Saturday 17 August, 2024

നാസിയ ഹസ്സൻ -

 

1979-ലെ വേനലവധിക്കാലം. ലണ്ടനില് സ്ഥിരമാക്കിയ പാകിസ്ഥാനി കുടുംബത്തില്നിന്നുള്ള ഒരു സ്‌കൂള് വിദ്യാർത്ഥിനി അമ്മയോടൊപ്പം ബോംബെയിലെ റെക്കോര്ഡിങ് സ്റ്റുഡിയോയിലെത്തി ഒരു പാട്ടുപാടി തീർത്തപ്പോ അതൊരു ചരിത്രത്തിനു വഴിമാറുകയായിരുന്നു.പതിനഞ്ചാം വയസ്സിൽ ബോളിവുഡ് സെൻസേഷനായ പാക്കിസ്ഥാനി പെൺകുട്ടി നാസിയ ഹസ്സൻ താരമായി മാറുന്നത് അങ്ങനെയാണ്.

മകൾ പാട്ടുകാരിയായി വളരണമെന്നാഗ്രഹക്കാരായിരുന്നു ബഷീർ -മുനീസ ദമ്പതികൾ. ലണ്ടനിലെ ഒരു വിരുന്നിൽ വെച്ച് ബോളിവുഡ് സംവിധായകനും നടനുമായ ഫിറോസ് ഖാന് മകളെ പരിചയപ്പെടുത്തിക്കൊടുക്കുന്നതാണ് നാസിയയുടെ കലാ ജീവിതത്തിലെ ടേണിങ് പോയിന്റ്. നാസിയയുടെ പാട്ടു കേട്ട ഫിറോസ് ഖാന് എന്തോ ആകർഷീണയത തോന്നുകയായിരുന്നു.പുതിയ ചിത്രത്തിലേക്ക് പോപ് സോങ് പാടാൻ ആളെ തീരുകയായിരുന്നു ഫിറോസ് ഖാന് നാസിയയുടെ ശബ്ദം ആ പാട്ടിനു അനുയോജ്യമായിരിക്കുമെന്ന് ഉറപ്പിച്ചു. അങ്ങനെയാണ് ഇൻഡി-പോപ്പ് സംഗീതജ്ഞൻ ആയ ബിദ്ദുവിന്റെ സംഗീതത്തിൽ `ഖുർബാനി'ക്ക് വേണ്ടി നാസിയ പാടാനെത്തുന്നത്.
അമിത് കുമാറും കഞ്ചനും ചേർന്ന് പാടിയ "ലൈലാ മെ ലൈലാ" ആയിരിക്കും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടാൻ പോകുന്നതും സൂപ്പർ ഹിറ്റ് ആകുന്നതുമെന്നായിരുന്നു ഫിറോസ് ഖാന്റെ കണക്ക് കൂട്ടൽ. എന്നാൽ സിനിമ ഇറങ്ങിയപ്പോ കഥയാകെ മാറി.``ആപ് ജൈസാ കോയീ മേരി സിന്ദഗി മേ ആയേ ബാത് ബൻ ജായെ''എന്ന പാട്ടിനൊത്ത് അന്ന് സെക്സ് ബോംബ് എന്നറിയപ്പെട്ടിരുന്ന സീനത്ത് അമാന്റെ നൃത്തം കൂടിയായപ്പോ സിനിമയിലെ മറ്റെല്ലാ പാട്ടുകളും "`ആപ് ജൈസാ"ക്ക് മുൻപിൽ നിഷ്പ്രഭമായി. ഖുർബാനിയുടെ വൻ വിജയത്തിന് പിന്നിൽ ഈ ഗാനമാണ് പ്രധാന കാരണമെന്നാണ് വിലയിരുത്തിപ്പെടുന്നത്.അന്ന് പാട്ടു കാണാൻ വേണ്ടി മാത്രം ആളുകൾ അഞ്ചും പത്തും തവണ സിനിമകൾ കണ്ടിരുന്നു.
ബോളിവുഡിലെ തന്റെ അരങ്ങേറ്റത്തിന് ശേഷം ഇന്ത്യയിലും പാകിസ്താനിലും ഒരു പോലെ പോപ്പുലർ ആയ നാസിയ തൊട്ടു പിന്നാലെ സഹോദരൻ ഷോഐബ് ഹസ്സനുമായി പുറത്തിറക്കിയ"ഡിസ്കോ ദിവാനെ"എന്ന ആൽബം അന്നത്തെ എല്ലാ റെക്കോഡുകളും തകർത്തിട്ടു. ലോകമെമ്പാടുമായി "ഡിസ്കോ ദിവാനെ" യുടെ എട്ടരക്കോടിയോളം കോപ്പിയാണ് വിറ്റഴിഞ്ഞു പോയത്. 'ഡിസ്‌കോ ദിവാനേ'യുടെ വരവോടെ, ആല്ബം പാട്ടുകളും ഇന്ത്യന് പോപ്പുകളും ആളുകള് സ്വീകരിക്കാന് തുടങ്ങി. നാസിയയുടെ പ്രശസ്തി നാള്ക്കുനാള് വർദ്ധിച്ചു. അവരുടെ ശബ്ദവും മുഖവും ആളുകള്ക്ക് വളരെ പരിചിതമായി.ആൽബം യുവാക്കൾ ഏറ്റെടുത്ത് വൻ ഹിറ്റായെങ്കിലും മറുവശത്ത് പാരമ്പര്യവാദികളുടെ മുഖം കറക്കാൻ തുടങ്ങിയിരുന്നു. അതിനു ശേഷം "ബൂം-ബൂം" എന്ന ആൽബം കൂടെ റിലീസ് ചെയ്തതോടെ സാധരണ എതിർപ്പുകളിൽ നിന്ന് മാറി അത് വധഭീഷണി വരെയായി. പാരമ്പര്യവാദികളുടെ മുഖം കറുത്തത് അന്നത്തെ ഭരണാധികാരിയായ ജനറൽ സിയാ കൂടെ ഏറ്റു പിടിച്ച ശേഷം വളരെ വിചിത്രമായ ഒരു ഉത്തരവിറങ്ങുന്നതിനാണ് പിന്നീട് പക്സിതാൻ സാക്ഷ്യം വഹിച്ചത്.ആൽബം പ്രദശിപ്പിക്കാമെങ്കിലും നാസിയയെ മുഴുവനായി വീഡിയോയിൽ കണ്ടു കൂടാ എന്ന വിചിത്രമായ ഒരുത്തരവായിരുന്നു അത്. അതിനു ശേഷം നാസിയയുടെ നൃത്തരംഗങ്ങൾ ഒഴിവാക്കി റിലീസ് ചെയ്യേണ്ടി വന്നെങ്കിലും അതൊട്ടും പാട്ടിന്റെ ജനപ്രീതിയെ ബാധിച്ചില്ല എന്നത് ചരിത്രം.
1988ൽ ജനറൽ-സിയാ മരിച്ചതോടെ ഇത്തരം വിചിത്രമായ ഉത്തരവുകൾക്കും അറുതിയായി.കലാ സാംസ്കാരിക രംഗങ്ങളിലേക്ക് വാതിൽ മലർക്കെ തുറന്നിടാൻ പിന്നീട് വന്ന പാക്-ഭരണകൂടം തയ്യാറായി. നാസിയയും ഷൊഐബും തുടങ്ങി വെച്ച വിപ്ലവത്തിന്റെ തുടർച്ചയെന്നോണം നിരവധി പോപ്പ് -റോക് ബാൻഡുകൾ രംഗത്ത് വന്നതും അതിനു ശേഷമാണ്. ബോളിവുഡിൽ നിന്ന് പാട്ടുകൂടാതെ അഭിനയിക്കാനുള്ള ഓഫർ വന്നപ്പോഴോക്കെ അവരത് നിരസിച്ചിരുന്നു.പാട്ടിനോടൊപ്പം തന്റെ പഠനവും തുടർന്ന് കൊണ്ട് പോകണമെന്നും പഠനത്തിൽ കോംപ്രമൈസ് ചെയ്യാൻ പറ്റാത്തത് കൊണ്ട് അഭിനയം അതിനു ബാധ്യതയാകുമെന്നും പറഞ്ഞായിരുന്നു അവരപ്പോഴൊക്കെ ഒഴിഞ്ഞു മാറിയത്. ലണ്ടനിലെ റിച്ച്മണ്ട് അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ഹസ്സൻ ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദം നേടിയ അവർ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എൽ.എൽ.ബി യും എടുത്തിരുന്നു.
എന്നാൽ ഏതു ഭരണകൂടത്തോട് പട പൊരുതി ജയിചു കയറിയാലും പെൺകുട്ടികൾ തടങ്കിലായി പോകുന്ന മറ്റൊരു ലോക്കപ്പുണ്ടല്ലോ "വിവാഹം". ലോകത്തിലെ കോടാനുകോടി പെൺകുട്ടികളെ പോലെ വിവാഹത്തിന് ശേഷം നാസിയക്കും ആണധികാരത്തിന്റെ ഇരയാകാനായിരുന്നു വിധി. രാജകുമാരിയെപ്പോലെ വളർത്താൻ ആഗ്രഹിച്ച മകളുടെ വിവാഹക്കാര്യം വന്നപ്പോ മാതാപിതാക്കൾക്കും തെറ്റി. ബിസ്‌നസുകാരനായ ഹസ്സൻ ബേഗ് താൻ മുൻപ് കഴിച്ച രണ്ടു വിവാഹങ്ങളും മറച്ചു വെച്ചായിരുന്നു 1995ൽ നാസിയയെ വിവാഹം ചെയ്തത്. മാനസിക പീഡനത്തിന് പുറമേ ശാരീരിക പീഡനം കൂടി അനുഭവിക്കേണ്ടി വന്ന അവർക്ക് അത് തുറന്നു പറയാൻ പറ്റിയത് അഞ്ചു വർഷത്തിന് ശേഷമാണ്. രണ്ടായിരാമാണ്ടിൽ താൻ ഇങ്ങനെ ഒരു ദുരവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും പുറമെ കാണുന്ന സന്തുഷ്ടകരമായ ദാമ്പത്യം പുകമറ മാത്രമാണെന്നും അവർ വെളിപ്പെടുത്തുന്നത് ഒരു അഭിമുഖത്തിലാണ്.അപ്പോഴേക്കും അർബുദം എന്ന അന്നത്തെ മാറാരോഗം കൂടി അവരെ തോൽപ്പിക്കാൻ കൂട്ട് പിടിച്ചിരുന്നു. എന്നാൽ ക്യാൻസറിനേക്കാൾ കൂടുതൽ താൻ വേദനിക്കുന്നത് ബേഗുമൊത്തുള്ള ജീവിതം കൊണ്ടാണ് എന്നായിരുന്നു അവർ പറഞ്ഞത്.


 
ക്യാൻസർ സ്ഥിരീകരിച്ചപ്പോഴും നിരാശപ്പെട്ടു തോറ്റു പിന്മാറാൻ അവർ തയ്യാറാല്ലായിരുന്നു. ഭൂമിയിൽ ഇനിയധികം സമയമായില്ല എന്ന് തിരിച്ചറിഞ്ഞ അവർ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്ക് പുറമെ ലഹരിവിരുദ്ധ യജ്ഞത്തിലും അനാഥശിശുക്കളുടെ പുനരധിവാസ പദ്ധതികളിലുമെല്ലാം ക്യാൻസറിന്റെ വേദനകൾ മാറ്റി വെച്ച് നിരന്തരം പങ്കാളിയായി. ലഹരിക്കെതിരായുള്ള പ്രവര്ത്തനത്തിന്റെ ഭാഗമായി കറാച്ചിയില് ബാറ്റില് എഗയിന്സ്റ്റ് നാര്ക്കോട്ടിക്‌സ് എന്ന സംഘടനയുണ്ടാക്കി.കറാച്ചിയിലെ ല്യാരി ടൗണില് മൊബൈല് ക്ലിനിക്കുകളുണ്ടാക്കുന്നതിന് മുന്കൈ എടുത്തതും നാസിയയാണ്. ദരിദ്രരായ കുട്ടികള് പഠിക്കുന്ന സ്‌കൂളുകളില് പോവാനും അവിത്തെ കുട്ടികള്ക്ക് കളിപ്പാട്ടങ്ങള് വാങ്ങിക്കൊടുക്കാനും അവര് സമയം കണ്ടെത്തി. പാട്ടുകളില്നിന്ന് റോയല്ട്ടിയായി കിട്ടിയ തുകയുള്പ്പെടെ അവര് സാമൂഹ്യപ്രവര്ത്തനങ്ങള്ക്കായി മാറ്റി വെച്ചു.



രോഗം മൂർച്ഛിച്ച് തന്റെ മുപ്പത്തിയഞ്ചാം വയസ്സിലാണ് നാസിയ ഈ ലോകത്തോട് വിട പറയുന്നത്.സാധാരണ ഒരു മനുഷ്യൻ നന്നായി ജീവിച്ചു തുടങ്ങുന്ന പ്രായം.അപ്പോഴേക്കും അവർ തന്റെ ജീവിതത്തിൽ ഉയർച്ചകൾ കീഴടക്കിയതടക്കം ഒരുപാട് കാര്യങ്ങൾ അനുഭവിച്ചു കഴിഞ്ഞിരുന്നു.ഒട്ടും സന്തോഷമില്ലാതെയായിരിക്കും അവൾ മടങ്ങിപ്പോയതെന്ന് മരണ ശേഷം സഹോദരൻ ഷൊഐബ് പറഞ്ഞ വാചകം തീർത്തും ശരിയായിരുന്നു. മരിക്കുന്നതിന് മൂന്നു മാസം മുൻപ് വിവാഹ മോചനം നേടിയിരുന്നെങ്കിലും ബോഡി വിട്ടു കിട്ടണമെന്ന ഭർത്താവ് കൊടുത്ത പരാതിന്മേൽ വിധി വരുന്നതും കാത്ത് മൂന്നാഴ്ചയോളമാണ് മോർച്ചറിയിൽ കിടത്തേണ്ടി വന്നത്.
"ഉയർന്നു പറക്കുകയായിരുന്ന വർണ്ണ ചിറകുകളുള്ള ചിത്രശലഭം പൊടുന്നനെ ചിറകറ്റു വീണു പോയി" നാസിയ ഹസ്സന്റെ മുപ്പത്തിയഞ്ചു വർഷകാലത്തെ സംഭവ ബഹുലമായ ജീവിതത്തെ ഒറ്റ വാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ഈ കഴിഞ്ഞ ഓഗസ്റ്റ് 13നു നാസിയ വിട പറഞ്ഞു പോയിട്ട് 24 വർഷമായി. സഹോദരിക്ക് വേണ്ടി ഷൊഐബ് തുടങ്ങിയ നാസിയ ഹസ്സൻ ഫൗണ്ടേഷൻ ഇന്ന് മികച്ച ക്ഷേമ സംഘടനകളിൽ ഒന്നാണ്.
-ഷാനു കോഴിക്കോടൻ-

No comments:

Post a Comment

KILL - Movie review (Malayalam)

ഒരു സെക്കന്റ് പോലും അനാവശ്യമെന്നു പറയാനുള്ള സീനുകളില്ലാ ,പ്രണയം ഉണ്ടെങ്കിലും സാധാരണ ഇടിപടങ്ങളിൽ കുത്തികയറ്റുന്ന പോലത്തെ ക്രിഞ്ചടിപ്പിക്കുന്ന...