Wednesday, 27 September 2023

കിനാസ


എപ്പോഴായിരുന്നു?
എങ്ങനായിരുന്നു?
തുടരെ തുടരെയുള്ള
ഒരേ ചോദ്യങ്ങൾക്ക്‌
വേറെ വേറെ ഉത്തരങ്ങൾ
വന്ന് കൊണ്ടേയിരുന്നു.

ഒന്നൂല്ല പെട്ടെന്നായിരുന്നു
എന്ന് പറഞ്ഞു ചിലർ
കൈകൾ കെട്ടി 

ഇടക്കൊരു വല്ലായ്മ
വരാറുണ്ടായിരുന്നല്ലോ?"
എന്നൊരു മറു ചോദ്യം
തിരിച്ചെറിഞ്ഞു കൊണ്ട്
ചിലർ മേല്പോട്ട് നോക്കി 
.
"സമയായി പോയി " 
എന്നാർക്കും
തൃപ്തിയാകുന്നൊരു വിധി
പറയാൻ അവിടേയും
ഒരാൾ എത്തിയിരുന്നു

ചിലർ ഒന്നും പറയാണ്ട്
ഒരു നെടു വീർപ്പോടെ
മൂക്കത്ത് വിരൽ വെക്കുക
മാത്രം ചെയ്തു.

അഭിപ്രായങ്ങൾ പറയാൻ
വന്നോർക്ക് തണലിനായി
നീല ടാർപ്പോളിനും 
നിര നിരയായി കസേരകളും 
വിരിക്കപ്പെട്ടു

ഇരുന്നും, നിന്നും
തൂണിൽ ചാരിയും,
കിണറ്റിൻ പടവിലിരുന്നും
തീർന്നു പോയ
അദ്ധ്യായത്തിന്റെ പേജുകൾ
പലകുറിയായി പല തരത്തിൽ
മറിഞ്ഞു കൊണ്ടിരുന്നു.

ആറടി ബെഞ്ചിനരികിലായി
കുന്തിരിക്കം പുകഞ്ഞു. ഏറ്റവുമടുത്തുള്ള
തുണി ഷാപ്പിൽ നിന്ന് 
തൂ വെള്ള കഫൻ പുടവ
മുറിക്കപ്പെട്ടു

ഒടുവിലത്തെ കുളിയും
കഴിഞ്ഞു സുഗന്ധം പൂശി
യാത്ര പോകാനൊരുങ്ങി 
നിൽക്കുന്നൊരാളെയും കാത്ത്
കോലായിലൊരു വാഹനമപ്പോഴു
മിരിപ്പുണ്ട് 

സമയമല്പം വൈകിയാലും
മീറ്ററു തിരിഞ്ഞ് വാടക
കൂടാത്തൊരു വാഹനം.
ഒരാൾ ഒരു യാത്രക്ക്
മാത്രമുപയോഗിക്കുന്ന
വാഹനം.

അവസാന യാത്രയുടെ
ആരംഭത്തിനു മുൻപ്
ഒരിക്കൽ കൂടി
കിനാസക്കരികിൽ നിന്ന്
ആ ചോദ്യമുയർന്നു 

ഇനിയാരെങ്കിലും കാണാനുണ്ടോ?"

ഉണ്ടെങ്കിലും
ഉണ്ടെന്ന് പറയാനൊക്കാത്ത
ഒരു പ്രവാസി
കടലിനക്കരെ നിന്ന്
കൊണ്ടപ്പോൾ
ഇങ്ങനെ പറഞ്ഞു.

ഞാൻ കാണാത്ത
കിനാസകൾക്കും,
ഞാൻ നിസ്കരിക്കാത്ത
മയ്യത്തുകൾക്കും,
എനിക്ക് നാട്ടാൻ
കഴിയാതെ പോയ
മൈലാഞ്ചി ചെടികൾക്കും
ഞാൻ കരയാതെ മാറ്റി വെച്ച
എന്റെ കണ്ണുനീരുകൾക്കും
ഞാനിതാ വിട ചൊല്ലുന്നു..!

-ഷാനു കോഴിക്കോടൻ-

Monday, 25 September 2023

ഉടൽ

 

അങ്ങ് ദൂരെ..ദൂരെ
വീണ് പോയ തന്റെ
ഓർമ്മകളെ തേടി
ഒരുവനലഞ്ഞു നടപ്പുണ്ട്.
കൂടെയുള്ള കാലം
തിരിച്ചറിയാതെ പോയതിനെ
ഒരിക്കൽ കൂടി വീണ്ടെടുക്കാൻ
കിണഞ്ഞു ശ്രമിക്കുന്നുണ്ട്.
ഇനിയൊരിക്കൽ കൂടി
കാണുന്ന ദിവസമെന്നത്
സംഭവിച്ചാൽ
അവൾക്കവനെ തിരിച്ചറിയാനായി
പനിനീർ പൂവിതളുകൾ
അടർത്തി വെച്ച പോലെ
തന്റെ ഹൃദയത്തെ
തുറന്ന് വെച്ചിട്ടുണ്ട്.
അവൾക്ക് വേണ്ടി മാത്രം
കണ്ണിൽ നിന്നൊഴുക്കിയ
ചുടു ചോര ചേർത്തൊരു
പാത്രം വീഞ്ഞ്
ഒരുമിച്ചു പാനം ചെയ്യാ-
നൊരുക്കി വെച്ചിട്ടുണ്ട്.
"വീണ്ടുമൊരിക്കൽ കൂടി"
എന്നത് സംഭവിക്കുന്ന ദിവസം,
അവളവന് സ്നേഹം
കൈ മാറുന്ന ദിവസം,
തിരികെ കൊടുക്കാൻ
മറ്റൊന്നുമില്ലെങ്കിലും
അവളെ മാത്രമാവാഹിച്ച
ഒരുടലപ്പാടെ കൈമാറാൻ
അയാളിപ്പോഴും ജീവിച്ചിരിപ്പുണ്ട്.
-ഷാനു കോഴിക്കോടൻ

ദൈവത്തിന് മോക്ഷം ലഭിച്ച ദിവസം

 


വീണ്ടും പതിനായിരം കോടി
വർഷങ്ങൾ കഴിഞ്ഞു പോയി.
അങ്ങനെ ഇസ്രാഫീൽ എന്ന മാലാഖ
"സൂർ" എന്ന കാഹളത്തിൽ
ഊതപ്പെട്ടപ്പോൾ ലോകമവസാനിച്ചു.
മരിച്ചവരും മരിക്കാത്തവരുമായ
സർവ്വ ചരാചരങ്ങളും
ഉയർത്തെഴുന്നേൽക്കപ്പെട്ടു.
"എന്റെ ശരീരം" എന്റെ ശരീരം"
എന്ന് നിലവിളിച്ചു കൊണ്ട്
ആളുകൾ പരക്കം പാഞ്ഞു
അപ്പോഴതൊന്നും കാര്യമാക്കാതെ
ഉണരാൻ വേണ്ടി യുഗങ്ങളോളം
കാത്തിരുന്ന് മടുത്ത നാല് പേര്
കരഞ്ഞു കരഞ്ഞു
കുഴിഞ്ഞു പോയ കണ്ണുകളുള്ള മുഖങ്ങളുമായി വന്ന് വട്ടം കൂടി നിന്നു.
അതിലൊരാൾ; സ്ത്രീധനം കൊടുത്ത
കാറിന്റെ നിറം മാറിപ്പോയതിന്
ഉത്തരത്തിൽ ഊഞ്ഞാല് കെട്ടേണ്ടി വന്ന
പെൺകുട്ടിയുടെ അച്ഛനായിരുന്നു.
മറ്റൊരാൾ; കെട്ട്യോന്-
ലഹരി മൂക്കുമ്പോൾ
നാഭിക്ക് തൊഴിച്ചതിൻമേൽ
ജീവനപഹരിക്കപ്പെട്ട
പെൺകുട്ടിയുടെ അച്ഛനായിരുന്നു.
ഇനിയൊരാളപ്പോൾ: മകളെ -
മൂന്ന് തവണ പാമ്പു കൊത്തി
മരിച്ചു പോയ കഥ
കുഴിഞ്ഞ കണ്ണുകളെ
കണ്ണീർ തടമാക്കി
പറഞ്ഞു കൊണ്ടേയിരുന്നു.
ഉടനെ നാലാമൻ കഥ പറയാൻ തുടങ്ങിയപ്പോ അത് നാല്പതും,
പിന്നീട് നാനൂറും, പിന്നീടതു
നാനൂറിന്റെ കോടികളുമായി.
നാലാമന്റെ പിറകിലായി
പതിനായിരം കോടിക്കണക്കിന്
മനുഷ്യർ കഥപറയാൻ
നിൽക്കുന്നത് കണ്ട മാലാഖമാർ
മൂക്കത്തു വിരൽ വെച്ചു.
ലോകമവസനിച്ചതിന്റെ
ഭയാശങ്കകളില്ലാതെ
വട്ടം കൂടിയ കുഴിഞ്ഞ കണ്ണുകളുള്ള
മനുഷ്യരെക്കണ്ട ദൈവം
എട്ടു മാലാഖമാരെക്കൊണ്ടു
തന്റെ സിംഹാസനത്തെ
അവരിലേക്കടുപ്പിച്ചു.
കോടാനുകോടി
പെൺദുരിതങ്ങളുടെ കഥകൾ
ഓരോന്നായി കേട്ട ദൈവം
"പെൺകുട്ടികളായാൽ" എന്ന
പേര് കൊത്തിയുണ്ടാക്കി വെച്ച
വേലിക്കെട്ടുകളൊന്നും
എന്റെയല്ലല്ലോ .. എന്റെയല്ലല്ലോ
എന്ന് വിലപിച്ചു കൊണ്ടിരുന്നു.
അപ്പോൾ സ്വന്തം പേര്
ലോകർ മായ്ച്ചു കളഞ്ഞ
ദില്ലിയിലെ പെൺകുട്ടിയുടെ
അച്ഛൻ ഇങ്ങനെ വിളിച്ച് പറഞ്ഞു.
എന്റെ മകൾക്ക് പുതിയ
ലോകം വേണം..!
"പെൺകുട്ടികളായാൽ"
എന്ന തലക്കെട്ടുകളില്ലാത്ത,
ആൺ ശബ്ദങ്ങൾക്ക് താഴെ
അലിഞ്ഞില്ലാതാകണം
പെൺ സ്വരങ്ങളെന്ന
നിബന്ധനകളില്ലാത്ത,
മറ്റാർക്കും അവകാശങ്ങളില്ലാത്ത
പെൺസ്വപ്നങ്ങൾ
വിവാഹ കമ്പോളങ്ങളിൽ
പണയം വെക്കപ്പെടാത്ത,
പുതിയൊരു ലോകം..!
നാലാമന്റെ പിറകിലായ് നിന്ന
കൊടാനുകോടി അച്ഛൻമാർ
അതേറ്റു പറഞ്ഞു.
നിർത്താതെ മുഴങ്ങിയ
അച്ഛൻമാരുടെ ശബ്ദ-
കോലാഹലത്താൽ
ദൈവസിംഹാസനം വിറച്ചു.
ഒട്ടും അമാന്തിക്കാതെ
ദൈവമിങ്ങനെ പ്രതിവചിച്ചു
"എന്നാൽ അങ്ങനെ ഉണ്ടാകട്ടെ"
ആ ദിവസമപ്പോൾ നക്ഷത്രങ്ങളിലും
ഗ്രഹങ്ങളിലുമൊരിക്കൽ കൂടി
വിസ്‌ഫോടനങ്ങളുണ്ടായി.
അച്ഛൻമാരുടെ കണ്ണീരു കൊണ്ട്
സമുദ്രങ്ങളും തടാകങ്ങളും
ഉരുവാക്കപ്പെട്ടു.
ലോകമുണ്ടായത് മുതലുള്ള
യാതനകൾ സഹിച്ചു
പുനർജീവിക്കപ്പെട്ട സ്ത്രീകളുടെ
ഹൃദയങ്ങളെടുത്ത്
ഉറപ്പുള്ള മലകളും, പാറകളും
കല്ലുകളുമുണ്ടാക്കി.
അങ്ങനെ.. അങ്ങനെ
പെൺ വേലികളില്ലാത്ത
പ്രപഞ്ചമൊരിക്കൽ കൂടി
പുനർനിർമിക്കപ്പെട്ടു.
ശേഷം..! പെണ്ണിന്റെ-
വാരിയെല്ലിൽ നിന്നും
പുരുഷൻ സൃഷ്ടിക്കപ്പെട്ടു.
അന്നേ ദിവസം
എല്ലാം മറന്ന്,മനസ്സ് തുറന്ന്
ചിരിക്കുന്ന പെൺകുട്ടികളെ കണ്ട്
ദൈവത്തിന് മോക്ഷം ലഭിച്ചു.

-ഷാനു കോഴിക്കോടൻ-

KILL - Movie review (Malayalam)

ഒരു സെക്കന്റ് പോലും അനാവശ്യമെന്നു പറയാനുള്ള സീനുകളില്ലാ ,പ്രണയം ഉണ്ടെങ്കിലും സാധാരണ ഇടിപടങ്ങളിൽ കുത്തികയറ്റുന്ന പോലത്തെ ക്രിഞ്ചടിപ്പിക്കുന്ന...