ഏറെ പരിചതമായൊരു
മൗനം മതിൽക്കെട്ടിനിപ്പുറം
ശബ്ദമില്ലാതെ
വിതുമ്പി നിൽക്കുന്നു.
പുണരാൻ ശക്തിയില്ലാതെ
മറുകരയിലൊരു മൗനം
ആ വിതുമ്പലിന്
കാതോർത്തിരിക്കുന്നു.
ഒരിക്കലും വാടാത്ത
നമ്മുടെ ഭൂതകാലചില്ലകളിൽ നിന്നും
ഒരില അടർത്തിയെടുത്ത്
ഞാനെന്റെ മൗനത്തിൽ നിന്നും
നിന്റെ മൗനത്തിലേക്കൊരു
പാലം പണിയുന്നു.
എന്നോ ആഴ്ന്നിറങ്ങിയ
നമ്മുടെ വേരുകളെ
ഈർപ്പമണിയിക്കാൻ
നമ്മുടെ ഭൂതകാലോർമ്മകളുടെ
ഒത്ത നടുക്കായൊരു
ചാലു തീർത്ത് ഞാനെന്റെ
മിഴിനീർ തുള്ളികളെ
അതിലൂടൊഴുക്കി വിടുന്നു.
എന്റേയും നിന്റേയും
വേരുകൾ മണ്ണിനടിയിലായ്
വീണ്ടുമൊരിക്കൽ കൂടി
നനഞ്ഞൊട്ടുന്നു.
നനഞ്ഞൊട്ടിയ
എന്റേയും നിന്റേയും,
വേരുകൾക്ക് മുകളിലായ്
രണ്ട് പുതുനാമ്പുകൾ
വീണ്ടും തളിർക്കുന്നു.
ഇനിയെത്ര തവണ
ഞെട്ടറ്റ് വീണ് പോയാലും
തളരാത്ത
വസന്ത കാലങ്ങളായ്
നമ്മളിനിയുമിനിയും പൂക്കുന്നു
-ഷാനു കോഴിക്കോടൻ
No comments:
Post a Comment