Thursday 30 May, 2019

പെര്ന്നാ രാവ്

പെരുന്നാളാണോ പെരുന്നാ രാവാണോ ഇഷ്ടം എന്ന് ഏതൊരു കുട്ടിയോട് ചോദിച്ചാലും ഒട്ടും ആലോചിക്കാതെ ഉത്തരം പറയുക പെരുന്ന രാവ് എന്നായിരിക്കും.
ഞങ്ങളുടെ ഒക്കെ കുട്ടി കാലത്തൊക്കെ പെരുന്നാള്‍ തലേന്ന് മേല് മുഴുവന്‍ എണ്ണ തേച്ചൊരു കുളി നിര്‍ബന്ധമായിരുന്നു.
ആര് കൊണ്ട് വന്ന ചടങ്ങായിരുന്നു ഇതെന്നോ
എന്തിനു വേണ്ടിയായിരുന്നു എന്നതിനോ ഇപ്പോഴും ഒരു രൂപമൊന്നും ഇല്ലെങ്കിലും തലേന്നെത്തെ ഈ എണ്ണ തേച്ച് കുളിയില്‍ ഏര്‍പ്പെട്ടിരുന്നത് ഞാന്‍ മാത്രമല്ല എന്ന കാര്യം മാത്രം ഓര്‍മ്മയുണ്ട്.
പെരുന്നാള്‍ തലേന്ന് രാവിലെ എട്ടു -ഒന്‍പതു മണി ആകുമ്പോഴേക്കും എണ്ണ തേച്ച ദേഹങ്ങള്‍ ഒറ്റമുണ്ടും ഉടുത്തു ഓരോന്നായി മൈതാനാത്തെക്കിറങ്ങാന്‍ തുടങ്ങും.
പിന്നീട് ഉച്ചവരെ നിര്‍ത്താതെയുള്ള കളി ആണ്. ഉച്ചയാകുമ്പോഴേക്കും കുളിയും കഴിഞ്ഞ് സൈക്കിള്‍ കടയിലെത്തി അവരവര്‍ക്ക് പാകമായ സൈക്കിള്‍ ബുക്ക്‌ ചെയ്തു വെക്കും.
ചിലര്‍ പിറ്റേന്ന് പെരുന്നാള്‍ പൈസയുടെ രൂപത്തില്‍ വരാനുള്ള ഫണ്ട്‌ മുന്നില്‍ കണ്ടു കൊണ്ട് ഒരു ദിവസത്തേക്ക് മുഴുവനായി തന്നെ സൈക്കിള്‍ വാടകയ്ക്കെടുക്കും.കാരണം അല്‍പമൊന്നു താമസിച്ചാല്‍ പിന്നെ കാലെത്തുന്നതോ അനുയോജ്യമായതോ ആയ സൈക്കിളുകള്‍ കിട്ടിക്കോളണം എന്നില്ല .
അസര്‍ ആകുമ്പോഴേക്കും ഇട വഴികളിലും ചെറു റോഡുകളിലും ഡൂര്‍ ..ഡൂര്‍ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ടാകും.
പെട്ടെന്നു കേള്‍ക്കുമ്പോള്‍ മോട്ടോര്‍ ബൈക്കാണെന്ന് തോന്നിക്കുമെങ്കിലും സൈക്കിള്‍ ടയറിന് അരികെ ബലൂണ്‍ വെച്ച് കെട്ടി കുട്ടികള്‍ തങ്ങളുടെ സൈക്കിള്‍ യാത്ര ആഘോഷമാക്കുന്നതിന്റെ ശബ്ദമാണത്.
സ്വന്തമായി സൈക്കിള്‍ ഉള്ളവന്‍ അന്നത്തെ ദിവസം രാജാവാണ്. വാടകക്ക് സൈക്കിള്‍ എടുക്കാന്‍ കഴിയാത്തവനും നേരം വൈകി പോയത് കൊണ്ട് സൈക്കിള്‍ കിട്ടാതെ പോയവനും "ഒരു റൌണ്ട് എനിക്കും താട" എന്നും പറഞ്ഞു സൈക്കിള്‍ കിട്ടിയവരുടെഉദാര മനസ്സിനായി കാത്തു നില്‍ക്കുന്നുണ്ടാകും.
സക്കാത്ത് കിട്ടാന്‍ താമസിച്ചത് കൊണ്ട്
കുപ്പായ തുണി എടുക്കാന്‍ താമസിച്ചു പോയവര്‍
നേരം വെളുക്കുമ്പോഴേക്കും തയ്ച്ചു കിട്ടാന്‍ തയ്യല്‍ കടക്കാരുടെ കരുണ തേടി കടകള്‍ കയറി ഇറങ്ങുന്നുണ്ടാകും.
സന്ധ്യ ആകുമ്പോഴേക്കും റോഡുകള്‍ മുഴവന്‍
അലങ്കാര വിളക്കുകള്‍ കൊണ്ട് നിറഞ്ഞിട്ടുണ്ടാകും .
ഇറച്ചി കടക്കാര്‍ പുറത്തേക്ക് പന്തല് കെട്ടി
ഇറച്ചി വെട്ടുന്ന മുട്ടിയും മറ്റു സംവിധാനങ്ങളും കടക്കു പുറത്തേക്ക് സെറ്റ് ചെയ്തു വെച്ചിട്ടുണ്ടാകും.
ടെക്സ്റ്റയിലുകളിലും ഫാന്സികളിലും
പെരുന്നാള്‍ സീസണില്‍ മാത്രംമുളച്ചു വരുന്ന ഫുട് പാത്ത് കച്ചോടക്കാരും കച്ചോടം പൊടി പൊടിക്കുന്നുണ്ടാകും.
കാഴ്ചകള്‍ കണ്ടുല്ലസിച്ചും നടന്നും ക്ഷീണിക്കുമ്പോ കുറച്ചു പേര്‍ ഇടയ്ക്കു പള്ളിയില്‍ കയറി നീട്ടിയും കുറുക്കിയും തക്ബീര്‍ ചൊല്ലാന്‍ കൂടുന്നുണ്ടാകും .
കയ്യില്‍ പൈസ കൂടുതലുള്ളവന്‍ എരിവും മധുരവുമുള്ള ഐസ് അച്ചാറുകള്‍ മാറി മാറി രുചിക്കുന്നുണ്ടാകും.
ഇങ്ങനെ പെരുന്നാളിന്റെ തലേന്ന് രാവിലെ തുടങ്ങി പുതിയ കുപ്പായങ്ങളണിഞ്ഞ് പെരുന്നാള്‍ നിസ്കാരത്തിനു ഈദ്‌ ഗാഹിലേക്ക് പോകുന്ന വരെ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍
കുട്ടികളുടെ അറ്റമില്ലാത്ത സന്തോഷങ്ങളാണ്.

ചുക്ക് കാപ്പി

രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ....