Saturday 17 August, 2024

KILL - Movie review (Malayalam)

ഒരു സെക്കന്റ് പോലും അനാവശ്യമെന്നു പറയാനുള്ള സീനുകളില്ലാ ,പ്രണയം ഉണ്ടെങ്കിലും സാധാരണ ഇടിപടങ്ങളിൽ കുത്തികയറ്റുന്ന പോലത്തെ ക്രിഞ്ചടിപ്പിക്കുന്ന സീനുകളില്ല,പാട്ടുകളില്ല .. പിന്നെ എന്താ ഉള്ളത് ?
ഇടി.. ഒരു മണിക്കൂറും നാല്പത്തി അഞ്ച് മിനിറ്റും ഇടിയോടിടി..ഇടീന്ന് പറയുമ്പോ ഓരോ ഇടിയിലും ഒന്നര ലിറ്റർ ചോരയെങ്കിലും മിനിമം പുറത്തേക്കൊഴുകുന്ന തരത്തിലുള്ള ഇടി. ഒപ്പം ഒട്ടും ബോറടിപ്പിക്കാത്ത ഹോളിവുഡ് ടൈപ്പ് മേക്കിങ് കൂടിയാകുമ്പോ പടം വേറെ ലെവലിലേക്ക് പോയി.
ഫസ്റ്റ് ഹാഫ് കണ്ട് "എപ്പടിഡാ"ന്നും പറഞ്ഞു അന്തം വിട്ടു കണ്ണും മിഴിച്ചു നിക്കുമ്പോ സെക്കന്റ് ഹാഫ് അവിടുന്ന് അതിന്റെ ഡബിൾ മീറ്ററിൽ പിടിച്ചു ഒരൊറ്റ പോക്കാണ്. "ഫ്രൂ ഊഊഊഊഊഊം .. " സിനിമ കഴിയുമ്പോഴേക്ക് തലേന്ന് കിളിയല്ല കൂട്ടത്തോടെ പരുന്തുകൾ പറന്നു പോകും.
ഇടിക്കുന്ന ഓരോ ഇടിയിലും,ഒഴുക്കുന്ന ഓരോ തുള്ളി ചോരയിലും പ്രേക്ഷകരെ ഇമോഷണലി കോർത്തിടാൻ പറ്റുന്നുണ്ട് എന്നുള്ളതാണ് സാധാരണ ത്രൂ-ഔട്ട് ഫൈറ്റുള്ള ആക്ഷൻ സിനിമകളിൽ നിന്നും KILL എന്ന സിനിമയെ മാറ്റി നിർത്തുന്നത്. എന്ന് വെച്ചാൽ ആക്ഷൻ അഭിനേതാക്കളുടെ ആക്റ്റിംങ്ങിനേയോ -ആക്റ്റിംഗ് അവരുടെ ആക്ഷൻസിനേയോ ബാധിക്കുന്നില്ല.അത് കൊണ്ട് കൂടിയാണ് കാണുന്ന പ്രേക്ഷകർ അന്തം വിട്ടു കൊണ്ട് "എപ്പടി -ഡാ" എന്ന് ചോദിച്ചു പോകുന്നതും. അത് കൃത്യമായി വർക്ക് ആകാൻ കാരണം സംവിധായകൻ അതിനെ കറക്റ്റ് ആയി ബ്ലെൻഡ് ചെയ്ത രീതി കൊണ്ടാണ്.

kill


ഉദാഹരണത്തിന് : സാധാരണ ഒട്ടു മിക്ക സിനിമകളിലും നമ്മൾ കാണുന്നത് പ്രധാന വില്ലൻ തന്റെ ഗാങിലെ ഒരു കൂട്ടം ആളുകളുമായി വരുമ്പോ അതിലെ പ്രധാനികളായ ഒന്നോ രണ്ടോ പേർക്കപ്പുറം ബാക്കി ഉള്ളവർക്കെല്ലാം ആക്ഷൻ പറയുമ്പോ ചുമ്മാ മറിയാനോ , കുത്തു കൊള്ളാനോ , പിറകിൽ കിടന്നു അലറാനോ ഉള്ള കർത്തവ്യം മാത്രമായിരിക്കും ഉണ്ടായിരിക്കുക. വിനീത് ശ്രീനിവാസൻ "അപ്പു അങ്ങനെ അല്ല" എന്ന് പറയുന്ന പോലെ "എന്നാൽ കില്ലിൽ അങ്ങനെ അല്ല" നായകൻറെ ഭാഗത്തുള്ള കഥാപത്രങ്ങൾക്ക് മാത്രമല്ല വില്ലൻ ഗാങ്ങിൽ പെട്ട ഓരോരുത്തരുടെ ഇമോഷൻസിനേയും നൈസ് ആയി ബ്ലെൻഡ് ചെയ്താണ് സിനിമ കൊണ്ട് പോകുന്നത്. അത് കൊണ്ട് തന്നെ പ്രതിനായകൻറെ ഭാഗത്തു നിൽക്കുന്നവർക്ക് കിട്ടുന്ന ഓരോ ഇടിയിലും പ്രേക്ഷകന് മറ്റുള്ള സിനിമയിൽ കിട്ടുന്നതിനേക്കാൾ സാറ്റിസ്ഫാക്ഷൻ കിട്ടുന്നതിന് ഇതൊരു പ്രധാന കാരണവുമാകുന്നു.
ആശിഷ് വിദ്യാർത്ഥിയൊക്കെ പല തരത്തിലുള്ള വില്ലൻ വേഷങ്ങൾ കൂളായി വന്നു ചെയ്തു പോകുന്നത് നമ്മളെത്രയോ വർഷങ്ങളായി കാണുന്നതാണ്. അത് കൊണ്ട്തിൽ വലിയ പുതുമ പറയാനൊന്നുമില്ല. എടുത്തു പറയാനുള്ളത് രണ്ടു പേരുകളാണ് . ലക്ഷ്യ & രാഘവ്.
ഇതിൽ നായകനായി വന്നിട്ടുള്ള "ലക്ഷ്യ" എന്ന അഭിനേതാവിന്റെ ഡെബ്യു മൂവി ആണിതെന്ന് പറഞ്ഞു തന്നെ അറിയിക്കണം. അത്ര പെർഫെക്റ്റ് ആയിട്ട് ആക്ഷനും ഇമോഷൻസുമെല്ലാം ചെയ്തു വെച്ചിട്ടുള്ളത്.
എന്നാൽ പാടേ അമ്പരപ്പിച്ചു കളഞ്ഞത് രാഘവാണ്. എപ്പോഴും കളി പറഞ്ഞു നടക്കുന്ന കോമഡി പീസായി മാത്രം കണ്ടിട്ടുള്ള "രാഘവ് ജുയൽ" വില്ലത്തരം അതിന്റെ പീക്കിൽ കൊണ്ട് പോയി ഞെട്ടിച്ചു കളഞ്ഞു.ഡാൻസിൽ അപാരമായ പ്രാവീണ്യമുള്ള രാഘവുൾപ്പെട്ട ആറോളം സിനിമകൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ടെങ്കിലും ഒരു അഭിനേതാവെന്ന നിലയിൽ എജ്ജാതി റീ-എൻട്രിയാണ് പഹയൻ നടത്തി കളഞ്ഞത്. രാഘവിനെക്കൊണ്ട് ഈ തരത്തിൽ വില്ലനിസം കാണിക്കാൻ പറ്റുമെന്ന് തിരിച്ചറിഞ്ഞ ഫിലിം മേക്കറിന് ബിഗ് സല്യൂട്ട്.
ഇതൊന്നും കൂടാതെ "തുമരാ സാത് ജീനെ കേലിയെ മർന സറൂറിഹേ?" (നിന്റെ കൂടെ ജീവിക്കാനായി മരിക്കണമെന്ന് നിർബന്ധമാണോ) എന്നൊരു ചോദ്യം ക്‌ളൈമാക്‌സിൽ നായികയെക്കൊണ്ട് നായകനോട് ചോദിപ്പിച്ചു കൊണ്ട് ഇതിന്റെ രണ്ടാം ഭാഗം ഇറക്കിക്കൊണ്ടു ആദ്യഭാഗത്തിന്റെ പേര് കളയാൻ ഉദ്ദേശിക്കുന്നില്ല എന്നുറപ്പു കൂടെ സംവിധായകൻ പ്രേക്ഷകർക്ക് നൽകുന്നുണ്ട്.
-ഷാനു കോഴിക്കോടൻ-


