Friday 22 May, 2020

അല്‍ഹംദു ലില്ലാഹ് ! അന മിസ്കീന്‍

കർഫ്യു രാത്രി എട്ട് മണി മുതൽ രാവിലെ ആറു മണി വരെ ആക്കിയതിൽ പിന്നെ രാത്രി കഴിക്കാനുള്ള ഭക്ഷണവും നേരത്തെ വാങ്ങി വെക്കുകയാണ് പതിവ്. കാരണം നോമ്പ് തുറന്നു കഴിഞ്ഞ പിന്നെ എട്ട് മണിയിലേക്ക് അധികം ദൂരമില്ലല്ലോ?
ഒന്ന് അതിനിടക്ക് കണ്ണൊന്നു മാളി പോയ പിന്നെ പട്ടിണിയാകും.അതു കൊണ്ടാണ് ഭക്ഷണം വാങ്ങുക എന്ന ടാസ്ക് നേരത്തെയാക്കാൻ തീരുമാനിച്ചതും.
റോഡിൽ അധികം പേരൊന്നുമില്ല.
കഴിക്കാൻ എന്ത് വാങ്ങണം എന്നാലോചിച്ചിങ്ങനെ നടക്കുകയാണ്.
നോമ്പിനിതു വരെ റൈസ് കഴിച്ചിട്ടില്ല.
നോമ്പ് തുറക്ക് ഫ്രൂട്ട്സ് , രാത്രി കഴിക്കാൻ ചപ്പാത്തി ഈ ഒരു ഫോർമാറ്റ്‌ലാണ് എറിയ ദിവസവും കഴിഞ്ഞു പോന്നതും. അതു കൊണ്ട് തന്നെ ഇന്ന് റൈസ് വാങ്ങിയലോ എന്നൊരാലോചനയും മനസ്സിലുണ്ട്. നോമ്പ് കഴിയാന്‍ ഒരു ദിവസം കൂടിയല്ലേ ബാക്കിയുള്ളൂ.
അങ്ങിനെ ഭക്ഷണ കാര്യത്തെ കുറിച്ച് ആലോചിച്ചങ്ങനെ സൂപ്പർ മാർക്കറ്റിൽ കയറി നോമ്പ് തുറക്കാൻ ആവിശ്യത്തിനുള്ള ഫ്രൂട്ട്സ് വാങ്ങി പുറത്തേക്കിറങ്ങിയപ്പോഴാണ് അല്പം അകലെ നിന്നായി ആരോ വിളിക്കുന്നത് പോലെ തോന്നിയത്..
ഹലോ.. ഭായ്.. ഹലോ..
ഞാൻ തിരിഞ്ഞു നോക്കി..
അതെ വിളിക്കുന്നതെന്നെ തന്നെയാണ്.
മറ്റാരുമപ്പോള്‍ അവിടെയെങ്ങുമില്ല.
അല്പം അകലെയായി മരച്ചുവട്ടിലിരിക്കുന്ന അല്പം പ്രായമുള്ള ഒരു മനുഷ്യനാണെന്നെ നിര്‍ത്താതെ വിളിച്ചു കൊണ്ടിരിക്കുന്നത്.
ശ്രദ്ധിച്ചു നോക്കിയപ്പോൾ അയാൾക്ക് രണ്ട് കാലുകളും ഇല്ല എന്ന് മനസ്സിലായി.
വഴി യാത്രക്കാരുടെ കയ്യിൽ നിന്നും ലഭിക്കുന്ന എന്തെങ്കിലും സഹായത്തിനായി ഇരിക്കുകയാണാ പാവം‌. അല്പം ദൂരെ ആണെങ്കിലും എനിക്കയാളെ അവഗണിച്ചു പോരാൻ തോന്നിയില്ല.
ഞാൻ അയാൾക്കരികിലെത്തി കയ്യിൽ കരുതിയിരുന്ന നാണയതുട്ടുകൾ എടുത്തു അദ്ദേഹത്തിനു നേരെ നീട്ടി.
അയ്യോ !
ഞാൻ വിളിച്ചത് ഇതിന് വേണ്ടിയല്ല..
ദൂരെ നിന്ന് വിളിച്ചു വരുത്തിയതിനു ക്ഷമാപണമെന്നോണമയാൾ പറഞ്ഞു.
കുഴപ്പമില്ല. ഇത് വാങ്ങിക്കൂ.
ആട്ടെ.. പിന്നെ എന്തിനാണ് നിങ്ങളെന്നെ വിളിച്ചത്?
അയാൾ ഉടനെ തന്നെ അരികിലുള്ള കവറിലേക്ക് വിരല് ചൂണ്ടിക്കൊണ്ട് പറഞ്ഞു.
ഇതൊന്നു കൊണ്ട് പോകുമോ?
ഇന്നെന്റെ വയറു നിറയാൻ മാത്രമുള്ള ഭക്ഷണം ദാ...ഈ ചെറിയ പൊതിയിലുണ്ട്.
അൽഹംദുലില്ലാഹ്.
എന്ത് ചെയ്യണമെന്നറിയാതെ മടിച്ചു നില്‍ക്കുന്ന എന്നെ കണ്ട് അയാള്‍ പറഞ്ഞു.
അയ്യോ ..പേടിക്കണ്ട ..
ഞാന കവര്‍ തൊട്ടിട്ടില്ല.
ഒരു റെസ്റ്റോറന്റുകാര്‍ ‍വെച്ചിട്ട് പോയതാണ്.
ഞാന്‍ വേണ്ടാന്നു പറയുമ്പോഴേക്കും അവര് പോയി.
നോമ്പ് തുറക്കാറാന് ഇനി അധികം നേരമില്ലല്ലോ...?
