എന്റെ അവസാന കാഴ്ചകളെ
നമ്മളൊടുക്കം കണ്ടിടത്ത്
ഞാൻ മനഃപൂർവം മറന്ന് വെച്ചിട്ടുണ്ട്.
എനിക്കും നിനക്കും വേണ്ടി മാത്രം
അന്നുണർന്നിരുന്ന രാവും
മാത്രമന്ന് വിരിഞ്ഞിരുന്ന നക്ഷത്രങ്ങളും
എനിക്കൊപ്പമിപ്പോഴും കൂട്ടിരുപ്പുണ്ട്.
ചിറകറ്റു വീണു പോയെങ്കിലും
അന്ന് നീ ഇടനെഞ്ചിലിറക്കി വെച്ച
നിന്റെ ചുടുനിശ്വാസം
എന്റെ ജീവനൂർന്നു പോകാതെ കെട്ടിയിട്ടിട്ടുണ്ട്
അന്ന് നിന്നിൽ നിന്നടർന്ന് വീണ
വിയർപ്പ് തുള്ളികൾ
മണ്ണിലലിഞ്ഞാലും തോർന്നു
പോകാതെന്റെ ത്വക്കിലാകെ
പടർന്നൊഴുകിയിട്ടുണ്ട്
ഭൂമിയും ആകാശവുമറിയാതെ
ആരോടും പരാതികളില്ലാതെ
നമ്മളിപ്പോഴുമവിടെ
പ്രണയിച്ചിരിക്കുന്നുണ്ട്.
-ഷാനു കോഴിക്കോടൻ-
No comments:
Post a Comment