 

ഉള്ളൊഴുക്ക് - Movie review


 മോൾക്കെന്നോട് ദേഷ്യമാണോ ?

എന്തിന് ?
അല്ല ..! ഞാനല്ലേ ഈ കല്യാണത്തിന് നിന്നെ നിർബന്ധിച്ചത്.

പരസ്പര പൂരകങ്ങളായ ഒരു ഇണയുണ്ടാകുക എന്ന മനോഹര സങ്കല്പത്തിൽ നിന്ന് മാറി വിവാഹമെന്നത് കടുംബ മഹിമയും,പേരും നോക്കി പെണ്മക്കളെ കുടിയൊഴിപ്പിക്കാനുള്ള ഉപാധിയാണെന്നു കരുതിപ്പോരുന്ന തലമുറയിലെ ലക്ഷോപലക്ഷം മാതാപിതാക്കൾ നേരിട്ടല്ലെങ്കിലും സ്വന്തം മനസ്സിനോടെങ്കിലും ചോദിച്ചു കാണും ജിജിയെന്ന അമ്മ മകൾ അഞ്ജുവിനോട് ചോദിച്ച ഈ ചോദ്യം.

ഉള്ളൊഴുക്കിലെ രണ്ടു സ്ത്രീ കഥാപാത്രങ്ങളെ (ലീലാമ്മ-അഞ്ജു )സ്നേഹം കൊണ്ട് മുറിവേറ്റവരെന്നോ സ്നേഹം കൊണ്ട് കബളിപ്പിക്കപ്പെട്ടവരെന്നോ വിളിക്കാം.അമിതമായ സ്നേഹം സ്വാർത്ഥതയിലേക്ക് വഴി മാറുമ്പോ ചിലരാ സ്നേഹം കൊണ്ട് കബളിക്കപ്പെടുന്നു. ചിലർക്കാ സ്നേഹം കൊണ്ട് മുറിവേൽക്കുന്നു. അതുണ്ടാക്കുന്ന സ്വാർത്ഥതയുടെ ആഴം കൊണ്ട് മറ്റുള്ളവരുടെ ജീവിതത്തിലുണ്ടാകുന്ന മുറിപ്പാടിന്റെ ആഗാധം പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല എന്ന് കൂടെ മനസ്സിലാക്കുമ്പോഴാണ് "സ്നേഹം" ഒരു ഇരു തല മൂർച്ചയുള്ള വാളാണെന്നു തിരിച്ചറിയുക.

വന്യമൃഗങ്ങളുടെ ജീവിതം കണ്ടിട്ടില്ലേ? വിശപ്പും സ്വന്തം നില നിൽപ്പും മാത്രമാണവിടെ നീതി. മുൻപിൽ നിൽക്കുന്നതാരാണെന്നതിനോ അവരുടെ വേദന എന്താണ് എന്നതിനോ അവിടെ സ്ഥാനമില്ല. ഭൂമിയിലെ സസ്തനികളിൽ സഹജീവികളോടുള്ള സ്നേഹവും,സഹതാപവും,സഹാനുഭൂതിയും മനുഷ്യർക്കുള്ള മാത്രമുള്ള സവിശേഷതയാണ് എന്ന് വാഴ്ത്തിപ്പാടുമ്പോഴും സവിശേഷ ഗുണമായ ഈ സ്നേഹം തന്നെ അതിനെ എതിരിദിശയിലേക്ക് നയിക്കുന്നു എന്നത് ഒരു കണക്കിന് എത്ര വലിയ വിരോധാഭാസമാണല്ലേ ?

സ്നേഹമുള്ളപ്പോ തന്നെ പ്രാക്ടിക്കലും കൂടി ആണ് എന്ന് കാണിക്കാനാണോ ..അതോ സ്നേഹമുണ്ടെന്നു പറഞ്ഞാലും സ്ത്രീകളോളം തീവ്രത പുരുഷന്മാരുടെ സ്നേഹത്തിനില്ലാ എന്ന് കാണിക്കാൻ ആണോ ക്ലൈമാക്സ് ആകുമ്പോഴേക്കും രാജീവിനെ സ്വിച് ഇട്ട പോലെ മാറ്റിയത് എന്നറിഞ്ഞു കൂടാ. ഭൂരിഭാഗം വരുന്ന പുരുഷന്മാരുടെ പ്രതിനിധി എന്ന രീതിയിൽ അങ്ങനെ ചോദിപ്പിച്ചതിനു തെറ്റ് പറയുകയും ചെയ്തു കൂടാ. പക്ഷേ ...! അങ്ങനെ ആണെങ്കി തന്നെ തുടക്കം മുതലേ രാജീവിന് അത് പോലൊരു ഷെയ്ഡ് കൂടെ ഉള്ളതായി കാണിക്കാമായിരുന്നു എന്ന് തോന്നി.

സ്നേഹമെന്ന തിരിച്ചു കയറാൻ പറ്റാത്ത ചുഴിയിൽ പെട്ട് പോയ രണ്ടു സ്ത്രീകളുടെ മാനസികസംഘർഷങ്ങൾ അതെ പടി ശരീരത്തിലൂടെനീളം കൊണ്ട് വന്ന ഉർവ്വശി ചേച്ചിയും പാർവതി തിരുവോത്തും കഥാപാത്രങ്ങളെ ബ്രില്ലിയൻറ് ആയി ചെയ്തു വെച്ചിട്ടുണ്ട്. രണ്ടു പ്രതിഭകളുടെ അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് ഏറെ ചർച്ച ചെയ്യപ്പെട്ട ഈ സിനിമ ഇനിയും കാണാത്ത സിനിമാസ്വാദകരുണ്ടെങ്കിൽ നിങ്ങൾക്ക് നഷ്ടമാകുന്നത് ഈ വർഷത്തെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും.

-ഷാനു കോഴിക്കോടൻ

ചന്ദു ചാമ്പ്യൻ - Movie review

 


നീ വീട്ടിലേക്ക് തന്നെ തിരിച്ചു പൊയ്ക്കോ. നിന്നെ പോലുള്ള കോമാളികൾക്കുള്ളതള്ള സൈന്യം.(കൂടെയുള്ള സൈനികനുമായി അടിയുണ്ടാക്കിയതിന് മേലുദ്യോഗസ്ഥൻ പണിഷ്മെന്റ് ചെയ്യിക്കുന്നതിനിടെ അയാളെ വഴക്കു പറയുകയാണ്)
ഞാൻ മടങ്ങി പോകില്ല സർ.
തീർച്ചയായും പോകേണ്ടി വരും.
എനിക്ക് പോകാൻ കഴിയില്ല സർ.ജീവിതത്തിൽ എന്തെങ്കിലുമൊന്ന് നേടാതെ ഞാൻ തിരിച്ചു പോകത്തില്ല.
അത് അടി ഉണ്ടാക്കുന്നതിനു മുൻപ് ആലോചിക്കണമായിരുന്നു.
അത് ..അതയാൾ എന്നെ നോക്കി ചിരിച്ചു .. എന്റെ സ്വപ്നത്തെ ഒരു തമാശയായി കണ്ടു..അങ്ങനെ സംഭവിച്ചതാണ്.
എന്താണ് നിന്റെ സ്വപ്നം?
ഒളിപിക്‌സ്...ഒളിമ്പിക്സ് ആണെന്റെ സ്വപ്നം.
50കളിൽ ഇന്ത്യയുടെ ഫുട്ബോൾ കോച്ചായിരുന്ന സൈദ് അബ്ദുൾ റഹീമിന്റെ ബയോ പിക് ആയ "മൈതാൻ" കണ്ടു കിടുങ്ങിയ ശേഷമാണ് ചന്ദു ചാമ്പ്യൻ കാണുന്നത്. ബയോ പിക് ആണെങ്കിലും ഒട്ടും മടുപ്പിക്കാതെ എടുത്ത കിടിലൻ എൻട്രട്രെയിനർ.അതാണ് "ചന്ദു ചാമ്പ്യൻ".
സിനിമാക്കഥകളെ വെല്ലുന്ന ജീവിതാനുഭവങ്ങളും പോരാട്ടങ്ങളും നടത്തി ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യത്തെ ഗോൾഡ് മെഡൽ എന്ന നേട്ടത്തിലേക്ക് നടന്ന മുരളികാന്ത് പേട്കറിന്റെ ജീവിത കഥയാണ് ഈ സിനിമ.ബജരംഗി ഭായിജാനും,ഏക് ദാ ടൈഗറും ,83യും ഒക്കെ എടുത്ത് കബീർ സിങ് തന്നെയാണ് ചിത്രത്തിന്റെ സംവിധായകൻ.
ശാരീരികമായും,മാനസികമായും നായകൻ നേരിടേണ്ടി വരുന്ന കടുത്ത വെല്ലുവിളികൾ മികച്ച രീതീയിൽ സ്‌ക്രീനിൽ അവതരിപ്പിച്ച് തന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് നടത്താൻ കാർത്തിക് ആര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇമോഷൻസിന്റെ കൂടെ സിനിമയിൽ അതാത് കാലങ്ങൾ ആവിശ്യപ്പെടുന്നതിനനുസരിച്ച് പല തവണയായി ബോഡി ട്രാൻസ്ഫോർമേഷനും കാർത്തിക് നടത്തിയിട്ടുണ്ടെന്ന് സിനിമ കാണുമ്പോൾ മനസ്സിലാകും.
1947ൽ സ്വാതന്ത്ര്യമായ രാജ്യം
ഒന്ന് കെട്ടിപ്പെടുക്കുന്നതിന് മുൻപാണ് രാജ്യത്തിന് വേണ്ടിയൊരു മെഡൽ എന്ന സ്വപ്നവും പേറി പഠനത്തിൽ താല്പര്യമില്ലാത്ത നാട്ടിലും വീട്ടിലും പരിഹാസ കഥാപാത്രമായ മുരളികാന്തെന്ന ഈ മനുഷ്യനോടിക്കൊണ്ടിരുന്നത് എന്നോർക്കണം.പതിറ്റാണ്ടുകൾക്ക് മുൻപേ നടന്ന സംഭവങ്ങൾ ആയത് കൊണ്ട് തന്നെ ഒന്നിനെകുറിച്ചും ആർക്കും ഒരറിവും ഇല്ലായിരുന്നു. ഇങ്ങനെ ഒരു പ്രതിഭയെ കുറിച്ച് രാജ്യമറിയിന്നതും ശേഷം അദ്ദേഹത്തിനു പത്മശ്രീ നൽകി ആദരിക്കുന്നതുമെല്ലാം ഈ കഴിഞ്ഞ 2017ൽ മാത്രമാണ്.
മുരളികാന്ദ് പാടേക്കർ എന്ന അസാമാന്യ മനുഷ്യന്റെ സിനിമയെ വെല്ലുന്ന ജീവിതം ഒരു വശത്ത്. കിട്ടിയ അവസരം പരമാവധി ഉപയോഗപ്പെടുത്തുകയും സിനിമ തുടങ്ങി അവസാനിക്കുന്നത് വരെ വൺ മാൻ ഷോ നടത്തുകയും ചെയ്യുന്ന കാർത്തിക്ക് ആര്യ മറുവശത്ത്. അങ്ങനെ എല്ലാം കൊണ്ടും തൃപ്തി നൽകുന്ന മികച്ചൊരു ദൃശ്യവിഷ്കരണം.
നിങ്ങളൊരു സിനിമാസ്വാദകനാണ് എങ്കിൽ ഈ സിനിമക്ക് വേണ്ടി ചിലവാക്കുന്ന സമയം എന്തായാലും പാഴായിപ്പോകില്ല.
പ്രത്യേകിച്ച് കുട്ടികൾക്കൊക്കെ സജസ്റ്റ് ചെയ്യാവുന്ന നല്ലൊരു ഇൻസ്പിരേഷനൽ മൂവി. കൂടിയാണ് "ചന്ദു ചാമ്പ്യൻ".
തന്റെ മേൽ മറ്റൊരാൾ ചിരിക്കുമ്പോഴേല്ലാം തളർന്നു പോകുകയോ നിരാശപ്പെടുകയോ ചെയ്യാതെ "ഏയ്‌...ഹസ്ത ക്യൂ ഹെ" (താനെന്തിനാടോ എന്നെ നോക്കി ചിരിക്കുന്നത്) എന്ന് ചോദിച്ചു മുന്നേറുന്ന നായകനെ കണ്ടപ്പോ ഞാനാറിയാതെ മനസ്സിലങ്ങനെ പറഞ്ഞു.
"ഇൻസൽറ്റ് ആണല്ലോ മുരളി ജീവിതത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ് എന്ന്"
-ഷാനു കോഴിക്കോടൻ-


വിനോദ് ഗണപത് കാംപ്ലി.

 

സച്ചിൻ എന്തിനാണ് ഭൂമിയിൽ അവതരിച്ചത് എന്ന് ചോദിച്ച അതിനു മറുപടി പറയാൻ നമ്മൾ രണ്ടാമതൊന്നു ആലോചിച്ചെന്ന് വരില്ല.എന്നാൽ പ്രതിഭയിൽ അത്ര തന്നെ ഉയരത്തിൽ നിൽക്കുന്ന മറ്റൊരാൾ കൂടി ഉണ്ടായിരുന്നു.അതാണ് വിനോദ് ഗണപത് കാംപ്ലി.
സച്ചിൻ രമേശ് ടെണ്ടുൽക്കർ എന്ന് ഇതിഹാസത്തിനോടൊപ്പം തന്നെ വിനോദ് കാംബ്ലി എന്ന പേര് ചേർത്ത് പറഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിനേക്കാൾ വേഗത്തിൽ കാംബ്ലി ആയിരം റൺസ് തികച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.
സച്ചിനും കാംബ്ലിയും ചേർന്ന പാർട്ടണർഷിപ് ലോകം മുഴുവൻ ചർച്ച ചെയ്തിരുന്ന ഒരു കാലവുമുണ്ടായിരുന്നു.
1988ൽ തന്റെ സ്ക്കൂൾ കാലഘട്ടത്തിൽ ബാല്യകാല സുഹൃത്തായ സച്ചിനുമൊത്ത് 664 റൺസിന്റെ റെക്കോർഡ് കൂട്ട്കെട്ടുണ്ടാക്കിയാണ് ക്രിക്കറ്റിലേക്ക് തന്റെ വരവറിയിക്കുന്നത്. ആ ഇന്നിങ്സിൽ കാംബ്ലി തന്റെ പേരിലേക്ക് ചേർത്തെഴുതിയത് 349 റൺസായിരുന്നു. ശേഷം നേരിട്ട ആദ്യ പന്ത് തന്നെ സിക്സറിന് പറത്തിയാണ് രഞ്ജിയിൽ തന്റെ അരങ്ങേറ്റം കുറിച്ചത്.അവിടുന്ന് ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥാനം ലഭിച്ച കാംബ്ലി ഏഴു മാച്ചിനുള്ളിൽ തന്നെ രണ്ട് ഡബിൾ സെഞ്ച്വറിയും രണ്ടും സെഞ്ച്വറിയും കണ്ടെത്തിയിരുന്നു.

































ഏത് ക്രിക്കറ്ററും കൊതിക്കുന്ന സ്വപ്നതുല്യമായ തുടക്കം.ഏകദിനത്തിലെ വെടിക്കെട്ട് ബാറ്റ്സ്മാൻ എന്ന് പേരെടുത്ത കാംബ്‌ളിക്ക് പക്ഷേ പിന്നീടങ്ങോട്ട് സ്ഥിരത നില നിർത്താൻ കഴിഞ്ഞിരുന്നില്ല. എന്നിട്ടും കാംബ്ലി എന്ന പേരിൽ വിശ്വാസം ഉള്ളത് കൊണ്ടും അയാളുടെ പ്രതിഭ അറിയാവുന്നതു കൊണ്ടും മാത്രം പത്തോളം തവണ ടീമിലേക്ക് മടങ്ങിയെത്തിയിരുന്നു.
ഒരു തവണ ട്രാക്കിലായാൽ പിന്നീടയാളെ തടഞ്ഞു നിർത്താൻ കഴിയില്ല എന്ന് സെലെക്ടർമാർക്കറിയാവുന്നത് കൊണ്ടാകാം ഇത്രയും തവണ ടീമിലെത്തിപ്പെടാൻ അയാൾക്ക് കഴിഞ്ഞത്.
96ലെ വേൾഡ് കപ്പിൽ ശ്രീലങ്ക ഇന്ത്യക്കെതിരെ ഉയർത്തിയ 252 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 120 റൺസ് എടുക്കുന്നതിനിടെ 8 വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.രോഷകുലരായ കാണികൾ ഗ്രൗണ്ടിലേക്ക് കുപ്പികളും മറ്റും വലിച്ചെറിഞ്ഞു കളി തടസ്സപ്പെടുത്തിയപ്പോൾ10റൺസുമായി കാംബ്ലി ക്രീസിൽ തന്നെ ഉണ്ടായിരുന്നു.
കാണികളുടെ ഇടപെടൽ മൂലം കളി നടക്കില്ല എന്ന് ഉറപ്പാക്കി ലങ്കയെ വിജയിയായി പ്രഖ്യാപിക്കുമ്പോ പൊട്ടിക്കരഞ്ഞു ഗ്രൗണ്ട് വിട്ടു പോകുന്ന കാംബ്ലി ഓരോ ക്രിക്കറ്റ് ആസ്വാദകന്റേയും മനസ്സിൽ നിന്ന് ഇന്നും മായാത്ത നോവാണ്.അന്നങ്ങനെ ഒരു ട്രാജഡി നടന്നില്ലായിരുന്നു എങ്കിൽ വെടിക്കെട്ട് ബാറ്റ്സ്മാൻ എന്ന് പേരെടുത്തിട്ടുള്ള അയാൾ ഇന്ത്യയെ ഒറ്റയ്ക്ക് ചുമലിലേറ്റി വിജയത്തിലേക്ക് നയിക്കും എന്ന് കരുതി കാത്തിരുന്നവരായിരുന്നല്ലോ ഏറെയും.അതിനു ശേഷം കാംബ്ലിയെ ഗ്രൗണ്ടിൽ കാണുന്നതിനേക്കാൾ കണ്ടത് മറ്റുള്ള വാർത്തകളിൽ ആയിരുന്നു.



രണ്ടായിരാമാണ്ടിൽ അവസാനം ഏകദിനം കളിച്ച അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത് വീണ്ടും ഒൻപത് വർഷങ്ങൾ കഴിഞ് 2009ലാണ്.സച്ചിനുമായി അസ്വാരസ്യങ്ങൾ ഉണ്ടായിരിക്കുമ്പോ തന്നെ അയാൾ സച്ചിന്റെ ഏറ്റവും വലിയ ആരാധകനുമായിരുന്നു.
സച്ചിൻ ഫോമൗട്ടായി വിമർശനം നേരിടുന്ന ഘട്ടങ്ങളിൽ എല്ലാം അയാൾ സച്ചിന് വേണ്ടി ശക്തമായി വാദിക്കാൻ ചാനലുകളിൽ പ്രത്യക്ഷപ്പെടുമായിരുന്നു.വിനോദ് കാംബ്ലി എന്ന പ്രതിഭാധനനായ താരത്തിന്റെ ജീവിതവും അയാൾ നടത്തിയ പല വിവാദ പ്രസ്താവനകളും ഒറ്റയടിക്ക് ഓടിച്ചു നോക്കുമ്പോൾ തോന്നുന്നത് ശുദ്ധനായ ഒരാൾ തന്റെ വ്യക്തി ജീവിതവും കരിയറും ഒരുമിച്ചു കൊണ്ട് പോകുന്നതിൽ പരാജയപ്പെട്ടു പോയി എന്നാണ്.
ഒരേ സമയം റെക്കോർഡ് പ്രകടനം കാഴ്ചവെച്ച് തുടങ്ങിയവരായത് കൊണ്ട് തന്നെ അയാളെപ്പോഴും സച്ചിനുമായി താരതമ്യപ്പെടുമായിരുന്നു.സച്ചിൻ ലിഫ്റ്റിൽ കയറി ഉയരങ്ങളിലേക്ക് പോയപ്പോ താൻ കോണി വഴി കയറിയത് കൊണ്ടാണ് ഇടക്ക് വെച്ച് തളർന്നു വീണതെന്ന് അയാൾ അപ്പൊഴൊക്കെ തമാശയായി പറഞ്ഞു.
ഇത് കാംബ്ലി തന്നെയാണോ എന്ന് സംശയം തോന്നുന്ന രൂപത്തിൽ ഒട്ടും വയ്യാതെ അവിടെയും ഇവിടേയുമിങ്ങനെ കാണാൻ തുടങ്ങിയിട്ടു ഇപ്പൊ കുറച്ചായി.
എവിടുന്നു എങ്ങോട്ടാണ് വീണു പോയതെന്നോ ആ വീഴ്ചയുടെ ആഘാതം എത്രയാണെന്നോ തിരിച്ചറിയാൻ സാധിക്കാത്തതു കൊണ്ടാകണം ഒരു പക്ഷേ അയാൾക്കിപ്പോഴും ഈ രൂപത്തിലും മറ്റൊന്നും ആലോചിക്കാതെ പുറത്തിറങ്ങി നടക്കാൻ പറ്റുന്നത്. വിവാദങ്ങൾ ഉണ്ടാക്കാക്കാനായിട്ടുണ്ടെങ്കിലും ഊർജ്ജസ്വലനായി അദ്ദേഹം അദ്ദേഹത്തിന്റെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ.
-ഷാനു കോഴിക്കോടൻ

നടന്ന സംഭവം - Movie review

 

നമ്മുടെ നാട്ടിൽ ....അല്ല..! പൊതുവെ ലോകത്തുള്ള എല്ലാ നാട്ടിലും "പറയാനുള്ളത് മുഖത്തു നോക്കി പറയും" എന്നൊരു പ്രയോഗമുണ്ടല്ലോ ..ഹാ ..!ഉണ്ട്. അങ്ങനൊരു പറച്ചിൽ പുരുഷന്മാരോടായിട്ടു നടത്തുകയാണ് സംവിധായകൻ വിഷ്ണു നാരായൺ ഈ സിനിമയിലൂടെ ചെയ്തിട്ടുള്ളത്.
ചിലരെയൊക്കെ കുത്തി നോവിക്കാൻ ശ്രമിക്കുമ്പോഴും നർമ്മത്തിൽ ചാലിച്ചെടുത്ത ക്‌ളീൻ എന്റർട്രെയിനർ കൂടിയാണ് ചിത്രം. എന്നാൽ ഒരു സമ്പൂർണ്ണ ചിരിപ്പടം ആണോന്നു ചോദിച്ച അല്ല താനും. ബിജു മേനോൻ,ശ്രുതി രാമചന്ദ്രൻ,ലിജിമോൾ ജോസ്, സുരാജ് വെഞ്ഞാറമ്മൂട് , സുധി കോപ്പ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൂടാതെ Sanuja Somanath , Athira Harikumar , അഞ്ജു എബ്രഹാം എന്നിങ്ങനെ ഒരു കൂട്ടം പെൺപടയുമുണ്ട്.
വളരെ കുറഞ്ഞ സംഭാഷണങ്ങൾ മാത്രേ പല കഥാ പാത്രങ്ങൾക്കുമുള്ളൂ എങ്കിലും അതെല്ലാം പ്രേക്ഷകർക്ക് മനസ്സിൽ തങ്ങി നിൽക്കാൻ പോന്നവയാണ് എന്നുള്ളത് ഇതിലെ ഒരു പ്രത്യേകതയാണ്. നല്ല നടനായിട്ടും ഇപ്പൊ അധികം ചിത്രങ്ങളിൽ കാണാതിരുന്ന സുധി കോപ്പയെ വീണ്ടും കണ്ടപ്പോ സന്തോഷം തോന്നി.
സുരാജിനെ പോലൊരു ഭർത്താവും അയാളുടെ ഭാര്യയും ഒരുമിച്ചിരുന്നീ സിനിമ കാണുമ്പോ എന്തായിരിക്കും അവിടെ സംഭവിക്കുക എന്നൊരു കൗതുകം സിനിമ കാണുമ്പോ മനസ്സിൽ തോന്നിയിരുന്നു. അന്യന്റെ ജീവിതത്തിലേക്ക് തലയിട്ടു നോക്കാനുള്ള മനുഷ്യരുടെ ത്വരയെയാണ് പ്രധാനമായും വിഷയമാക്കി എടുത്തിട്ടുള്ളത്.പിന്നെ ദാമ്പത്യ ജീവിതത്തിൽ പുരുഷൻ അറിയാതെ പോകുന്ന കാര്യങ്ങളും.ബോറടിക്കാതെ ആസ്വദിച്ച് കാണാവുന്ന അതോടൊപ്പം തന്നെ പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ഒരു കുഞ്ഞു ചിത്രം.
-ഷാനു കോഴിക്കോടൻ-

നാസിയ ഹസ്സൻ -

 

1979-ലെ വേനലവധിക്കാലം. ലണ്ടനില് സ്ഥിരമാക്കിയ പാകിസ്ഥാനി കുടുംബത്തില്നിന്നുള്ള ഒരു സ്‌കൂള് വിദ്യാർത്ഥിനി അമ്മയോടൊപ്പം ബോംബെയിലെ റെക്കോര്ഡിങ് സ്റ്റുഡിയോയിലെത്തി ഒരു പാട്ടുപാടി തീർത്തപ്പോ അതൊരു ചരിത്രത്തിനു വഴിമാറുകയായിരുന്നു.പതിനഞ്ചാം വയസ്സിൽ ബോളിവുഡ് സെൻസേഷനായ പാക്കിസ്ഥാനി പെൺകുട്ടി നാസിയ ഹസ്സൻ താരമായി മാറുന്നത് അങ്ങനെയാണ്.

മകൾ പാട്ടുകാരിയായി വളരണമെന്നാഗ്രഹക്കാരായിരുന്നു ബഷീർ -മുനീസ ദമ്പതികൾ. ലണ്ടനിലെ ഒരു വിരുന്നിൽ വെച്ച് ബോളിവുഡ് സംവിധായകനും നടനുമായ ഫിറോസ് ഖാന് മകളെ പരിചയപ്പെടുത്തിക്കൊടുക്കുന്നതാണ് നാസിയയുടെ കലാ ജീവിതത്തിലെ ടേണിങ് പോയിന്റ്. നാസിയയുടെ പാട്ടു കേട്ട ഫിറോസ് ഖാന് എന്തോ ആകർഷീണയത തോന്നുകയായിരുന്നു.പുതിയ ചിത്രത്തിലേക്ക് പോപ് സോങ് പാടാൻ ആളെ തീരുകയായിരുന്നു ഫിറോസ് ഖാന് നാസിയയുടെ ശബ്ദം ആ പാട്ടിനു അനുയോജ്യമായിരിക്കുമെന്ന് ഉറപ്പിച്ചു. അങ്ങനെയാണ് ഇൻഡി-പോപ്പ് സംഗീതജ്ഞൻ ആയ ബിദ്ദുവിന്റെ സംഗീതത്തിൽ `ഖുർബാനി'ക്ക് വേണ്ടി നാസിയ പാടാനെത്തുന്നത്.
അമിത് കുമാറും കഞ്ചനും ചേർന്ന് പാടിയ "ലൈലാ മെ ലൈലാ" ആയിരിക്കും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടാൻ പോകുന്നതും സൂപ്പർ ഹിറ്റ് ആകുന്നതുമെന്നായിരുന്നു ഫിറോസ് ഖാന്റെ കണക്ക് കൂട്ടൽ. എന്നാൽ സിനിമ ഇറങ്ങിയപ്പോ കഥയാകെ മാറി.``ആപ് ജൈസാ കോയീ മേരി സിന്ദഗി മേ ആയേ ബാത് ബൻ ജായെ''എന്ന പാട്ടിനൊത്ത് അന്ന് സെക്സ് ബോംബ് എന്നറിയപ്പെട്ടിരുന്ന സീനത്ത് അമാന്റെ നൃത്തം കൂടിയായപ്പോ സിനിമയിലെ മറ്റെല്ലാ പാട്ടുകളും "`ആപ് ജൈസാ"ക്ക് മുൻപിൽ നിഷ്പ്രഭമായി. ഖുർബാനിയുടെ വൻ വിജയത്തിന് പിന്നിൽ ഈ ഗാനമാണ് പ്രധാന കാരണമെന്നാണ് വിലയിരുത്തിപ്പെടുന്നത്.അന്ന് പാട്ടു കാണാൻ വേണ്ടി മാത്രം ആളുകൾ അഞ്ചും പത്തും തവണ സിനിമകൾ കണ്ടിരുന്നു.
ബോളിവുഡിലെ തന്റെ അരങ്ങേറ്റത്തിന് ശേഷം ഇന്ത്യയിലും പാകിസ്താനിലും ഒരു പോലെ പോപ്പുലർ ആയ നാസിയ തൊട്ടു പിന്നാലെ സഹോദരൻ ഷോഐബ് ഹസ്സനുമായി പുറത്തിറക്കിയ"ഡിസ്കോ ദിവാനെ"എന്ന ആൽബം അന്നത്തെ എല്ലാ റെക്കോഡുകളും തകർത്തിട്ടു. ലോകമെമ്പാടുമായി "ഡിസ്കോ ദിവാനെ" യുടെ എട്ടരക്കോടിയോളം കോപ്പിയാണ് വിറ്റഴിഞ്ഞു പോയത്. 'ഡിസ്‌കോ ദിവാനേ'യുടെ വരവോടെ, ആല്ബം പാട്ടുകളും ഇന്ത്യന് പോപ്പുകളും ആളുകള് സ്വീകരിക്കാന് തുടങ്ങി. നാസിയയുടെ പ്രശസ്തി നാള്ക്കുനാള് വർദ്ധിച്ചു. അവരുടെ ശബ്ദവും മുഖവും ആളുകള്ക്ക് വളരെ പരിചിതമായി.ആൽബം യുവാക്കൾ ഏറ്റെടുത്ത് വൻ ഹിറ്റായെങ്കിലും മറുവശത്ത് പാരമ്പര്യവാദികളുടെ മുഖം കറക്കാൻ തുടങ്ങിയിരുന്നു. അതിനു ശേഷം "ബൂം-ബൂം" എന്ന ആൽബം കൂടെ റിലീസ് ചെയ്തതോടെ സാധരണ എതിർപ്പുകളിൽ നിന്ന് മാറി അത് വധഭീഷണി വരെയായി. പാരമ്പര്യവാദികളുടെ മുഖം കറുത്തത് അന്നത്തെ ഭരണാധികാരിയായ ജനറൽ സിയാ കൂടെ ഏറ്റു പിടിച്ച ശേഷം വളരെ വിചിത്രമായ ഒരു ഉത്തരവിറങ്ങുന്നതിനാണ് പിന്നീട് പക്സിതാൻ സാക്ഷ്യം വഹിച്ചത്.ആൽബം പ്രദശിപ്പിക്കാമെങ്കിലും നാസിയയെ മുഴുവനായി വീഡിയോയിൽ കണ്ടു കൂടാ എന്ന വിചിത്രമായ ഒരുത്തരവായിരുന്നു അത്. അതിനു ശേഷം നാസിയയുടെ നൃത്തരംഗങ്ങൾ ഒഴിവാക്കി റിലീസ് ചെയ്യേണ്ടി വന്നെങ്കിലും അതൊട്ടും പാട്ടിന്റെ ജനപ്രീതിയെ ബാധിച്ചില്ല എന്നത് ചരിത്രം.
1988ൽ ജനറൽ-സിയാ മരിച്ചതോടെ ഇത്തരം വിചിത്രമായ ഉത്തരവുകൾക്കും അറുതിയായി.കലാ സാംസ്കാരിക രംഗങ്ങളിലേക്ക് വാതിൽ മലർക്കെ തുറന്നിടാൻ പിന്നീട് വന്ന പാക്-ഭരണകൂടം തയ്യാറായി. നാസിയയും ഷൊഐബും തുടങ്ങി വെച്ച വിപ്ലവത്തിന്റെ തുടർച്ചയെന്നോണം നിരവധി പോപ്പ് -റോക് ബാൻഡുകൾ രംഗത്ത് വന്നതും അതിനു ശേഷമാണ്. ബോളിവുഡിൽ നിന്ന് പാട്ടുകൂടാതെ അഭിനയിക്കാനുള്ള ഓഫർ വന്നപ്പോഴോക്കെ അവരത് നിരസിച്ചിരുന്നു.പാട്ടിനോടൊപ്പം തന്റെ പഠനവും തുടർന്ന് കൊണ്ട് പോകണമെന്നും പഠനത്തിൽ കോംപ്രമൈസ് ചെയ്യാൻ പറ്റാത്തത് കൊണ്ട് അഭിനയം അതിനു ബാധ്യതയാകുമെന്നും പറഞ്ഞായിരുന്നു അവരപ്പോഴൊക്കെ ഒഴിഞ്ഞു മാറിയത്. ലണ്ടനിലെ റിച്ച്മണ്ട് അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ഹസ്സൻ ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദം നേടിയ അവർ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എൽ.എൽ.ബി യും എടുത്തിരുന്നു.
എന്നാൽ ഏതു ഭരണകൂടത്തോട് പട പൊരുതി ജയിചു കയറിയാലും പെൺകുട്ടികൾ തടങ്കിലായി പോകുന്ന മറ്റൊരു ലോക്കപ്പുണ്ടല്ലോ "വിവാഹം". ലോകത്തിലെ കോടാനുകോടി പെൺകുട്ടികളെ പോലെ വിവാഹത്തിന് ശേഷം നാസിയക്കും ആണധികാരത്തിന്റെ ഇരയാകാനായിരുന്നു വിധി. രാജകുമാരിയെപ്പോലെ വളർത്താൻ ആഗ്രഹിച്ച മകളുടെ വിവാഹക്കാര്യം വന്നപ്പോ മാതാപിതാക്കൾക്കും തെറ്റി. ബിസ്‌നസുകാരനായ ഹസ്സൻ ബേഗ് താൻ മുൻപ് കഴിച്ച രണ്ടു വിവാഹങ്ങളും മറച്ചു വെച്ചായിരുന്നു 1995ൽ നാസിയയെ വിവാഹം ചെയ്തത്. മാനസിക പീഡനത്തിന് പുറമേ ശാരീരിക പീഡനം കൂടി അനുഭവിക്കേണ്ടി വന്ന അവർക്ക് അത് തുറന്നു പറയാൻ പറ്റിയത് അഞ്ചു വർഷത്തിന് ശേഷമാണ്. രണ്ടായിരാമാണ്ടിൽ താൻ ഇങ്ങനെ ഒരു ദുരവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും പുറമെ കാണുന്ന സന്തുഷ്ടകരമായ ദാമ്പത്യം പുകമറ മാത്രമാണെന്നും അവർ വെളിപ്പെടുത്തുന്നത് ഒരു അഭിമുഖത്തിലാണ്.അപ്പോഴേക്കും അർബുദം എന്ന അന്നത്തെ മാറാരോഗം കൂടി അവരെ തോൽപ്പിക്കാൻ കൂട്ട് പിടിച്ചിരുന്നു. എന്നാൽ ക്യാൻസറിനേക്കാൾ കൂടുതൽ താൻ വേദനിക്കുന്നത് ബേഗുമൊത്തുള്ള ജീവിതം കൊണ്ടാണ് എന്നായിരുന്നു അവർ പറഞ്ഞത്.


 
ക്യാൻസർ സ്ഥിരീകരിച്ചപ്പോഴും നിരാശപ്പെട്ടു തോറ്റു പിന്മാറാൻ അവർ തയ്യാറാല്ലായിരുന്നു. ഭൂമിയിൽ ഇനിയധികം സമയമായില്ല എന്ന് തിരിച്ചറിഞ്ഞ അവർ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്ക് പുറമെ ലഹരിവിരുദ്ധ യജ്ഞത്തിലും അനാഥശിശുക്കളുടെ പുനരധിവാസ പദ്ധതികളിലുമെല്ലാം ക്യാൻസറിന്റെ വേദനകൾ മാറ്റി വെച്ച് നിരന്തരം പങ്കാളിയായി. ലഹരിക്കെതിരായുള്ള പ്രവര്ത്തനത്തിന്റെ ഭാഗമായി കറാച്ചിയില് ബാറ്റില് എഗയിന്സ്റ്റ് നാര്ക്കോട്ടിക്‌സ് എന്ന സംഘടനയുണ്ടാക്കി.കറാച്ചിയിലെ ല്യാരി ടൗണില് മൊബൈല് ക്ലിനിക്കുകളുണ്ടാക്കുന്നതിന് മുന്കൈ എടുത്തതും നാസിയയാണ്. ദരിദ്രരായ കുട്ടികള് പഠിക്കുന്ന സ്‌കൂളുകളില് പോവാനും അവിത്തെ കുട്ടികള്ക്ക് കളിപ്പാട്ടങ്ങള് വാങ്ങിക്കൊടുക്കാനും അവര് സമയം കണ്ടെത്തി. പാട്ടുകളില്നിന്ന് റോയല്ട്ടിയായി കിട്ടിയ തുകയുള്പ്പെടെ അവര് സാമൂഹ്യപ്രവര്ത്തനങ്ങള്ക്കായി മാറ്റി വെച്ചു.



രോഗം മൂർച്ഛിച്ച് തന്റെ മുപ്പത്തിയഞ്ചാം വയസ്സിലാണ് നാസിയ ഈ ലോകത്തോട് വിട പറയുന്നത്.സാധാരണ ഒരു മനുഷ്യൻ നന്നായി ജീവിച്ചു തുടങ്ങുന്ന പ്രായം.അപ്പോഴേക്കും അവർ തന്റെ ജീവിതത്തിൽ ഉയർച്ചകൾ കീഴടക്കിയതടക്കം ഒരുപാട് കാര്യങ്ങൾ അനുഭവിച്ചു കഴിഞ്ഞിരുന്നു.ഒട്ടും സന്തോഷമില്ലാതെയായിരിക്കും അവൾ മടങ്ങിപ്പോയതെന്ന് മരണ ശേഷം സഹോദരൻ ഷൊഐബ് പറഞ്ഞ വാചകം തീർത്തും ശരിയായിരുന്നു. മരിക്കുന്നതിന് മൂന്നു മാസം മുൻപ് വിവാഹ മോചനം നേടിയിരുന്നെങ്കിലും ബോഡി വിട്ടു കിട്ടണമെന്ന ഭർത്താവ് കൊടുത്ത പരാതിന്മേൽ വിധി വരുന്നതും കാത്ത് മൂന്നാഴ്ചയോളമാണ് മോർച്ചറിയിൽ കിടത്തേണ്ടി വന്നത്.
"ഉയർന്നു പറക്കുകയായിരുന്ന വർണ്ണ ചിറകുകളുള്ള ചിത്രശലഭം പൊടുന്നനെ ചിറകറ്റു വീണു പോയി" നാസിയ ഹസ്സന്റെ മുപ്പത്തിയഞ്ചു വർഷകാലത്തെ സംഭവ ബഹുലമായ ജീവിതത്തെ ഒറ്റ വാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ഈ കഴിഞ്ഞ ഓഗസ്റ്റ് 13നു നാസിയ വിട പറഞ്ഞു പോയിട്ട് 24 വർഷമായി. സഹോദരിക്ക് വേണ്ടി ഷൊഐബ് തുടങ്ങിയ നാസിയ ഹസ്സൻ ഫൗണ്ടേഷൻ ഇന്ന് മികച്ച ക്ഷേമ സംഘടനകളിൽ ഒന്നാണ്.
-ഷാനു കോഴിക്കോടൻ-

KILL - Movie review (Malayalam)

ഒരു സെക്കന്റ് പോലും അനാവശ്യമെന്നു പറയാനുള്ള സീനുകളില്ലാ ,പ്രണയം ഉണ്ടെങ്കിലും സാധാരണ ഇടിപടങ്ങളിൽ കുത്തികയറ്റുന്ന പോലത്തെ ക്രിഞ്ചടിപ്പിക്കുന്ന...