Friday 5 May, 2023

സമയം


 














പാതി വഴിയിലെപ്പോഴെങ്കിലും
അനിവാര്യമായ ആ സമയം
നമ്മളെ തേടി വന്നെത്തും

മുറുകെ കോർത്തു പിടിച്ച
എന്റെ വിരൽ തുമ്പിൽ നിന്ന്
നിന്റെ വിരൽ തുമ്പ്
പതിയെ അടർന്നു പോകും

നിനക്കേറെ ഇഷ്ടമുള്ള
എന്റെ ചുടു നിശ്വാസമപ്പോൾ
പുലരിയിൽ നിന്നിറ്റു വീണ
തൂമഞ്ഞു കണക്കെ
തണുത്തു പോയിട്ടുണ്ടാകും

എപ്പോഴും എന്റെ കാലടികളെ
പിന്തുടർന്നു വന്നെന്നെ
അതിശയപ്പിക്കാറുള്ള നിനക്കിനി
അത് കഴിയില്ല എന്നോർക്കുമ്പോൾ
എനിക്ക് ദുഃഖമുണ്ട്

തള്ള വിരലുകൾ രണ്ടും
ചേർത്ത് കെട്ടിയിട്ട കാല്പാദങ്ങൾക്ക് 

മണ്ണിലിനിയെങ്ങനെ നിനക്ക്

വേണ്ടി അടയാളമുണ്ടാക്കാൻ
കഴിയും?

എന്നെ അതിശയിപ്പിച്ചിരുന്നതിന്
പകരമായി ഒരൊറ്റ തവണ
നിന്നെ അതിശയിപ്പിച്ചു മടങ്ങാൻ
നീ ബലമായി അടച്ചു വെച്ച
എന്റെ കണ്ണുകൾ
നീ അറിയുന്നില്ലെങ്കിലും
ഞാൻ തുറക്കാൻ ശ്രമിക്കുന്നുണ്ട്.

പക്ഷേ..
നിന്നെ അതിശയിപ്പിക്കാനുള്ള
സാമാർഥ്യം മുൻപില്ലാതിരുന്ന പോലെ
ഇപ്പോഴുമെനിക്കില്ലടോ

എങ്കിലും സഖീ...!
മണ്ണടിഞ്ഞാലും മാഞ്ഞു
പോകാത്ത രണ്ട് സത്യങ്ങൾ
നിനക്ക് വേണ്ടി മാത്രം
ഞാൻ ബാക്കി വെച്ചിട്ടുണ്ട്.

പരുത്തികൾ ചേർത്ത് വെച്ച്
എന്റെ നാസിക ദ്വാരങ്ങൾ
എത്ര മുറുകെയടക്കാൻ ശ്രമിച്ചാലും
എത്ര ഉയരത്തിലെന്നെ
മണ്ണുകൾ വന്നു മൂടിയാലും
നിന്റെ ഗന്ധം എന്നും എപ്പോഴും
എന്നോട് ചേർന്നു നിൽക്കും.

അനുരാഗത്തിന്റെ കാൽപാടുകൾ
പതിഞ്ഞ നമ്മുടെ മാത്രമിടങ്ങളിൽ
ഇനി നീ തനിയെ നടക്കുമ്പോൾ
ഓർമ്മകളെ തഴുകി ഉണർത്താൻ
ഞാനിതാ എന്റെ ഗന്ധവും
നിനക്ക് വേണ്ടി മാത്രം
ഇവിടെ ഉപേക്ഷിച്ചു മടങ്ങുന്നു.

