Tuesday 9 May, 2023

വിട

 

















എപ്പോഴായിരുന്നു?
എങ്ങനായിരുന്നു?

തുടരെ തുടരെയുള്ള
ഒരേ ചോദ്യങ്ങൾക്ക്‌
വേറെ വേറെ ഉത്തരങ്ങൾ
വന്ന് കൊണ്ടേയിരുന്നു.

ഒന്നൂല്ല പെട്ടെന്നായിരുന്നു
എന്ന് പറഞ്ഞു ചിലർ
കൈകൾ കെട്ടി

ഇടക്കൊരു വല്ലായ്മ
വരാറുണ്ടായിരുന്നല്ലോ?"
എന്നൊരു മറു ചോദ്യം
തിരിച്ചെറിഞ്ഞു കൊണ്ട്
ചിലർ മേല്പോട്ട് നോക്കി
.
"സമയായി പോയി "
എന്നാർക്കും
തൃപ്തിയാകുന്നൊരു വിധി
പറയാൻ അവിടേയും
ഒരാൾ എത്തിയിരുന്നു

ചിലർ ഒന്നും പറയാണ്ട്
ഒരു നെടു വീർപ്പോടെ
മൂക്കത്ത് വിരൽ വെക്കുക
മാത്രം ചെയ്തു.

അഭിപ്രായങ്ങൾ പറയാൻ
വന്നോർക്ക് തണലിനായി
നീല ടാർപ്പോളിനും
നിര നിരയായി കസേരകളും
വിരിക്കപ്പെട്ടു

ഇരുന്നും, നിന്നും
തൂണിൽ ചാരിയും,
കിണറ്റിൻ പടവിലിരുന്നും
തീർന്നു പോയ
അദ്ധ്യായത്തിന്റെ പേജുകൾ
പലകുറിയായി പല തരത്തിൽ
മറിഞ്ഞു കൊണ്ടിരുന്നു.

ആറടി ബെഞ്ചിനരികിലായി
കുന്തിരിക്കം പുകഞ്ഞു.

ഏറ്റവുമടുത്തുള്ള
തുണി ഷാപ്പിൽ നിന്ന്
തൂ വെള്ള കഫൻ പുടവ
മുറിക്കപ്പെട്ടു

ഒടുവിലത്തെ കുളിയും
കഴിഞ്ഞു സുഗന്ധം പൂശി
യാത്ര പോകാനൊരുങ്ങി
നിൽക്കുന്നൊരാളെയും കാത്ത്
കോലായിലൊരു വാഹനമപ്പോഴു
മിരിപ്പുണ്ട്

സമയമല്പം വൈകിയാലും
മീറ്ററു തിരിഞ്ഞ് വാടക
കൂടാത്തൊരു വാഹനം

ഒരാൾ ഒരു യാത്രക്ക്
മാത്രമുപയോഗിക്കുന്ന
വാഹനം.

അവസാന യാത്രയുടെ
ആരംഭത്തിനു മുൻപ്
ഒരിക്കൽ കൂടി
കിനാസക്കരികിൽ നിന്ന്
ആ ചോദ്യമുയർന്നു

ഇനിയാരെങ്കിലും കാണാനുണ്ടോ?"

ഉണ്ടെങ്കിലും
ഉണ്ടെന്ന് പറയാനൊക്കാത്ത
ഒരു പ്രവാസി
കടലിനക്കരെ നിന്ന്
കൊണ്ടപ്പോൾ
ഇങ്ങനെ പറഞ്ഞു.

ഞാൻ കാണാത്ത
കിനാസകൾക്കും,
ഞാൻ നിസ്കരിക്കാത്ത
മയ്യത്തുകൾക്കും,
എനിക്ക് നാട്ടാൻ
കഴിയാതെ പോയ
മൈലാഞ്ചി ചെടികൾക്കും
ഞാൻ കരയാതെ മാറ്റി വെച്ച
എന്റേ കണ്ണു നീരുകൾക്കും
ഞാനിതാ
വിട ചൊല്ലുന്നു..!

ചുക്ക് കാപ്പി

രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ....