Friday, 5 May 2023

നക്ഷത്രക്കണ്ണുകൾ


 














എന്ത് കൊണ്ടാണ്
നീ കൂടെയുള്ള രാവ് മുഴുവൻ
ഞാൻ ഉണർന്നിരുന്നത്
എന്നറിയാമോ?
നീ ഉറങ്ങുന്ന സമയമത്രയും
നീയറിയാതെ,പകലറിയാതെ
നക്ഷത്രകണ്ണുകളുള്ള നിന്നെ
വായിച്ചു തീർക്കുവാനായിരുന്നു
അത്
നിന്നെ വായിച്ചും വായിച്ചും
തീർന്ന് പോകാതാകുമ്പോ
ഈ രാവ് തീർന്ന് പോകല്ലേ
എന്ന് ഞാൻ പ്രാർത്ഥിക്കും
അർദ്ധ വായനക്കു മുൻപേ
എന്നെ തോൽപ്പിച്ച്
എന്റെ പ്രാർത്ഥനയെ തോൽപ്പിച്ച്
ഒട്ടും ദയയില്ലാതെ പുലരി വന്നു
കണ്ണിറുക്കി കാണിക്കും
അപ്പോൾ നീ നിന്റെ
നക്ഷത്രക്കണ്ണുകൾ തുറക്കും
ഞാൻ തോറ്റുറങ്ങി പോകും
അടുത്ത രാത്രിയിൽ
നിന്റെ നക്ഷത്രകണ്ണുകൾ
പാതി കൂമ്പി നിദ്രയെ
പ്രാപിച്ചു തുടങ്ങുമ്പോ തന്നെ
ഞാനാവേശത്തോടെ
ഉറക്കമുണർന്നു നിന്നെ
വായിക്കാൻ തുടങ്ങും
വായന പാതി മുറിഞ്ഞു
നിന്നെ മുഴുമിക്കാനാവാതെ
ഞാൻ വീണ്ടും തോറ്റു പോകും
ഒരിക്കലൊരു ദിവസം
പുലരി വന്നു കണ്ണിറുക്കിയിട്ടും
എനിക്ക് മുഴുവനായും
വായിച്ചു തീർക്കാൻ
നീ നിന്റെ കണ്ണുകൾ
മുഴുവനായും മുറുകെ
അടച്ചു തന്നതിൽ പിന്നെയാണ്
ഒരിക്കലുമൊരിക്കലും
വായിച്ചു തീരാത്ത
പുസ്തകമായിരുന്നു നീയെന്ന്
ഞാനറിഞ്ഞതും
എന്റെയുറക്കം രാവിലും
പകലിലും ഒരു പോലെ
നഷ്ടമായതും
എനിക്കുറപ്പുണ്ട്
എനിക്കുറങ്ങാനായ്
ഒരിക്കൽ നീ നിന്റെ
നക്ഷത്രകണ്ണുകൾ തുറന്ന്
എന്നിലേക്ക്‌ തന്നെ വരുമെന്ന്
അത് വരെ...
അത് വരെ മാത്രം
നിന്നെ വായിച്ചും
ആകാശത്തിലെ നക്ഷത്രങ്ങളോട്
നക്ഷത്രകണ്ണുകളുള്ള നിന്റെ
കഥകൾ പറഞ്ഞും
ഞാൻ ഉണർന്നിരുന്നോട്ടെ
-ഷാനു കോഴിക്കോടൻ-

No comments:

Post a Comment

KILL - Movie review (Malayalam)

ഒരു സെക്കന്റ് പോലും അനാവശ്യമെന്നു പറയാനുള്ള സീനുകളില്ലാ ,പ്രണയം ഉണ്ടെങ്കിലും സാധാരണ ഇടിപടങ്ങളിൽ കുത്തികയറ്റുന്ന പോലത്തെ ക്രിഞ്ചടിപ്പിക്കുന്ന...