കയ്യിലുള്ള ഭക്ഷണം മുഴുവന്‍ അപ്പോഴേക്കും എല്ലാവരിലേക്കുമെത്തിക്കാന്‍ ഓടുകയാണവര്‍.
അല്ലാഹ്....
അത് കൊണ്ടല്ല..
എനിക്കിന്നു ഭക്ഷണം വാങ്ങാന്‍ കഴിയുമല്ലോ..?
അതിനു പറ്റാത്തവര്‍ക്കല്ലേ ഇത് കൊടുക്കേണ്ടത്. ?
ഭായ് ...
ഇതാരുടെയെങ്കിലും വയറിലെത്താതെ
ഇവിടെ കിടന്നു കേടു വന്നു പോയാല്‍ എനിക്കിന്ന് ഉറക്കം കിട്ടില്ല...
വെറുതെ കുപ്പ തൊട്ടിയില്‍ കളയുന്നതിനെക്കാള്‍ എത്രയോ നല്ലതാണ് നിങ്ങളിത് ഭക്ഷിക്കുന്നത്. വിരോധമില്ലെങ്കി നിങ്ങളിത് കൊണ്ട് പോയാ എനിക്കത് ഒരുപാട് സന്തോഷമാകും.
ഈ മുറിയന്‍ കാലും വെച്ച് എനിക്കിത് മറ്റൊരാളെ തേടി പോകാനുള്ള സമയവുമിനിയില്ല.
ഞാന്‍ പിന്നീടൊന്നും പറയാതെ ആ ഭക്ഷണമെടുത്തു കൊണ്ട് അയാള്‍ക്ക് നന്ദി പറഞ്ഞു.
മുഖം മാസ്ക് കൊണ്ട് മറച്ചിരുന്നുവെങ്കിലും അയാളുടെ ചുണ്ടുകളില്‍ വിരിഞ്ഞ നിറഞ്ഞ പുഞ്ചിരി എനിക്കയാളുടെ കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാമായിരുന്നു.
പോകുന്ന വഴിക്ക് അതേല്‍പ്പിക്കാന്‍ പറ്റിയ വല്ലവരുമുണ്ടോ എന്ന് ഞാന്‍ പരതിയെങ്കിലും ആരെയും കണ്ടില്ല.
ഈ ധാന്യ മണികളില്‍ എന്റെ പേര് തന്നെയായിരിക്കണം റബ്ബ് എഴുതി വെച്ചിരിക്കുന്നത്.
ഒരുപാട് കാലത്തിനു ശേഷം ചോറ് കഴിക്കുക എന്നെ എന്റെ ആഗ്രഹം സാധിച്ചു തരാന്‍ റബ്ബ് തിരഞ്ഞെടുത്തിരിക്കുന്നത് ഒരു ഫക്കീറിനെ.
ഞാനിന്നലെ പതിവിലും നേരത്തെ ഭക്ഷണം കഴിക്കാനിരുന്നു.
ജീവിതത്തില്‍ ഇത് വരെ കഴിച്ച ഭക്ഷണങ്ങളില്‍ നിന്നെല്ലാം വ്യത്യസ്ഥമായൊരു രുചിയായിരുന്നു അതിന്. കാരണം...
അതിലെ ഓരോ ഉളുകള്‍ക്കും ഒരു നുള്ള് ഭക്ഷണത്തിന്റെ മൂല്യം എന്താണന്നറിയാവുന്നോരാളുടെ
പ്രാര്‍ത്ഥനയുണ്ടായിരുന്നു.
അതൊരു ..അനര്‍‍വചീനായമാക്കപ്പെട്ട..
വല്ലാത്ത സ്വാദ് തന്നെ.
അതാസ്വദിക്കാന്‍ പടച്ചവനെന്നെ തന്നെ തിരഞ്ഞെടുത്തുവല്ലോ....?
അല്‍ഹംദു ലില്ലാഹ്...
ഞാനത് മുഴുവന്‍ കഴിച്ചു കഴിഞ്ഞപ്പോ ..
കണ്ണ് നിറച്ചു കാണാന്‍ വേണ്ടി മാത്രം നിറഞ്ഞു കവിയുന്ന തീന്‍ മേശകളെ കുറിച്ചോര്‍ത്തു.
ബാക്കി വന്ന ഭക്ഷണങ്ങളെ പിറ്റേന്ന്‍ ഒരു മനസ്താപവുമില്ലാതെ കുപ്പത്തൊട്ടിയില്‍ കൊണ്ട് പോയി കളയുന്ന മനസ്സുകളെ കുറിച്ചോര്‍ത്തു...
സമ്പത്തിനെ കുറിച്ചല്ലാതെ ഒരിക്കലും ദാരിദ്ര്യത്തെ കുറിച്ചോര്‍ത്ത് ദുഖിക്കരുത് എന്നും..
"അല്‍ഹംദുലില്ലാഹ് ..അന മിസ്കീന്‍"
എന്നാണു പറഞ്ഞു പഠിക്കേണ്ടതു എന്ന നബി വചനങ്ങളെ കുറിച്ചുമോര്‍ത്തു.
ശേഷം മനസ്സ് നിറഞ്ഞു പറഞ്ഞു ...
അല്‍ഹംദ്ലില്ലാഹ് !!
(സര്‍വ്വ സ്തുതിയും നിനക്ക് തന്നെ )
~ഷാനു കോഴിക്കോടന്‍~

ചുക്ക് കാപ്പി

രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ....