Tuesday 12 November, 2019

പാനൂസ് ഓര്‍മ്മകള്‍


മൂന്നാമത്തെ വയസിലാണ് അടുത്തുള്ള ഓത്ത് പള്ളിയില്‍ ആദ്യമായിട്ടെത്തുന്നത്.
ഓത്ത് പള്ളീന്നു പറയുമ്പോ അതൊരു വീടായിരുന്നു.
കുട്ടികള്‍ക്ക് പാഠങ്ങളും ഖുറാനുമൊക്കെ ചൊല്ലി പഠിപ്പിക്കുന്ന കച്ച താത്തയുടെ വീട്.
രാവിലെ ഏഴു മണി ആകുമ്പോഴേക്കും കച്ച താത്തയുടെ കോലായി കുട്ടികളെ കൊണ്ട് നിറയും. കുട്ടികള്‍ക്ക് അറബും ഖുറാനും പഠിപ്പിക്കുന്ന വ്യക്തി എന്നനിലയില്‍ കച്ച താത്തക്ക് നാട്ടുകാര്‍ മൊല്ലാക്കയുടെ സ്ത്രീ ലിംഗ നാമം കണ്ടു പിടിച്ചു മൊല്ലാച്ചി എന്ന വിളിപ്പേരും നല്‍കിയിരുന്നു.
സ്കൂള്‍ സമയവും ട്യൂഷന്‍ ക്ലാസ്സിന്റെ സമയവും കൂടെ മദ്രസയുടെ സമയവും കൂടെ ഒത്തു പോകാത്തവരാണ് മൊല്ലാച്ചിയുടെ അടുത്ത് ഓത്ത് പഠിക്കാൻ എത്തിയിരുന്ന ഭൂരിഭാഗം പേരും.
എന്നാല്‍ എനിക്കും എന്നെ കാണുന്നവര്‍ക്കും എന്റെ ഓത്ത് പള്ളീൽ പോക്ക് വെറുമൊരു നേരമ്പോക്ക് മാത്രമായിരുന്നു.
വീട്ടില്‍ കൂട്ട് കൂടാന്‍ മരുന്നിനു പോലും വേറെ കുട്ടികള്‍ ഒന്നും ഇല്ലാത്തത് കൊണ്ട് വയസ്സ് മൂന്നില്‍ മുട്ടിയപ്പോഴേക്കും നഴ്സറി സ്കൂളിലേക്ക് പറിച്ചു നടപ്പെട്ടു കഴിഞ്ഞിരുന്നു.
അതിന്റെ തുടര്‍ച്ചയായാണ് പിന്നീട് ഓത്ത് പള്ളിയിലുമെത്തുന്നത്.
എന്നെ കാണുമ്പോ തന്നെ എല്ലാവരും കൌതുകത്തോടെ നോക്കി ചിരിക്കും. ആരെങ്കിലും ഉയര്‍ത്തിയെടുത്ത് ചേറ്റടിയില്‍ കൊണ്ട് പോയി ഇരുത്തും.
അതിനു ശേഷം ഓത്ത് കഴിയുന്നവരെ അവിടെയുള്ളവരുടെ അങ്കങ്ങളും വര്‍ത്ത‍മാനങ്ങളും ഒക്കെ കേട്ട് ഞാനങ്ങനെ രസിച്ചിരിക്കും.
ചോദ്യങ്ങള്‍ ചോദിക്കുമ്പോ എന്നോടും ചോദിക്കുമോ തെറ്റിയാല്‍ എനിക്കും തല്ലു കിട്ടുമോ എന്ന ഭയം മനസ്സില്‍ നില നിന്നിരുന്നു എങ്കിലും എന്റെ പ്രായത്തെ മാനിച്ചു കൊണ്ട് അങ്ങിനെ ഉള്ള ദുരനുഭവങ്ങള്‍ ഒന്നും ഒരിക്കലും ഉണ്ടായില്ല.
പലരും പല ക്ലാസ്സുകാരാണ്.
ഓരോരുത്തരുടെ കയ്യിലും ഓരോ പുസ്തകങ്ങളും ഓരോ പാഠ ഭാഗങ്ങളുമോക്കെ ആയിരിക്കും.
ആയതു കൊണ്ട് മൊത്തത്തില്‍ കേള്‍ക്കുന്നത് ഒരു കല പില ശബ്ദം മാത്രമായിരിക്കും.
മൊല്ലാച്ചിയുടെ മദ്രസയില്‍ പഠിക്കുന്നവര്‍ പുസ്തകങ്ങള്‍ പുറത്തു നിന്ന് സംഘടിപ്പിക്കണം.
കാരണം നമ്മുടെ കയ്യിലുള്ള പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും ചൊല്ലി പഠിപ്പിച്ചു തരുകയും ചെയ്യുക എന്ന രീതിയാണ് മൊല്ലാച്ചി അവലംബിച്ച് പോന്നത്.
അന്ന് ടൌണിലേക്ക് പോകാതെ മദ്രസ പുസ്തകങ്ങള്‍ ലഭിക്കാനുള്ള ഒരേ ഒരു മാര്‍ഗ്ഗം മോല്ലാച്ചിയെ പോലെ തന്നെ താൻ ചെയ്യുന്ന ജോലി കൊണ്ട് വിളിപ്പേര് പതിച്ചു കിട്ടിയ
മറ്റൊരു കക്ഷി മാത്രമാണ്.
ഒരു ലൂനയുടെ പിറകില്‍ വലിയ പെട്ടിയും കെട്ടി വെച്ച് അതില്‍ നിറയെ പുസ്തകങ്ങളുമായി പല പ്രദേശത്തും കറങ്ങി നടക്കുന്ന പുസ്തക കച്ചവടം ചെയ്തിരുന്ന അദ്ദേഹത്തിനു നാട്ടുകാർ പതിച്ചു നൽകിയ സ്ഥാനപ്പേർ അച്ചടി ഉസ്താദ് എന്നായിരുന്നു.
ഒരു പ്രദേശത്തു മാസത്തിലൊരിക്കൽ മാത്രമായിരിക്കും എത്തി ചേരുക.
മെലിഞ്ഞ ശരീരവും വെളുത്ത നിറവും
കൂർത്ത മുഖവുമുള്ള അച്ചടി ഉസ്താദ്ന് ഒരുർപ്പ്യ വട്ടത്തിൽ അത്ര കറുപ്പല്ലാത്ത ഒരു നിസ്കാര തഴമ്പുo നെറ്റിയിലുണ്ട്.
തലയിലൊരു കെട്ടും ചുണ്ടിൽ ആൾക്കാരെ ആകർഷിക്കാൻ പോന്ന ഒരു പാട്ടുമായി മൈതാനത്തെത്തുമ്പോഴേക്കും പുതിയ പുസ്തകങ്ങളുടെ മണം പിടിക്കാൻ കുട്ടികൾ ഓടി കൂടും.
ഓരോ വീട്ടിൽ നിന്നും പുസ്തകത്തിന്റെ ആവിശ്യക്കാർ ടിയാനെ കാണുമ്പോൾ തന്നെ പോകല്ലേ ദാ വരുന്നുന്നു വിളിച്ചു പറയുന്നുണ്ടാകും.
കാരണം ഒരു തവണ വന്നു പോയ പിന്നെ ചുരുങ്ങിയത് ഒരു മാസം കഴിഞ്ഞു നോക്കിയ മതി. മദ്രസ പുസ്തകങ്ങളുടെ കൂടെ തന്നെ ഹുസുനുൽ ജമാൽ ബദറുൽ മുനീർ പ്രണയ കാവ്യം, കഥാ പ്രസംഗങ്ങൾ, ബെയ്ത്ത് പാട്ടുകൾ എന്നിവയുടെ ഒക്കെ വലിയ കളക്ഷനുകളും ആളുടെ കൈ വശമുണ്ടായിരുന്നു എന്നാണ് ഓർമ്മ.
ഒരുപാട് ഹരം പറഞ്ഞും
പാട്ട്കൾ പാടിയും കച്ചവടം ചെയ്തിരുന്ന അച്ചടി ഉസ്താദ് എല്ലാവർക്കും ഒരു പോലെ പ്രിയങ്കനായിരുന്നൊരു വ്യക്തി കൂടെ ആയിരുന്നു.
അങ്ങിനെ പുതിയ ആളുകളും കൗതുകരമായ കാഴ്ചകളുമായി ദിവസങ്ങൾ കടന്ന് പോകുന്നതീനിടെ നബി ദിനം വന്നെത്തുന്നത്.
അന്ന് ഞങ്ങൾ കുട്ടികൾ എല്ലാവരും ചേർന്ന് വർണ്ണ കടലാസുകൾ മുറിച്ചു തോരണങ്ങൾ ഉണ്ടാക്കി വീട് മുഴുവൻ അലങ്കരിക്കുമ്പോക്കും കച്ച താത്ത നല്ല മധുരമൂള്ള ചീരിനീ തയ്യാർ ചെയ്തു കഴിഞ്ഞിരുന്നു.
അതാണ് ഓർമ്മയിലുള്ള ആദ്യത്തെ നബി ദിനം.
ഇങ്ങനെ രണ്ടു മൂന്ന് മാസങ്ങളാകുമ്പോഴേക്ക് എന്റെ കൗതുകങ്ങൾക്കൊക്കെ അല്പം കുറവ് സംഭവിച്ചത് കൊണ്ടും ചുറ്റു വട്ടത്ത് ഒന്ന് രണ്ട് സമ പ്രായക്കാരെ കിട്ടിയത് കൊണ്ടും ഓത്ത് പള്ളീൽ പോക്ക് പതിയെ അവസാനിച്ചു.
പിന്നീട് വീണ്ടും മദ്രസ മുറ്റത്തെത്തുന്നത് സ്കൂളിൽ ഒന്നാം തരത്തിൽ എത്തിയ ശേഷമാണ്.
ശേഷം ദീനിയാത്തും, അമലിയാത്തും, താരിഖും തജ്വീദും, ആഹ്ലാഖുമെല്ലാം കൂട്ടുകാരായി.
ഓരോ വിഷയങ്ങൾ പഠിപ്പിക്കാൻ ഓരോ ഉസ്താദ്മാർ എത്തി.
അതിൽ ഏറ്റവും ഇഷ്ട വിഷയം ചരിത്രങ്ങൾ പ്രതിപാധിക്കുന്ന താരിഖായിരുന്നു.
ഓരോ ചരിത സംഭവങ്ങളും കണ്മുന്നിൽ കാണുന്ന കണക്കെ സമദ് ഉസ്താദ് വിവരിച്ചു തരുന്നത് കേൾക്കാൻ തന്നെ എന്തൊരു രസമായിരുന്നു.
താരിഖു എടുക്കാൻ വേണ്ടി ഉസ്താദ് എത്തുമ്പോ മാത്രം പുതിയ കഥകൾ കേൾക്കാനായി എല്ലാവരും നല്ല അച്ചടക്കമുള്ള കുട്ടികളാകും.
മൗലൂദ് മാസമായാൽ മഗ്‌രിബ് കഴിഞ്ഞാലും വീട്ടിൽ പോകാതെ പള്ളിയിൽ തന്നെ കറങ്ങി നടക്കും. അന്ന് ദർസ് ല് പഠിക്കാൻ എത്തുന്ന മൊല്ല കുട്ടികളെ അവരുടെ ആ വേഷത്തിൽ കാണുക എന്നത് എന്റെ മനസ്സിൽ അതൃപ്പമുള്ള സംഭവം കൂടി ആയിരുന്നു.
അവരോട് സംസാരിക്കാനും കൂട്ട് കൂടാനും കൂടിയാണ് മഗ്‌രിബ് കഴിഞ്ഞാൽ വീട്ടിൽ പോകാതെയുള്ള ഈ കറങ്ങി നടപ്പ്.
ഇഷാ നമസ്കാരം കഴിയുന്നതോട് കൂടി
മൊയ്ലൂദു ചെല്ലാൻ പോകുന്നവരുടെ കൂട്ടത്തിൽ ഞാനും കൂടും.കൂട്ടത്തിൽ പരിചയമുള്ളതും നമുക്ക് താല്പര്യമുള്ളതുമായ മൊല്ലക്കുട്ടിയുടെ അടുത്ത് തന്നെ സ്ഥാനം പിടിക്കും.
പിന്നീട് താളത്തിലങ്ങനെ മൊയ്ലൂദു ചെല്ലുന്നവരുടെ കൂടെ കൂടും. അറിയുന്ന ഭാഗങ്ങൾ എത്തുമ്പോ അറിയാതെ തന്നെ ചൊല്ലലും അതിന്റെ മുറുക്കവും ഉച്ചത്തിലാകും. അറിയാത്ത ഭാഗങ്ങൾ ആണെങ്കിൽ ഏകദേശം വാക്കുകൾ വരുന്ന രൂപത്തലൊക്കെയായി ചുണ്ടുകൾ ചലിപ്പിച്ചു കൊണ്ടിരിക്കും.
ശേഷം തന്റെ തന്ത്രപരമായ അഭിനയം ആരെങ്കിലും കണ്ട് പിടിക്കുന്നുണ്ടോ ഓരോ മുഖത്തേക്കും ഇടങ്കണ്ണ് പായിച്ച് നിരീക്ഷിച്ച് കൊണ്ടിരിക്കും.
ഇങ്ങനെ ഒക്കെ ആണെങ്കിലും എന്റെ കാര്യമായ നബി ദിന സന്തോഷങ്ങൾ മുഴുവൻ ബാക്കിയാവുന്നത് വീട്ടിൽ തന്നെയായിരിക്കും.
പല കുട്ടികൾ പേരിനൊരു പാനൂസുണ്ടാക്കി സംതൃപ്തി കൊള്ളുമ്പോൾ.
ഞാനും വല്ലിമ്മയും മുളചീന്തും വർണ്ണ കടലാസുകളും ഉപയോഗിച്ച്
പാനൂസും തിരിയുന്ന പാനൂസും വിമാനവും കാറും
വീടുകളുമെല്ലാം ഉണ്ടാക്കി കൊണ്ടേ ഇരിക്കും.
വല്ലിമ്മ..
എന്റെ ബാല്യത്തിലേക്ക് ഒരുപാട് വർണ്ണങ്ങൾ വാരി വിതറിയൊരു ജിന്നായിരുന്നു അത്.

ചുക്ക് കാപ്പി

രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ....