Tuesday, 25 October, 2016

സഞ്ചാരിഅന്തരംഗത്തിന്‍റെ ആന്ദോളനത്തില്‍ 
ഉന്മാദചിത്തനായ് 
തന്നിലെ തന്നെയും തേടി 
ആത്മ സായൂജ്യത്തിന്‍ വീഥികളിലൂടെ
ആത്മപ്രയാണം നടത്തുന്നവന്‍ 
സഞ്ചാരി

നോവുകള്‍

പിടയ്ക്കുന്ന ഹൃദയത്തിന്റെ
മിടിപ്പിന്റെ താളത്തിലുണ്ട്
പറയാതെ പറയുന്ന 
വാക്കുകളുടെ നോവുകള്‍
കണ്ണകന്നിട്ടും കാഴ്ച മങ്ങീട്ടും
അറിയാതെ കൊഴിഞ്ഞു വീഴുന്ന
ദിനങ്ങളുമെണ്ണി മിഴി പാര്‍ത്തിരിപ്പു-
ണ്ടൊരുപാട് ഹൃദയങ്ങള്‍

മഞ്ഞു കാലം

വിറയ്ക്കുന്ന കൈകളും
വിണ്ടു കീറിയ ചുണ്ടുകളും
ഇല പൊഴിക്കുന്ന മരങ്ങളും
മഞ്ഞു കാലമായെന്ന് -
ആവര്‍ത്തിച്ചോര്‍മ്മപ്പെടുത്തിയിട്ടും
എന്തോ ..മനസ്സ് മാത്രം
മഞ്ഞണിഞ്ഞില്ല .

നീയും ഞാനും


വിജനമായ താഴ്വര..
എന്റെയും നിന്റെയും
സ്വപ്‌നങ്ങള്‍ മാത്രം പൂക്കുന്ന മരങ്ങള്‍
ഭൂമിക്കോ ആകാശത്തിനോ
അടക്കി നിര്‍ത്താന്‍ കഴിയാത്ത
എങ്ങും പരന്നൊഴുകുന്ന
പ്രണയത്തിന്റെ വശ്യ ഗന്ധം
ഹൃദയത്തെ തരളമാക്കി
ഒഴുകി നീങ്ങുന്ന സംഗീതം
നമ്മുടെ സ്വര്‍ഗം

വിശപ്പ്‌

വിശന്ന വയറിന്റെ ഉള്‍വിളി സഹിക്കാനാവാതെ 
കരയുന്ന കുഞ്ഞിന്റെ വിശപ്പടക്കാന്‍ 
പുറത്തേക്കോടിയ അമ്മ കണ്ടത് 
അടുത്ത വീട്ടിലെ ചവറ്റ് കുട്ടയ്ക്കടുത്ത് 
ഗ്രില്‍ട് ചിക്കന് വേണ്ടി കടി പിടി കൂടുന്ന
പട്ടിയെയും പൂച്ചയെയും ആയിരുന്നു .

Monday, 24 October, 2016

എന്റെ സ്വര്‍ഗ്ഗ രാജ്യം

ഉമ്മ
ലോകമുറങ്ങുന്ന രാവിലും
കണ്ണിമ ചിമ്മാതെ ചാരത്തിരുന്നവള്‍
കദനക്കടലില്‍ മുങ്ങിത്താഴുമ്പോഴും
കനിവിന്റെ മധുരം പകര്‍ന്നു നല്‍കിയവള്‍
എല്ല് മുറിയുന്ന വേദനകളിലും
ചിരിച്ചു മാത്രം കിസ പറഞ്ഞവള്‍
കാല്‍ക്കീഴില്‍ എനിക്കായ്
സുബര്‍ക്കം കരുതി വെച്ചവള്‍

ഉപ്പ
ഒറ്റനോട്ടം കൊണ്ട് പറയാനുള്ളത്
മുഴുവന്‍ പറഞ്ഞു തീര്‍ക്കുന്നവന്‍
കൈകള്‍ കോര്‍ത്തു പിടിച്ചു
നടക്കാന്‍ പഠിപ്പിച്ചവന്‍
പകല് ചൊരിഞ്ഞ
ശകരാങ്ങള്‍ക്ക് ബദലായി
ഉറങ്ങുമ്പോ വന്നു
ഉമ്മകള്‍ കൊണ്ട് മൂടുന്നവന്‍
വീടിനു പുറത്തേക്കുള്ള
വഴികള്‍ വെട്ടി നടത്തിച്ചവന്‍
നല്ലപാതി
പൂമുഖത്തും പിന്നാമ്പുറത്തും
പൂമുഖത്തിനു പുറത്തും
സ്നേഹം വിടര്‍ത്തുന്നവള്‍
വലിയ സങ്കടങ്ങളെ
ചെറിയ വാക്കുകളില
ലിയിച്ചു കളയാന്‍ കെല്‍പ്പുള്ളവള്‍
എന്റെ സ്വപ്നങ്ങളെ പ്രസവിച്ചവള്‍
എന്നെ ആദ്യമായ് പ്രണയിച്ചവള്‍
അനിയന്‍
കാലങ്ങള്‍ കാത്തിരുന്നു-
കിട്ടിയ കൌതുകം
കൂടെപ്പിറപ്പായും സുഹൃത്തായും
മകനായും വന്ന്
സ്നേഹം കൊണ്ട് മൂടുന്നവന്‍
പെങ്ങള്‍
പെണ്മക്കളില്ലാത്ത വീട്ടില്‍
കറങ്ങിത്തിരിയുന്ന ആങ്ങളയുടെ
ഓര്‍മ്മകളുടെ ഓട്ടക്കീശയിലെന്താ ഉള്ളത് ?
ഒന്നുല്ല്യ .. ശൂന്യം
എങ്കിലും എവിടെയൊക്കെയോ
ഞാനെന്റെ പെങ്ങളെ തിരയാറുണ്ട്
മക്കള്‍
എന്റെ തുടിപ്പുകള്‍
എനിക്ക് കരുത്തേകുന്നവര്‍
എന്നെ ദുര്‍ബലരാക്കുന്നവര്‍
എന്റെ സ്വപ്‌നങ്ങള്‍
-ഷാനു പുതിയത്ത് -

Thursday, 13 October, 2016

രക്തസാക്ഷികാലങ്ങളേറെ കാത്തു കാത്തിരുന്ന്
ആറ്റു നോറ്റൊരുണ്ണി പിറന്നു
കണ്ണ് നിറഞ്ഞു മനം കുളിര്‍ത്തു 
ആഹ്ലാദ ചിത്തരായച്ഛനുമമ്മയും
കയ്യോ വളരുന്നു കാലോ വളരുന്നു
കണ്ണിമ വെട്ടാതവര്‍ നോക്കി നിന്നു
കളികളും ചിരികളും കൊഞ്ചലുകളുമായി
കാലങ്ങളോരുപാട് കൊഴിഞ്ഞു പോയി

ബാല്യ കവചങ്ങളഴിച്ചു മാറ്റി
കൌമാര വേഷമടുത്തണിഞ്ഞുണ്ണി
സിരകളില്‍ ചൂടും മുഖത്തോ ക്രോധവും
നാവിലുശിരന്‍ മുദ്രാവാക്യങ്ങളും
അമ്മയ്ക്ക് ദിനന്തോറും നെഞ്ചില്‍
തീകനല്‍ കൂടിവന്നു .
അച്ചനോ ഉള്ളം തളര്‍ന്നു തേങ്ങി
കനലും തേങ്ങലും കാണാതെ കേള്‍ക്കാതെ
നാളും ദിനങ്ങളും കടന്നങ്ങു പോകവേ
പൊന്നുണ്ണിക്കൊരുദിനം അടി പതറി

വിരി മാറ് വിരിച്ചു പൊരുതിയൊരു
രാത്രിയില്‍ പിന്നിലെ വെട്ടേറ്റു പിടഞ്ഞു വീണു
നിശ്ചലാമായുണ്ണിയും പോര്‍വിളികളും
കൂടെ രണ്ടാതമാക്കള്‍ തന്‍ ഒരു നൂറു സ്വപ്നങ്ങളും
അച്ഛനുമമ്മയും ഒട്ടും കരഞ്ഞില്ല
കണ്ണീര്‍ പൊഴിച്ചില്ല തേങ്ങിയില്ല
അണികള്‍ മുഴക്കിയ രക്തസാക്ഷി വിലാപങ്ങള്‍
കര്‍ണ്ണ പടങ്ങളില്‍ മുഴങ്ങും വരെ
രക്തസാക്ഷി യെന്നുറക്കെ
ചെവിയില്‍ പതിച്ച ക്ഷണമമ്മ
ക്രോധ മുഖിയായി കണ്ണ് ചുവപ്പിച്ചു
ഏറെ ശകാരിച്ചു -
അണികളായ് വന്നു കൂടിയ കൂട്ടത്തെ

ഉറങ്ങുകയാണുണ്ണീ ..
ഉറങ്ങുകയാണുണ്ണീ..
ഉറങ്ങുമെന്നുണ്ണിയേ ദൈവത്തെ ഓര്‍ത്ത്
ശബ്ദങ്ങള്‍ മുഴക്കി ഉണര്‍ത്തിടല്ലേ
വെറുതെ വിടുക എന്‍ പൊന്നുണ്ണിയെ
സുഖമായ് ഉറങ്ങനായ് വെറുതെ വിടുക.

-ഷാനു പുതിയത്ത് -

Wednesday, 31 August, 2016

സ്വപ്‌നങ്ങള്‍

ഇടവേളകളില്ലാതെ 
ഒരുപാട് കണ്ടു തീര്‍ത്തെങ്കിലും
എന്റെ സ്വപങ്ങള്‍ക്കൊന്നിനും 
അവകാശികള്‍ ഇല്ലായിരുന്നു
കനലെരിയും മണ്ണിലെ
ശീതികരിച്ച മുറിയില്‍
സീലിംഗില്‍ നിറയെ ചിത്രങ്ങള്‍
തെളിയുന്നചില രാത്രികള്‍ ഉണ്ട്.
ഓര്‍മ്മകള്‍ക്ക് ചൂട് പിടിക്കുന്ന -
ഉറക്കമില്ലാത്ത രാത്രികള്‍

അന്ന് ഞങ്ങള്‍ ഒരുമിച്ചൊരു
യാത്ര പോകും
എഴാകാശങ്ങളും കടന്നൊരു യാത്ര
ഏഴാം ആകാശത്തിന്റെ
അവസാന പാളിയില്‍
ആരും കാണില്ലാന്നുറപ്പുള്ളോരു
മൂലയിലെ മുറിയിലാക്കി
വാതിലടയ്ക്കും
ജാലക വാതിലൂടെ
ഇനിയൊരിക്കല്‍ കാണാമെന്നു
വാക്ക് നല്‍കി തിരിച്ചിറങ്ങും.