Monday 2 November, 2020

Dolly Kitty Aur Woh Chamakte Sitare.


 ഡോളിയും കിറ്റിയും പിന്നെ മിന്നും നക്ഷത്രങ്ങളും.

അലന്കൃത ശ്രീവാസ്തവ  എഴുതി സംവിധാനം ചെയത് കൊങ്കണ സെന്‍ ശര്‍മയും  ഭൂമി പെടുനെകറും  മുഖ്യ കഥാപാത്രങ്ങളായി വന്ന സിനിമയാണ്  "ഡോളി കിറ്റി ഓര്‍ വോ ചമക് സിത്താരെ"

തീര്‍ച്ചയായും സിനിമ സംസാരിക്കുന്നതും പുരുഷ കേന്ദ്രീകിത സമൂഹത്തിലെ സ്ത്രീകളെ കുറിച്ച് തന്നെയാണ്.ബീഹാറില്‍ നിന്നും ജോലി അന്വേഷിച്ചെത്തുന്ന നോയിഡയിലെത്തുന്ന കിറ്റി ആയി ഭൂമിയും ,അവളുടെ സഹായത്തിനെത്തുന്ന കസിന്‍ സിസ്റ്റര്‍ ആയ ഡോളി ആയി കൊങ്കണയും വേഷമിടുന്നു. 

ഏതു സങ്കടങ്ങളെയും മറികടക്കുക എന്നത് പുരുഷനെ സംബന്ധിച്ച് ഏറ്റവും എളുപ്പമുള്ള ജോലിയാകുമ്പോള്‍ വീട്ടിലും സമൂഹത്തിലും ജോലി സ്ഥലങ്ങളിലും ഒരു പോലെ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടി സന്തോഷമഭിനയിക്കുകയും പുഞ്ചിരിക്കുക്കയും ചെയ്യുന്ന സ്ത്രീകളുടെ മാനസിക സംഘര്‍ഷങ്ങള്‍ ആണ് സിനിമ മുഴുവനും. പ്രകടനത്തില്‍ കിറ്റിയാണോ ഡോളിയാണോ  മികച്ചു നിന്നത് എന്ന് ചോദിച്ചാല്‍ മറുപടി പറയാന്‍ കഴിയാത്ത വിധം മത്സരിച്ചാണ്  രണ്ടു പേരും അഭിനയിച്ചരിക്കുന്നത്. 

തന്റെ അഞ്ചാം വയസ്സ് മുതല്‍ കാമറക്ക് മുന്‍പിലുള്ള കൊങ്കണ സെന്നിനു  പലവിധ മാനസിക സംഘര്‍ഷങ്ങളിലൂടെ  കടന്നു പോകുന്ന വീട്ടമ്മയെ  അതിന്റെ പൂര്‍ണ്ണതയോടെ അവതരിപ്പിക്കുക എന്നത് അത്ര വെല്ലു വിളി ആയിരുന്നിരിക്കില്ല പക്ഷേ അതിനോട്  കട്ടക്ക് നില്‍ക്കുന്ന പ്രകടനം തന്നെ കാഴ്ച വെക്കാന്‍ ഭൂമി പെട്നെക്കറിനും സാധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്. 

 പുരുഷനെ ത്രിപ്തിപ്പെടുത്തേണ്ടത് സ്ത്രീയുടെ മാത്രം ചുമതലയാണെന്ന ബോധത്തെ ചോദ്യം ചെയ്യുകയാണ് സിനിമയിലുടനീളം ചെയ്യുന്നത് .പുരുഷ സമൂഹം  എപ്പോഴും ആഘോഷിക്കാറുള്ള വാര്‍ത്തകള്‍ ആണല്ലോ  മക്കളെ ഉപേക്ഷിച്ചു പോയ അമ്മയും അന്യപുരുഷന്റെ കൂടെ കിടപ്പറ പങ്കിട്ട പെണ്ണുമെല്ലാം. എന്നാല്‍ അവളുടെ സാഹചര്യങ്ങള്‍ക്കും അവളുടെ  ആഗ്രഹങ്ങള്‍ക്കും അവളുടെ സന്തോഷങ്ങള്‍ക്കും ഒരു നെഗറ്റീവ്  ഇമേജ് പോലും കൊടുക്കാതെ പൂര്‍ണ്ണമായും അവളെ ചേര്‍ത്ത് പിടിക്കുകയാണ് സിനിമ. എന്നാല്‍ ഒരിക്കല്‍ പോലും അവനെ ഒരു മഹാ ഭയങ്കരനാക്കി ചിത്രീകരിക്കുന്നുമില്ല. നമ്മുടെയൊക്കെ മനസ്സില്‍ പതിഞ്ഞു പോയ ബോധങ്ങളെ സ്വാഭാവികമായി ചിത്രീകരിക്കുക മാത്രമാണ്  സംവിധായിക ചെയ്തിട്ടുള്ളത്. അതങ്ങനെ തന്നെ മനസ്സിലാക്കണം എന്ന് നിര്‍ബന്ധമുള്ളതു കൊണ്ടായിരിക്കണം കിടപ്പറയിലെ ജയപരാജയങ്ങളടക്കം അത് പോലെ തന്നെ പകര്‍ത്തി വെക്കാന്‍ പരമാവധി ശ്രമിചിട്ടുള്ളതും. 

കിടപ്പറയിലായാലും ജോലിസ്ഥലത്ത്  വെച്ച് ഒരു ചായ കുടിക്കുന്ന  കാര്യമായാലും സ്വന്തം സന്തോഷങ്ങള്‍ക്ക് വേണ്ടി ബുദ്ധിമുട്ടാതെ ഏറ്റവും ലളിതമായി മറ്റൊരു തിരഞ്ഞെടുപ്പ്  പുരുഷന് സാധ്യമാണെങ്കില്‍ , അതിനെ കുറിച്ച്  സമൂഹം അത്രയൊന്നും അസ്വസ്ഥപ്പെടുന്നില്ലെങ്കില്‍  എന്ത് കൊണ്ട് അത് അത്ര തന്നെ നിസ്സാരമായി സ്ത്രീക്കുമായിക്കൂട എന്നാണ് ചിത്രം പറഞ്ഞു വെക്കുന്നത് . 

തങ്ങള്‍ക്ക് സന്തോഷമുള്ള ഇടങ്ങളിലെല്ലാം ശല്യപ്പെടുത്താനെത്തുന്ന സദാചാര ഗുണ്ടകളെ ഭയന്ന് ഒരിക്കല്‍  ഡോളി തന്റെ കൌമാരക്കാരനായ  കാമുകനുമൊത്ത് ഖബറസ്ഥാനിലെത്തുന്നു. 

ഖബറസ്ഥാനും സ്വര്‍ഗ്ഗമകാന്‍ കഴിയുമല്ലേ . ?

ജീവിച്ചിരിക്കുന്നവരാരും ശല്യപ്പെടുത്താനില്ലാത്ത ഖബറാളികള്‍ക്കിടയിലെ നിശബ്ദതയെ മുറിച്ചു കൊണ്ട് അവന്‍ അവളോട്‌ ചോദിക്കും. 

നീ എത്ര വിചിത്രമായാണ് സംസാരിക്കുന്നതെന്ന് അതിനവള്‍  നാണിച്ചു കൊണ്ട് മറുപടി പറയും. 

എന്നാല്‍ ഒരു കാര്യം പറയാമോ ?

എന്റെ ഖബറിന് മുകളില്‍ എന്തെങ്കിലും കുറിച്ചിടുമെങ്കില്‍ അതെന്തായിരിക്കും നിങ്ങള്‍ കുറിച്ചിടുക ?

"നിന്റെ പേരും .. പിന്നെ അഞ്ചു നക്ഷത്രങ്ങളും: 

ഫുഡ്‌ ഡെലിവറി ആപ്പില്‍ റേറ്റിംഗ്  കൊടുത്തു പരിചയപ്പെട്ട കാമുകനോട്  ഒട്ടുമാലോചിക്കാതെ അവള്‍ മറുപടി പറയും.

ഉസ്മാന്‍ അന്‍സാരിയുടെ (തന്റെ കാമുകന്റെ ) ഖബറിന് മുകളില്‍  ഡോളി അഞ്ചു നക്ഷത്രങ്ങള്‍  പതിച്ചു കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. 

 സാധാരണ സിനിമാ പ്ലോട്ടുകളില്‍ നമ്മളത്ര കണ്ടു പരിചയിച്ച കാര്യങ്ങള്‍ അല്ലെങ്കിലും ഒട്ടും ശുഭകരമായ ഒടുക്കമല്ലെങ്കിലും ചിത്രമവസാനിക്കുമ്പോ അഞ്ചു നക്ഷത്രങ്ങള്‍ ചേര്‍ത്ത് വെച്ച റേറ്റിംഗ് ഡോളിയെ പോലെ  നമ്മളുമറിയാതെ നല്‍കും. 

ചുക്ക് കാപ്പി

രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ....