Friday, 5 May 2023

സമയം


 














പാതി വഴിയിലെപ്പോഴെങ്കിലും
അനിവാര്യമായ ആ സമയം
നമ്മളെ തേടി വന്നെത്തും

മുറുകെ കോർത്തു പിടിച്ച
എന്റെ വിരൽ തുമ്പിൽ നിന്ന്
നിന്റെ വിരൽ തുമ്പ്
പതിയെ അടർന്നു പോകും

നിനക്കേറെ ഇഷ്ടമുള്ള
എന്റെ ചുടു നിശ്വാസമപ്പോൾ
പുലരിയിൽ നിന്നിറ്റു വീണ
തൂമഞ്ഞു കണക്കെ
തണുത്തു പോയിട്ടുണ്ടാകും

എപ്പോഴും എന്റെ കാലടികളെ
പിന്തുടർന്നു വന്നെന്നെ
അതിശയപ്പിക്കാറുള്ള നിനക്കിനി
അത് കഴിയില്ല എന്നോർക്കുമ്പോൾ
എനിക്ക് ദുഃഖമുണ്ട്

തള്ള വിരലുകൾ രണ്ടും
ചേർത്ത് കെട്ടിയിട്ട കാല്പാദങ്ങൾക്ക് 

മണ്ണിലിനിയെങ്ങനെ നിനക്ക്

വേണ്ടി അടയാളമുണ്ടാക്കാൻ
കഴിയും?

എന്നെ അതിശയിപ്പിച്ചിരുന്നതിന്
പകരമായി ഒരൊറ്റ തവണ
നിന്നെ അതിശയിപ്പിച്ചു മടങ്ങാൻ
നീ ബലമായി അടച്ചു വെച്ച
എന്റെ കണ്ണുകൾ
നീ അറിയുന്നില്ലെങ്കിലും
ഞാൻ തുറക്കാൻ ശ്രമിക്കുന്നുണ്ട്.

പക്ഷേ..
നിന്നെ അതിശയിപ്പിക്കാനുള്ള
സാമാർഥ്യം മുൻപില്ലാതിരുന്ന പോലെ
ഇപ്പോഴുമെനിക്കില്ലടോ

എങ്കിലും സഖീ...!
മണ്ണടിഞ്ഞാലും മാഞ്ഞു
പോകാത്ത രണ്ട് സത്യങ്ങൾ
നിനക്ക് വേണ്ടി മാത്രം
ഞാൻ ബാക്കി വെച്ചിട്ടുണ്ട്.

പരുത്തികൾ ചേർത്ത് വെച്ച്
എന്റെ നാസിക ദ്വാരങ്ങൾ
എത്ര മുറുകെയടക്കാൻ ശ്രമിച്ചാലും
എത്ര ഉയരത്തിലെന്നെ
മണ്ണുകൾ വന്നു മൂടിയാലും
നിന്റെ ഗന്ധം എന്നും എപ്പോഴും
എന്നോട് ചേർന്നു നിൽക്കും.

അനുരാഗത്തിന്റെ കാൽപാടുകൾ
പതിഞ്ഞ നമ്മുടെ മാത്രമിടങ്ങളിൽ
ഇനി നീ തനിയെ നടക്കുമ്പോൾ
ഓർമ്മകളെ തഴുകി ഉണർത്താൻ
ഞാനിതാ എന്റെ ഗന്ധവും
നിനക്ക് വേണ്ടി മാത്രം
ഇവിടെ ഉപേക്ഷിച്ചു മടങ്ങുന്നു.

-ഷാനു കോഴിക്കോടൻ -

No comments:

Post a Comment

KILL - Movie review (Malayalam)

ഒരു സെക്കന്റ് പോലും അനാവശ്യമെന്നു പറയാനുള്ള സീനുകളില്ലാ ,പ്രണയം ഉണ്ടെങ്കിലും സാധാരണ ഇടിപടങ്ങളിൽ കുത്തികയറ്റുന്ന പോലത്തെ ക്രിഞ്ചടിപ്പിക്കുന്ന...