-ഷാനു കോഴിക്കോടൻ -

പൂക്കളോട് പറഞ്ഞത്


 














നീ മടങ്ങിപ്പോയ
നാൾ മുതൽക്കാണ്
ഞാൻ പൂക്കളോട്
സംസാരിച്ചു തുടങ്ങിയത്
എന്നിട്ടും ഞാനിന്നെ വരെ
നിന്നേക്കാൾ സുഗന്ധം
പരത്തുന്ന ഒരു പൂവിനെ പോലും
പിന്നീടൊരിക്കലും കണ്ടു മുട്ടിയില്ല
മനസ്സാകെ...
നോവ് മാത്രം പടർത്തി
നിന്റെ ഇതളുകളന്ന്
ചിതറിതെറിച്ചു വീണപ്പോ
എന്റെ മൗനാനുവാദത്തിന്
പോലും കാത്തു നിൽക്കാതെ
എങ്ങു നിന്നോ വന്ന
കാറ്റിനൊപ്പം നിന്റെ ദലങൾ
ഓരോന്നായി പറന്നകന്നപ്പോ
ഞാൻ അറിഞ്ഞിരുന്നില്ല
എനിക്കാസ്വദിക്കാനായി
ഭൂമിയിലിനി സുഗന്ധങ്ങളൊന്നും
നീക്കിയിരിപ്പില്ല എന്ന്.
-ഷാനു കോഴിക്കോടൻ-

നക്ഷത്രക്കണ്ണുകൾ


 














എന്ത് കൊണ്ടാണ്
നീ കൂടെയുള്ള രാവ് മുഴുവൻ
ഞാൻ ഉണർന്നിരുന്നത്
എന്നറിയാമോ?
നീ ഉറങ്ങുന്ന സമയമത്രയും
നീയറിയാതെ,പകലറിയാതെ
നക്ഷത്രകണ്ണുകളുള്ള നിന്നെ
വായിച്ചു തീർക്കുവാനായിരുന്നു
അത്
നിന്നെ വായിച്ചും വായിച്ചും
തീർന്ന് പോകാതാകുമ്പോ
ഈ രാവ് തീർന്ന് പോകല്ലേ
എന്ന് ഞാൻ പ്രാർത്ഥിക്കും
അർദ്ധ വായനക്കു മുൻപേ
എന്നെ തോൽപ്പിച്ച്
എന്റെ പ്രാർത്ഥനയെ തോൽപ്പിച്ച്
ഒട്ടും ദയയില്ലാതെ പുലരി വന്നു
കണ്ണിറുക്കി കാണിക്കും
അപ്പോൾ നീ നിന്റെ
നക്ഷത്രക്കണ്ണുകൾ തുറക്കും
ഞാൻ തോറ്റുറങ്ങി പോകും
അടുത്ത രാത്രിയിൽ
നിന്റെ നക്ഷത്രകണ്ണുകൾ
പാതി കൂമ്പി നിദ്രയെ
പ്രാപിച്ചു തുടങ്ങുമ്പോ തന്നെ
ഞാനാവേശത്തോടെ
ഉറക്കമുണർന്നു നിന്നെ
വായിക്കാൻ തുടങ്ങും
വായന പാതി മുറിഞ്ഞു
നിന്നെ മുഴുമിക്കാനാവാതെ
ഞാൻ വീണ്ടും തോറ്റു പോകും
ഒരിക്കലൊരു ദിവസം
പുലരി വന്നു കണ്ണിറുക്കിയിട്ടും
എനിക്ക് മുഴുവനായും
വായിച്ചു തീർക്കാൻ
നീ നിന്റെ കണ്ണുകൾ
മുഴുവനായും മുറുകെ
അടച്ചു തന്നതിൽ പിന്നെയാണ്
ഒരിക്കലുമൊരിക്കലും
വായിച്ചു തീരാത്ത
പുസ്തകമായിരുന്നു നീയെന്ന്
ഞാനറിഞ്ഞതും
എന്റെയുറക്കം രാവിലും
പകലിലും ഒരു പോലെ
നഷ്ടമായതും
എനിക്കുറപ്പുണ്ട്
എനിക്കുറങ്ങാനായ്
ഒരിക്കൽ നീ നിന്റെ
നക്ഷത്രകണ്ണുകൾ തുറന്ന്
എന്നിലേക്ക്‌ തന്നെ വരുമെന്ന്
അത് വരെ...
അത് വരെ മാത്രം
നിന്നെ വായിച്ചും
ആകാശത്തിലെ നക്ഷത്രങ്ങളോട്
നക്ഷത്രകണ്ണുകളുള്ള നിന്റെ
കഥകൾ പറഞ്ഞും
ഞാൻ ഉണർന്നിരുന്നോട്ടെ
-ഷാനു കോഴിക്കോടൻ-

അടയാളങ്ങൾ


 














ദുനിയാവിലെത്ര
ദുർഘട പാതകൾ
നീ പിന്നിട്ട്
കഴിഞ്ഞുവെന്നാലും
നിനക്കും നിനക്കപ്പുറവും
ബാക്കിയാകുന്നത്
ഭൂമിയിൽ നീ
സ്നേഹം കൊണ്ട്
കോറിയിട്ട അടയാളങ്ങൾ
മാത്രമായിരിക്കും
യഥാർത്ഥത്തിൽ നീ
ജീവിച്ചു തുടങ്ങുന്നത്
നിനക്കപ്പുറവും നീ കോറിയിട്ട്
പോയ അടയാളങ്ങൾ
മായാതെ
നിൽക്കുമ്പോഴായിരിക്കും
-ഷാനു കോഴിക്കോടൻ-

ഉന്മാദം


 












എന്നെ
കീഴ്പ്പെടുത്താൻ മാത്രം
ശക്തിയുള്ള ഉന്മാദത്തില്
ഞാന് മയങ്ങുമ്പോള്
നിന്റെ ഓര്മ്മകള്
മാത്രമെന്നില് നിറയുന്നു.
ഏകാന്തത മാത്രം
കൂട്ടിരുന്ന രാവുകളില്,
പ്രണയം തേടി
ഞാനലഞ്ഞപ്പോള്
നമ്മുടെ ആത്മാവുകൾ
ഒന്നാകുന്നു,
എന്റേയും നിന്റേയും
ഇഷ്ടങ്ങള്ക്ക് ഒരേ നിറമെന്നു ഞാനറിയുന്നു.
-ഷാനു കോഴിക്കോടൻ-

മൗനം


 














ഏറെ പരിചതമായൊരു 

മൗനം മതിൽക്കെട്ടിനിപ്പുറം
ശബ്ദമില്ലാതെ
വിതുമ്പി നിൽക്കുന്നു.

പുണരാൻ ശക്തിയില്ലാതെ
മറുകരയിലൊരു മൗനം
ആ വിതുമ്പലിന്
കാതോർത്തിരിക്കുന്നു.

ഒരിക്കലും വാടാത്ത
നമ്മുടെ ഭൂതകാലചില്ലകളിൽ നിന്നും
ഒരില അടർത്തിയെടുത്ത്
ഞാനെന്റെ മൗനത്തിൽ നിന്നും
നിന്റെ മൗനത്തിലേക്കൊരു
പാലം പണിയുന്നു.

എന്നോ ആഴ്ന്നിറങ്ങിയ
നമ്മുടെ വേരുകളെ
ഈർപ്പമണിയിക്കാൻ
നമ്മുടെ ഭൂതകാലോർമ്മകളുടെ
ഒത്ത നടുക്കായൊരു
ചാലു തീർത്ത് ഞാനെന്റെ
മിഴിനീർ തുള്ളികളെ
അതിലൂടൊഴുക്കി വിടുന്നു.

എന്റേയും നിന്റേയും
വേരുകൾ മണ്ണിനടിയിലായ്
വീണ്ടുമൊരിക്കൽ കൂടി
നനഞ്ഞൊട്ടുന്നു.

നനഞ്ഞൊട്ടിയ
എന്റേയും നിന്റേയും,
വേരുകൾക്ക് മുകളിലായ്
രണ്ട് പുതുനാമ്പുകൾ
വീണ്ടും തളിർക്കുന്നു.

ഇനിയെത്ര തവണ
ഞെട്ടറ്റ് വീണ് പോയാലും
തളരാത്ത
വസന്ത കാലങ്ങളായ്
നമ്മളിനിയുമിനിയും പൂക്കുന്നു

-ഷാനു കോഴിക്കോടൻ

വിശ്വാസം


 












ഏറ്റവും പ്രിയമുള്ളൊരു വിശ്വാസം
മുറിഞ്ഞു പോയൊരുവൻ
ലോകം നഷ്ട്ടപ്പെട്ടു
പോയൊരുവന് തുല്യമാകുന്നു.
അപ്പോൾ വരെ
അവന്റെ ലോകമെന്നത്
ആ വിശ്വാസവുമായുള്ള
കരാറ് മാത്രമായിരുന്നു
അവനത് നഷ്ടമായ ദിവസം
സ്വന്തമാത്മാവിനെ ഉഴുതു മറിച്ചു
സർവ്വതും മാന്തിയെടുക്കും.
ജീവനോടെ ചുട്ടെരിക്കാൻ
അത് വരെയുള്ള ഓർമ്മകളെ
കൂട്ടിയും കുറച്ചും നിജപ്പെടുത്തി
ഒന്നിച്ചൊരു ഭാണ്ഡമാക്കും.
ഓർമ്മകളെ ചുട്ടു തീർക്കാനുള്ള
തീകുണ്ഡത്തിനായി
നെഞ്ചിലെരിയുന്ന നെരിപ്പോടിലവൻ
നിർത്താതെ ഊതിക്കൊണ്ടിരിക്കും
ഊതിയൊരുക്കി വെച്ച
തീനാളങ്ങൾക്ക് മുകളിൽ
കയറി നിന്ന് ഓർമ്മകളവനെ
പിന്നേയും നിർത്താതെ
പരിഹസിച്ചു കൊണ്ടിരിക്കും.
ഒടുക്കം..!
ഒന്നും കാണാതരിക്കാൻ
രണ്ട് കണ്ണുകളും ഇറുകിയടച്ച്
ഒന്നും കേൾക്കാണ്ടിരിക്കാൻ
രണ്ട് കാതുകളും കൊട്ടിയടച്ചു
സ്വന്തം നെരിപ്പോടിൽ
അവൻ മാത്രമെരിഞ്ഞു തീരും.
-ഷാനു കോഴിക്കോടൻ-

കാഴ്ചകൾ

 






















എന്റെ അവസാന കാഴ്ചകളെ

നമ്മളൊടുക്കം കണ്ടിടത്ത്

ഞാൻ മനഃപൂർവം മറന്ന് വെച്ചിട്ടുണ്ട്.


എനിക്കും നിനക്കും വേണ്ടി മാത്രം
അന്നുണർന്നിരുന്ന രാവും
എനിക്കും നിനക്കും വേണ്ടി
മാത്രമന്ന് വിരിഞ്ഞിരുന്ന നക്ഷത്രങ്ങളും
എനിക്കൊപ്പമിപ്പോഴും കൂട്ടിരുപ്പുണ്ട്.
ചിറകറ്റു വീണു പോയെങ്കിലും
അന്ന് നീ ഇടനെഞ്ചിലിറക്കി വെച്ച
നിന്റെ ചുടുനിശ്വാസം
എന്റെ ജീവനൂർന്നു പോകാതെ കെട്ടിയിട്ടിട്ടുണ്ട്
അന്ന് നിന്നിൽ നിന്നടർന്ന് വീണ
വിയർപ്പ് തുള്ളികൾ
മണ്ണിലലിഞ്ഞാലും തോർന്നു
പോകാതെന്റെ ത്വക്കിലാകെ
പടർന്നൊഴുകിയിട്ടുണ്ട്
ഭൂമിയും ആകാശവുമറിയാതെ
ആരോടും പരാതികളില്ലാതെ
നമ്മളിപ്പോഴുമവിടെ
പ്രണയിച്ചിരിക്കുന്നുണ്ട്.
-ഷാനു കോഴിക്കോടൻ-

ചുക്ക് കാപ്പി

രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ....