Wednesday 5 December, 2018

യാത്ര


നശ്വരമായതെല്ലാമുപേക്ഷിച്ചു
പ്രിയപ്പെട്ടവരും പ്രിയപെട്ടതും
ഇട്ടെറിഞ്ഞു ഒറ്റയ്ക്ക് പോകേണ്ട
എന്നോ കുറിക്കപ്പെട്ടൊരു യാത്ര.
തോറ്റെന്നു ധരിച്ചതൊന്നും
തോല്‍വിയായിരുന്നില്ല
ജയിച്ചു കയറിയ സ്ഥലങ്ങളെന്നു
നിനച്ചതൊന്നും ജയവുമായിരുന്നില്ല
വാക്കിലും നോക്കിലും
നില്‍പ്പിലും നടപ്പിലും
അവന്‍ കൂടെയുണ്ടായിരുന്നു.
അവനെന്റെ തൊട്ട് പിന്നിലായ് നിന്ന്
കൈ കൊട്ടി ചിരിക്കാറുണ്ടായിരുന്നു.
പക്ഷെ കണക്കുകള്‍ കൂട്ടി കിഴിക്കുന്ന
തിരക്കില്‍ ഞാനാ ശബ്ദമൊരിക്കലും-
കേട്ടിരുന്നില്ല.
കൂട്ടിയും കിഴിച്ചും നോക്കി
നഷ്ടങ്ങളെന്നു കരുതുന്നത്-
മാറ്റി നിര്‍ത്തണം
ചിലപ്പോള്‍ ബന്ധങ്ങള്‍
ചിലപ്പോള്‍ പുഞ്ചിരി
ചിലപ്പോള്‍ സത്യ സന്ധത
ചിലപ്പോള്‍ മനുഷ്യത്വം
അങ്ങിനെ എന്തെല്ലാം
നഷ്ട കണക്കുകളില്‍ പെട്ട്
എത്രയോ തവണ-
പുറന്തള്ളപ്പെട്ടിരിക്കുന്നു.
പക്ഷെ ..
യാത്ര പോകേണ്ട ഇന്ന്
പിന്നിട്ട വഴികളിലേക്ക്
തിരിഞ്ഞു നോക്കുമ്പോ
പേടിപ്പെടുത്തുന്ന ഇരുട്ടും
ശൂന്യതയും മാത്രം
തിരിഞ്ഞു നടന്നു
ഞാനോരോ വഴികളിലും .
കയറിയിറങ്ങി -
വെട്ടി പിടിച്ച
എന്റെ നേട്ടങ്ങളും അന്വേഷിച്ച്.
ശൂന്യമാണ് എല്ലായിടവും.
ദൂരെയെങ്ങോ അതാ
ഒരു നേര്‍ത്ത വെട്ടം.
നടന്നു തളര്‍ന്ന ഞാന്‍
വീണ്ടും എഴുന്നേറ്റു നടന്നു
വെട്ടം കണ്ടിടത്തേക്ക്.
വഴികള്‍ അവസാനിക്കാറായി
ഒരുപാടാന്വേഷിച്ചു -
ഒത്തിരി അലഞ്ഞ്
തേടി വന്ന വെട്ടത്തെ ഞാന്‍ കണ്ടു മുട്ടി
അതെന്റെ ബാല്യമായിരുന്നു
സ്നേഹവും പുഞ്ചിരിയും
ബന്ധങ്ങളും മാത്രം
കൂട്ടിനുണ്ടായിരുന്ന ബാല്യം
ഞാന്‍ ആ നേട്ടങ്ങളെ മാത്രം പുണര്‍ന്നു -
വേഗത്തില്‍ യാത്ര തിരിക്കാന്‍
ഒരുങ്ങുമ്പോഴേക്കും
മുന്‍പ് നേട്ടങ്ങളെന്നു-
കരുതിയ കോട്ടങ്ങളെന്നെ
പൊട്ടിച്ചെറിയാന്‍ പറ്റാത്തത്രയും -
ശക്തിയില്‍ മുഴുവനായ്
വലയം ചെയ്തിരുന്നു.

Wednesday 28 November, 2018

നിറങ്ങള്‍

മോനെ ..
കണ്ണ് പിടിക്ക്ണില്ല്യ
ഇതിലെത്രാ സൈസ് എയ്ത്യത്‌ .. ?
മുപ്പത്തി രണ്ട് ..
ആ മുപ്പത്തി രണ്ടാണോ .. ശരി ..
ഏയ്‌ .. അതെ .. ..
ആ മുപ്പത്തി രണ്ടു സൈസ് പാന്റ് ഇങ്ങക്ക് പറ്റലുണ്ടാകില്ല .
ഇനിക്കല്ല . മോന്ക്ക് കൊടുത്തയക്കാനാ ,
നമ്മള്‍ എട്ക്കണ മോഡല്‍ ഒക്കെ കുട്ട്യോള്‍ക്ക് പറ്റോ ആവൊ ?
നാട്ടീ പോവണോ . ?
അല്ല ഒരാള്‍ പോകുമ്പോ കൊടുത്തയക്കാനാ ..
പോക്ക് രണ്ടൊല്ലം കൂടുമ്പള .
എപ്പളും എപ്പളും പോകാന്‍‍ മാത്രള്ള വരായ്കയില്ല്യ ..
ശെന്ത ചെയ്യാ ..
ഈ ജീന്‍സ് പാന്റില്‍ ആകെ മൂന്നാല് കളറെ എപ്പളും ണ്ടാകൂ .
ഇനിക്കാണേല്‍ ഇതൊന്നും കണ്ണി പിടിക്കിണില്ല്യ .
ഓന്ക്കാണേല്‍ ജീന്‍സ് അല്ലാതെ പറ്റുംല്ല്യ ..
സ്വന്തം ജീവിതത്തിലെ മങ്ങി നരച്ചു മാഞ്ഞു പോകാറായ നിറങ്ങളെ കാര്യമാക്കാതെ മകന് കൂടുതല്‍ നിറങ്ങളന്വേഷിച്ച് അയാളടുത്ത കട ലക്ഷ്യമാക്കി നടന്നു 

Saturday 4 August, 2018

മ്മാ ..

കുഞ്ഞു നാളിലെ പല ആഗ്രഹങ്ങള്‍ക്കും
ചിരിച്ചു കൊണ്ട് മൌന സമ്മതം തന്നവള്‍
കണ്ണില്‍ കണ്ട ആക്രി സാധനങ്ങളെല്ലാം
പെറുക്കി കൊണ്ട് വന്നു കൊടുക്കുമ്പോ
ജീപ്പായും കാറായും ബസ്സായും 
വിമാനമായും രൂപമാറ്റം വരുത്തി തന്നവള്‍
ഒരു വേനലവധിക്കാലത്ത് ബിസ്നസ് മോഹമുദിചപ്പോ
മാങ്ങയും നെല്ലിക്കയും ഉപ്പിലിട്ടു തന്ന് കൊണ്ട്
കുട്ടി ബിസ്നസ്കാരന്റെ ഐസൊരുതി കച്ചോടത്തിനു
പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചവള്‍.
അവിലും വെള്ളത്തിന്റെയും മോരും വെള്ളത്തിന്റെയും സാധ്യതകളെ കുറിച്ച് വാചാലയായവള്‍ .
തല്ലാനായി വടിയോങ്ങുന്നവരുടെ മുന്നിലേക്ക് കയറി
നിന്ന് പലപ്പോഴായി രക്ഷിച്ചെടുത്തവള്‍.
കണ്ണുകളിലേക്ക് മാത്രം നോക്കി
എന്റെ ആഗ്രഹങ്ങളെ തിരിച്ചറിഞ്ഞവള്‍
എക്കാലത്തെയും എന്റെ ഏറ്റവും നല്ല സുഹൃത്ത്
എന്റെ വല്യുമ്മ ..
ഒടുവിലൊരുനാള്‍ ഒരു മനുഷ്യനേറ്റവും
ഭയക്കുന്ന മറവിയിലേക്ക് കാലം തള്ളിയിട്ടപ്പോള്‍
സംസാരിക്കാനും ഭക്ഷണം കഴിക്കാനും
പോലും മറന്നു പോയപ്പോ..
കാലുകള്‍ നിശ്ചലമായി പോയപ്പോ
എന്റെ കണ്ണുകളിലേക്ക് നോക്കി
കണ്ണീര്‍ പൊഴിച്ചതെന്തിനായിരുന്നു ?
മറവി രോഗം എന്റെ മുഖം മാത്രം
കവര്‍ന്നെടുക്കാതെ ബാക്കി വെച്ചത് കൊണ്ടായിരുന്നുവോ ?
അള്ളാഹുവിങ്കലേക്ക് മടക്കി വിളിച്ച രാത്രി
കുറൂജ് വില്ലനായി വന്നു അവസാനമായൊന്നു
കാണാനുള്ള അവസരവും നിഷേധിക്കപ്പെട്ടു.
പിറ്റേ ദിവസം ഞാന്‍ വന്നിരുന്നു ഇമ്മാ ..
മറവിയും രോഗങ്ങളും ഇല്ലാത്ത ലോകത്തേക്ക്
വൈകിക്കാതെ കാത്തു നില്‍ക്കാതെ
യാത്രയാക്കണമെന്നു പറഞ്ഞത് ഞാന്‍ തന്നെയായിരുന്നു .
ഞാന്‍ ഓരോ തവണ വരുമ്പോഴും നമ്മള്‍ ഒരുപാട്
സംസാരിക്കാറുണ്ടല്ലോ ..
നമ്മളിനിയും കാണുമല്ലോ ...
സൌഹൃദ ദിനാശംസകള്‍ മ്മാ .. 

ചുക്ക് കാപ്പി

രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ....