Monday 13 May, 2019

കരുണ

ഏകദേശം ഒരു പത്ത് പതിനൊന്നു വയസ്സുള്ള സമയത്ത്
തൊടിയില്‍ ക്രിക്കറ്റ് കളികുന്നതിനിടയ്ക്കാണ്
റെയില്‍നടുത്തെക്ക് എല്ലാവരും കൂട്ടമായ്‌ ഓടുന്നത് ശ്രദ്ധിച്ചത് എന്താണെന്നറിയാന്‍ ഞങ്ങള്‍ കുട്ടികളും കൂടെ ഓടി ചെന്നു .അന്ന് രാവിലെ എവിടെ നിന്നോ അലഞ്ഞു തിരിഞ്ഞെത്തിയ ഊമയായ ആള്‍ റെയില്‍ ക്രോസ് ചെയ്യുമ്പോ വണ്ടി തട്ടിയതായിരുന്നു അത്
കയ്യം കാലും അറ്റ് പോയെങ്കിലും ആള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടില്ലായിരുന്നു
ഒട്ടു താമസിക്കാതെ ഓടി കൂടിയവരില്‍ ചിലര്‍ അറ്റ് പോയതെല്ലാം പെറുക്കിയെടുത്തു ജീപ്പിലിട്ട് കൊണ്ട് പോയി . അതായിരുന്നു ഞാന്‍ ആദ്യമായി കണ്ട അക്സിഡണ്ട്
.
പിന്നീടൊരിക്കല്‍ മോഡേണ്‍ ബസാറില്‍ നിന്നും ടൌണിലേക്ക് പോകുന്ന വഴിക്ക് തൊട്ടു മുന്‍പിലായി രണ്ടു പിള്ളേരും ബൈക്കില്‍ പോകുന്നുണ്ടായിരുന്നു ചാറ്റല്‍ മഴക്ക് ശക്തി കൂടിയതോടെ അല്ലാതെ തന്നെ സ്പീടിലായിരുന്ന അവര്‍ വീണ്ടും സ്പീഡ് കൂട്ടി.
മഴയത്ത് ബൈക്കില്‍ പോകുമ്പോള്‍ വേഗത കൂട്ടുന്നത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും എന്നതും നമ്മള്‍ എപ്പോഴും മറക്കും .
കാരണം നമുക്ക് ആക്സിഡന്റ് പറ്റില്ല എന്നും നമ്മള്‍ ഇപ്പോഴൊന്നും മരിക്കില്ല എന്നുമാണല്ലോ നമ്മുടെ ഓരോരുത്തരുടെയും ധാരണ
സ്പീഡില്‍ പോയാലും പതുക്കെ പോയാലും മഴ മുഴുവനായും കൊള്ളും. പിന്നെ എന്തിനാണീ സ്പീഡ് .
ഒന്നുകില്‍ എവിടെയെങ്കിലും കയറി നില്‍ക്കുക അല്ലെങ്കില്‍ അപകടകരമല്ലാത്ത വേഗതയില്‍ വണ്ടി ഓടിക്കുക.
എന്തായാലും ഒരു ബസിന്റെ പിറകെ പിടിച്ചു പോയ അവര്‍ക്ക് ബസ് പെട്ടെന്ന് ബ്രേക്ക്‌ ചെയ്തപ്പോ
ചവിട്ടിയിട്ടു കിട്ടിയില്ല
ബസില്‍ പോയിടിച്ചു രണ്ടു പേരും തെറിച്ചു വീണത്
എന്റെ മുന്‍പിലായിരുന്നു.
അന്ന് ഹെല്‍മറ്റ് നിര്‍ബന്ധമല്ലാത്തത് കൊണ്ട് അതിട്ടു പോകുന്നത് കാണുന്നത് തന്നെ വളരെ അപൂര്‍വ്വമാണ്
ഒരാള്‍ റോഡിലേക്ക് തലയിടിച്ചു വീണു മറ്റൊരാളുടെ മുഖം ബസിലാണ് പോയി ഇടിച്ചത് ഞാന്‍ നോക്കുമ്പോള്‍ മൂക്കും ചുണ്ടും ഒന്നും കാണുന്നില്ല .
മൊത്തം രക്തം മാത്രം .പക്ഷെ അപ്പോഴും ആ കുട്ടിയുടെ ബോധം നഷ്ട്ടപ്പെട്ടിടില്ലായിരുന്നു
ഇറങ്ങി മുന്‍പില്‍ കണ്ട ഓട്ടോക്ക് കൈ കാണിക്കുമ്പോഴേക്കും ആളുകള്‍ ഓടി കൂടി.
രണ്ടു പേരെയും കയറ്റാന്‍ സ്ഥലമില്ലത്തത് കൊണ്ട് ആദ്യം ഒരാളെ ഒട്ടോയിലേക്ക് കയറ്റുമ്പോഴേക്കും ഒരു കാറുകാരന്‍ എത്തി കാറിലേക്ക് വെച്ച് കൊടുക്കുമ്പോള്‍ ശ്വാസമെടുക്കാന്‍ ബുധിമുട്ടിക്കൊണ്ട് അവന്‍ കൂടിയവരെല്ലാം മാറി മാറി നോക്കി കൊണ്ടേ ഇരുന്നു.
പോലീസ്സ്റ്റേഷന്‍ തൊട്ട അടുത്ത് തന്നെ ആയതു കൊണ്ട് അപ്പോഴേക്കും പോലീസെത്തി . സഹയാത്തിനു നാട്ടുകരിലോരാളെ കൂടി കൂട്ടി പോലീസ് തന്നെയാണ് രണ്ടാമത്തെ ആളുമായി ആശുപത്രിയിലേക്ക് പോയത്.
നിര്‍ഭാഗ്യവശാല്‍ അതില്‍ ഒരാളെ മാത്രമേ രക്ഷപ്പെട്ടുള്ളൂ .
വണ്ടി നിര്‍ത്താനും കൊണ്ട് പോകാനും ഒരു പത്ത് മിനിറ്റ് നേരത്തേക്കെങ്കിലും ഓടികൂടിയവര്‍ അലംഭാവം കാണിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ആ രണ്ടു ജീവനും റോഡില്‍ നഷ്ട്ടപ്പെടുമായിരുന്നു.
ഈ അടുത്ത സമയത്തൊരിക്കല്‍ രാത്രി സമയത്ത് കല്ലായി വെച്ചു ഇത് പോലെ ഒരു ബൈക്കും ഓട്ടോയും ഇടിച്ചതിനും സാക്ഷിയാകേണ്ടി വന്നു .
ജസ്നയോട് നീ ഇവടെ നിക്കെന്നു പറഞ്ഞു അവളെയും മക്കളെയും ഒരു ഷോപിന്റെ ഇറയത്ത് നിര്‍ത്തി
ക്രോസ് ചെയ്തു പോകുമ്പോഴേക്കും അവിടെ ഉള്ള പിള്ളേര്‍ എവിടെന്നോക്കെയോ ഓടി കൂടിയിരുന്നു.
നിങ്ങള്‍ പൊയ്ക്കോളി ഇക്ക
ഫാമിലി ഉള്ളതല്ലേന്നു പറഞ്ഞു എന്നെ പറഞ്ഞയച്ചു അവര്‍ ആളെ ഓട്ടോയില്‍ കയറ്റി കൊണ്ട് പോയി.
എന്തോ ഭാഗ്യം കൊണ്ട്
ഇത് വരെ മനുഷ്യതതമുള്ളവരെ മാത്രമേ മുന്‍പില്‍ കണ്ടിട്ടുള്ളൂ അഭിമാനത്തോടെ അല്ലാതെ ഒരിക്കലും അവരെ ഓര്‍ക്കാനും കഴിയില്ല .
എന്നാല്‍ മറ്റു ചിലപ്പോള്‍
റോഡില്‍ രക്തം വാര്‍ന്നു കിടക്കുന്ന മനുഷ്യന്റെ ജീവന്‍ പൊലിയുന്നതിനു ഒരു കൂട്ടം ആളുകള്‍ കാഴ്ചക്കാര്‍ മാത്രമാകുന്നു എന്നുള്ളത് കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്.
എങ്ങിനെയാണ് മനസ്സെന്ന സാധനമുള്ള ഒരു മനുഷ്യന്
തന്റെ മുന്നില്‍ ഒരു ജീവന്‍ പിടഞ്ഞു തീരുന്നത് ഒന്നും ചെയ്യാന്‍ ശ്രമിക്കാതെ നിര്‍വ്വികാരനായി നോക്കി നില്‍ക്കാന്‍ കഴിയുക. എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല .
എന്താണ് അവരുടെ കാലുകള്‍ പുറകോട്ടു വലിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്
ഇസ്തിരി ചുളിയുമെന്നതോ ?
ഡ്രസ്സില്‍ ചോര കറ ആകുമെന്നതോ ?
ജീവിതത്തിലെ അല്‍പ സമയം നഷ്ട്ടപ്പെടുമെന്നതോ?
വീണു കിടക്കുന്നത് നമ്മുടെ ആരും അല്ലാത്തതോ ?
അതോ ഫേസ് ബുക്കില്‍ ഇട്ടു ലൈക്‌ വാങ്ങാന്‍ അത്ര എളുപ്പമുള്ള കേസല്ല എന്നതോ .. ?
ഇത്തരം വാര്‍ത്തകള്‍ എപ്പോഴും വായിക്കുന്നത് വല്ലാത്തൊരു പേടിയോടെയാണ് .
ഒന്നോര്‍ക്കുക നിങ്ങളെ പുറകോട്ടു വലിക്കുന്ന കാരണം എന്തു തന്നെ ആയാലും
അത് ഒരു മനുഷ്യന്റെ ജീവനോളം വരില്ല .
ഒരു പ്രത്യേക ആള്‍ക്കാരെ ആരെങ്കിലും ഏല്‍പ്പിച്ചു കൊടുത്ത ജോലിയല്ല ഒരു മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുക എന്നത് മനസ്സിലാക്കുക.
അത് നമ്മുടെ ഒരോരുത്തരുടേയും കടമയാണ് .
എനിക്കെന്റെ എളാപ്പയെയും സ്വന്തം മക്കളെപ്പോലെ എന്നെയും സ്നേഹിച്ചിരുന്ന കുട്ട്യേട്ടനെയും നഷ്ട്ടപ്പെട്ടതും രണ്ടു വ്യത്യസ്ത റോഡപകടങ്ങളില്‍ ആണ്.
ഇന്നു റോഡില്‍ കിടന്നത് നമുക്കൊരു പരിചയവുമില്ലത്ത ആരുടെയോ ആരോ ആയിരുന്നെങ്കില്‍
നാളെ അത് നമ്മുടെ ഉറ്റവരോ അതോ നമ്മളോ തന്നെ ആയെക്കാം.
ഇന്നലെ കേട്ട വാര്‍ത്ത അവസാനത്തെതാകട്ടെ .
ആവിശ്യത്തിന് ആവിശ്യമുള്ള നേരത്ത് നമ്മുടെ ഓരോരുത്തരുടെയും മനസ്സും കൈകാലുകളും ഉണര്‍ന്നു പ്രവര്‍ത്തിക്കട്ടെ .

No comments:

Post a Comment

ചുക്ക് കാപ്പി

രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ....