Saturday 4 August, 2018

മ്മാ ..

കുഞ്ഞു നാളിലെ പല ആഗ്രഹങ്ങള്‍ക്കും
ചിരിച്ചു കൊണ്ട് മൌന സമ്മതം തന്നവള്‍
കണ്ണില്‍ കണ്ട ആക്രി സാധനങ്ങളെല്ലാം
പെറുക്കി കൊണ്ട് വന്നു കൊടുക്കുമ്പോ
ജീപ്പായും കാറായും ബസ്സായും 
വിമാനമായും രൂപമാറ്റം വരുത്തി തന്നവള്‍
ഒരു വേനലവധിക്കാലത്ത് ബിസ്നസ് മോഹമുദിചപ്പോ
മാങ്ങയും നെല്ലിക്കയും ഉപ്പിലിട്ടു തന്ന് കൊണ്ട്
കുട്ടി ബിസ്നസ്കാരന്റെ ഐസൊരുതി കച്ചോടത്തിനു
പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചവള്‍.
അവിലും വെള്ളത്തിന്റെയും മോരും വെള്ളത്തിന്റെയും സാധ്യതകളെ കുറിച്ച് വാചാലയായവള്‍ .
തല്ലാനായി വടിയോങ്ങുന്നവരുടെ മുന്നിലേക്ക് കയറി
നിന്ന് പലപ്പോഴായി രക്ഷിച്ചെടുത്തവള്‍.
കണ്ണുകളിലേക്ക് മാത്രം നോക്കി
എന്റെ ആഗ്രഹങ്ങളെ തിരിച്ചറിഞ്ഞവള്‍
എക്കാലത്തെയും എന്റെ ഏറ്റവും നല്ല സുഹൃത്ത്
എന്റെ വല്യുമ്മ ..
ഒടുവിലൊരുനാള്‍ ഒരു മനുഷ്യനേറ്റവും
ഭയക്കുന്ന മറവിയിലേക്ക് കാലം തള്ളിയിട്ടപ്പോള്‍
സംസാരിക്കാനും ഭക്ഷണം കഴിക്കാനും
പോലും മറന്നു പോയപ്പോ..
കാലുകള്‍ നിശ്ചലമായി പോയപ്പോ
എന്റെ കണ്ണുകളിലേക്ക് നോക്കി
കണ്ണീര്‍ പൊഴിച്ചതെന്തിനായിരുന്നു ?
മറവി രോഗം എന്റെ മുഖം മാത്രം
കവര്‍ന്നെടുക്കാതെ ബാക്കി വെച്ചത് കൊണ്ടായിരുന്നുവോ ?
അള്ളാഹുവിങ്കലേക്ക് മടക്കി വിളിച്ച രാത്രി
കുറൂജ് വില്ലനായി വന്നു അവസാനമായൊന്നു
കാണാനുള്ള അവസരവും നിഷേധിക്കപ്പെട്ടു.
പിറ്റേ ദിവസം ഞാന്‍ വന്നിരുന്നു ഇമ്മാ ..
മറവിയും രോഗങ്ങളും ഇല്ലാത്ത ലോകത്തേക്ക്
വൈകിക്കാതെ കാത്തു നില്‍ക്കാതെ
യാത്രയാക്കണമെന്നു പറഞ്ഞത് ഞാന്‍ തന്നെയായിരുന്നു .
ഞാന്‍ ഓരോ തവണ വരുമ്പോഴും നമ്മള്‍ ഒരുപാട്
സംസാരിക്കാറുണ്ടല്ലോ ..
നമ്മളിനിയും കാണുമല്ലോ ...
സൌഹൃദ ദിനാശംസകള്‍ മ്മാ .. 

No comments:

Post a Comment

ചുക്ക് കാപ്പി

രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ....