Monday 1 July, 2019

വിധവ

സ്കൂള്‍ അടച്ചാല്‍ തുണിക്കടയില്‍ ജോലിക്ക് കയറുന്നത് എട്ടാം ക്ലാസ്സ്‌ മുതല്‍ തുടങ്ങിയ ഏര്‍പ്പാടായിരുന്നത് കൊണ്ട് പത്താം ക്ലാസ്സ്‌ കഴിഞപ്പോഴും ആ പതിവ് തന്നെ ആവര്‍ത്തിച്ചു.
റിസള്‍ട്ട്‌ വരാന്‍ ‍ ഇനിയും സമയം ഉണ്ടല്ലോ .. ?
ഭാവി പരിപാടികളെല്ലാം അത് കഴിഞ്ഞ തീരുമാനിക്കാം.
എട്ടോളം സ്റ്റാഫുകള്‍ ഉള്ള കടയില്‍ എന്നെ പോലെ കുട്ടി സ്റ്റാഫായി ഒരാള് കൂടെ ഉണ്ടായിരുന്നു .
സമ പ്രായക്കാരായത് കൊണ്ട് നമ്മള്‍ രണ്ടു പേരും
പെട്ടെന്ന് തന്നെ കൂട്ടായി.
പെരുന്നാള്‍ സീസണ്‍ ആണ് ..
അത് കൊണ്ട് തന്നെ മിട്ടായി തെരുവിലെ എല്ലാ കടകളിലും നല്ല തിരക്കുമാണ്.
രാവിലെ ഒന്‍പതു മണിക്കെത്തുന്ന ഞങ്ങള്‍ വലിച്ചു വാരിയിട്ട സാധാനങ്ങള്‍ എല്ലാം മടക്കി സെറ്റ് ചെയ്തു കടയില്‍ നിന്ന് മടങ്ങാന്‍ രാത്രി ഒരു മണി എങ്കിലും ആകുമായിരുന്നു.
തിരക്ക് പ്രതീക്ഷിച്ചതിലും അധികമായപ്പോ മുതലാളി ഞങ്ങളെ പോലെ ഒരാളെ കൂടി കണ്ടു പിടിച്ചു കൊണ്ട് വരാന്‍ കൂട്ടത്തില്‍ ചുറു ചുറുക്കുള്ള അവനെ ഏല്‍പ്പിച്ചു.
നല്ലൊരാളെ തന്നെ കണ്ടു പിടിച്ചു കൊടുക്കാമെന്നു
മുതാളിക്ക് ഉറപ്പു കൊടുത്തിട്ടാണ് അന്നവന്‍ പിരിഞ്ഞത്.
പക്ഷെ പിറ്റേന്ന് ആളെ കൊണ്ട് വന്നില്ല ന്നു മാത്രമല്ല കൊണ്ട് വരാമെന്നേറ്റു പോയ അവനെയും കാണുന്നില്ല . പെരുന്നാള്‍ അടുത്ത് തുടങ്ങിയത് കൊണ്ട് കടയിലാണെങ്കില്‍ നല്ല തിരക്കും.
അവനെ പറ്റി വല്ല വിവരം അറിയാമോന്നു ചോദിച്ചെങ്കിലും എനിക്കും വലിയ പിടിയൊന്നും ഇല്ലായിരുന്നു.
ഇനി ചിലപ്പോ ലീവെടുത്തു ആളെ തപ്പാന്‍ ഇറങ്ങിയതായിരിക്കുമെന്ന എന്റെ അഭിപ്രായം മുതലാളിയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.
ലീവെടുത്ത് ആളെ തപ്പാനാണെങ്കില്‍
പിന്നെന്തിനാ ആള്.
ഉള്ള ആള് പോരാഞ്ഞിട്ടല്ലേ....
ഒരാളെ കണ്ടു പിടിക്കാന്‍ ഏല്‍പ്പിച്ചത്.
ആ ഒരൊറ്റ അഭിപ്രായം കൊണ്ട്
അവനോടുള്ള കലിക്ക് മുഴവനുമുള്ളത്
വൃത്തിയായി ഞാന്‍ വാങ്ങിച്ച് കൂട്ടേണ്ടി വന്നു.
പിറ്റേന്നു രാവിലെ അവനെത്തുമ്പോ ഇരട്ടിയായി അവനു തന്നെ തിരിച്ചു കൊടുക്കാമെന്ന സമാധാനത്തില്‍ അന്ന് പിരിഞ്ഞെങ്കിലും
പിറ്റേ ദിവസവും അവനെത്തിയില്ല.
അവനുള്ളത് അവന്‍ തന്നെ വാങ്ങിക്കോട്ടേ എന്ന് കരുതി അന്നേ ദിവസം ഞാന്‍ പിന്നെ അഭിപ്രായമൊന്നും പറയാനും പോയില്ല.
സ്റ്റാഫ് കുറവായത് കൊണ്ട് തിരക്ക് കാരണം കസ്റ്റമര്‍ മടങ്ങി പോകുന്ന ദേഷ്യം മുതലാളിയുടെ മുഖത്ത് നന്നായി പ്രതിഫലിക്കുന്നുണ്ട്.
മൂപ്പരെ പറഞ്ഞിട്ട് കാര്യമില്ല.
ഓഫ്‌ സീസണ്‍ സമയത്തെ അധിക ചിലവുകള്‍ അഡ്ജസ്റ്റ് ചെയ്തു പോകുന്നത് ഇത് പോലെ സീസണ്‍ സമയത്ത് ലഭിക്കുന്ന തിരക്കുകള്‍ കൊണ്ടാണല്ലോ .
അത് മുതലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതാ വര്‍ഷത്തെ മൊത്തം കണക്കുകളെ തന്നെ ബാധിക്കും.
എന്തായാലും തിരിച്ചു വരുമ്പോ‍ ഒരു പൊട്ടി തെറി തന്നെ പ്രതീക്ഷിക്കാം.
ചിലപ്പോ ജോലിയില്‍ നിന്ന് തന്നെ പറഞു വിട്ടെന്നും വരാം.
പുള്ളി അതിനെ പറ്റി പിന്നീടൊന്നും പറയുകയോ ചോദിക്കുകയോ ചെയ്യാത്തത് കൊണ്ട് എന്ത് സംഭവിക്കുമെന്ന് അവന്‍ വരുമ്പോ മാത്രമേ അറിയൂ.
ഷോപ്പില്‍ തിരക്ക് കൂടുതാലായത് കൊണ്ട് തന്നെ സമയം പെട്ടെന്നോടി പോകുന്നുണ്ട് .
സമയം ഏകദേശം മഗിരിബിനോടാടുക്കുമ്പോഴാണ് പുറത്തവന്റെ തല വെട്ടം കണ്ടത്.
അവനെ കണ്ടതും മുതലാളി കസേരയില്‍ നിന്നെഴുന്നേറ്റു ഷോപ്പിനു പുറത്തേക്കു പോയി . കസ്റ്റമേഴ്സ് ഉള്ളത് കൊണ്ട് സോഡ മുഴുവന്‍ പുറത്തു നിന്ന് കൊടുക്കാനാനുള്ള പുറപ്പാടായിരിക്കുമെന്നു ഞാന്‍ ഊഹിച്ചു.
ഇന്നെന്തായാലും അവന്റെ കാര്യത്തില്‍ ഒരു തീരുമാനമാകുമെന്നു കരുതിയെങ്കിലും ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് മുതലാളി അവനെ ചേര്‍ത്ത് തട്ടി കൊണ്ട് ഒരു മിനിട്ട് കൊണ്ട് തന്നെ അകത്തേക്ക് കയറി വന്നു.
അപ്പോഴ്ക്കും മൂപ്പരുടെ മുഖത്ത് അത് വരെ കണ്ട ദേഷ്യമെല്ലാം അലിഞ്ഞില്ലാതായിരുന്നു.
ശെടാ ..
ഇതെന്തൊരു മറി മായം..
ഞങ്ങള്‍ക്കാര്‍ക്കും കാര്യം ഒന്നും മനസ്സിലായില്ലെങ്കിലും അവന്‍ അകത്തേക്ക് കയറി പെട്ടെന്ന് തന്നെ കസ്റ്റമേഴ്സിനെ അറ്റന്‍ഡ് ചെയ്തു കൊണ്ട് ഒന്നും സംഭവിക്കാത്ത പോലെ ജോലിയില്‍ വാപൃതനായി.
രാത്രി തിരക്കൊന്നോഴിഞ്ഞപ്പോ ഞങ്ങള്‍ രണ്ടു പേരും മുതലാളി ചുരുട്ടി കയ്യില്‍ വെച്ച് തന്ന പൈസ കൊണ്ട് ഭക്ഷണം കഴിക്കാന്‍ അനക്സ് ഹോട്ടലിലേക്ക് നടന്നു.
നീ എന്ത് മാജിക്ക് കാണിച്ചിട്ടാണെടാ മുതലാളിയെ പാട്ടിലാക്കിയത്.
ഇന്നലെ നിനക്കുള്ളത് മുഴുവന്‍ ഞാന്‍ വാങ്ങിച്ചു കൂട്ടിയിട്ടുണ്ട്.
അല്ല ..
എന്തിനായിരുന്നു നീ ലീവെടുത്തത്. ?
ഞാന് ഒതുക്കത്തില്‍ അവനോടു കാര്യമന്വേഷിച്ചു.
അതിനവന്റെ മറുപടി ഇങ്ങനെ ആയിരുന്നു.
ഉമ്മയെ ഞാനങ്ങട്ട് കെട്ടിച്ചയച്ചെട ..
ഇന്നലെ ഉമ്മാന്റെ നിക്കഹായിരുന്നു .
ഉപ്പ മരിച്ചിട്ട് അഞ്ചു കൊല്ലം കഴിഞ്ഞു.
വീട്ടിലുള്ള അമ്മോന്മാരും വല്ലിമ്മയും മാറി മാറി പറഞ്ഞിട്ടും ഉമ്മ ഇത് വരെ നിക്കാഹിനു സമ്മതിക്കുന്നില്ലായിരുന്നു.
അതെന്നെ കുറിച്ച് ഓര്‍ത്തിട്ടു കൂടി ആണെന്ന് ഞാന്‍ മനസ്സിലാക്കിയത് ഇപ്പോഴാണ് .
അല്ലാ ..
ഇപ്പോഴാണ് എനിക്കത് മനസ്സിലാക്കാനുള്ള പ്രായമായതു എന്ന് വേണമെങ്കിലും പറയാം.
എന്തായാലും മനസ്സിലാക്കിയ സ്ഥിതിക്ക് പിന്നെ വെച്ച് നീട്ടരുതല്ലോ.
അത് കൊണ്ട് നല്ലൊരാലോചന പെട്ടെന്ന് വന്നപ്പോ ഞാന്‍ തന്നെ മുന്‍ കൈ എടുത്തു അതങ്ങോട്ട് നടത്തി.
എന്തോ ..അതാണതിന്റെ ശരി
എന്നിെനക്ക് തോന്നി ..
മുതലാളി യുടെ ദേഷ്യം അലിഞ്ഞില്ലാതായാതിന്റെ ഗുട്ടന്‍സ് അപ്പൊ മാത്രമാണ് എനിക്ക് മനസ്സിലായത്‌.
മക്കളെ മാത്രം ഓര്‍ത്തു കൊണ്ട് എത്രയെത്ര ഉമ്മമാരുടെ യൌവ്വനമായിരിക്കും വിധവ എന്ന പേര് സ്വയം സ്വീകരിച്ച് കൊണ്ട് തീര്‍ന്നു പോയിട്ടുണ്ടാകുക.
ആ പേര് സ്വീകരിച്ചു കഴിഞ്ഞ പിന്നെ ചുറ്റുമുള്ള കണ്ണുകളില്‍ മുഴുവന്‍ സഹതാപം മാത്രമേ ഉണ്ടാകൂ.
അതിനു ശേഷം അവരുടെ മുഖത്ത് വിരിയുന്ന ചിരിയില്‍ പോലും സങ്കടം ഒളിപ്പിച്ചു വെക്കണം.
കാരണം അല്പം തുറന്നൊന്നു ചിരിച്ചാല്‍ ഒന്ന് നന്നായി വസ്ത്രം ധരിച്ചാല് ഈ ‍സഹതാപ കണ്ണുകള്‍ തന്നെ അവള്‍ക്ക് മറ്റെന്തെങ്കിലും പേരും പതിച്ചു നല്‍കും. ഇങ്ങനെ ഒക്കെ ചിന്തിക്കുന്ന സമൂഹത്തിലാണ് ഇങ്ങനെ ഒരു മകനെ ആ ഉമ്മാക്ക് കിട്ടിയത് .
എനിക്കെന്തോ..
അവനോടു വല്ലാത്ത ബഹുമാനം തോന്നി.
ഞാനവന്റെ ചുമലിലേക്ക് കൈകളിട്ട് ചേര്‍ത്ത് പിടിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു.
ഏതായാലും അന്റെ ഉമ്മാന്റെ നിക്കാഹിനു കൂടാന്‍ കഴിയാത്ത സ്ഥിതിക്ക് നമുക്ക് അനക്സിലെ പൊറോട്ട ഒഴിവാക്കി ടോപ്‌ ഫോമിലെ ബിരിയാണി കഴിക്ക ... എന്തെയി .. ?
ഇയ്യെന്താ വേണ്ട്യത് കഴിച്ചോ ..
ഇന്ന് ഞമ്മക്ക് നിക്കാഹു ആഘോഷിച്ചിട്ട്‌ തന്നെ കാര്യം .. എന്നും പറഞ്ഞു
രണ്ടു പേരും ബിരിയാണി മണം പിടിച്ചു കൊണ്ട് ടോപ്‌ ഫോമിലേക്ക് വെച്ച് പിടിച്ചു.

#ലോക_വിധവ_ദിന ത്തില്‍ എഴുതിയത് 

വീ.സി.ആര്‍ കാലം

കല്യാണ വീടുകളില്‍ പോകുമ്പോ മാത്രം
നെയ്ച്ചോറും ബിരിയാണിയും കിട്ടിയിരുന്ന കാലം.
ടി.വി യും ടെലിഫോണുമെല്ലാം ആര്‍ഭാടമായിരുന്ന കാലം.
തിയേറ്ററില്‍ പോകുക എന്നത് അപൂര്‍വമായി മാത്രം സംഭവിച്ചിരുന്ന പ്രതിഭാസമായത് കൊണ്ട് ഓഡിയോ കാസറ്റിലെ ശബ്ദരേഖകളില്
നിന്ന് സിനിമകള്‍ ആസ്വദിച്ചിരുന്ന കാലം.
ആ കാലത്ത് ഒരു വി.സി.ആര്‍ എന്നത് ഒരു സാധാരണക്കാരനു ചിന്തിക്കാന്‍ പോലും പറ്റാത്ത അതിമോഹമായിരുന്നു.
വലിയ വീടുകളില്‍ കല്യാണം നടക്കുമ്പോ
വീഡിയോ കാസറ്റിലേക്ക് കൂടി പകര്‍ത്തുക എന്നൊരു പരിഷ്കാരം കൂടി ആ സമയത്ത് പ്രചാരത്തില്‍ വന്നു.
കല്യാണം വീഡിയോയില്‍ പകര്ത്തുന്നതിനെതിരെ പല ഭാഗത്ത്‌ നിന്ന് എതിര്‍പ്പുകളും പല്ലിറൂമ്മലും അങ്ങിങായി കേള്‍ക്കാമായിരുന്നെങ്കിലും
അതൊക്കെ അലിയിച്ചു കളയാനുള്ള ഒരു മരുന്നു വീഡി യോ പിടിക്കാനാഗ്രഹിക്കുന്നവരുടെ കയ്യിലുണ്ടായിരുന്നു.
ഗള്‍ഫിലുള്ളവര്‍ക്ക് കാണാന്‍ വേണ്ടിയാണ് ഈ വീഡിയോ പിടുത്തം എന്ന് വിശദീകരിക്കുന്നതോട് കൂടി എല്ലാ പല്ലിറൂമ്മലും അവിടെ
അവ്സാനിക്കുമായിരുന്നു.
അന്നത്തെ ഗള്ഫുകാര്‍ക്ക് നാട്ടില്‍ ഇന്നത്തെ ഗള്‍ഫുകാരെക്കാളും മൂല്യമുണ്ടായിരുന്നത് കൊണ്ട് അതിന്റെ മുകളിലായി പിന്നെ
ഒരഭിപ്രായമുണ്ടാകില്ല.
ഇങ്ങനെ വീഡിയോ എടുത്തു കഴിഞ്ഞാല്‍ ഗള്ഫി‍ലെക്ക് കൊടുത്യതക്കുന്നതിനു മുന്‍പേ വീട്ടുകാര്‍ക്ക് കാണാനായി കല്യാണ വീട്ടുകാര്‍ വീ.സി.ആര്‍ വാടക്കെടുക്കുമ്പോ മാത്രമാണ് നമ്മളെ പോലുള്ളവര്‍ക്ക്
ഇത് കാണാന്‍ കിട്ടിയിരുന്നത്.
വീ.സി.ആര്‍ വാടകക്കെടുത്താല്‍ അത് ഫിക്സ് ചെയ്യാനായി വീഡിയോ ഷോപ്പുകാരനും കൂടെ വരും.
തുണി കൊണ്ടുള്ള ബിഗ്‌ ഷോപ്പറില്‍ വീസി ആറും താങ്ങി പിടിച്ചു കൊണ്ട് വീഡിയോ ഷോപ്പുകാരന്‍ വരുന്നത് കണ്ടാല്‍ മൈതാനത്ത് കളിച്ചു കൊണ്ടിരിക്കുന്ന ഞങ്ങള്‍ കുട്ടികള്‍ കളി എത്ര ക്രൂഷല്‍ സിറ്റുവേഷനില്‍ ആണെങ്കിലും ടപ്പേ ന്നു പറഞ്ഞു നിര്‍ത്തി അയാളത് ഏത് വീട്ടിലേക്കാണ് കൊണ്ട് പോകുന്നതെന്ന് നിരീക്ഷിക്കും.
കൂട്ടത്തില്‍ സി.ഐഡി മൈന്‍ഡ് ഉള്ള ഒരുത്തനെ സാധനം ഫിക്സ് ചെയ്തു കഴിഞ്ഞോ എന്നും കാസറ്റ് പ്ലേ ചെയ്തു തുടങ്ങിയോ എന്നും അന്വേഷിക്കാന്‍ ചുമതലപ്പെടുത്തും.
ഫിക്സ് ചെയ്യുന്ന മുന്‍പ് കയറി ചെന്നാല്‍ ചിലപ്പോ കയറി ചെല്ലുന്ന മുന്‍പേ ആട്ടു കേള്‍ക്കാനുള്ള സാധ്യത മുന്നില്‍ കൊണ്ടാണേ ഇത്രയും ശ്രദ്ധാ പൂര്‍വ്വമുള്ള നീക്കങ്ങള്‍ നടത്തുന്നത്.
പ്ലേ ചെയ്ത് കഴിഞ്ഞാല്‍ പിന്നെ വീട്ടുകാരും അതിന്റെ രസത്തിലേക്ക് വീണു പോകുന്നത് കൊണ്ട് വലിയ എതിര്‍പ്പുകള്‍ ഒന്നും തന്നെ ഉണ്ടാകില്ല.
വീഡിയോ പ്ലേ ചെയ്തു തുടങ്ങി എന്നറിയിപ്പു കിട്ടുന്ന അടുത്ത നിമിഷത്തില്‍ തന്നെ വീട് അയല്‍ പക്കക്കാരെ കൊണ്ടും കുട്ടികളെ നിറഞ്ഞു കഴിഞ്ഞിട്ടുണ്ടാകും.
ഒരു ദിവസത്തേക്ക് നൂറ്റി അമ്പതു രൂപയോ മറ്റോ ആണ് അന്ന് വി .സി.ആറിന്റെ വാടക.
അന്നത് അത്യാവിശ്യം തരക്കേടില്ലാത്ത ഒരു തുക ആയതു കൊണ്ട് പിന്നീടുള്ള മണിക്കൂറുകളില്‍ വി.സി.ആറിനു വിശ്രമമുണ്ടാകില്ല. എപ്പോഴെങ്കിലും വന്നു വീഴുന്ന അവസരം പരമാവധി മുതലാക്കുക്ക എന്നാ ലക്ഷ്യത്തില്‍ സിനമ കാസറ്റുകള്‍ മാറി മാറി പ്ലേ ചെയ്തു കൊണ്ടേ ഇരിക്കും.
ഭക്ഷണത്തിനു വേണ്ടി ഇടക്കൊരു ഇടവേള കിട്ടിയെങ്കിലായി.
എന്റെ കാര്യത്തില്‍ ഇ വിഷയത്തിലും വല്ലിമ്മയുടെ ഇടപെടല്‍ കാര്യമായി ഉണ്ടായിരുന്നു.
വല്ല വീട്ടിലും സിനിമ കാണാനായി കയറി ചെന്നുന്നു കേട്ടാല്‍ വടി എടുത്തു നല്ല വീക്ക് കിട്ടും.
അത് കൊണ്ട് തന്നെ എന്റെ ഇത് പോലുള്ള അവസരങ്ങള്‍ ഏറ്റവും അടുത്ത വീട്ടിലെ സുലൈത്താ ന്റെ വീട്ടില്‍ കാസറ്റ് എടുക്കുമ്പോ മാത്രമായി ഒതുങ്ങി പോയി.
എത്ര ക്രൌഡ് ഉണ്ടെങ്കിലും എനിക്കവിടെ പ്രഥമ പരിഗണന കിട്ടും എന്നുള്ളത് കൊണ്ട് മാത്രമാണ് അങ്ങോട്ട്‌ പോകാന്‍ അനുവദിക്കുന്നത് തന്നെ.
ഇങ്ങനെ കൂടി ഇരുന്നു കാണുമ്പോ ഉള്ള പ്രധാന തലവേദന റൊമാന്റിക് രംഗങ്ങള്‍ ആണ്. പെണ്ണുങ്ങള്‍ക്ക് അടുക്കളയില്‍ അടുപ്പത്ത് വെച്ചതെടുക്കാന്‍ ഓര്‍മ്മ വരുന്നതും കാരണോന്മാര്‍ക്ക് മൂത്രശങ്ക വരുന്നതുമെല്ലാം ഇത്തരം ചുംബന രംഗങ്ങളോ അര്‍ദ്ധ നഗ്ന രംഗങ്ങളോ പ്രതീക്ഷിക്കാതെ കയറി വരുമ്പോഴായിരിക്കും.
ഇങ്ങനെ ഒക്കെയുള്ള ഒരു കാലത്താണ് അമ്മോന്‍ ആ തവണ ഗള്‍ഫില്‍ നിന്ന് വന്നപ്പോള്‍ ഒരു സാനിയോ കമ്പനിയുടെ വി.സി.പി കൂടെ കൊണ്ട് വന്നത്.
തലയിണ മന്ത്രം,ഹിസ്‌ ഹൈനസ് അബ്ദുള്ള എന്നീ സിനിമാ കാസറ്റും സൌദാഗര് അടക്കമുള്ള‍ അന്നത്തെ ഹിറ്റ് ഹിന്ദി ഗാനങ്ങള്‍ അടങ്ങിയ ഒരു കാസറ്റും കൂടെ ഉണ്ടായിരുന്നു.
കണ്ടപ്പോ സന്തോഷം തോന്നിയെങ്കിലും അത് ഞങ്ങള്‍ക്കുള്ളതായിരിക്കുമെന്നു ഒരു പ്രതീക്ഷയുമില്ലായിരുന്നു. ഒന്നുകില്‍ ആര്‍ക്കെങ്കിലും കൊടുക്കാന്‍ എല്പ്പിച്ചതായിരിക്കണം അല്ലെങ്കില്‍ പോകുമ്പോ തിരിച്ചു കൊണ്ട് പോകും. എന്നാലും പോകുന്ന വരെ ഇവിടെ കാണുമെന്നു കരുതി സന്തോഷിച്ചു.
അങ്ങിനെ ദിവസങ്ങള്‍ കടന്നു പോയി.
വി സി.ആറി നോടുള്ള ആവേശവും അത്യാര്‍ത്തിയും ഒരു വിധമൊക്കെ മാറിയെങ്കിലും സിനിമകളോടുള്ളതു അത്ര പെട്ടെന്നൊന്നും തീരില്ലല്ലോ .
അത് കൊണ്ട് തന്നെ ഹിസ്‌ ഹൈനസ് അബ്ദുള്ളയും തലയണ മന്ത്രവും മാറി മാറി കണ്ടു മടുത്തപ്പോ കയ്യിലുള്ള അഞ്ചു ഉറുപ്പ്യയും കൊണ്ട് കാസറ്റ് കടയിലെത്തി.
കാസറ്റ് കടയിലെ ഗ്ലാസ്സിനു മുകളില്‍ ഒട്ടിച്ചു വെച്ച പോസ്റ്ററില്‍ മമ്മുട്ടി ചിരിച്ചു കൊണ്ട് നില്‍പ്പുണ്ട്.
പേര് വായിച്ചു നോക്കി "വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ "
ആ എന്തേലും ആവട്ടെ സിനിമയില്‍ മമ്മൂട്ടി ഉണ്ടല്ലോ .
ഞാന്‍ കടക്കകത്ത് കയറി സിനിമ പറഞ്ഞു കൊടുത്തു.അഡ്രസ്സും സ്ഥലവും ഒക്കെ പറഞ്ഞു കൊടുത്തു വീട് ഏതാണെന്ന് കൃത്യമായി മനസ്സിലായ ശേഷമാണു കാസറ്റ് തരാന്‍ കടക്കാരന്‍ തയ്യാറായത്.
വീട്ടിലെത്തി കാസറ്റ് പതിയെ വി .സി.പി യില്‍ നിക്ഷേപിച്ചു മമ്മൂട്ടിയെ കാണാനുള്ള ആവേശത്തോടെ കാത്ത്തിരുന്നെങ്കിലും ഒന്നുമങ്ങോട്ടു തെളിയുന്നില്ല .
അകെ പാടെ ഒരു പൊരിച്ചില്‍..
സിനിമ മുന്നോട്ടു പോകെ പോകെ
പൊരിച്ചില്‍ കൂടി കൂടി പിന്നീടങ്ങോട്ടു ആകെ മൊത്തം പൊരിച്ചില്‍ മാത്രമായി.
ഇതെന്ത് കാസറ്റ് കമ്പ്ലയിന്റ് ആണോ ..
കാസറ്റിന്റെ കംബ്ലയിന്റ്റ് ആണോ എന്ന് എങ്ങിനെ തീര്‍ച്ചപ്പെടുത്താം എന്നാലോചിച്ച് നില്‍ക്കുമ്പോ എന്റെ ബുദ്ധി വീണ്ടും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയുണ്ടായി. അങ്ങിനെ പ്രവര്‍ത്തിച്ചതിന്‍ മേല്‍ ഞാന്‍
പതിയെ "വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ " പുറത്തേക്കെടുത്തു അകത്തേക്ക് തലയണ മന്ത്രം നിക്ഷേപിച്ചു കൊണ്ട് ഓണ്‍ ചെയ്തു നോക്കി .
ഒരു ഫലവുമുണ്ടായില്ല..
അത് വരെ നല്ലോണം കണ്ടോണ്ടിരുന്ന തലയിണ മന്ത്രത്തിലും ഇപ്പൊ അതെ പോരിച്ചില്‍ തന്നെ...
ഞെട്ടലോടെ ഞാനാ സത്യം മനസ്സിലാക്കുകയായിരുന്നു ​
വിസി.പി കേടു വന്നിരിക്കുന്നു ..
കേടു വരുത്തിയതാണെങ്കില്‍ ഞാനും ..
അടി പൊളി ..
എങ്ങിനെ കേടായി എന്ത് കൊണ്ട് കേടായി എന്നാ
ചോദ്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല .
എല്ലാം ഒറ്റയ്ക്ക് ഓപ്പറേറ്റു ചെയ്തത് കൊണ്ട് ഒന്ന് രക്ഷപ്പെടാന്‍ കൂട്ട് പ്രതി ആയിട്ട് പോലും ഒരാളുമില്ല .
അത് കൊണ്ട് ഞാന്‍ തന്നെ കുറ്റവാളി എന്ന് സ്വയം തീര്‍ച്ചപ്പെടുത്തി.
കൊണ്ട് വന്നിട്ട് ഒരു മാസമേ ആകുന്നുള്ളൂ .
ഇക്കാക്ക ഒരു ഗൌരവക്കാരാനായത് കൊണ്ട് തന്നെ എല്ലാവര്ക്കും നല്ല പേടിയാണ്.
അത് കൊണ്ട് വക്കാലത്ത് പറയാന്‍ പോലും ആരും കാണില്ല. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിക്കുന്നതിനിടയിലാണ് പെട്ടെന്ന്‍ ഇക്കാക്ക വന്നു കയറുന്നത് .
പെട്ട് ...
കയ്യോടെ പിടിക്കപ്പെട്ടിരിക്കുന്നു.
ഞാന്‍ ടി.വി ക്ക് മുന്നില്‍ നിന്ന് പരുങ്ങുന്നത് കണ്ടു അടുത്തേക്ക് വന്നു നോക്കി കാര്യം മനസ്സിലാക്കി.
ശേഷം ഒന്ന് പറയാതെ റൂമിനകത്തേക്ക് കയറി പോയി.
അടി കിട്ടാനൊന്നും ചാന്‍സില്ല ..
എന്നാലും മനസ്സിലാകെ ഒരു അങ്കലാപ്പ് .
ഇത്രേം പൈസയുടെ സാധനം കേടു വന്ന ചെറിയൊരു പൊട്ടിത്തെറി നമ്മള്‍ സ്വാഭാവികമായും പ്രതീക്ഷിക്കണമല്ലോ ..
ശിക്ഷ ഒന്നുമില്ലെങ്കിലും ഒരു കുറ്റ കൃത്യത്തില്‍
കൂട്ടിനൊരാള് പോലും ഇല്ലാതെ പ്രതി ആയി നില്‍ക്കുന്നതിന്റെ വിഷമം അന്നാണ് മനസ്സിലായത്‌ .
ഇക്കാക്ക ഡ്രസ്സ്‌ മാറ്റി വരുമ്പോ ഒരു സ്പ്രേ യുടെ കുപ്പിയും കുറച്ചു പരുത്തിയും കയ്യിലുണ്ടായിരുന്നു. ഒരു കസേര വലിച്ചിട്ടു എന്റെ അടുത്തിരുന്നു
പതിയെ വി .സി.പിയുടെ ബോഡി അഴിച്ചു മാറ്റി
ശേഷം അതിന്റെ ഹെഡ് എന്ന് പറയുന്ന സാധനം സ്പ്രേയും പരുത്തിയും ഉപയോഗിച്ച് ക്ലീന്‍ ചെയ്യുന്നതു ഞാന്‍ അടുത്ത് തന്നെ നിന്ന് കൊണ്ട് നോക്കി നിന്നു.
കീഴടങ്ങിക്കഴിഞ്ഞ കുറ്റവാളിയായത്‌ കൊണ്ട് കുറ്റം സമ്മതിച്ചു അടുത്ത് നില്‍ക്കുകയല്ലാതെ വേറെ വഴി ഒന്നും ഇല്ലായിരുന്നു.
നീ ബേജാറാവണ്ട ഫംഗസ് കയറിയത ..
ഇനി കാസറ്റ് എടുത്തു കൊണ്ട് വരുമ്പോ
പഴയ കാസറ്റ് എടുക്കരുത് .
ഇത് പോലെ പ്രശ്നം വരും ..
ക്ലീന്‍ ചെയ്തു കഴിഞ്ഞ ശേഷം തലയണ മന്ത്രം പ്ലേ ചെയ്തു കൊണ്ടായിരുന്നു ഇക്കാക്ക ഇതെന്നോട് പറഞ്ഞത്.
ഇത്രയും കേട്ടപ്പോ ദേഹം മുഴുവന്‍ ഓടി നടന്ന അങ്കലാപ്പും ഭയവും എങ്ങോട്ടോ ഓടി പോയി .
എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന ആധി കൊണ്ട് നോക്കി നിന്നതായിരുന്നുവെങ്കിലും
ഫംഗസ് ക്ലീന്‍ ചെയ്യുന്നതെങ്ങിനെ എന്നാ ടെക്നിക്ക് അന്ന് തന്നെ സ്വായത്തമാക്കി.
ശേഷം മറ്റുള്ളവര്‍ ആ ടെക്നിക് പഠിക്കുന്ന വരെ ഞങ്ങളുടെ പ്രാന്ത പ്രദേശങ്ങളിലെ ഫംഗസ് ക്ലീനറായി വിലസുകയും ചെയ്തു .

ചുക്ക് കാപ്പി

രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ....