Saturday 25 April, 2020

മുന്നറിയിപ്പ്

അഞ്ചാം പാതിര ഇന്നലെ കണ്ടു..
റിപ്പര്‍ രവി,സൈമണ്‍ മഞ്ഞൂരാന് ,‍ ബെഞ്ചമിന്‍ ലൂയിസ് എന്നീ മൂന്നു സൈക്കോ കഥാ പാത്രങ്ങളെ ഒരു സിനിമയിലങ്ങനെ ഒരുമിച്ചു കണ്ടപ്പോഴാണ് മറ്റൊരു സൈക്കോ കഥാപാത്രം മനാസ്സിൽ കയറി വന്നത്.
ഒരു കടുക് മണിത്തൂക്കം അങ്ങടോ ഇങ്ങടോ വീഴാതെ മമ്മൂക്ക കയ്യടക്കത്തോടെ കൈകാര്യം ചെയ്ത മുന്നറിയിപ്പ് എന്ന.സിനിമയിലെ രാഘവന് എന്ന കഥാപാത്രം‍.
നമ്മള്‍ സാധാരണ കണ്ടു ശീലിച്ച സൈക്കോ കഥാപാത്രങ്ങളെ പോലെയുള്ള ഒരു ക്ലീഷേകളും രാഘവനില്ല...അയാള്‍ ശാന്തനാണ്..
അയാള്‍ക്ക് ലോകത്തെ സകല കാര്യങ്ങളെ കുറിച്ചും തന്‍റേതായ കാഴ്ചപ്പാടുകളുണ്ട്. അഭിപ്രായങ്ങളുണ്ട്..ചിന്തകളുണ്ട്.
"സ്വിച്ചിട്ടാ വെളിച്ചം ഉണ്ടാകുന്ന പോലെ സ്വിച്ചിട്ട ഇരുട്ടാകുന്ന വല്ലോം കണ്ടു പിടിച്ചിട്ടുണ്ടോ. ?
ഇല്ലല്ലോ..? ഈ വെളിച്ചവും സത്യവും എന്നൊക്കെ പറയുന്നത് ഒരു പോലെയാ, രണ്ടിനേം ഇല്ലാതാക്കാൻ പറ്റില്ല, വേണെങ്കിൽ തടയാം,
മറച്ചു പിടിക്കൊക്കെ ചെയ്യാം..
എന്നാലും അത് ഇല്ലാതാവുന്നില്ലലോ, നമ്മള് കാണുന്നില്ലന്നല്ലേ ഉള്ളൂ..?"
"കണ്ണാടിയില്‍ നോക്കുമ്പോ എന്റെ പ്രതിഭിംബം
എന്നെ തന്നെ നോക്കി അവിടെ നില്‍ക്കുന്നു.
കണ്ണാടി വിട്ടു ഞാന്‍ പോരുമ്പോഴും അതവിടെ തന്നെ നില്‍ക്കുമോ ? അതോ എന്റെ കൂടെ പോരുമോ ? ഏതായാലും ഞാന്‍ വീണ്ടും കണ്ണാടി നോക്കുമ്പോ അതവിടെ തന്നെ ഉണ്ട്. എന്നെ തന്നെ നോക്കി." രാഘവന്റെ ചിന്തകളിങ്ങനെ ഒരു സാധാരണക്കാരില്‍ നിന്നൊക്കെ മാറി പട്ടം പോലെ പറക്കുകയാണ്.
സ്വാതന്ത്ര്യം ആണ് രാഘവനെ അലട്ടുന്ന പ്രധാന പ്രശ്നമെങ്കിലും തന്റെ ശിക്ഷാ കാലാവധിയായ പതിനാലു വര്ഷം കഴിഞ്ഞു ഇരുപതു വര്‍ഷമായിട്ടും അതൊരു പാരതന്ത്ര്യമായി അയാള്‍ക്ക് തോന്നിയിട്ടില്ല.
ഇവിടുന്നു പുറത്തിറങ്ങിയ സന്തോഷമുണ്ടാകില്ലേ എന്ന് ചോദിക്കുമ്പോ അതിനു എനിക്കിവിടെ സങ്കടമൊന്നും ഇല്ലല്ലോ എന്നാണയാള്‍ മറുപടി പറയുന്നത്. അതേ സമയം പേടിച്ചിട്ടുള്ള ജീവിതം മഹാബോറാണ് എന്നയാള്‍ വാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്.
അങ്ങിനെ എങ്കില് സ്വാതന്ത്ര്യമില്ലാതെ ജയിലില്‍ കിടക്കുന്നതോ എന്ന ചോദ്യത്തിനും അയാള്‍ ‍ക്കുത്തരമുണ്ടായിരുന്നു
"നമ്മള്‍ സ്വാതന്ത്ര്യത്തെ എങ്ങിനെ വാഖ്യാനിക്കുന്നു എന്നതാണ് കുഴപ്പം.
നിങ്ങള്‍ കാണുന്ന സ്വാതന്ത്ര്യമായിരിക്കില്ല എന്റെ സ്വാതന്ത്ര്യം എന്നാണയാൾ ആ ചോദ്യത്തിന് മറുപടി നൽകുന്നത്.
കൂടെ ....നമുക്ക് തടസ്സമായിട്ടു നില്‍ക്കുന്ന ചില കാര്യങ്ങളെ പറിച്ചു മാറ്റേണ്ടി വരും എന്നും അയാള്‍ പറഞ്ഞു വെക്കുന്നുണ്ട് എങ്കിലും താന്‍ ചെയ്തു എന്ന് പറഞ്ഞു ശിക്ഷയനുഭവിച്ച രണ്ടു കൊലപാതകങ്ങളും താൻ തന്നയാണ് ചെയ്തത് എന്ന് അംഗീകരിക്കാന്‍ അയാള്‍ ഒരിക്കലും തയ്യാറായിട്ടില്ല.
നിഷകളങ്കനായ.. നാവെടുത്താല്‍ ഫിലോസഫി മാത്രം പറയുന്ന രാഘവന്‍ എന്ത് കൊണ്ടായിരിക്കും താന്‍ ചെയ്ത കൊലപാതകങ്ങള്‍ സമ്മതിക്കാതിരുന്നത്? അതിനുള്ള സൂചനകള്‍ അയാള്‍ തന്നെ പലവട്ടം നല്‍കുന്നുണ്ട് പക്ഷേ.. രാഘവന്‍ തന്നെയാണ് കൊലപാതകി എന്നുറപ്പിക്കാന്‍ കുറച്ചു സംശയത്തോടെ ആണെങ്കിലും സിനിമയുടെ അവസാനം വരെ പ്രേക്ഷകര്‍ക്ക് കാത്തിരിക്കേണ്ടി വരുന്നു.
മുന്പ് നടന്ന രണ്ടു കൊലപാതകങ്ങളും ചെയ്തത് താനല്ല എന്ന് ആവര്‍ത്തിച്ചു പറയാന്‍ അയാൾക്ക് വ്യക്തമായ കാരണങ്ങളുണ്ട്.
നമുക്ക് മുന്‍പില്‍ തടസ്സമായി നില്‍ക്കുന്നതിനെയെല്ലാം പറിച്ചു മാറ്റണം എന്ന് പറയുന്നതിനോടൊപ്പം തന്നെ ക്യൂബ്യയിലായാലും കുടുംബത്തിലായാലും വിപ്ലവം നടന്നാല്‍ ചോര വീഴും എന്നാ കാര്യം കൂടെ ഇടക്കയാള്‍ ഓര്‍മിപ്പിക്കുന്നു.
അത് കൊണ്ട് തന്നെ രാഘവന്റെ ഫിലോസഫി പ്രാകാരം താന്‍ ചെയ്തതൊന്നും കൊലപാതകങ്ങളല്ല മറിച്ചു വിപ്ലവമാണ്.
സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കുമ്പോ ഴാണ് വിപ്ലവങ്ങളുണ്ടാകുന്നത്.
രാഘവന്‍ കൊല ചെയ്തവരെ ഒന്നോടിച്ചു നോക്കൂ..
അവരിൽ പൊതുവായ ചില കാര്യങ്ങൾ കാണാം.ഒന്നാമത്തെ കാര്യം അവർ മൂന്ന് പേരും സ്ത്രീകളായിരുന്നു എന്നതാണ്.
ആദ്യം കൊല്ലപ്പെട്ട സ്ത്രീ അയാളുടെ ഭാര്യയായിരുന്നു.രണ്ടാമത്തേതു അയാളുടെ യജമാനത്തി മൂന്നാമത്തേത് ജേര്‍ണലിസ്റ്റ് അഞ്ജലിയും.
അഞ്ജലി അയാളെ എഴുതാന്‍ വേണ്ടി നിര്‍ബന്ധിക്കുന്നതും അവാസാനം അയാളെ ഭരിക്കാന്‍ ശ്രമിക്കുന്നതും സിനിമയിൽ കാണിക്കുന്നുണ്ട്. ആദ്യം കൊല്ലപ്പെട്ട രണ്ടു പേരും ഇതേ രീതിയിൽ തന്നെ അയാളില്‍ മേധാവിത്വം സ്ഥാപിക്കാന്‍ സാധ്യതയുള്ളവരായിരുന്നു.
അയാളവിടെയെല്ലാം വിപ്ലവം നടത്തി തന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവരെ പറിച്ചു മാറ്റുകയാണുണ്ടായത്.
രാഘവനെ സംബന്ധിച്ചിടത്തോളം സ്ത്രീകൾ അയാളിൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്നത് അസ്വാതന്ത്ര്യമായിട്ടാണ് കരുതുന്നത്. അത് കൊണ്ട് തന്നെ ജയിൽ എന്നത് അയാളെ സ്ത്രീകൾ ഒരു തരത്തിലും ഭരിക്കാൻ സാധ്യതയില്ലാത്ത ഇടമാണ് എന്നും അവിടെ താൻ പൂർണ്ണ സ്വാതന്ത്ര്യവാൻ ആണു എന്നും അയാൾ വിശ്വസിക്കുന്നു.
മലയാളത്തില്‍ ഇനിയെത്ര സൈക്കോ കഥാപാത്രങ്ങള്‍ വന്നാലും അതൊക്ക രാഘവനും അയാൾ അവസാനം ചിരിക്കുന്ന ചിരിയുടെയും മേലെ നിൽക്കാനുള്ള സാധ്യത വളരെ വളരെ കുറവാണ്.

ചുക്ക് കാപ്പി

രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ....