Saturday 18 May, 2019

കളി വള്ളം

ആറു വയസ്സായ മകളുടെ കൈ പിടിച്ച് പ്രകൃതിയെ ആസ്വദിച്ചും തമാശകള്‍ പറഞ്ഞും ചിരിച്ചുല്ലസിച്ചു നടക്കുകയാണയാള്‍ .
ആ നടത്തം മനസ്സിനും ശരീരത്തിനും ഏറെ ആഹ്ലാദം നിറച്ചിരുന്നത് കൊണ്ട്
അവര്‍ നടന്നു നടന്നു ഏറെ ദൂരം പിന്നിട്ട് കഴിഞ്ഞിരുന്നു. അല്പം ദൂരെയായി ഒരു കുഞ്ഞു തടാകം കണ്ട പാടെ അവളാ ഭാഗത്തേക്കായി ഓടി.
പിറ്റേന്നു യാത്ര പോകാനുള്ളതാണ്.
അപ്പോഴേക്കും ചെയ്തു തീര്‍ക്കാന്‍ ഇനിയും പണികളൊ‍രുപാട് ബാക്കിയുണ്ട്.
എന്നാലും മകളുമൊന്നിച്ചുള്ള ആ കാല്‍ നട യാത്രയുടെ സുഖവും അവളുടെ സന്തോഷവും പകുതി വെച്ച് മുറിഞ്ഞു പോകാതിരിക്കാന്‍ അയാളതൊന്നും കാര്യമാക്കാതെ അവളെ അനുഗമിച്ചു കൊണ്ടിരുന്നു.
ധൃതിയില്‍ കുഞ്ഞു ചെരുപ്പുകളഴിച്ചു വെച്ച്
തടാകത്തിലിറങ്ങി അവള്‍ ചെറു മീനുകളെ പിടിക്കാന്‍ ശ്രമിക്കുന്നത് അയാള്‍ കൌതുകത്തോടെ നോക്കി. ഇടവഴികളിലെ കൊച്ചു വെള്ള കെട്ടുകളില്‍ നിന്നും പരല്‍ മീനുകളെ തേമ്പി തെറുപ്പിച്ചിരുന്ന ബാല്യത്തിലേക്ക് ആ കാഴ്ച അയാളെയും കൂട്ടി കൊണ്ട് പോയിരുന്നു.
വരുന്ന വഴി ട്രാവല്‍‍സില്‍ നിന്നും കൈ പറ്റിയ
എയര്‍ ടിക്കറ്റ് അയാള്‍ കീശയില്‍ നിന്നും പുറത്തേക്കെടുത്തു.
ട്രാവല്‍സിന്റെ പേരോട് കൂടിയുള്ള എന്‍വലപ്പ്
അതില്‍ നിന്നും വേര്‍പ്പെടുത്തി ടിക്കറ്റ് മാത്രം വീണ്ടും കീശയിലേക്കിട്ടതിന് ശേഷം ആ എന്‍വലപ്പ് കൊണ്ട് ഒരു കൊച്ചു കളി വള്ളമുണ്ടാക്കി
മകള്‍ക്കായി നല്‍കി .
എന്നിട്ടവള്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും നോക്കി തടാകത്തിനരികിലായിരുന്നു,.
മോളെ ..
കുറെ നേരം കളിച്ചില്ലേ ..
ഉപ്പാക്കിനിയും കുറെ പണി ബാക്കി ണ്ട്
ഇനി നമുക്ക് പോയാലോ ..?
ഉം ...
അവള്‍ മറുത്തൊന്നും പറയാതെ
കയറി വന്നു ചെരുപ്പകള്‍ എടുത്തണിഞ്ഞു തിരിച്ചു നടക്കാന്‍ തയ്യാറായി.
എന്ത് പറ്റി മോളെ ?
വഴിയിലുണ്ടായിരുന്ന ചെറിയ ഉരുളന്‍ കല്ലുകള്‍ക്ക് മുകളിലൂടെ നടക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ടിട്ടാണ് അയാളത് ചോദിച്ചത്.
കാലില് നനവുള്ളത് കൊണ്ട്-
ചെരുപ്പ് വഴുതി പോണ് ണ്ട് പ്പാ ..
ന്നാ ..ഇപ്പ എടുക്കാം ..വാ ..
എടുത്തു തോളത്തേക്കിട്ടതും അവള്‍ രണ്ടു കൈകള്‍ കൊണ്ടും ഉപ്പാന്റെ കഴുത്തിനു ചുറ്റി പിടിച്ചു ചുമലിലേക്ക് ചാഞ്ഞു .
ഇത്രക്ക് ക്ഷീണം ണ്ടെയ്നോ .. ന്റെ കുട്ടിക്ക്
ഉപ്പാനോട് പറഞ്ഞിരുന്നെങ്കില്‍ നേരത്തെ തന്നെ
എടുത്ത് നടക്കൂലെയ്നോ ?
ആ ചോദിച്ചതിനു മറുപടി ഒന്നും പറയാതെ
കുഞ്ഞു കൈകള്‍ കഴുത്തിന്‌ ചുറ്റും
വീണ്ടും ശക്തിയോടെ മുറുകിയപ്പോള്‍‍
അയാളൊരു നിമിഷം നിന്നു.
എന്നിട്ട് പതുക്കെ തോളത്തു നിന്നവളുടെ മുഖമുയര്‍ത്തി നോക്കി.
ഇപ്പാന്റെ മോളെന്തിനാ കരയണേ ?
ഇനിയും കളിക്കണോ ..
ന്ന വാ നമുക്കൊന്നൂടെ പോയി വരാം ..
പണി ഒക്കെ ഇപ്പൊ പോയി വന്നിട്ട് സട പടെ ന്നു
ഓടി ചാടി തീര്‍ത്തോളം ..
ന്തേ... പോരെ ?
വേണ്ട ...
ഇക്കിനി കളിക്കൊന്നും വേണ്ട പ്പാ ..
പിന്നെന്തു പറ്റി ന്റെ കുട്ടിക്ക് ?
ഉപ്പാക്ക് നാളെ പോകാണ്ടിരുന്നൂടെ ....
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ മകള്‍ ചോദിച്ച ചോദ്യത്തിന് മുന്‍പില്‍ അയാള്‍ വീണ്ടും ഊമയായി ..പുറം രാജ്യങ്ങളിലേക്ക് പറിച്ചു നടപ്പെട്ട ലക്ഷ കണക്കിന് 
മറ്റു ഉപ്പമാരെ പോലെ...

No comments:

Post a Comment

ചുക്ക് കാപ്പി

രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ....