Saturday 17 August, 2024

വിനോദ് ഗണപത് കാംപ്ലി.

 

സച്ചിൻ എന്തിനാണ് ഭൂമിയിൽ അവതരിച്ചത് എന്ന് ചോദിച്ച അതിനു മറുപടി പറയാൻ നമ്മൾ രണ്ടാമതൊന്നു ആലോചിച്ചെന്ന് വരില്ല.എന്നാൽ പ്രതിഭയിൽ അത്ര തന്നെ ഉയരത്തിൽ നിൽക്കുന്ന മറ്റൊരാൾ കൂടി ഉണ്ടായിരുന്നു.അതാണ് വിനോദ് ഗണപത് കാംപ്ലി.
സച്ചിൻ രമേശ് ടെണ്ടുൽക്കർ എന്ന് ഇതിഹാസത്തിനോടൊപ്പം തന്നെ വിനോദ് കാംബ്ലി എന്ന പേര് ചേർത്ത് പറഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിനേക്കാൾ വേഗത്തിൽ കാംബ്ലി ആയിരം റൺസ് തികച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.
സച്ചിനും കാംബ്ലിയും ചേർന്ന പാർട്ടണർഷിപ് ലോകം മുഴുവൻ ചർച്ച ചെയ്തിരുന്ന ഒരു കാലവുമുണ്ടായിരുന്നു.
1988ൽ തന്റെ സ്ക്കൂൾ കാലഘട്ടത്തിൽ ബാല്യകാല സുഹൃത്തായ സച്ചിനുമൊത്ത് 664 റൺസിന്റെ റെക്കോർഡ് കൂട്ട്കെട്ടുണ്ടാക്കിയാണ് ക്രിക്കറ്റിലേക്ക് തന്റെ വരവറിയിക്കുന്നത്. ആ ഇന്നിങ്സിൽ കാംബ്ലി തന്റെ പേരിലേക്ക് ചേർത്തെഴുതിയത് 349 റൺസായിരുന്നു. ശേഷം നേരിട്ട ആദ്യ പന്ത് തന്നെ സിക്സറിന് പറത്തിയാണ് രഞ്ജിയിൽ തന്റെ അരങ്ങേറ്റം കുറിച്ചത്.അവിടുന്ന് ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥാനം ലഭിച്ച കാംബ്ലി ഏഴു മാച്ചിനുള്ളിൽ തന്നെ രണ്ട് ഡബിൾ സെഞ്ച്വറിയും രണ്ടും സെഞ്ച്വറിയും കണ്ടെത്തിയിരുന്നു.

































ഏത് ക്രിക്കറ്ററും കൊതിക്കുന്ന സ്വപ്നതുല്യമായ തുടക്കം.ഏകദിനത്തിലെ വെടിക്കെട്ട് ബാറ്റ്സ്മാൻ എന്ന് പേരെടുത്ത കാംബ്‌ളിക്ക് പക്ഷേ പിന്നീടങ്ങോട്ട് സ്ഥിരത നില നിർത്താൻ കഴിഞ്ഞിരുന്നില്ല. എന്നിട്ടും കാംബ്ലി എന്ന പേരിൽ വിശ്വാസം ഉള്ളത് കൊണ്ടും അയാളുടെ പ്രതിഭ അറിയാവുന്നതു കൊണ്ടും മാത്രം പത്തോളം തവണ ടീമിലേക്ക് മടങ്ങിയെത്തിയിരുന്നു.
ഒരു തവണ ട്രാക്കിലായാൽ പിന്നീടയാളെ തടഞ്ഞു നിർത്താൻ കഴിയില്ല എന്ന് സെലെക്ടർമാർക്കറിയാവുന്നത് കൊണ്ടാകാം ഇത്രയും തവണ ടീമിലെത്തിപ്പെടാൻ അയാൾക്ക് കഴിഞ്ഞത്.
96ലെ വേൾഡ് കപ്പിൽ ശ്രീലങ്ക ഇന്ത്യക്കെതിരെ ഉയർത്തിയ 252 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 120 റൺസ് എടുക്കുന്നതിനിടെ 8 വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.രോഷകുലരായ കാണികൾ ഗ്രൗണ്ടിലേക്ക് കുപ്പികളും മറ്റും വലിച്ചെറിഞ്ഞു കളി തടസ്സപ്പെടുത്തിയപ്പോൾ10റൺസുമായി കാംബ്ലി ക്രീസിൽ തന്നെ ഉണ്ടായിരുന്നു.
കാണികളുടെ ഇടപെടൽ മൂലം കളി നടക്കില്ല എന്ന് ഉറപ്പാക്കി ലങ്കയെ വിജയിയായി പ്രഖ്യാപിക്കുമ്പോ പൊട്ടിക്കരഞ്ഞു ഗ്രൗണ്ട് വിട്ടു പോകുന്ന കാംബ്ലി ഓരോ ക്രിക്കറ്റ് ആസ്വാദകന്റേയും മനസ്സിൽ നിന്ന് ഇന്നും മായാത്ത നോവാണ്.അന്നങ്ങനെ ഒരു ട്രാജഡി നടന്നില്ലായിരുന്നു എങ്കിൽ വെടിക്കെട്ട് ബാറ്റ്സ്മാൻ എന്ന് പേരെടുത്തിട്ടുള്ള അയാൾ ഇന്ത്യയെ ഒറ്റയ്ക്ക് ചുമലിലേറ്റി വിജയത്തിലേക്ക് നയിക്കും എന്ന് കരുതി കാത്തിരുന്നവരായിരുന്നല്ലോ ഏറെയും.അതിനു ശേഷം കാംബ്ലിയെ ഗ്രൗണ്ടിൽ കാണുന്നതിനേക്കാൾ കണ്ടത് മറ്റുള്ള വാർത്തകളിൽ ആയിരുന്നു.



രണ്ടായിരാമാണ്ടിൽ അവസാനം ഏകദിനം കളിച്ച അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത് വീണ്ടും ഒൻപത് വർഷങ്ങൾ കഴിഞ് 2009ലാണ്.സച്ചിനുമായി അസ്വാരസ്യങ്ങൾ ഉണ്ടായിരിക്കുമ്പോ തന്നെ അയാൾ സച്ചിന്റെ ഏറ്റവും വലിയ ആരാധകനുമായിരുന്നു.
സച്ചിൻ ഫോമൗട്ടായി വിമർശനം നേരിടുന്ന ഘട്ടങ്ങളിൽ എല്ലാം അയാൾ സച്ചിന് വേണ്ടി ശക്തമായി വാദിക്കാൻ ചാനലുകളിൽ പ്രത്യക്ഷപ്പെടുമായിരുന്നു.വിനോദ് കാംബ്ലി എന്ന പ്രതിഭാധനനായ താരത്തിന്റെ ജീവിതവും അയാൾ നടത്തിയ പല വിവാദ പ്രസ്താവനകളും ഒറ്റയടിക്ക് ഓടിച്ചു നോക്കുമ്പോൾ തോന്നുന്നത് ശുദ്ധനായ ഒരാൾ തന്റെ വ്യക്തി ജീവിതവും കരിയറും ഒരുമിച്ചു കൊണ്ട് പോകുന്നതിൽ പരാജയപ്പെട്ടു പോയി എന്നാണ്.
ഒരേ സമയം റെക്കോർഡ് പ്രകടനം കാഴ്ചവെച്ച് തുടങ്ങിയവരായത് കൊണ്ട് തന്നെ അയാളെപ്പോഴും സച്ചിനുമായി താരതമ്യപ്പെടുമായിരുന്നു.സച്ചിൻ ലിഫ്റ്റിൽ കയറി ഉയരങ്ങളിലേക്ക് പോയപ്പോ താൻ കോണി വഴി കയറിയത് കൊണ്ടാണ് ഇടക്ക് വെച്ച് തളർന്നു വീണതെന്ന് അയാൾ അപ്പൊഴൊക്കെ തമാശയായി പറഞ്ഞു.
ഇത് കാംബ്ലി തന്നെയാണോ എന്ന് സംശയം തോന്നുന്ന രൂപത്തിൽ ഒട്ടും വയ്യാതെ അവിടെയും ഇവിടേയുമിങ്ങനെ കാണാൻ തുടങ്ങിയിട്ടു ഇപ്പൊ കുറച്ചായി.
എവിടുന്നു എങ്ങോട്ടാണ് വീണു പോയതെന്നോ ആ വീഴ്ചയുടെ ആഘാതം എത്രയാണെന്നോ തിരിച്ചറിയാൻ സാധിക്കാത്തതു കൊണ്ടാകണം ഒരു പക്ഷേ അയാൾക്കിപ്പോഴും ഈ രൂപത്തിലും മറ്റൊന്നും ആലോചിക്കാതെ പുറത്തിറങ്ങി നടക്കാൻ പറ്റുന്നത്. വിവാദങ്ങൾ ഉണ്ടാക്കാക്കാനായിട്ടുണ്ടെങ്കിലും ഊർജ്ജസ്വലനായി അദ്ദേഹം അദ്ദേഹത്തിന്റെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ.
-ഷാനു കോഴിക്കോടൻ

No comments:

Post a Comment

KILL - Movie review (Malayalam)

ഒരു സെക്കന്റ് പോലും അനാവശ്യമെന്നു പറയാനുള്ള സീനുകളില്ലാ ,പ്രണയം ഉണ്ടെങ്കിലും സാധാരണ ഇടിപടങ്ങളിൽ കുത്തികയറ്റുന്ന പോലത്തെ ക്രിഞ്ചടിപ്പിക്കുന്ന...