചെയ്തിരുന്നു എന്നല്ലേ ഇതില്‍ നിന്നും മനസ്സിലാകുക .
പതുക്കെ പതുക്കെ എല്ലാവരും മാറുമായിരിക്കും അല്ലെ ? നന്മകളും തിന്മകളും പറഞ്ഞു തരുന്ന പുരാണങ്ങളില്‍ എങ്കിലും കറുത്ത ഭീകര രൂപിയായ ഒരു ദേവനെ എങ്കിലും നമുക്ക് പരിചയപ്പെടുത്തി തരണമായിരുന്നു .
ആ അത് തന്നെ ..
അമരത്തില്‍ അച്ഛന്റെ സ്ഥാനത്ത് ടി.ജി രവിയും അശോകന്റെ സ്ഥാനത്ത് മമ്മുക്കയും ആയിരുന്നെങ്കില്‍ നമ്മള്‍ അച്ഛന് വേണ്ടി ഇത്ര കണ്ണീര്‍ ഒഴുക്കില്ലായിരുന്നു എന്ന്

ഞാൻ

  സ്വപ്നങ്ങളിൽ മാത്രം കണ്ട്‌ പരിചയമുള്ള പൊന്നും മുത്തും വാരിയെടുക്കാൻ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് സമൃദ്ധിയുടെ പ്രതീകമായ ഈന്തപ്പനകളുടെ...