Thursday 6 June, 2024

8.AM Metro (Movie review)

ചിലപ്പോഴൊക്കെ രണ്ട് പേർ..
രാത്രികളിൽ കടന്നു പോകുന്ന
രണ്ടു നൗകകളെ പോലെയാകുന്നു.
തീർത്തും യാദൃശ്ചികമായി
ഒന്നോ രണ്ടോ തവണ
അവർ പരസ്പരം കണ്ടു മുട്ടുന്നു.
പിന്നീടൊരിക്കലും അവർ
ജീവിതത്തിൽ കണ്ട് മുട്ടുന്നുമില്ല.
താരപ്രഭകളും കോടികളുടെ കണക്കുകളും അരങ് വാഴുന്ന ബോളിവുഡിൽ നിന്ന് നിർമ്മിക്കപ്പെടുന്ന തട്ട് പോളിപ്പൻ സിനിമകൾക്കിടയിൽ നിന്ന് ചിലപ്പോഴൊക്കെ നല്ല മധുമരമുള്ള കനികളും വീണുകിട്ടാറുണ്ട്. രാജ് രചകൊണ്ട കഥഎഴുതി സംവിധാനം ചെയ്ത "8.എ.എം മെട്രോ" എന്ന സിനിമയും എനിക്കാങ്ങനെ വീണു കിട്ടിയൊരു ചിത്രമാണ്.
ഒട്ടുമേ പ്രതീക്ഷിക്കാത്ത യാദൃശ്ചികതകളുടെ കൂടിച്ചേരലുകളാണ് "ജീവിതം" എന്ന എല്ലാവർക്കും അറിയാവുന്ന പാഠം രണ്ടു പേരുടെ കണ്ട് മുട്ടലിലൂടെ പതിയെ പറഞ്ഞു പോകുന്നതാണ് സിനിമ.




 ഒരുപാട് ട്വിസ്റ്റുകളും ടേണുകളും ഇല്ലാതെ തന്നെ ആ യാദൃശ്ചികതകളെ മനോഹരമാക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. പറയുമ്പോ...സിനിമയിൽ ട്വിസ്റ്റ് പോലെ ഉൾപ്പെടുത്തിയ രംഗങ്ങളിൽ ചിലത് പ്രേക്ഷകർക്ക് നേരത്തെ തന്നെ ഊഹിച്ചെടുക്കാൻ പാകത്തിലുള്ളതായിരുന്നിട്ടും അതൊന്നും സിനിമയുടെ സൗന്ദര്യത്തേയോ വൈകാരിക രംഗങ്ങളിലെ മാനസികവിക്ഷോഭങ്ങളെയോ ബാധിക്കുന്നില്ല എന്നത് സിനിമയുടെ പോസറ്റീവായി മാറുന്നുണ്ട്.

ബാല്യത്തിൽ നേരിടേണ്ടി വന്ന (മറ്റുള്ളവർക്ക് അത്ര ഭീകരമെന്ന്തോന്നിക്കാത്ത) മാനസികാഘാതവും പേറിവര്ഷങ്ങൾക്കിപ്പുറവും ജീവിക്കേണ്ടി വരുന്ന ഇരാവതി എന്ന കഥാപാത്രത്തിന്റെ എല്ലാ മാനസിക സംഘർഷങ്ങളേയും കൃത്യമായി ഉൾക്കൊണ്ട് കൊണ്ട്
ഏറെ ചാരുതയോട് കൂടി തിരശ്ശീലയിൽ അവതരിപ്പിച്ചിരിക്കുന്നത് "സയ്യാമി ഖേർ" എന്ന അഭിനേത്രിയാണ്.(ഇളം ചാര നിറത്തോടു കൂടിയ നീണ്ട മിഴികളുള്ള , ചിരിക്കുമ്പോൾ കവിളിൽ ചെറുതായി നുണക്കുഴികൾ തെളിഞ്ഞു വരുന്ന അതിസുന്ദരിയായ അവരുടെ "മിസ്‌രിയ" എന്ന സിനിമ മാത്രമേ മുൻപ് ഞാൻ കണ്ടിട്ടുള്ളൂ)

"ഈ ഭൂമി പ്രദക്ഷിണം വെക്കുന്നിടത്തോളം കാലം,

സുഗന്ധമേറിയ ഇളം തെന്നൽ വന്ന് ചുംബിക്കുന്നിടത്തോളം കാലം,

പറയാനുള്ളത് പറയാതെ തന്നെ പറഞ്ഞേക്കുക.

നിങ്ങൾക്കൊരുമിച്ച് കഴിയണമെങ്കിൽ
കണ്ണുകൾ പരസ്പരം
കോർത്തു പിടിച്ചേക്കുക.

എല്ലാവരുമുണ്ടായിട്ടും , എല്ലാമുണ്ടായിട്ടും എങ്ങിനെയൊക്കെയോ ഏകാന്തത എന്ന ചുഴിയിൽ പെട്ട് ജീവിതം തള്ളി നീക്കേണ്ടി വരുന്ന, പതിയെ പതിയെ അതിനെ ആസ്വദിച്ചു തുടങ്ങിയ ഇരാവതിയുടെ വിചിത്രമായ ഇത്തരം മനോവ്യാപാരങ്ങളാണ് സിനിമയെ കൊണ്ട് പോകുന്നതും , പ്രേക്ഷകരുടെ മനസ്സുമായി കോർത്ത് നിർത്തുന്നതും. ഒരു ദിവസം അവിചാരിതമായി സ്വഗൃഹം സ്ഥിതി ചെയ്യുന്ന നന്ദേടിൽ നിന്നും കുടുംബമില്ലാതെ ഹൈദ്രബാദിലേക്ക് മാറിപാർക്കേണ്ടി വന്ന ഇരാവതി ചെന്നെത്തുന്നത് അപരിചതനായ പ്രീതം എന്നയാളുടെ ലോകത്തേക്കാണ്. ശേഷം .. ! ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഏകാന്തത അനുഭവിക്കുന്ന രണ്ടു പേർ അവരവരുടെ ലോകത്തെ അവരറിയാതെ തന്നെ മറ്റെയാളിന്റെ മുൻപിലേക്ക് തുറന്നു വെച്ച് കൊടുക്കുകയാണ്. പുസ്തകങ്ങളേയും കവിതകളേയും സ്നേഹിക്കുന്ന
ബാങ്ക് ജീവനക്കാരനായ "പ്രീതം" ആയി തിരശ്ശീലയിൽ എത്തിയത് ഗുൽഷൻ ആണ്. രണ്ടു പേരും അവരവരുടെ കഥപാത്രങ്ങൾ ഏറ്റവും മനോഹരമായി തന്നെ ചെയ്തു വെച്ചിരിക്കുന്നു.






















ഒരാൾക്ക് അയാളുടെ ജീവിതത്തിൽ ഏറെ ബുദ്ധിമുട്ടുകളുണ്ടാകുന്ന വിഷയം മറ്റുള്ളവർ വളരെ നിസ്സരമായി കാണുന്നതും "ഡിപ്രഷൻ" എന്ന് കേൾക്കുമ്പോൾ പൊതുവെ സമൂഹം കാണിക്കുന്ന പുച്ഛമനോഭാവവുമെല്ലാം സിനിമ ചർച്ച ചെയ്യുന്നുണ്ട് എങ്കിലും അതിനെല്ലാം മീതെ സിനിമയുടെ സൗന്ദര്യമായി മാറുന്നത് ജീവിത്തിന്റെ ഏത് കോണിൽ വെച്ച് വേണമെങ്കിലും കണ്ട് മുട്ടിയേക്കാവുന്ന യാദൃശ്ചികതകളും അതിന്റെ ഉപോൽപന്നങ്ങളുമാണ്, അപരിചതരായ രണ്ട് പേർ അവരുടെ ഹൃദയങ്ങൾ കൊണ്ട് പരിചയപ്പെടുമ്പോൾ മാത്രം ഉടലെടുക്കുന്ന അനുഭൂതികളാണ്.
അതെ .. ! "8 എ.എം മെട്രോ" എന്നത് ഒഴുകി നീങ്ങുന്ന ഒരു കവിത പോലെ മനോഹരമായ സിനിമയാണ്.
ഓരോ സെക്കന്റും
ആസ്വദിച്ചാസ്വദിച്ച് കണ്ട് സിനിമ അവസാനിച്ച ശേഷം
ഏറെ പരിചതമായ പഴയയൊരു ഹിന്ദി ഗാനം
കാര്യമറിയാതെ കാതിലങ്ങനെ മൂളി കേക്കുന്നുണ്ട്.
"ചലോ ഏക് ബാർ ഫിർ സെ ..
അജ്നബി ബൻ ജായെ
ഹം ദോനോം"
വീണ്ടും പരിചിതരാകാൻ വേണ്ടി മാത്രം
നമുക്കിനിയും വെറുതെ വെറുതെയങ്ങനെ
അപരിചിതരാകാം.
-ഷാനു കോഴിക്കോടൻ-













ബാക്കി വെച്ചത്

  വീണ്ടുമൊരിക്കൽ കൂടിയെന്ന് ഉൾപ്പൂവിൽ ഖനം വെക്കുമ്പോ മാത്രം ഞാൻ ബാക്കി വെച്ച് പോയെന്റെ ഓർമ്മകളിലേക്ക് നീ തിരിഞ്ഞു നിന്ന് കൊള്ളുക. അതിലാദ്യം ...