Monday 25 September, 2023

ദൈവത്തിന് മോക്ഷം ലഭിച്ച ദിവസം

 


വീണ്ടും പതിനായിരം കോടി
വർഷങ്ങൾ കഴിഞ്ഞു പോയി.
അങ്ങനെ ഇസ്രാഫീൽ എന്ന മാലാഖ
"സൂർ" എന്ന കാഹളത്തിൽ
ഊതപ്പെട്ടപ്പോൾ ലോകമവസാനിച്ചു.
മരിച്ചവരും മരിക്കാത്തവരുമായ
സർവ്വ ചരാചരങ്ങളും
ഉയർത്തെഴുന്നേൽക്കപ്പെട്ടു.
"എന്റെ ശരീരം" എന്റെ ശരീരം"
എന്ന് നിലവിളിച്ചു കൊണ്ട്
ആളുകൾ പരക്കം പാഞ്ഞു
അപ്പോഴതൊന്നും കാര്യമാക്കാതെ
ഉണരാൻ വേണ്ടി യുഗങ്ങളോളം
കാത്തിരുന്ന് മടുത്ത നാല് പേര്
കരഞ്ഞു കരഞ്ഞു
കുഴിഞ്ഞു പോയ കണ്ണുകളുള്ള മുഖങ്ങളുമായി വന്ന് വട്ടം കൂടി നിന്നു.
അതിലൊരാൾ; സ്ത്രീധനം കൊടുത്ത
കാറിന്റെ നിറം മാറിപ്പോയതിന്
ഉത്തരത്തിൽ ഊഞ്ഞാല് കെട്ടേണ്ടി വന്ന
പെൺകുട്ടിയുടെ അച്ഛനായിരുന്നു.
മറ്റൊരാൾ; കെട്ട്യോന്-
ലഹരി മൂക്കുമ്പോൾ
നാഭിക്ക് തൊഴിച്ചതിൻമേൽ
ജീവനപഹരിക്കപ്പെട്ട
പെൺകുട്ടിയുടെ അച്ഛനായിരുന്നു.
ഇനിയൊരാളപ്പോൾ: മകളെ -
മൂന്ന് തവണ പാമ്പു കൊത്തി
മരിച്ചു പോയ കഥ
കുഴിഞ്ഞ കണ്ണുകളെ
കണ്ണീർ തടമാക്കി
പറഞ്ഞു കൊണ്ടേയിരുന്നു.
ഉടനെ നാലാമൻ കഥ പറയാൻ തുടങ്ങിയപ്പോ അത് നാല്പതും,
പിന്നീട് നാനൂറും, പിന്നീടതു
നാനൂറിന്റെ കോടികളുമായി.
നാലാമന്റെ പിറകിലായി
പതിനായിരം കോടിക്കണക്കിന്
മനുഷ്യർ കഥപറയാൻ
നിൽക്കുന്നത് കണ്ട മാലാഖമാർ
മൂക്കത്തു വിരൽ വെച്ചു.
ലോകമവസനിച്ചതിന്റെ
ഭയാശങ്കകളില്ലാതെ
വട്ടം കൂടിയ കുഴിഞ്ഞ കണ്ണുകളുള്ള
മനുഷ്യരെക്കണ്ട ദൈവം
എട്ടു മാലാഖമാരെക്കൊണ്ടു
തന്റെ സിംഹാസനത്തെ
അവരിലേക്കടുപ്പിച്ചു.
കോടാനുകോടി
പെൺദുരിതങ്ങളുടെ കഥകൾ
ഓരോന്നായി കേട്ട ദൈവം
"പെൺകുട്ടികളായാൽ" എന്ന
പേര് കൊത്തിയുണ്ടാക്കി വെച്ച
വേലിക്കെട്ടുകളൊന്നും
എന്റെയല്ലല്ലോ .. എന്റെയല്ലല്ലോ
എന്ന് വിലപിച്ചു കൊണ്ടിരുന്നു.
അപ്പോൾ സ്വന്തം പേര്
ലോകർ മായ്ച്ചു കളഞ്ഞ
ദില്ലിയിലെ പെൺകുട്ടിയുടെ
അച്ഛൻ ഇങ്ങനെ വിളിച്ച് പറഞ്ഞു.
എന്റെ മകൾക്ക് പുതിയ
ലോകം വേണം..!
"പെൺകുട്ടികളായാൽ"
എന്ന തലക്കെട്ടുകളില്ലാത്ത,
ആൺ ശബ്ദങ്ങൾക്ക് താഴെ
അലിഞ്ഞില്ലാതാകണം
പെൺ സ്വരങ്ങളെന്ന
നിബന്ധനകളില്ലാത്ത,
മറ്റാർക്കും അവകാശങ്ങളില്ലാത്ത
പെൺസ്വപ്നങ്ങൾ
വിവാഹ കമ്പോളങ്ങളിൽ
പണയം വെക്കപ്പെടാത്ത,
പുതിയൊരു ലോകം..!
നാലാമന്റെ പിറകിലായ് നിന്ന
കൊടാനുകോടി അച്ഛൻമാർ
അതേറ്റു പറഞ്ഞു.
നിർത്താതെ മുഴങ്ങിയ
അച്ഛൻമാരുടെ ശബ്ദ-
കോലാഹലത്താൽ
ദൈവസിംഹാസനം വിറച്ചു.
ഒട്ടും അമാന്തിക്കാതെ
ദൈവമിങ്ങനെ പ്രതിവചിച്ചു
"എന്നാൽ അങ്ങനെ ഉണ്ടാകട്ടെ"
ആ ദിവസമപ്പോൾ നക്ഷത്രങ്ങളിലും
ഗ്രഹങ്ങളിലുമൊരിക്കൽ കൂടി
വിസ്‌ഫോടനങ്ങളുണ്ടായി.
അച്ഛൻമാരുടെ കണ്ണീരു കൊണ്ട്
സമുദ്രങ്ങളും തടാകങ്ങളും
ഉരുവാക്കപ്പെട്ടു.
ലോകമുണ്ടായത് മുതലുള്ള
യാതനകൾ സഹിച്ചു
പുനർജീവിക്കപ്പെട്ട സ്ത്രീകളുടെ
ഹൃദയങ്ങളെടുത്ത്
ഉറപ്പുള്ള മലകളും, പാറകളും
കല്ലുകളുമുണ്ടാക്കി.
അങ്ങനെ.. അങ്ങനെ
പെൺ വേലികളില്ലാത്ത
പ്രപഞ്ചമൊരിക്കൽ കൂടി
പുനർനിർമിക്കപ്പെട്ടു.
ശേഷം..! പെണ്ണിന്റെ-
വാരിയെല്ലിൽ നിന്നും
പുരുഷൻ സൃഷ്ടിക്കപ്പെട്ടു.
അന്നേ ദിവസം
എല്ലാം മറന്ന്,മനസ്സ് തുറന്ന്
ചിരിക്കുന്ന പെൺകുട്ടികളെ കണ്ട്
ദൈവത്തിന് മോക്ഷം ലഭിച്ചു.

-ഷാനു കോഴിക്കോടൻ-

No comments:

Post a Comment

ചുക്ക് കാപ്പി

രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ....