ഏറ്റവും പ്രിയമുള്ളൊരു വിശ്വാസം
മുറിഞ്ഞു പോയൊരുവൻ
ലോകം നഷ്ട്ടപ്പെട്ടു
പോയൊരുവന് തുല്യമാകുന്നു.
അവനത് നഷ്ടമായ ദിവസം
സ്വന്തമാത്മാവിനെ ഉഴുതു മറിച്ചു
സർവ്വതും മാന്തിയെടുക്കും.
ജീവനോടെ ചുട്ടെരിക്കാൻ
അത് വരെയുള്ള ഓർമ്മകളെ
കൂട്ടിയും കുറച്ചും നിജപ്പെടുത്തി
ഒന്നിച്ചൊരു ഭാണ്ഡമാക്കും.
ഓർമ്മകളെ ചുട്ടു തീർക്കാനുള്ള
തീകുണ്ഡത്തിനായി
നെഞ്ചിലെരിയുന്ന നെരിപ്പോടിലവൻ
നിർത്താതെ ഊതിക്കൊണ്ടിരിക്കും
ഊതിയൊരുക്കി വെച്ച
തീനാളങ്ങൾക്ക് മുകളിൽ
കയറി നിന്ന് ഓർമ്മകളവനെ
പിന്നേയും നിർത്താതെ
പരിഹസിച്ചു കൊണ്ടിരിക്കും.
ഒടുക്കം..!
ഒന്നും കാണാതരിക്കാൻ
രണ്ട് കണ്ണുകളും ഇറുകിയടച്ച്
ഒന്നും കേൾക്കാണ്ടിരിക്കാൻ
രണ്ട് കാതുകളും കൊട്ടിയടച്ചു
സ്വന്തം നെരിപ്പോടിൽ
അവൻ മാത്രമെരിഞ്ഞു തീരും.
-ഷാനു കോഴിക്കോടൻ-
No comments:
Post a Comment